സഞ്ചാരികളെ, മുംബൈയിൽ നിന്നും ഇനി ഏഴു മണിക്കൂറിൽ ഗോവയിലെത്താം. യാത്രക്കാരുടെ കാത്തിരിപ്പിന് വിരാമമിട്ട് ജൂൺ മാസത്തോടു കൂടി മുംബൈ-ഗോവ വന്ദേ ഭാരത് എക്സ്പ്രസ് സർവീസ് ആരംഭിച്ചേക്കും. ഇതോടെ മുംബൈ സിഎസ്എംടിക്കും മഡ്ഗാവിനും ഇടയിലുള്ള യാത്രാ ദൈർഘ്യം ഏഴു മണിക്കൂറായി മാറും. ഇതുവഴി സർവീസ് നടത്തുന്ന തേജസ് എക്സ്പ്രസിനെ അപേക്ഷിച്ച് വന്ദേഭാരത് ട്രെയിൻ യാത്രാ സമയം 45 മിനിറ്റെങ്കിലും കുറയ്ക്കുമെന്നാണ് കരുതുന്നത് .
പരീക്ഷണ ഓട്ടത്തിൽ ഏഴു മണിക്കൂർ സമയമാണ് ഒരു വശത്തേയ്ക്ക് വന്ദേ ഭാരത് എക്സ്പ്രസ് എടുത്തത്. മുംബൈയിലെ സിഎസ്‌എംടി ഏഴാം നമ്പർ പ്ലാറ്റ്‌ഫോമിൽ നിന്ന് പുലർച്ചെ 5:30ന് പുറപ്പെട്ട വന്ദേഭാരത് റാക്ക് ഉച്ചയ്ക്ക് 12.50ന് ഗോവയിലെ മഡ്‌ഗാവ് സ്റ്റേഷനിലെത്തി. ഉച്ചയ്ക്ക് 1.15 ഓടെ മാഡ്ഗാവിൽ നിന്ന് തിരികെ പുറപ്പെട്ട് 8.50ന് സിഎസ്‌എംടിയിൽ എത്തി.

മണിക്കൂറിൽ പരമാവധി 180 കിലോമീറ്റർ വേഗത വരെ കൈവരിക്കുവാൻ സാധിക്കുന്ന റേക്ക് ആണ് പരീക്ഷണ ഓട്ടം നടത്തിയത്.
സി എസ് എം ടി-ഷിർദി വന്ദേ ഭാരത് എക്‌സ്പ്രസിന്റെ റേക്ക് ഉപയോഗിച്ചാണ് നിലവിലെ പരീക്ഷണം നടത്തുന്നതെന്നാണ് ഉദ്യോഗസ്ഥർ അറിയിച്ചത്. ചൊവ്വാഴ്ചകളിൽ സി എസ് എം ടി-ഷിർദി വന്ദേഭാരത് സർവീസ് നടത്താത്തതിനാലാണ് ഈ റേക്ക് ഉപയോഗിച്ചത്.
താത്കാലിക തീരുമാനമനുസരിച്ച് മുംബൈ സിഎസ്എംടിയിൽ നിന്നും രാവിലെ ഏകദേശം 6.00 മണിയോടെ യാത്ര ആരംഭിച്ച് ഉച്ചകഴിഞ്ഞ് മഡ്ഗാവോണിലെത്തി തിരികെ അതേ ദിവസം തന്നെ അർധരാത്രിയോടെ സിഎസ്‌എംടിയിൽ എത്തിച്ചേരുവാൻ കഴിയുന്ന വിധത്തിലാണ് പ്ലാൻ.
നിലവിൽ തേജസ് എക്സ്പ്രസ് സിഎസ്‌എംടിയിൽ നിന്ന് രാവിലെ 5.50ന് പുറപ്പെട്ട് മഡ്ഗാവോണിൽ ഉച്ചകഴിഞ്ഞ് 2.40ന് എത്തിച്ചേരുന്നു. മടക്കയാത്രയിൽ 3.15ന് മഡ്ഗാവോണിൽ നിന്ന് പുറപ്പെട്ട് അർധരാത്രിക്ക് സിഎസ്‌എംടിയിൽ എത്തുന്നു. എട്ട് മണിക്കൂർ 40 മിനിറ്റ് സമയമാണ് ഒരു വശത്തേയ്ക്ക്, 765 കിലോമീറ്റർ ദൂരം പിന്നിടുവാനായി തേജസ് എക്സ്പ്രസിനു വേണ്ടത്.

11 എസി ചെയർ കാർ, 01 എസി എക്സിക്യൂട്ടീവ് ചെയർ കാർ, 1 വിസ്റ്റാഡോം കോച്ച്, രണ്ട് ലഗേജ്, ജനറേറ്റർ കം ബ്രേക്ക് വാൻസ് എന്നിവയാണ് തേജസ് എക്സ്പ്രസിന് ഉള്ളത്. അതേ സമയം വന്ദേ ഭാരത് എക്സ്പ്രസിന് 16 എസി കോച്ചുകളാണ്. അതിൽ രണ്ടെണ്ണം എക്സിക്യൂട്ടീവ് ചെയർ കാറുകളും ബാക്കിയുള്ളത് എസി ചെയർ കാറുമാണ്. 1,128 യാത്രക്കാരെ വഹിക്കുവാനുള്ള കപ്പാസിറ്റി വന്ദേ ഭാരത് എക്സ്പ്രസിനുണ്ട്.
യാത്രക്കാർക്കായി ഏറ്റവും മികച്ച സൗകര്യങ്ങളാണ് വന്ദേ ഭാരതിൽ ഒരുക്കിയിരിക്കുന്നത്. അത്യാധുനിക സുരക്ഷാ സംവിധാനങ്ങളും
ഇതിലുണ്ട്. ട്രെയിൻ കൂട്ടിയിടി ഒഴിവാക്കൽ സംവിധാനം വന്ദേ ഭാരത് ട്രെയിനുകളുടെ പ്രത്യേകതയാണ്. മോട്ടോർ കോച്ചുകൾ, ഇന്റലിജന്റ് ബ്രേക്കിംഗ് സംവിധാനം, എല്ലാ ക്ലാസുകളിലും ചാരിയിരിക്കുവാൻ സാധിക്കുന്ന സീറ്റുകൾ, എക്സിക്യൂട്ടീവ് കോച്ചുകളിൽ 180-ഡിഗ്രി കറങ്ങുന്ന സീറ്റുകൾ, ഓരോ കോച്ചിലും യാത്രക്കാരുടെ വിവരങ്ങൾ നൽകുന്ന 32 ഇഞ്ച് സ്‌ക്രീനുകൾ തുടങ്ങിയവ ഉണ്ട്.
മുംബൈ-ഗോവ വന്ദേ ഭാരത് എക്‌സ്പ്രസിന്റെ സ്റ്റോപ്പ് ഇതുവരെ തീരുമാനിച്ചിട്ടില്ലെങ്കിലും
ദാദർ
താനെ
പൻവേൽ
ചിപ്ലുൻ
രത്നഗിരി
കങ്കാവലി
കുടൽ
സാവന്ത്വാഡി റോഡ്
മഡ്ഗാവ് തുടങ്ങിയ ഉൾപ്പെടുത്തുമെന്നാണ് കരുതുന്നത്.
മുംബൈ-ഗോവ വന്ദേ ഭാരത് വരുന്നതോടെ മുംബൈയിൽ നിന്നു പോകുന്ന നാലാമത്തെ സെമി ഹൈ സ്പീഡ് ട്രെയിനായി ഇത് മാറും. മറ്റ് മൂന്ന് വന്ദേ ഭാരത് ട്രെയിനുകൾ ഇവയാണ്- പശ്ചിമ റെയിൽവേയുടെ മുംബൈ സെൻട്രൽ - അഹമ്മദാബാദ് - ഗാന്ധിനഗർ വന്ദേ ഭാരത് എക്സ്പ്രസ്, സെൻട്രൽ റെയിൽവേയുടെ മുംബൈ - സായ്നഗർ ഷിർദി, മുംബൈ - പൂനെ- സോലാപൂർ വന്ദേ ഭാരത് എക്‌സ്പ്രസ്, വെസ്റ്റേൺ റെയിൽവേയുടെ മുംബൈ സെൻട്രൽ- ഗാന്ധിനഗർ വന്ദേ ഭാരത് എക്‌സ്പ്രസ് എന്നിവയാണ്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












