മൂവാറ്റുപുഴ നഗരത്തിലൂടെയുള്ള യാത്രകൾക്ക് നിയന്ത്രണം., ഈ അവധിക്കാലത്തും വരും ദിവസങ്ങളിലും മൂവാറ്റുപുഴ വഴി പോകുന്നുണ്ടെങ്കിൽ ഇവിടുത്തെ ഗതാഗത നിയന്ത്രണം അറിഞ്ഞിരിക്കണം. റോഡ് വികസനത്തിന്‍റെ ഭാഗമായി സമ്പൂർണ്ണ ഗതാഗത നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഏപ്രിൽ 15 ന് ആരംഭിച്ച നിയന്ത്രണങ്ങൾ മൂന്നു മാസം വരെയെങ്കിലും തുടർന്നേക്കും.
മൂവാറ്റുപുഴ നഗരത്തിലെ ഉപറോഡുകളിൽ ഉൾപ്പെടെ ഗതാഗത നിയന്ത്രണം ഉണ്ടാകും. ബസുകൾ, ഭാരവാഹനങ്ങള്‍, ഓട്ടോറിക്ഷകൾ തുടങ്ങി എല്ലാ വാഹനങ്ങൾക്കു റോഡ് നിർമാണം പൂർത്തിയാകും വരെയാണു ഗതാഗത ക്രമീകരണം ഏർപ്പെടുത്തിയിട്ടുള്ളത്. തടിലോറികൾ രാത്രി എട്ടുവരെ നഗരത്തിൽ പ്രവേശിക്കരുത്. ഉപ റോഡുകൾ അടക്കം നാല് പ്രധാന റോഡുകൾ വൺവേ ആകും.

മൂവാറ്റുപുഴ നഗരത്തിലെ ഗതാഗത നിയന്ത്രണങ്ങൾ
വൺവേ ജങ്ഷനിൽനിന്ന് കീച്ചേരിപ്പടി ഭാഗത്തേക്ക് ഒരു വാഹനത്തിനും പ്രവേശനം ഉണ്ടാവില്ല. കീച്ചേരിപ്പടിയിൽ ഒരു വാഹനത്തിനും പാർക്കിങ് അനുവദിക്കില്ല. ഓട്ടോറിക്ഷകൾ അടക്കമുള്ള ചെറു വാഹനങ്ങൾ റോട്ടറി റോഡ് വഴി നെഹ്‌റു പാർക്കിൽ എത്തിച്ചേരണം. കാവുംപടി റോഡിലേക്ക് പിഒ ജങ്ഷൻ, പേട്ട ഭാഗങ്ങളിൽനിന്ന് പ്രവേശനം അനുവദിക്കില്ല.
എവറസ്റ്റ് ജങ്ഷനിൽനിന്ന് ഒരു വാഹനവും മാർക്കറ്റ് ബസ് സ്റ്റാൻഡ് ഭാഗത്തേക്ക് പോകാൻ അനുവദിക്കില്ല. കീച്ചേരിപ്പടി ഭാഗത്തുനിന്ന് ഇഇസി മാർക്കറ്റ് റോഡിലേക്ക് വാഹനങ്ങൾ പ്രവേശിക്കുന്നതും നിരോധിച്ചിട്ടുണ്ട്. കീച്ചേരിപ്പടിയിലെ ഓട്ടോറിക്ഷ സ്റ്റാൻഡ് പ്രധാന റോഡിൽനിന്ന് ആസാദ് റോഡിലേക്ക് മാറ്റും.
തടി ലോറികൾക്ക് നിയന്ത്രണം
തടികൊണ്ടുവരുന്ന ലോറികൾ രാത്രി എട്ടുമണി വരെ മൂവാറ്റുപുഴ നഗരത്തിൽ പ്രവേശിക്കുന്നത് വിലക്കിയിട്ടുണ്ട്. ദീർഘദൂര വാഹനങ്ങളും ചരക്ക് ലോറികളും ടോറസും കണ്ടെയ്‌നർ വാഹനങ്ങളും നഗരത്തിലെത്താതെ വഴിതിരിച്ചുവിടും.
കൂത്താട്ടുകുളത്ത് നിന്ന് എറണാകുളം, പെരുമ്പാവൂർ, ആലുവ, വിമാനത്താവളം ഭാഗത്തേയ്ക്ക് പോകേണ്ടവർ
കൂത്താട്ടുകുളം ഭാഗത്തു നിന്ന് എറണാകുളം, പെരുമ്പാവൂർ, ആലുവ, കൊച്ചി വിമാനത്താവളം എന്നിവിടങ്ങളിലേക്കു പോകേണ്ട വാഹനങ്ങൾ എംസി റോഡിൽ ഈസ്റ്റ് മാറാടിയിൽ നിന്ന് ഇടത്തോട്ടു തിരിഞ്ഞ് കായനാട്, ഊരമന വഴി പെരുവംമൂഴിയിൽ എത്തി ദേശീയപാതയിലൂടെ സഞ്ചരിക്കണം.
തൊടുപുഴ ഭാഗത്ത് നിന്ന് എറണാകുളം, തൃശൂർ, കോതമംഗലം, ഭാഗത്തേക്കു പോകേണ്ടവർ
തൊടുപുഴ ഭാഗങ്ങളിൽ നിന്ന് എറണാകുളം, തൃശൂർ, കോതമംഗലം, ഭാഗത്തേക്കു പോകേണ്ട വാഹനങ്ങൾ നിർമല ഹൈസ്കൂൾ ജംക്‌ഷനിൽ നിന്നു തിരിഞ്ഞ് ആരക്കുഴ നാസ് റോഡ് വഴി എംസി റോഡിൽ പ്രവേശിച്ച് പിഒ ജംക്‌ഷൻ, കച്ചേരിത്താഴം വഴി പോകണം.
കോതമംഗലം, കാളിയാർ ഭാഗങ്ങളിൽ നിന്നു മൂവാറ്റുപുഴയ്ക്ക് വരുന്നവർ
കോതമംഗലം, കാളിയാർ ഭാഗങ്ങളിൽ നിന്നു വരുന്ന വാഹനങ്ങൾ ബിസ്മി ജംക്‌ഷനിൽ ചാലിക്കടവ് പാലം കടന്ന് കിഴക്കേക്കര ജംക്‌ഷനിലെത്തി വലിയ വാഹനങ്ങൾ കോട്ട റോഡ് വഴിയും സ്വകാര്യ ബസുകൾ ഈസ്റ്റ് ഹൈസ്കൂൾ ജംക്‌ഷനിൽ നിന്ന് ഇടത്തോട്ടു തിരിഞ്ഞ് അടൂപ്പറമ്പിലും എത്തണം.
എറണാകുളം ഭാഗത്തു നിന്നു തൊടുപുഴ, കോട്ടയം ഭാഗങ്ങളിലേക്കു പോകേണ്ടവര്
എറണാകുളം ഭാഗത്തു നിന്നു തൊടുപുഴ, കോട്ടയം ഭാഗങ്ങളിലേക്കു പോകേണ്ട വാഹനങ്ങൾ ദേശീയപാതയിൽ പെരുവംമൂഴിയിൽ നിന്നു തിരിഞ്ഞ് ഊരമന, കായനാട് വഴി എംസി റോഡിൽ മാറാടിയിലെത്തി യാത്ര തുടരാം.
പെരുമ്പാവൂർ, ഭാഗത്തു നിന്നു കോതമംഗലം, കാളിയാർ, തൊടുപുഴ, ആരക്കുഴ, കൂത്താട്ടുകുളം ഭാഗങ്ങളിലേക്കു പോകുന്നവർ
പെരുമ്പാവൂർ, ഭാഗത്തു നിന്നു കോതമംഗലം, കാളിയാർ, തൊടുപുഴ, ആരക്കുഴ, കൂത്താട്ടുകുളം ഭാഗങ്ങളിലേക്കു പോകുന്ന ചെറുവാഹനങ്ങൾ എംസി റോഡ്, വാഴപ്പിള്ളി ലിസ്യു റോഡ് വഴി ഇഇസി മാർക്കറ്റ് റോഡിലെത്തി യാത്ര തുടരണം.
വൺവേ ജംക്‌ഷനിൽ നിന്നു കീച്ചേരിപ്പടി ഭാഗത്തേക്ക് വാഹനങ്ങളെ അനുവദിക്കില്ല. ബസുകൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ വെള്ളൂർക്കുന്നത്തുനിന്ന് ഇഇസി മാർക്കറ്റ് റോഡ് വഴി തിരിഞ്ഞുപോകണം.\
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













