ഇന്ത്യന്‍ നാട്ടുരാജ്യങ്ങളെ ബ്രിട്ടീഷുകാര്‍ ഒന്നൊന്നായി നേരിട്ടും അല്ലാതെയും പരമാധികാരത്തിന്റെ വരുതിയിലാക്കി. ചങ്കുറപ്പും ആത്മാഭിമാനവുമുള്ള ചുരുക്കം ചില ഭരണാധികാരികളൊഴികെ സൈനികമായും സമ്പത്തികമായും ദുര്‍ബ്ബലരായ രാജാക്കന്മാര്‍ ബ്രിട്ടീഷ് മേല്‍ക്കോഴ്മ അംഗീകരിച്ച് ഭരണം നടത്തി. ഇത്തരം പ്രവിശ്യകളെ പ്രിന്‍സിലി സ്റ്റേറ്റുകള്‍ എന്നറിയപ്പെട്ടു. കത്തിയവാറിലെ എട്ട് പ്രിന്‍സിലി സ്റ്റേറ്റുകളില്‍ ഒന്നായിരുന്നു ഗൊണ്ടല്‍ .
അക്കാലത്തെ മേത്തരം കാറുകളോട് അടങ്ങാത്ത ഭ്രമമായിരുന്നു ഇവിടത്തെ ഭരണാധികാരികള്‍ക്ക്. ഗുജറാത്തിലെ ഏറ്റവും ആസൂത്രിതമായ മികച്ച റോഡുകള്‍ അന്നുതൊട്ടേ ഗൊണ്ടലില്‍ നിലവിലുണ്ടായിരുന്നു. A.D.1643 ല്‍ ശ്രീ കുംബോജി ഒന്നാമന്‍ മെറമന്‍ജി താക്കൂറാണ് ഈ പട്ടണത്തിന് അസ്ഥിവാരമിട്ടത്. ഒരു മുഖ്യധാര പട്ടണമെന്ന പേരും പ്രശസ്തിയും അതിന് നേടിക്കൊടുത്തത് ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ദി വരെ ഈ പ്രദേശം ഭരിച്ചിരുന്ന സര്‍ ഭഗവത് സിംങ് ജി യാണ്. തന്റെ പുത്രന്‍ യുവരാജ് ഭോജരാജനുവേണ്ടി അദ്ദേഹം നിര്‍മ്മിച്ച മനോഹരമായ റിവര്‍സൈഡ് പാലസ് ഇന്നൊരു പൈതൃക ഹോട്ടലാണ്.
കൊളോണിയല്‍ കാലഘട്ടത്തിലുണ്ടായിരുന്ന അപൂര്‍വ്വമായ ഫര്‍ണീച്ചറുകളും സ്ഫടികനിര്‍മ്മിതമായ തൂക്ക് വിളക്കുകളും രാജകീയതയ്ക്കനുയോജ്യമായ മറ്റലങ്കാരങ്ങളുമെല്ലാം ചേര്‍ന്ന് ദര്‍ബാറില്‍ വിരുന്നിനെത്തിയ അനുഭൂതി ആരിലുമുണ്ടാക്കും.
മോട്ടോര്‍ വാഹനലോകത്തെ പൂര്‍വ്വികരായ വിന്റേജ് കാറുകളുടെ കടുത്ത ആരാധകരായിരുന്നു ഇവിടത്തെ രാജകുടുംബാംഗങ്ങള്‍ . രാജകീയ പ്രൌഢിയുടെയും പൊങ്ങച്ചത്തിന്റെയും അടയാളമായി കൊണ്ടുനടന്ന കാറുകളുടെ ശേഖരം ഇന്ന് കൌതുകമുണര്‍ത്തുന്ന കാഴ്ചയാണ്. പതിനേഴാം നൂറ്റാണ്ടില്‍ പണിയിക്കപ്പെട്ട നൌലഖ പാലസിലെ കൊത്തുപണികളും കൊട്ടാരച്ചുമരില്‍ നിന്ന് പുറത്തേക്ക് തള്ളിനില്‍ക്കുന്ന ജരോക്കകള്‍ അഥവാ ബാല്‍ക്കണികളും ശിലാവേലകള്‍ ചെയ്ത കമാനങ്ങളും പിരിയന്‍ ഗോവണികളും ഒരു കാലഘട്ടത്തിന്റെ സമൃദ്ധിയെയും കലയോടുള്ള സമര്‍പ്പണത്തെയും ദ്യോതിപ്പിക്കുന്നതാണ്.
മൂന്ന് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് പണിത ഈ കൊട്ടാരത്തിന്റെ നിര്‍മ്മാണ ചിലവ് ഒന്‍പത് ലക്ഷമായിരുന്നു. കൊട്ടാരത്തിന്റെ പേര് ഓര്‍മ്മിപ്പിക്കുന്നതും അതാണ്. രാജകുടുംബാംഗങ്ങളുടെ ഇപ്പോഴത്തെ വാസസ്ഥലമായ ഹുസൂര്‍ പാലസിലെ ഫര്‍ണ്ണീച്ചറുകള്‍ക്കും പെയിന്റിങ്ങുകള്‍ക്കും പഴമയുടെ പുതുമ ഇനിയും നഷ്ടമായിട്ടില്ല. കായ്കനിത്തോട്ടങ്ങളും സുരഭിലമായ ആരാമങ്ങളും ഈ കൊട്ടാരവളപ്പിലുണ്ട്. അഞ്ഞൂറോളം വരുന്ന ആത്മീയ പിന്‍ഗാമികളുള്ള സ്വാമി നാരായണ്‍ സമ്പ്രദായയുടെ ശിഷ്യരില്‍ പ്രമുഖനായിരുന്നു അക്ഷര്‍ വിഭാഗത്തിലുള്‍പെടുന്ന ഗുണാതീതാനന്ദ സ്വാമി. ഗൊണ്ടലിലുള്ള ഇദ്ദേഹത്തിന്റെ സമാധിസ്ഥലം(അന്ത്യവിശ്രമസ്ഥലം) അറിയപ്പെടുന്നത് അക്ഷര്‍ മന്ദിര്‍ എന്നാണ്.
ഗൊണ്ടലിനകത്തും ചുറ്റുപാടുമുള്ള സഞ്ചാരകേന്ദ്രങ്ങള്‍
സുരേശ്വര്‍ മഹാദേവ് ക്ഷേത്രവും ധരേശ്വര്‍ മഹാദേവ് ക്ഷേത്രവും ഭുവനേശ്വരി മന്ദിരവും ഗൊണ്ടലിലെ ഇതര സഞ്ചാരപ്രാധാന്യമുള്ള സ്ഥലങ്ങളാണ്.
ഗൊണ്ടലില്‍ എത്തിച്ചേരുന്നതെങ്ങനെ
ഗൊണ്ടലിലേക്ക് ഒരു യാത്ര ആസൂത്രണം ചെയ്യുന്നവര്‍ക്ക് വ്യോമ, റെയില്‍ , റോഡുകള്‍ വഴി ഇവിടെ എത്താവുന്നതാണ്. .