ബെംഗളുരുവിന്‍റെ ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്ന് ഇവിടുത്തെ ഗതാഗതക്കുരുക്കാണ്. രാവിലെയും വൈകിട്ടുമുള്ള ട്രാഫിക് ബ്ലോക്കിൽ പെടാതെ ഒരു ദിവസം കടന്നുപോവുക എന്നത് അപൂർവ്വമായി മാത്രം സംഭവിക്കുന്ന കാര്യമാണ്. ഫ്ലൈ ഓവറുകളും മെട്രോയും ഒക്കെയുണ്ടെങ്കിലും പലപ്പോഴും അതൊക്കെയും പോരാതെ വരും. ഇപ്പോഴിതാ, ബെംഗളുരുവിൻറെ കുരുക്കഴിക്കാനായി ടണൽ റോഡ് നിര്‍മ്മാണത്തിന് അനുമതി നല്കിയിരിക്കുകയാണ് അധികൃതർ.
വ്യാഴാഴ്ച ചേർന്ന മന്ത്രിസഭായോഗത്തിലാണ് ബാംഗ്ലൂരിലെ ആദ്യ ടണൽ റോഡ് നിർമ്മിക്കുന്നതിന് 12,690 കോടി രൂപയുടെ പദ്ധതിക്ക് അനുമതി നല്കിയത്. ഇത് കൂടാതെ . 250 മീറ്റർ സ്‌കൈ ഡെക്ക് നിർമിക്കുന്നതിനും മന്ത്രിസഭ അംഗീകാരം നല്കി. ബെംഗളൂരു വികസന മന്ത്രി എന്ന നിലയിൽ ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ മുന്നോട്ടുവെച്ച പദ്ധതികളാണ് ഇവ രണ്ടും. ടണൽ റോഡ് യാഥാർത്ഥ്യമായാൽ ബെംഗളുരു നേരിടുന്ന ഏറ്റവും വലിയ പ്രശ്നത്തിന് പരിഹാരമാകും.

പദ്ധതിക്ക് അനുമതി ലഭിച്ചതോടെ ടെൻഡർ വിളി അടക്കമുള്ള അടുത്ത ഘട്ടം ഉടനെ ആരംഭിക്കും.
ടണൽ റോഡ് പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ ഹെബ്ബാൽ മേൽപ്പാലം മുതൽ സെൻട്രൽ സിൽക്ക് ബോർഡ് ജംഗ്ഷൻ വരെയുള്ള 18 കിലോമീറ്റർ ഇടനാഴിയിൽ ഇരട്ട-ട്യൂബ് നിർമ്മിക്കും. ഇതിന് അഞ്ച് എൻട്രി/ എക്സിറ്റ് പോയിൻ്റുകൾ ഉണ്ടായിരിക്കും. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതി നടപ്പാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ടർഫ് ക്ലബ്, ഗോൾഫ് കോഴ്‌സ്, ബാംഗ്ലൂർ പാലസ് പരിസരം എന്നിവയുടെ ഭാഗങ്ങൾ ഉൾപ്പെടെ ഭൂമി ഏറ്റെടുക്കേണ്ടിവരും എന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്.
ഇത് കൂടാതെ ബെംഗളുരു നഗരത്തിന്‍റെ പനോരമിക് കാഴ്ച നല്കുന്ന 250 മീറ്റർ ഉയരമുള്ള സ്കൈ ഡെക്കിൻ്റെ നിർമ്മാണത്തിനും മന്ത്രിസഭ അനുമതി നൽകി. പദ്ധതിയുടെ ചിലവ് 500 കോടി രൂപയാണ്. എന്നാല്‍ സ്കൈ ഡെക്ക് ലൊക്കേഷൻ എവിടെയായിരിക്കണം എന്ന കാര്യത്തിന് തീരുമാനമായിട്ടില്ല. അതേസമയം സർക്കാർ രണ്ടോ മൂന്നോ ലൊക്കേഷനുകൾ ഷോർട്ട്‌ലിസ്റ്റ് ചെയ്തിട്ടുണ്ടെന്നും നൈസ് റോഡിന് സമീപമുള്ള ഒരെണ്ണം സ്കൈ ഡെക്കിനായി തിരഞ്ഞെടുക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












