വിസാ രഹിത യാത്രകൾ വിനോദസഞ്ചാരികളെ സംബന്ധിച്ചെടുത്തോളം അവസരമാണ്. വിസയില്ലാതെ പുതിയ രാജ്യങ്ങൾ കാണുവാനും വിസാ നടപടികൾക്കായി ചെലവഴിക്കുന്ന സമയവും തുകയും യാത്രയിലേക്കായി മാറ്റാനും പറ്റിയ അവസരം. വിനോജസഞ്ചാരം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തിൽ നിരവധി രാജ്യങ്ങളാണ് സന്ദർശകർക്കായി വിസാ ഫ്രീ പ്രവേശനം ഏർപ്പെടുത്തിയിരിക്കുന്നത്. ഏറ്റവും ഒടുവിലായി ഇറാൻ ആണ് ഇന്ത്യക്കാർക്ക് വിസാ രഹിത പ്രവേശനം അനുവദിച്ചിരിക്കുന്നത്.
നേരത്തെ ഇന്ത്യ ഉൾപ്പെടെ 33 രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികൾക്ക് ഇറാൻ വിസ ഇല്ലാതെ പ്രവേശനം പ്രഖ്യാപിച്ചിരുന്നെങ്കിലും ഇത് നടപ്പിലായത് ഫെബ്രുവരി 4 മുതലാണ്. ഇപ്പോഴിതാ ഇറാനിലേക്ക് ടൂറിസ്റ്റ് വിസയിൽ പോകുന്ന ഇന്ത്യക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങളും നിബന്ധനകളും സംബന്ധിച്ച് ഔദ്യോഗിക കുറിപ്പ് പുറത്തിറക്കിയിരിക്കുകയാണ് ഡൽഹിയിലെ ഇറാനിയൻ എംബസി.

സാംസ്കാരിക കൈമാറ്റവും വിനോദസഞ്ചാരവും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തിലാണ് ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ തിരഞ്ഞെടുത്ത രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർക്ക് വിസാ രഹിത പ്രവേശനം അനുവദിച്ചിരിക്കുന്നത്. റഷ്യ, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ഇന്തോനേഷ്യ, ജപ്പാൻ, സിംഗപ്പൂർ, മലേഷ്യ, ബ്രസീൽ, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികൾക്ക് വിസയില്ലാതെ ഇറാൻ സന്ദർശിക്കാം.
അതേസമയം, ഇന്ത്യൻ പാസ്പോർട്ടിൽ ഇറാനിൽ വിനോദസഞ്ചാരത്തിനായി എത്തുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ കൂടി എബസി കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. അതിൽ പ്രധാനപ്പെട്ടത്, ഈ വിസാ ഇളവ് വിമാനമാർഗം ഇറാനിൽ എത്തുന്ന ഇന്ത്യൻ പൗരന്മാർക്ക് മാത്രമാണ് ഈ വിസ ഇളവ് ലഭിക്കുന്നതെന്നാണ്. വിനോദസഞ്ചാര ആവശ്യങ്ങൾക്കു മാത്രമായി എത്തുന്നവർക്കാണ് ഈ വിസാ രഹിത പ്രവേശനം ഏർപ്പെടുത്തിയിരിക്കുന്നത്.
മറ്റൊരു പ്രധാന കാര്യം ഈ പുതിയ നയം അനുസരിച്ച്, സാധാരണ പാസ്‌പോർട്ടുകൾ കൈവശമുള്ള വ്യക്തികൾക്ക് ആറുമാസത്തിലൊരിക്കൽ വിസയില്ലാതെ ഇറാനിൽ പ്രവേശിക്കാം. ഓരോ സന്ദർശനത്തിലും പരമാവധി 15 ദിവസം വരെ ഇറാനിൽ താമസിക്കാം. ഈ 15 ദിവസത്തെ കാലയളവ് നീട്ടാനാകില്ല എന്നതാണ് ശ്രദ്ധിക്കേണ്ടത്.
അതേസമയം, ടൂറിസം അല്ലാതെയുള്ള മറ്റ് ആവശ്യങ്ങൾ- ബിസിനസ്, പഠനം തുടങ്ങിയ ആവശ്യങ്ങൾക്കായി ഇറാനിലേക്ക് വരുന്നവർ നിലവിൽ തുടരുന്ന സാധാരണ വിസ അപേക്ഷാ പ്രക്രിയ തുടരും. കൂടാതെ, ഇന്ത്യൻ പൗരന്മാർക്ക് രാജ്യത്ത് കൂടുതൽ കാലം താമസിക്കാനോ, ആറ് മാസത്തിനുള്ളിൽ ഒന്നിലധികം എൻട്രികൾ നടത്താനോ, അവർ ഇന്ത്യയിലെ ഇറാനിയൻ പ്രതിനിധികൾ വഴി ആവശ്യമായ വിസകൾ നേടിയിരിക്കണം.
വിമാനമാർഗ്ഗമല്ലാതെ ഇറാനിലെത്തുന്ന ഇന്ത്യൻ വിദേശസഞ്ചാരികൾക്ക് വിസാ രഹിത പ്രവേശനം അനുവദിക്കുന്നതല്ല. അവർ തങ്ങളുടെ സന്ദർശനത്തിന് അനുയോജ്യമായ തരത്തിലുള്ള വിസ മുൻകൂട്ടി നേടിയിരിക്കണം.
ഇറാൻ വിനോദസഞ്ചാരം കുറച്ചു നാളുകളായി വൻ വളർച്ചയുടെ പാതയിലാണ്. നിലവിലെ ഇറാനിയൻ വർഷത്തിൻ്റെ ആദ്യ എട്ട് മാസങ്ങളിൽ ഇറാൻ സന്ദർശിച്ച വിദേശികളുടെ എണ്ണം 4.4 ദശലക്ഷമായിരുന്നു. തൊട്ടുമുൻപിലത്തെ വര്‌ഷത്തെയപേക്ഷിച്ച് 48.5% വർദ്ധനവ് ആണിത്.
സുരക്ഷിതമായ ചെലവ് കുറഞ്ഞ യാത്രകളാണ് ഇറാന്‍റെ മറ്റൊരു പ്രത്യേകത. ചരിത്രവും വൈവിധ്യങ്ങളും യാത്രകളിൽ തിരയുന്നവർക്ക് രണ്ടാമതൊന്ന് ആലോചിക്കാതെ ഇറാനെ യാത്രാ ലിസ്റ്റിൽ ഉൾപ്പെടുത്താം. ലോകത്തിലെ ഏറ്റവും പുരാതനമായ നാഗരികതകളിൽ ഒന്നാണ് ഇറാന്‍റേത്. ഇറാൻ യാത്രയിൽ വിട്ടുപോകാതെ കാണേണ്ടത് ഇവിടുത്തെ മ്യൂസിയങ്ങള്‍ ആണ്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












