നളന്ദ - പൗരാണിക ഇന്ത്യയുടെ വിദ്യാ കേന്ദ്രം

ഹോം » സ്ഥലങ്ങൾ » നളന്ദ » ഓവര്‍വ്യൂ

നളന്ദയെ കുറിച്ച് ഓര്‍ക്കുമ്പോള്‍ തവിട്ടുകലര്‍ന്ന ചുവപ്പുനിറമുള്ള ഒറ്റവസ്ത്രം ധരിച്ച് സദാ ചുണ്ടില്‍ വേദ മന്ത്രങ്ങളും കീര്‍ത്തനങ്ങളും ഉരുവിട്ട് നടക്കുന്ന ബുദ്ധ സന്യാസിമാരുടെ ദൃശ്യമാകും ആദ്യം മനസിലേക്ക് വരുക. പ്രപഞ്ച വിജ്ഞാനത്തിന്‍െറ കേന്ദ്രമായിരുന്നു എ.ഡി അഞ്ചാം നൂറ്റാണ്ട് മുതല്‍ ഇവിടം. വിജ്ഞാനത്തിന്‍െറ നദിയെന്ന നളന്ദ എന്ന സംസ്കൃത വാക്ക് അന്വര്‍ഥമാക്കും വിധം പുരാതന ഇന്ത്യയിലെ പഠനത്തിന്‍െറയും വിജ്ഞാനത്തിന്‍െറയും കേന്ദ്രസ്ഥാനമായിരുന്നു ഇവിടം.

തിബറ്റ്, ചൈന, തുര്‍ക്കി,ഗ്രീസ്,പേര്‍ഷ്യ തുടങ്ങി വിദൂര രാജ്യങ്ങളില്‍ നിന്നുവരെ ഇവിടെ പഠനത്തിന് വിദ്യാര്‍ഥികള്‍ എത്തിയിരുന്നു. നളന്ദയുടെ സുവര്‍ണകാലത്ത് ഇവിടെ 2000 ത്തോളം അധ്യാപകരും പതിനായിരത്തോളം അധ്യാപകരും ഉണ്ടായിരുന്നതായാണ് ചരിത്രം. ലോകത്തിലെ ആദ്യ റെസിഡെന്‍ഷ്യല്‍ സര്‍വകലാശാല എന്ന പദവിയും നളന്ദയാണ് അലങ്കരിക്കുന്നത്.

ഏഴാം നൂറ്റാണ്ടില്‍ ചൈനീസ് സഞ്ചാരിയായിരുന്ന ഹുയാന്‍ സാങ്ങിന്‍െറ വരവോടെയാണ് നളന്ദയെ ലോകമറിഞ്ഞ് തുടങ്ങിയത്. ആയിരകണക്കിന് ബുദ്ധഭിക്ഷുക്കളുടെ നേതൃത്വത്തില്‍ നടക്കുന്ന അപൂര്‍വവും വ്യത്യസ്തവുമായ വിദ്യാഭ്യാസ സമ്പ്രദായത്തെ കുറിച്ച് തന്‍െറ സഞ്ചാര സാഹിത്യത്തില്‍ എഴുതിയ ഹുയാന്‍ സാങ്ങ് നളന്ദയില്‍ പഠിപ്പിച്ചിരുന്ന ലിഖിതങ്ങളും മറ്റും ചൈനീസ് ഭാഷയിലേക്ക് തര്‍ജുമ ചെയ്യുകയും ചെയ്തു.

ബീഹാറിന്‍െറ തലസ്ഥാനമായ പാറ്റ്നയില്‍ നിന്ന് 90 കിലോമീറ്റര്‍ അകലെയാണ് ഈ ആഗോള യൂനിവേഴ്സിറ്റിയുടെ അവശിഷ്ടങ്ങള്‍ സഞ്ചാരികള്‍ക്കായി സംരക്ഷിച്ച് നിര്‍ത്തിയിരിക്കുന്നത്. 14 ഹെക്ടറില്‍ പടര്‍ന്നു കിടക്കുന്ന ചുവന്ന കല്ലുകൊണ്ട് നിര്‍മിച്ച ഈ വിസ്മയ നിര്‍മിതിക്ക് ഒമ്പത് നിലകളാണ് ഉള്ളത്. ക്ഷേത്രങ്ങളും പഠനമുറികളും ധ്യാനകേന്ദ്രങ്ങളും തടാകങ്ങളും ഒക്കെ അടങ്ങിയ ഈ ബൃഹത്നിര്‍മിതിയുടെ ചുമരുകളില്‍ കൊത്തിവെച്ചിട്ടുള്ള ലിഖിതങ്ങളും ശിലാരൂപങ്ങളുമെല്ലാം ഇന്നും കാത്തുസൂക്ഷിച്ചിട്ടുണ്ട്.

പടിഞ്ഞാറ് നിന്നുള്ള രാജാക്കന്‍മാരുടെ കാലത്താണ് നളന്ദയുടെ പ്രതാപം നഷ്ടമായത്. 1193ല്‍ നളന്ദയില്‍ ആക്രമണം നടത്തിയ കുതുബുദ്ധീന്‍ ഐബക്കിന്‍െറ മിലിട്ടറി ജനറല്‍ ആയിരുന്ന മുഹമ്മദ് ബക്തിയാര്‍ ഖില്‍ജിയുടെ നേതൃത്വത്തിലുള്ള സേന സര്‍വകലാശാല കെട്ടിടം പൊളിക്കുകയും തീയിടുകയും ചെയ്തു. മൂന്നുമാസത്തോളം കഴിഞ്ഞാണ് ഇവിടത്തെ ഒരുകാലത്ത് പ്രസിദ്ധമായിരുന്ന ലൈബ്രറിയിലെ തീ അണഞ്ഞതെന്നാണ് ചരിത്രം പറയുന്നത്. പൗരാണിക ഇന്ത്യയുടെസമ്പന്ന ചരിത്രത്തിലേക്ക് പുതുതലമുറക്ക് വെളിച്ചം പകരുന്ന വിശ്വസര്‍വകലാശാലയുടെ അവശിഷ്ടങ്ങള്‍ മനോഹരമായി കാത്തുസൂക്ഷിച്ചിച്ചിട്ടുണ്ട്.

ചൂടേറിയ വേനലും കുളിര് നിറഞ്ഞ തണുപ്പുകാലവുമാണ് ഇവിടെ അനുഭവപ്പെടാറ്. ആട്ടോറിക്ഷയും ടോംഗയുമാണ് നഗരം ചുറ്റി കറങ്ങാന്‍ ലഭ്യമായ യാത്രാ സൗകര്യങ്ങള്‍.

നളന്ദക്ക് ചുറ്റും

വിശ്വസര്‍വകലാശാലയുടെ അവശിഷ്ടങ്ങള്‍ക്കുപുറമെ മറ്റു നിരവധി കാഴ്ചകളും നളന്ദ സഞ്ചാരികള്‍ക്കായി ഒരുക്കിയിട്ടുണ്ട്. മാലിക്ക് ഇബ്രാഹീം ബയ എന്ന പുണ്യന്‍െറ ദര്‍ഗ അടങ്ങിയ ഇബ്രാഹീം ഗോപുരത്തില്‍ നടക്കുന്ന വാര്‍ഷിക ഉറൂസ് ഉല്‍സവം വിശ്വാസികളെ ആകര്‍ഷിക്കുന്നതാണ്. നളന്ദ മ്യൂസിയവും നവ നളന്ദ മഹാവിഹാറുമാണ് മറ്റ് ആകര്‍ഷണങ്ങള്‍. രണ്ട് കിലോമീറ്റര്‍ അകലെയുള്ള ബാരാഗാവോണിലെ സൂര്യ ക്ഷേത്രത്തില്‍ നടക്കുന്ന ചാത്ത്പൂജ മതപരമായി ഏറെ പ്രാധാന്യമുള്ളതാണ്. വര്‍ണപൊലിമയാര്‍ന്ന ചാത്ത്പൂജ ആഘോഷങ്ങള്‍ ക്യാമറയിലാക്കാന്‍ ലോകമെമ്പാടുമുള്ള ഫോട്ടോഗ്രാഫര്‍മാരും എത്താറുണ്ട്.

എല്ലാ വര്‍ഷവും മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളിലും ഒക്ടോബര്‍ -നവംബര്‍ മാസങ്ങളിലുമാണ് ഛാത്ത് പൂജ കൊണ്ടാടാറ്. 1951ല്‍ സ്ഥാപിക്കപ്പെട്ട  ബുദ്ധിസ്റ്റ് പഠനത്തിനായുള്ള അന്താരാഷ്ട്രകേന്ദ്രവും ഇവിടെയുണ്ട്. എല്ലാ വര്‍ഷവും ഒക്ടോബര്‍ 24 മുതല്‍ 26 വരെ ബീഹാര്‍ സ്റ്റേറ്റ് ടൂറിസം ഡിപ്പാര്‍ട്ട്മെന്‍റിന്‍െറ ആഭിമുഖ്യത്തില്‍ നടത്തുന്ന സാംസ്കാരികോല്‍സവം വര്‍ണപൊലിമയാര്‍ന്ന അന്തരീക്ഷത്തിലാണ് നടത്താറ്.

ശാസ്ത്രീയ നൃത്ത പരിപാടികള്‍ക്ക് പുറമെ പരമ്പരാഗത നാടോടി നൃത്തയിനങ്ങളും ഈ ഉല്‍സവത്തില്‍ അരങ്ങേറാറുണ്ട്. കലാ സ്നേഹികള്‍ക്കായി കൈകൊണ്ട് വരച്ച മധുബനി പെയിന്‍റിംഗുകളും  ഇവിടെ നിന്ന് വാങ്ങാം.

Please Wait while comments are loading...