ഹനുമാന്‍റെ ജന്മസ്ഥലമെന്ന് വിശ്വസിക്കപ്പെടുന്ന നാസിക്കിലെ ആഞ്ജനേരി രാജ്യത്തെ ഏറ്റവും പ്രസിദ്ധമായ തീർത്ഥാടന കേന്ദ്രങ്ങളിലൊന്നാണ്. ആയിരക്കണക്കിന് വിശ്വാസകൾ ഓരോ വർഷവും എത്തിച്ചേരുന്ന ഇവിടെ വരിക എന്നത് എളുപ്പമല്ല. മൂന്നും നാലും മണിക്കൂർ നേരമെടുത്ത് കുത്തനെയുള്ള കയറ്റം കയറി കാൽനടയായി മാത്രമേ ഇവിടേക്ക് എത്തിച്ചേരാൻ സാധിക്കൂ.ഇപ്പോഴിതാ, അഞ്ജനേരി റോപ്പ് വേ നിർമ്മിക്കാനുള്ള നടപടികൾ നടപടികൾ കേന്ദ്രം ആരംഭിച്ചുവെന്ന് ടൈംസ് ട്രാവൽ റിപ്പോർട്ട് ചെയ്യുന്നു.
ആറു കിലോമീറ്റർ നീളത്തിൽ നിർമ്മിക്കുന്ന റോപ് വേ അടുത്ത രണ്ട് വർഷത്തിനുള്ളിൽ നിലവിൽ വരുമെന്നാണ് വാർത്ത. ബ്രഹ്മഗിരി ട്രെക്കിംഗ് പോയിന്‍റ് മുതൽ അഞ്ജനേരി കുന്നുകൾ വരെ നിർമ്മിക്കുന്ന പാതയ്ക്ക് 377 കോടി രൂപയുടെ ചിലവാണ് പദ്ധതിക്ക് പ്രതീക്ഷിക്കുന്നത്. 5.7 കിമീ ദൂരത്തിൽ റോപ് വേ വരുന്നതോടെ രണ്ടു മണിക്കൂറിലധികം വേണ്ടി വരുന്ന യാത്ര വെറും മിനിറ്റുകൾക്കുള്ളിൽ ലക്ഷ്യസ്ഥാനത്തെത്തും.

PC:Coolgama
നിലവിൽ മൂന്നു കുന്നുകൾ കയറിയാണ് അഞ്ജനേരി കുന്നിലെ ക്ഷേത്രത്തിൽ എത്തേണ്ടത്. സമുദ്രനിരപ്പിൽ നിന്നും 4264 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിൽ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും ആജ്ഞനേയ ഭക്തർ തീർത്ഥാടനത്തിനായി എത്തുന്നു. ഒരു ക്ഷേത്രവും അഞ്ജനി മാതാ ക്ഷേത്രവുമാണ് ഇവിടെ കാണുവാനുള്ളത്.കേന്ദ്ര സർക്കാരിന്റെ പർവരത്മാല പദ്ധതിക്ക് കീഴിൽ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ വെള്ളിയാഴ്ച ഈ റോപ്വേ പദ്ധതിക്കായി ലേലം ക്ഷണിച്ചതായി ന്യൂസ് 18 റിപ്പോർട്ട് ചെയ്തിരുന്നു.
അഞ്ജനേരിയും വിശ്വാസങ്ങളും
ചിരഞ്ജീവിയായി ഹനുമാൻ ഇന്നും ജീവിക്കുന്നു എന്നു വിശ്വസിക്കപ്പെടുന്ന സ്ഥലമാണ് അഞ്ജനേരി. ഹനുമാന്‍റെ മാതാവായ അഞ്ജനയിൽ നിന്നുമാണ് അഞ്ജനേരി കുന്നുകൾക്ക് ഈ പേരു ലഭിച്ചത്. അപ്സരസായിരുന്ന അഞ്ജനയ്ക്ക് ലഭിച്ച ശാപം മൂലം അവർ ഒരു വാനരസ്ത്രീയായി മാറി. ഭാവിയിൽ ശിവന്‍റെ അവതാരത്തിന് ജന്മം കൊടുക്കുമ്പോൾ പഴയ അപ്സര രൂപത്തിലെത്തുമെന്നായിരുന്നു ശാപമോക്ഷം. അങ്ങനെ കേസരി എന്ന വാനരനിൽ നിന്നും അഞ്ജന ശിവന്‍റെ അവതാരമായ ഹനുമാന് ജന്മം നല്കിയെന്നും അങ്ങനെ ശാപമോക്ഷം ലഭിച്ചുവെന്നുമാണ് വിശ്വസിക്കപ്പെടുന്നത്.
അഞ്ജനേരി
മഹാരാഷ്ട്രയിലെ മഴക്കാല ട്രക്കിങ് ലക്ഷ്യസ്ഥാനങ്ങളിലൊന്നു കൂടിയാണ് അഞ്ജനേരി. വിശ്വാസികളേക്കാളധികം സാഹസിക സഞ്ചാരികളും ട്രക്കേഴ്സും ഓരോ വർഷവും ഇവിടെ എത്തുന്നു. നാസിക്കിൽ നിന്ന് ത്രിംബക് റോഡിൽ 20 കിലോമീറ്റർ അകലെയാണ് അഞ്ജനേരി. നാസിക്-ത്രയംബകേശ്വര പർവതനിരകളിലാണ് ഇവിടുത്തെ കോട്ട സ്ഥിതി ചെയ്യുന്നത്.

ഇന്ത്യയിലെ റോപ്വേ പ്രോജക്ടുകൾ
അഞ്ജനേരി റോപ് വേ പ്രോജക്ടിനൊപ്പം 2024 അവസാനത്തോടെ പൂർത്തിയാകുന്ന വിധത്തിൽ 18 റോപ് വേ പ്രോജക്ടുകളാണ് കേന്ദ്രം ആസൂത്രണം ചെയ്യുന്നത്. 90 കിലോമീറ്റർ നീളമാണ് ഈ പ്രോജക്ടുകൾക്ക് ആകെയുള്ളത്. തമിഴ്നാട്ടിൽ 12 കിലോമീറ്റർ നീളത്തിൽ വരുന്ന പളനി- കൊടൈക്കനാൽ റോപ് വേ,
, ഉത്തരാഖണ്ഡിലെ കേദാർനാഥ് തീർത്ഥാടനം സുഗമമാക്കുന്നതിനായി 13 കിലോമീറ്റർ നീളത്തില്‍ വരുന്ന സോൻപ്രയാഗ്-കേദാർനാഥ് റോപ്‌വേ പദ്ധതി തുടങ്ങിയവയാണവ.
ഇതോടൊപ്പം ശ്രീനഗറിലെ ശ്രീശങ്കരാചാര്യ ക്ഷേത്രത്തിലേക്കുള്ള ഒരു കിലോമീറ്റർ നീളത്തിലുള്ള റോപ് വേ, കൃഷ്ണ നദിക്ക് കുറുകെ കുർണൂല്‍ ശ്രീശൈലം ക്ഷേത്രത്തലേക്കുള്ള റോപ് വേ, ഗ്വാളിയാർ കോട്ട റോപ് വേ, ലേ പാലസ് റോപ് വേ , കർണ്ണാടകയിലെ കൊടചാദ്രി കുന്നുകളിലേക്കുള്ള 7 കിമീ റോപ് വേ, ഹിമാചൽ പ്രദേശിലെ 3 കിലോമീറ്റർ നീളത്തിൽ കുളുവിലെ ബിജ്ലി മഹാദേവ ക്ഷേത്രം റോപ് വേ, എന്നിവയാണ് പദ്ധതിയിൽ പ്രധാനപ്പെട്ടവ.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













