ബെംഗളൂരുവിന്‍റെ കാലാവസ്ഥ ചൂട് തന്നെയാണ്. മാർച്ച് മാസത്തിൽ കനത്ത ചൂടില് കുറഞ്ഞതൊന്നും പ്രതീക്ഷിക്കേണ്ടതിലലെങ്കിലും ഏപ്രിൽ മാസത്തേക്കാൾ മോശമായ ചൂടാണ് നിലവില് ഉദ്യാന നഗരമായ ബാംഗ്ലൂരിൽ അനുഭവപ്പെടുന്നത്. ഏത് വേനലിലും പ്രസന്നമായ കാലാവസ്ഥയുള്ള നഗരമെന്ന പേരുകേട്ട ബെംഗളൂരു ഇപ്പോൾ സഹിക്കാന്‍ കഴിയാത്ത ചൂടിലൂടെയാണ് കടന്നു പോകുന്നത്.
ഇപ്പോഴിതാ, ഈ വർഷത്തിലെ ഏറ്റവും കൂടിയ താപനില ബെംഗളൂരുവിൽ രേഖപ്പെടുത്തിയിരിക്കുകയാണ്. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ റിപ്പോർട്ട് അനുസരിച്ച് മാർച്ച് 7 വെള്ളിയാഴ്ച ബെംഗളൂരുവിലെ താപനില സാദാരണയിൽ നിന്നും 1.9 ഡിഗ്രി സെൽഷ്യസ് കൂടുതലാണ് അനുഭവപ്പെട്ടത്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 34.6 ഡിഗ്രിയാണ് ബെംഗളരുവിൽ അനുഭവപ്പെട്ടത്. തുടർന്ന് ശനിയാഴ്ച ബെംഗളൂരു സിറ്റി ഒബ്സർവേറ്ററിയിൽ 34.4 ഡിഗ്രി രേഖപ്പെടുത്തി.

കൂടാതെ, കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം അനുസരിച്ച് ഇന്ന് മാർച്ച് 9 ഞായറാഴ്ച ബെംഗളൂരുവില് വീണ്ടും ചൂട് വർധിക്കുവാനുള്ള സാധ്യതയുണ്ട്. ഇന്നത്തെ കൂടിയ താപനില 35 ഡിഗ്രി സെൽഷ്യസ് വരെ എത്തും. കുറഞ്ഞ താപനില 19 ഡിഗ്രി ഇന്ന് അനുഭവപ്പെടും. തിങ്കളാഴ്ച വരെ കർണാടകയിൽ വരണ്ട കാലാവസ്ഥ തുടരാൻ സാധ്യതയുണ്ട്.
തുടർന്ന് മാർച്ച് 11, 12 തീയതികളിൽ ബെംഗളൂരു ഉൾപ്പെടെയുള്ള തെക്കൻ ഉൾനാടൻ കർണാടകയിൽ ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യതയും കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു. ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിലാണ് ഈ ദിവസങ്ങളിൽ മഴ സാധ്യത കൂടുതലുള്ളത്.
അടുത്ത രണ്ട് ദിവസത്തേക്ക് തീരദേശ കർണാടകയിൽ ചൂടും ഈർപ്പവും നിറഞ്ഞ കാലാവസ്ഥ നിലനിൽക്കും.
കൂടിയ താപനില 39 ഡിഗ്രി
ബെംഗളൂരുവിൽ ഇനി വരാനിരിക്കുന്നത് കനത്ത ചൂടാണ് എന്നാണ് കാലാസ്ഥാ പ്രവചനങ്ങൾ കാണിക്കുന്നത്. മുൻപുണ്ടായിട്ടില്ലാത്ത തരത്തിലുള്ള ചൂട് ഏപ്രിൽ, മേയ് മാസങ്ങളിൽ ബാംഗ്ലൂരിൽ അനുഭവപ്പെടും. ഏപ്രിൽ മുതൽ മേയ് പകുതി വരെ കൂടിയ താപനില 39 ഡിഗ്രി സെൽഷ്യസ് വരെ അനുഭവപ്പെടും. തുടർന്ന് മൂന്നാമത്തെ ആഴ്ച മുതൽ താപവനിലയിൽ നേരിയ കുറവുണ്ടാകും എന്നാണ് ബെംഗളൂരു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടർ സി എസ് പാട്ടിൽ പറഞ്ഞത്.
ബെംഗളൂരുവിൽ മാത്രമല്ല ഈ ഉയർന്ന താപനില അനുഭവപ്പെടുന്നത്. വടക്കൻ കർണ്ണാടകയുടെ ഉൾപ്രദേശങ്ങളിലും ഇത്തരത്തിൽ കാലാവസ്ഥ മാറ്റം സംഭവിക്കും. വരും ദിവസങ്ങളിൽ ഇവിടെ സാധാരണ താപനിലയിൽ നിന്നും രണ്ടു മുതൽ നാല് ഡിഗ്രി വരെ അധികം ചൂട് അനുഭവപ്പെടും.
കർണ്ണാടകയിൽ ഏറ്റവും കൂടുതൽ താപനില അനുഭവപ്പെടുന്ന കലബുര്‍ഗി ഇതേ അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്. കലബുറഗിയിൽ ഇതിനകം 39.2°C എത്തിയിട്ടുണ്ട്, ഇത് സാധാരണയേക്കാൾ ഏകദേശം 2°C കൂടുതലാണ്. മെയ് മാസത്തിൽ, കലബുറഗി, വിജയപുര, യാദ്ഗിർ, റായ്ച്ചൂർ, ബാഗൽകോട്ട് എന്നിവയുൾപ്പെടെ . വടക്കൻ കർണ്ണാടകയുടെ ഉൾപ്രദേശങ്ങളിലും നിരവധി ജില്ലകളിൽ പരമാവധി താപനില 45°C വരെ എത്തുമെന്ന് പാട്ടീൽ പറഞ്ഞു.
ഹീറ്റ് ഐലൻഡ് പ്രഭാവവും നഗരവത്ക്കരണവുമാണ് നഗരത്തിലെ ഉയർന്ന താപനിലയുടെ കാരണമെന്നാണ് അധികൃതർ പറയുന്നത്. അന്തരീക്ഷവും വളരെ സ്ഥിരതയുള്ളതിനാൽ മേഘ രൂപീകരണവും സാധ്യമല്ല.
ഈ വർഷം വടക്കൻ ഉൾനാടൻ കർണാടകയിൽ ഉഷ്ണതരംഗ ദിനങ്ങളുടെ എണ്ണം സാധാരണയേക്കാൾ കൂടുതലായിരിക്കും. എന്നാൽ മാർച്ചിൽ തീരദേശ കർണാടകയിൽ ഉഷ്ണതരംഗ മുന്നറിയിപ്പുകൾ സാധാരണമായിരിക്കും.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













