കാൽവരി മൗണ്ട്
ഇടുക്കി ജില്ലയിലെ ഏറ്റവും മനോഹരമായ സ്ഥലം ഏതാണെന്ന ചോദ്യത്തിന് ഉത്തരങ്ങൾ പലതുണ്ടെങ്കിലും അതിലൊന്ന് കാൽവരി മൗണ്ടായിരിക്കും. കട്ടപ്പനയിൽ നിന്നും ചെറുതോണി റൂട്ടിൽ പത്തു കിലോീറ്റർ മാറി സ്ഥിതി ചെയ്യുന്ന കാൽവരി മൗണ്ട് സമുദ്ര നിരപ്പിൽ നിന്നും 2700 അടി ഉയരത്തിലുള്ള ഒരു വ്യൂ പോയിന്‍റാണ്. കയറ്റങ്ങൾ കയറിച്ചെല്ലുന്ന കാൽവരി മൗണ്ട് വ്യൂ പോയിന്റ് സന്ദർശകരെ മറ്റൊരു ലോകത്തിൽ എത്തിക്കും എന്നതിൽ സംശയമില്ല.
ഊട്ടിയും കൊടൈക്കനാലും ഒറ്റ ഇടത്ത്
ഊട്ടിയും കൊടൈക്കനാലും മാത്രമല്ല, അക്കൂട്ടത്തിൽ മൂന്നാർ കൂടി ചേർന്നാൽ എങ്ങനെയുണ്ടാകും.... അതാണ് കാൽവരി മൗണ്ട്. കാഴ്വരയിൽ എപ്പോളും വന്നും പോയും ഇരിക്കുന്ന കോടമഞ്ഞും ഒരു നിമിഷം പോലും വിശ്രമമില്ലാതെ വീശിക്കൊണ്ടിരിക്കുന്ന കാറ്റും കണ്ണെടുക്കുവാൻ തോന്നിപ്പിക്കാത്ത പ്രകൃതിഭംഗിയുമാണ് കാൽവരി മൗണ്ടിലേക്ക് സഞ്ചാരികളെ ആകർഷിക്കുന്നത്. എത്ര പറഞ്ഞാലും തീരാത്ത കാഴ്ചകളും ഏതു ക്യാമറയിൽ പകർത്തിയാലും പൂർണ്ണമാകാത്ത ദൃശ്യങ്ങളുമാണ് ഇവിടെയുള്ളത്.
കാൽവരി മൗണ്ട് ടൂറിസം ഫെസ്റ്റ് 2020
കാൽവരിക്കുന്നിലെ കാണാക്കാഴ്ചകൾ യാത്രകളെ സ്നേഹിക്കുന്നവർക്കു മുന്നിൽ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തിലാണ് കാൽവരി മൗണ്ട് ടൂറിസം ഫെസ്റ്റ് 2020 നടത്തുന്നത്. കാമാക്ഷി ഗ്രാമ പഞ്ചായത്ത്. മരിയാപുരം ഗ്രാമപഞ്ചായത്ത്, ഡിടിപിസി ഇടുക്കി, തങ്കമണി സർവ്വീസ് സഹകരണ ബാങ്ക്, ഇടുക്കി താലൂക്ക് ടൂറിസം കോ-ഓപ്പറേറ്റീവ് സൊസൈറ്റി, കാൽവരി മൗണ്ട് ടൂറിസം ഡെവലപ്മെന്റ് സൊസൈറ്റി,വനസംരക്ഷണ സമിതി എന്നിവയുടെ നേതൃത്വത്തിലാണ്
കാൽവരി മൗണ്ട് ടൂറിസം ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.
ജനുവരി 21 മുതൽ 31 വരെ
2020 ജനുവരി 21 മുതൽ 31 വരെ നീണ്ടു നിൽക്കുന്ന ടൂറിസം ഫെസ്റ്റിൽ വ്യത്യസ്തങ്ങളായ നിരവധി പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. ടൂറിസം ക്ലസ്റ്റർ യാത്ര, ഓഫ് റോഡ് ട്രക്കിങ്, ഫാം ടൂറിസം- ടൂറിസം ഫാക്ടറി വിസിറ്റ്, പ്രദർശന - വിപണന സ്റ്റാളുകൾ, ശാസ്ത്ര സാങ്കേതിക വിജ്ഞാന പ്രദർശനം, കാർഷിക വിള പ്രദർശനം, പെറ്റ് ഷോ, കാർഷിക-ടൂറിസം-ഫിഷറീസ് സെമിനാറുകൾ, അമ്യൂസ്മെന്റ് പാർക്ക്, ഉല്ലാസ റൈഡുകൾ തുടങ്ങിയവ ഇതിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
ഇടുക്കി ജലസംഭരണി
കാൽവരി മൗണ്ട് വ്യൂ പോയിന്‍റിൽ നിന്നും ഇടുക്കി ജലസംഭരണിയുടെ കാഴ്ചയാണ് ഇവിടെ എടുത്തു പറയേണ്ടത്. നിറഞ്ഞു തുളുമ്പി, നീല നിറത്തിൽ കിടക്കുന്ന ജല സംഭരണിയും അതിനു നടുവിലെ ദ്വീപുകളും ഒക്കെ ചേർന്ന ഇവിടുത്തെ കാഴ്ചകൾ ഒരിക്കൽ കണ്ടവർ വീണ്ടും വീണ്ടും കാണാനായി എത്തിച്ചേരും എന്നത് ഉറപ്പാണ്. ഏകദേശം 700 അടി ഉയരത്തിൽ നിന്നുമാണ് ഇവിടെ ഇടുക്കി ജലസംഭരണിയുടെ കാഴ്ചകൾ കാണുവാൻ സാധിക്കുക.
എത്തിച്ചേരുവാൻ
ഇടുക്കി ചെറുതോണിയ്ക്ക് സമീപമാണ് കാൽവരി മൗണ്ട് സ്ഥിതി ചെയ്യുന്നത്. ചെറുതോണി-കട്ടപ്പന റൂട്ടിൽ പോയാൽ ഇവിടേക്കുള്ള കവാടം കാണാം. ചെറുതോണിയിൽ നിന്നും ഇവിടേക്ക് 15 കിലോമീറ്റർ ദൂരമുണ്ട്. ഇടുക്കി ഡാമിൽ നിന്നും ഇവിടേക്ക് 10 കിലോമീറ്ററാണ് ദൂരം. മൂന്നാറിൽ നിന്നും 55.6 കിലോമീറ്ററും തൊടുപുഴയിൽ നിന്നും 71.3 കിലോമീറ്ററും കോട്ടയത്തു നിന്നും 140 കിലോമീറ്ററും ഇവിടേക്ക് ദൂരമുണ്ട്.