ബെംഗളരൂ നമ്മ മെട്രോ ഘട്ടംഘട്ടമായി വളരുകയാണ്. പുതിയ ലൈനുകൾ തുറന്നു കൊടുക്കുന്നതിനൊപ്പം നിലവിലെ ലൈനുകളിൽ അധിക ട്രെയിനുകൾ കൊണ്ടുവന്നും സര്‍വീസ് മെച്ചപ്പെടുത്തുകയാണ്. ഇപ്പോഴിതാ, മെട്രോയ്ക്കായി പുതിയ ചൈനീസ് നിർമ്മിത കോച്ചുകൾ നഗരത്തിലെത്തിയിരിക്കുകയാണ്. പർപ്പിൾ ലൈനിൽ ഉപയോഗിക്കുവാൻ ആറ് കോച്ചുകളുള്ള പ്രോട്ടോടൈപ്പ് ട്രെയിൻ ജനുവരി 12 ന് പീനിയ ഡിപ്പോയിൽ എത്തി.
ചൈനയിൽ നിന്ന് ചെന്നൈ വഴി ഏകദേശം ഒരു മാസത്തോളം നീണ്ട യാത്രയ്ക്ക് ശേഷമാണ് കോച്ചുകൾ ഇവിടെ എത്തിയത്. ട്രക്കുകളിൽ കയറ്റി കോച്ചുകൾ ഡിപ്പോയിൽ എത്തിയശേഷം ഇൻസ്പെക്ഷൻ ബേയിലെ ടെസ്റ്റ് ട്രാക്കിലേക്ക് മാറ്റുകയായിരുന്നു. ഇനി ടെസ്റ്റുകളുടെ ഘട്ടമാണ് ഇവയെ കാത്തിരിക്കുന്നത്.

സ്റ്റാറ്റിക്, ഇലക്ട്രിക്കൽ സർക്യൂട്ട് ടെസ്റ്റിംഗിനായി കോച്ചുകൾ യോജിപ്പിച്ച് ഒരു സമ്പൂർണ്ണ ട്രെയിൻ രൂപീകരിക്കുന്നു. തുടർന്ന് മെയിൻലൈനിൽ ട്രെയിൻ പരീക്ഷണം നടത്തും. യാത്രയ്ക്കായി പാളത്തിലിറക്കും മുൻപ് 37 നിയമപരമായ പരിശോധനകൾക്ക് വിധേയമാകും. ഇത് ഏകദേശം ആറു മാസം നീണ്ടുനിൽക്കുന്ന പരിശോധനകൾക്ക് ശേഷം അനുമതി ലഭിച്ച് കഴിഞ്ഞെ ട്രെയിൻ സർവീസിനായി ഇറക്കൂ.
പർപ്പിൾ ലൈനിൽ സർവീസ് നടക്കുന്നതിനാൽ രാത്രികാലങ്ങളിലായിരിക്കും പരീക്ഷണ ഓട്ടങ്ങൾ നടത്തുകയെന്ന് ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിൻ്റെ (ബിഎംആർസിഎൽ) ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ ബി എൽ യശവന്ത് ചവാൻ പറഞ്ഞതായി ഡെക്കാൻ ഹെറാൾഡ് റിപ്പോർട്ട് ചെയ്യുന്നു.
യെല്ലോ ലൈനിനു വേണ്ടിയുള്ള പ്രോട്ടോടൈപ്പ് ട്രെയിൻ 2024 ഫെബ്രുവരിയിൽ ഹെബ്ബഗോഡി ഡിപ്പോയിൽ എത്തുകയും നിലവിൽ പരീക്ഷണ ഓട്ടം നടത്തിക്കൊണ്ടിരിക്കുകയും ചെയ്യുകയാണ്. ഈ വർഷം ജനുവരി ആദ്യ ആഴ്ച യെല്ലോ ലൈനിനായി ആദ്യ ഇന്ത്യ നിർമ്മിത ഡ്രൈവറില്ലാ ട്രെയിൻ ടിആർഎസ്എൽ അയച്ചത് ജനുവരി 20നകം ട്രെയിൻ ബെംഗളൂരുവിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കമ്മ്യൂണിക്കേഷൻസ് ബേസ്ഡ് ട്രെയിൻ കൺട്രോൾ (സിബിടിസി) ഉപയോഗിച്ച് ഡ്രൈവറില്ലാതെ പ്രവർത്തിക്കുന്നവയാണിത്.
യെല്ലോ ലൈനിനായി ഏപ്രിലിൽ രണ്ട് ട്രെയിനുകളും സെപ്റ്റംബർ മുതൽ പ്രതിമാസം രണ്ട് ട്രെയിനുകളും എത്തിക്കുമെന്ന് ടിആർഎസ്എൽ വാഗ്ദാനം ചെയ്തിട്ടുണ്ട്.
ബെംഗളൂരു മെട്രോ പർപ്പിള് ലൈൻ
ചല്ലഗട്ടയ്ക്കും വൈറ്റ്ഫീൽഡ് (കഡുഗോഡി)നും ഇടയിലാണ് ബെംഗളൂരു മെട്രോയുടെ പർപ്പിള് ലൈൻ വരുന്നത്. 43.49 കിലോമീറ്റർ ദൈർഘ്യത്തിൽ 37 സ്റ്റേഷനുകളാണ് ഇതിലുള്ളത്. 31 എലവേറ്റഡ് സ്റ്റേഷനുകളും 5 ഭൂഗർഭ സ്റ്റേഷനുകളും 1 അറ്റ്-ഗ്രേഡ് സ്റ്റേഷനും ആണിതിനുള്ളത്. വൈറ്റ്ഫീൽഡ്, കൃഷ്ണരാജപുര, എംജി റോഡ്, വിധാന സൗധ, വിജയനഗർ, രാജരാജേശ്വരി നഗർ, കെങ്കേരി എന്നിവയുൾപ്പെടെ നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും തിരക്കേറിയതുമായ ഇടങ്ങളിലൂടെയാണ് പർപ്പിൾ ലൈൻ കടന്നു പോകുന്നത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












