ശ്രീലങ്കയിലേക്ക് യാത്ര പ്ലാൻ ചെയ്തിരിക്കുന്നവർക്ക് സന്തോഷ വാർത്തയിതാ.. ഇന്ത്യയിൽ നിന്നുള്ള ശ്രീ ലങ്കൻ സഞ്ചാരികൾക്ക് നേരത്തെ പ്രഖ്യാപിച്ച വിസാ ഇളവ് വീണ്ടും നീട്ടുന്നത് പരിഗണിക്കാൻ ഒരുങ്ങുകയാണ് ശ്രീലങ്ക. ഇന്ത്യക്കാർക്ക് വിസാ രഹിത യാത്ര പ്രഖ്യാപിച്ച ശേഷം ഇന്ത്യയിൽ നിന്നുള്ള സഞ്ചാരികളുടെ എണ്ണത്തിൽ വന് വര്‍ധനവുണ്ടായതായി കണക്കുകൾ സൂചിപ്പിച്ചിരുന്നു. ഇതേ രീതിയിൽ വീണ്ടും ആളുകളെ രാജ്യത്തെത്തിക്കുന്നതിനായാണ് ഇളവുകൾ നീട്ടുന്നത് രാജ്യം പരിഗണിക്കുന്നത്.
2023 നവംബറിൽ ആരംഭിച്ച ഇന്ത്യക്കാർക്ക് ശ്രീലങ്കയിലേക്കുള്ള വിസാ രഹിത യാത്ര 2024 മാര്‍ച്ച് 31 വരെയാണ് നിലവിൽ ഉള്ളത്. ഇതുവഴി ശ്രീലങ്കയിലെത്തുന്നവർക്ക് 30 ദിവസം വരെ രാജ്യത്ത് തുടരാം. ഈ അഞ്ചു മാസത്തിൽ ശ്രീലങ്കൻ വിനോദസഞ്ചാരത്തിൽ ഇന്ത്യൻ സഞ്ചാരികളുടെ വലിയ വളർച്ചയായിരുന്നു രേഖപ്പെടുത്തിയത്. വിനോദ സഞ്ചാരത്തോടൊപ്പം സാമ്പത്തിക വളർച്ചയും രാജ്യം ലക്ഷ്യം വയ്ക്കുന്നുണ്ട്.

മുൻകൂട്ടി പ്ലാൻ ചെയ്യാതെ യാത്രകൾ ചെയ്യുന്ന സഞ്ചാരികൾക്കാണ് വിസാ രഹിത യാത്രകൾ കൂടുതൽ പ്രയോജനപ്പെടുത്തുവാൻ സാധിക്കുക. മറ്റു പല രാജ്യങ്ങളിലേക്കും പോകുന്നതിന് മുന്‍കൂട്ടിയുള്ള വിസ ആവശ്യമായി വരുന്ന സാഹചര്യത്തിൽ ഇത്തരം യാത്രക്കാര്‍ക്ക് വിസ ആവശ്യമില്ലാത്ത ലക്ഷ്യസ്ഥാനങ്ങൾ പരിഗണിക്കാം. ഈ യാത്രക്കാരെയാണ് ശ്രീലങ്ക ലക്ഷ്യം വയ്ക്കുന്നത്.
ഇന്ത്യയോട് തൊട്ടടുത്ത് കിടക്കുന്നതും ചെറിയ യാത്രയിൽ എത്തിച്ചേരാം എന്നതും കൂടുതൽ യാത്രക്കാരെ ഇവിടേക്ക് ആകർഷിക്കുന്നു. മാത്രമല്ല, കേരളത്തിൽ നിന്നുള്ള സഞ്ചാരികളെ സംബന്ധിച്ചെടുത്തോളം കേരളത്തിനോട് സാദൃശ്യമുള്ള കാലാവസ്ഥയാണ് ശ്രീലങ്കയുടെ മറ്റൊരു പ്ലസ് പോയിന്‍റ്. ചെലവു കുറഞ്ഞ ലക്ഷ്യസ്ഥാനമെന്നത് വിദേശ യാത്ര ആഗ്രഹിക്കുന്ന ബജറ്റ് സഞ്ചാരികളെയും ഇവിടേക്ക് ആകർഷിക്കുന്നു. രാജ്യത്തെ മിക്ക നഗരങ്ങളിൽ നിന്നും ശ്രീലങ്കയിലേക്ക് നേരിട്ട് വിമാന സർവീസ് ഉള്ളതും കൂടുതൽ യാത്രക്കാരെ അടുത്ത യാത്രാ ലക്ഷ്യസ്ഥാനം ശ്രീലങ്കയാക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു.
ഹൈന്ദവ തീർത്ഥാടകരുടെയും ആത്മീയ സഞ്ചാരികളുടെയും യാത്രയിലും ശ്രീലങ്ക ഇടം നേടിയിട്ടുണ്ട്. രാമയണവുമായി ബന്ധപ്പെട്ട സ്ഥലങ്ങളും ക്ഷേത്രങ്ങളും ഇവിടുത്തെ പ്രധാന ടൂറിസം സർക്യൂട്ടിൽ ഉൾപ്പെട്ടിരിക്കുന്നു. ശ്രീലങ്കയിലെ കാഴ്ചകൾ മാത്രമല്ല, സഞ്ചാരികളെ ഇവിടുത്തുകാർ സ്വീകരിക്കുന്നതും പരിഗണിക്കുന്നതും ഭക്ഷണങ്ങളും നാടിന്‍റെ കാഴ്ചകളുമെല്ലാം വീണ്ടും വീണ്ടും ഇവിടം സന്ദർശിക്കാൻ ആളുകളെ പ്രേരിപ്പിക്കുന്നു.
ഇന്ത്യ-ശ്രീലങ്ക കപ്പൽ യാത്ര
തമിഴ്നാട് നാഗപട്ടിണം തുറമുഖത്തു നിന്നും ശ്രീലങ്കയിലെ ജാഫ്‌നയിലെ കാങ്കേശൻതുറയിലേക്കാണ് കപ്പൽ സര്‍വീസ് വരുന്നത്. രാവിലെ 7.00 മണിക്ക് നാഗപട്ടണത്തു നിന്നും പുറപ്പെടുന്ന സര്‍വീസ് 11.00 മണിയോടെ കാങ്കേശൻതുറയിലെത്തും. മടക്ക യാത്രയിൽ കങ്കേശൻ തുറയിൽ നിന്ന് ഉച്ചകഴിഞ്ഞ് 2.00 മണിയോടെ പുറപ്പെട്ട് വൈകിട്ട് അഞ്ച് മണിയോടെ നാഗപട്ടിണത്തെത്തും. കഴിഞ്ഞ ഒക്ടോബർ മാസത്തിൽ ആദ്യ യാത്ര നടത്തിയിരുന്നു. ഇനിയുള്ള യാത്രകൾ എന്നാരംഭിക്കുമെന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ നിലവിൽ ലഭ്യമല്ല.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












