ബെംഗളൂരു നഗരം ഇന്ന് ഉറങ്ങിയെണീറ്റത് മറ്റൊരു ലോകത്തിലേക്ക് ആയിരുന്നു. നന്ദി ഹിൽസിന്‍റെ മുകളിലോ, ഊട്ടിയിലോ അല്ലെങ്കിൽ കൊടൈക്കനാലിലോ എന്നതുപോലെ കോടമഞ്ഞും തണുപ്പും നിറഞ്ഞു നിന്ന അന്തരീക്ഷം ആണ് ഇന്ന് പുലർച്ചെ ബാംഗ്ലൂരിൽ അനുഭവപ്പെട്ടത്.
വെള്ളിയാഴ്ച രാത്രി പെയ്ത നീണ്ട മഴയാണ് ബെംഗളൂരുവിനെ കാലവസ്ഥയുടെയും തണുപ്പിന്‍റെയും കാര്യത്തിൽ ഒരു ഹിൽ സ്റ്റേഷൻ ആക്കിമാറ്റിയത്. ഇന്നലെ രാത്രി നഗരത്തിന്‍റ പല ഭാഗങ്ങളിലും ശക്തമായ കാറ്റും മഴയും അനുഭവപ്പെട്ടു.
രാവിലെ നഗരത്തിലെ പലയിടങ്ങളിലും ഏതാണ്ട് 150 മുതൽ 200 മീറ്റർ വരെ മാത്രമേ ദൃശ്യമായുള്ളൂ. അതോടൊപ്പമുള്ള ചാറ്റൽമഴയും രാവിലത്തെ യാത്രകളെ കുറച്ച് ബുദ്ധിമുട്ടിലാക്കിയതായി എക്സിൽ വന്ന പല പോസ്റ്റുകളും സൂചിപ്പിക്കുന്നു.
ഇന്ന് ബാംഗ്ലൂരിലെ താപനില ഇപ്പോൾ 23°C ആണ് അനുഭവപ്പെടുന്നത്. ഇന്നത്തെ കൂടിയ താപനില 26.67°C വരെ ഉയർന്നേക്കാനും കുറഞ്ഞത് 20.49°C വരെ എത്താനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പൊതുവേ ഇന്ന് തണുപ്പേറിയ കാലാവസ്ഥ ആയിരിക്കും നഗരത്തിൽ അനുഭവപ്പെടുക. മണിക്കൂറിൽ 70 കി മീവേഗതയിൽ വീശുന്ന കാറ്റും സാന്ദ്രതയും തണുപ്പിന് കാരണമാകുന്നുണ്ട്.
അതേസമയം, ഇന്ന് ബാംഗ്ലൂരിൽ മിതമായോ കനത്തതോ ആയ മഴയും ഒപ്പം ഇടി മിന്നലും കാലാവസ്ഥാ പ്രവചനം സൂചിപ്പിക്കുന്നുണ്ട്. കൂടാതെ, ഇടയ്ക്ക് വെയിൽ തെളിയാനുള്ള സാധ്യതയും പ്രവചിക്കുന്നു. അതുകൊണ്ടുതന്നെ വാരാന്ത്യമായ ഇന്ന് പുറത്തു പോകുവാൻ പ്ലാനുള്ളവർ കുടയും റെയിൻകോട്ടും എടുക്കാൻ മറക്കേണ്ട.
ബെംഗളൂരു വരും ദിവസങ്ങളിലെ കാലാവസ്ഥ
വരും ദിവസങ്ങളിലും ബാംഗ്ലൂരിൽ പൊതുവെ മേഘാവൃതമായ ആകാശത്തിനും മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം, ഒക്ടോബർ 19 ന് താപനില 20 ഡിഗ്രി സെൽഷ്യസ് മുതൽ 28 ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കും.
ഒക്‌ടോബർ 20, 21 തീയതികളിൽ മഴയും ഇടിമിന്നലും നഗരത്തില്‍ അനുഭവപ്പെട്ടേക്കാം. താപനില 20 ഡിഗ്രി സെൽഷ്യസ് മുതൽ 28 ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കും. ഒക്ടോബർ 22നും സ്ഥിതി വ്യത്യസ്തമല്ല. 23, 24 തീയതികളിൽ മഴ കൂടുതൽ സ്ഥിരതയുള്ളതും സജീവവുമായി മാറും. ചുരുക്കത്തിൽ വരുന്ന ആഴ്ചയിൽ എല്ലാ ദിവസങ്ങളിലും ബാംഗ്ലൂരിൽ മഴ പെയ്യുവാനുള്ള സാധ്യതയുണ്ട്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













