ബെംഗളൂരുവിന്‍റെ ശ്വാസകോശമാണ് കബ്ബൺ പാര്‍ക്ക്. പച്ചപ്പും നിറയെ മരങ്ങളും ഉള്ള നഗരത്തിനു നടുവിലെ ഒരു പച്ചത്തുരുത്ത്. തിരക്കിൽ നിന്നും ബഹളങ്ങളിൽ നിന്നും ഒന്നു രക്ഷപെട്ട് വരണം എന്നാഗ്രഹിച്ചാൽ പെട്ടന്ന് എത്താവുന്ന സ്ഥലം. ഇതിനുള്ളിൽ കയറിയാൽ പുറത്തെ തിരക്കോ വാഹനങ്ങളുടെ ഹോണടിയോ ഒന്നും അറിയില്ല. മരങ്ങൾക്കു കീഴെ വന്നിരിക്കുന്ന ആളുകളും കളിക്കാനെത്തുന്ന കുട്ടികളും അവരുടെ ഒപ്പം ഓടുന്ന മാതാപിതാക്കളും പിന്നെ കുടുംബമായി സമയം ചെലവഴിക്കാൻ എത്തുന്നവരുമടക്കമുള്ളവരുടെ മറ്റൊരു ലോകമാണിത്.
ഇതുപോലൊരു പാർക്ക് ബെംഗളൂരുവിന്‍റെ മറ്റു ഭാഗങ്ങളിലും ഉണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിക്കാത്തവർ കാണില്ല. ഇതല്ല, ഇതിനേക്കാൾ മികച്ച ഒന്ന് ബാംഗ്ലൂരിൽ ഒരുങ്ങുകയാണ്. നോർത്ത് ബെംഗളൂരുവിന്‍റെ ഭാഗമായ യലഹങ്കയിലാണ് വനംവകുപ്പ് ബയോഡൈവേഴ്സിറ്റി പാർക്ക് കൊണ്ടുവരിക. നേരത്തെ, കബ്ബൺ പാർക്കിന് സമാനമായി ഒരു പച്ചത്തുരുത്ത് കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും വനംവകുപ്പ് അത് ബയോഡൈവേഴ്സിറ്റി പാർക്കായി മാറ്റുകയായിരുന്നു.

ഔഷധച്ചെടികളുടെ ഉദ്യാനം, ഐവറി, മൃഗശാല, മരങ്ങളുടെ പാര്‍ക്ക് എന്നിവ ചേരുന്നതാണ് ബയോഡൈവേഴ്സിറ്റി പാർക്ക്. യെലഹങ്കയിലെ മടപ്പനഹള്ളിയിലെ 153 ഏക്കർ വരുന്ന യൂക്കാലിപ്റ്റസ് ട്രീ പ്ലാന്‍റേഷനാണ് ബയോഡൈവേഴ്സിറ്റി പാർക്ക് ആയി മാറ്റുക. നവംബർ അവസാനത്തോടെ ഈ പാർക്കിന്‍റെ നിർമ്മാണ പ്രവർത്തികൾ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.
പാർക്കിന്‍റെ സ്ഥലം സന്ദർശനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം വനംവകുപ്പ് മന്ത്രി ഈശ്വർ ഖാന്ദ്രേ ഇവിട സന്ദർശിച്ചിരുന്നു.
ബെംഗളൂരുവിൽ ലാൽബാഗ് അല്ലെങ്കിൽ ചാമരാജേന്ദ്ര പാർക്ക് (കബ്ബൺ പാർക്ക്) പോലെയുള്ള ഒരു ബൊട്ടാണിക്കൽ ഗാർഡന്‍റെ രൂപത്തിൽ അനുയോജ്യമായ സ്ഥലങ്ങൾ ഇല്ല എന്നു ചൂണ്ടിക്കാണിച്ച മന്ത്രി ജൈവവൈവിധ്യ പാർക്കിന്‍റെ വിശദാംശങ്ങളും പങ്കുവെച്ചു. ഇന്ദിരാഗാന്ധി ജൈവവൈവിധ്യ പാർക്ക്, വിശ്വഗുരു ബസവണ്ണ ഔഷധത്തോട്ടം, ഡോ.ബി ആർ അംബേദ്കർ ഏവിയറി, നാദപ്രഭു കെമ്പഗൗഡ മിനി മൃഗശാല, സാലുമരദ തിമ്മക്ക ട്രീ പാർക്ക് എന്നിവ സ്ഥാപിക്കും എന്നറിയിച്ചു.
സമീപഭാവിയിൽ രണ്ട് ലക്ഷത്തോളം ജനസംഖ്യയുള്ള പ്രദേശമായി മാറുന്ന യെലഹങ്കയിലും പരിസരത്തും നൂറുകണക്കിന് ലേഔട്ടുകളുണ്ടെന്നും അതുകൊണ്ടുതന്നെ പ്രകൃതിയുടെ ശ്വാസകോശം ഇവിടെ സജ്ജീകരിക്കേണ്ടത് ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.
അനുദിനം തിരക്കേറി വരുന്ന യെലഹങ്കയെയും സമീപ പ്രദേശങ്ങളെയും സംബന്ധിച്ചെടുത്തോളം അത്യാവശ്യം തന്നെയാണ് ഇത്തരത്തിലുള്ള ഇടമെന്ന് നമുക്ക് പറയാം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












