പിമ്പന്‍മാര്‍ മുമ്പന്‍മാരും മുമ്പന്‍മാര്‍ പിൻപൻമാരും ആകുമെന്ന് പറഞ്ഞിരിക്കുന്നത് ബൈബിളിലാണ്. വ്യാഖ്യാനങ്ങൾ പലവിധത്തിലാകാമെങ്കിലും ഇത് അതേപടി സംഭവിച്ചിരിക്കുന്നത് മനാ വില്ലേജിന്റെ കാര്യത്തിലാണ്. ഇന്ത്യയിലെ ഏറ്റവും അവസാനത്തെ ഗ്രാമം എന്നറിയപ്പെട്ടിരുന്ന ഉത്തരാഖണ്ഡിലെ മനാ വില്ലേജ് ഇപ്പോൾ ഇന്ത്യയിലെ ആദ്യ ഗ്രാമമായി മാറിയിരിക്കുകയാണ്. ഇതിന്റെ സൂചനാ ബോർഡുകൾ ബോര്‍ഡ് റോഡ് ഓര്‍നനൈസേഷൻ സ്ഥാപിച്ചു കഴിഞ്ഞു.
ഇത്രയും നാൾ ഇന്ത്യയിലെ ജനവാസമുള്ള അവസാന ഗ്രാമം എന്ന ഔദ്യോഗിക അംഗീകാരം മനാ ഗ്രാമത്തിനായിരുന്നു ഉണ്ടായിരുന്നത്. ചമോലി ജില്ലയുടെ ഭാഗമായ മനാ വില്ലേജ് കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രി നരേന്ദ്ര മോഡി സന്ദർശിച്ചിരുന്നു. ഈ സമയത്ത് അതിര്‍ത്തി ഗ്രാമങ്ങളെ ആദ്യഗ്രാമങ്ങളാക്കി മാറ്റുന്ന നിർദ്ദേശം അദ്ദേഹം മുന്നോട്ടു വെച്ചിരുന്നു. തുടർന്നാണ് മന ഇന്ത്യയിലെ ആദ്യ ഗ്രാമമാണി മാറിയത്.

PC: Twitter/@pushkardhami
ചാർധാം തീർത്ഥാടന കേന്ദ്രമായ ബദരിനാഥിനോട് ചേർന്നു സ്ഥിതി ചെയ്യുന്ന മന ഗ്രാമം സമുദ്രനിരപ്പിൽ നിന്നും 3118 മീറ്റർ അഥവാ 10,500 അടി ഉയരത്തിലാണുള്ളത്. ബദരിനാഥിൽ നിന്നും വെറും മൂന്ന് കിലോമീറ്റർ ദൂരം മാത്രമേ മനാ ഗ്രാമത്തിലേക്കുള്ളൂ എന്നതിനാൽ ബദരിനാഥിലെത്തുന്ന തീർത്ഥാടകർ മിക്കപ്പോഴും ഇവിടെയും കൂടി വന്ന ശേഷമാണ് മടങ്ങുന്നത്.
പ്രദേശത്തിന്‍റെ ഭംഗിയേക്കാളപ്പുറം അവസാനഗ്രാമം എന്ന പ്രത്യേകതയാണ് ഇതുവരെയയും ഇവിടേക്ക് സന്ദര്‍ശകരെ ആകർഷിച്ചു പോന്നിരുന്നത്. ഇന്ത്യയിലെ അവസാനത്തെ ചായക്കട, ഇന്ത്യയിലെ അവസാനത്തെ ഹോട്ടല്‍ എന്നിങ്ങനെയുള്ള ബോർഡുകൾ ഇനി ഇന്ത്യയിലെ ആദ്യ ചായക്കട, ഇന്ത്യയിലെ ആദ്യ ഹോട്ടൽ എന്നിങ്ങനെ പേരു മാറും! ഇവിടുത്തെ താമസക്കാരുടെ പ്രധാന വരുമാനമാർഗ്ഗവും കൂടിയാണ് ഈ പ്രത്യേകതകളെന്നു പറയാം.
2011 ലെ സെൻസസ് അനുസരിച്ച് 558 വീടുകളും 1214 ആളുകളുമാണ് ഇവിടെ വസിക്കുന്നത്. ശൈത്യകാലത്ത് ഇവർ ഇവിടെ വസിക്കാറില്ല. പ്രദേശം മുഴുവൻ മഞ്ഞു മൂടുമ്പോള്‍ ഇവർ താഴ്ന്ന പ്രദേശങ്ങളിലേക്കിറങ്ങുകയും പിന്നീട് കാലാവസ്ഥ മികച്ചതാകുമ്പോൾ തിരികെ വരികയും ചെയ്യുന്നു. മര്‍ച്ചാസ്, ജാഡ്സ്, ഭോട്ട്യാസ് തുടങ്ങിയ വംശത്തിൽപെട്ടവരാണ് ഇവിടുത്തെ താമസക്കാർ.
മഞ്ഞിൽ പൊതിഞ്ഞു നിൽക്കുന്ന ഹിമാലയ പർവ്വതത്തിന്‍റെ അതിമനോഹരമായ കാഴ്ചകളാണ് ഇവിടെ നിന്നാൽ ആസ്വദിക്കുവാൻ സാധിക്കുന്നത്. ഇവിടുത്തെ താഴ്വാരങ്ങളും അതീവഭംഗിയാർന്നവയാണ്. ചരിത്രപരമായ പ്രാധാന്യവും മന വില്ലേജിനുണ്ട്. ഇന്ത്യയിലെ പഴക്കം ചെന്ന ജനവാസങ്ങളിലൊന്നാണിതെന്നും പറയപ്പെടുന്നു.
മഹാഭാരതവുമായും മനാ വില്ലേജ് ബന്ധപ്പെട്ടു കിടക്കുന്നു. പാണ്ഡവരുടെ ജന്മസ്ഥലമാണ് ഇതെന്നാണ് ചില വിശ്വാസങ്ങൾ പറയുന്നത്. ഇവിടുത്തെ ഒരു ഗുഹയിലിരുന്നാണ് വ്യാസ മഹർഷി മഹാഭാരതം രചിച്ചതെന്നും പറയപ്പെടുന്നു. വ്യാസ് ഗുഹ എന്നാണ് ഇതിൻരെ പേര്. ഗണേശ ഗുഹ എന്നുപേരായ ഒരു ഗുഹയും ഇവിടെയുണ്ട്.
മനാ പാസിൽ ഇന്ത്യ-ടിബറ്റ് അതിർത്തിയോട് ചേർന്നുള്ള ഇവിടെ നിന്ന് മുന്നോട്ട് പോയാൽ പിന്നെയൊരു ഗ്രാമം കാണണമെങ്കിൽ നേപ്പാളില്‍ എത്തേണ്ടി വരും. മനാ വില്ലേജിൽ നിന്നും 26 കിലോമീറ്റർ അകലെയാണ് ടിബറ്റ് അതിർത്തി സ്ഥിതി ചെയ്യുന്നത്. അതിർത്തിയോട് ചേര്‍ന്നു കിടക്കുന്നതിനാൽ തന്നെ ഇവരുടെ സംസ്കാരങ്ങളിലും രീതികളിലും എല്ലാം രണ്ടു രാജ്യങ്ങളുടെയും സ്വാധീനം കാണാം. അതുകൊണ്ടു തന്നെ ഇവിടെയെത്തിയാൽ ഇവരെ പരിചയപ്പെടുവാനും മനസ്സിലാക്കുവാനും കൂടി സമയം മാറ്റിവയ്ക്കണം.
ഇവിടെ എത്തിച്ചേരുക എന്നത് അത്രയെളുപ്പമുള്ള കാര്യമല്ല. ഏറ്റവും അടുത്തുള്ള വിമാനത്താവളമായ ഡെറാഡൂണിലെ ജോളി ഗ്രാൻഡ് വിമാനത്താവളം മനാ വില്ലേജിൽ നിന്ന് 222 കിലോമീറ്റര്‍ ദൂരത്തിലാണുള്ളത്. അടുത്തുള്ള റെയിൽവേ സ്റ്റേഷനായ ഋഷികേശാവട്ട, 202 കിലോമീറ്റർ അകലെയാണ്. ഋഷികേശ്, ഡെറാഡൂൺ, ഹരിദ്വാർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നു വരുമ്പോൾ ആദ്യം ചമോലിയിൽ ബസിന് എത്തി അവിടുന്ന് ടാക്സി പിടിച്ച് മനാ വില്ലേജിൽ വരാം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












