ലോകത്തിലെ ഏറ്റവും തിരക്കേറിയ റെയിൽവേ ശൃംഖലയാണ് ഇന്ത്യൻ റെയിൽവേയുടേത്. കോടിക്കണക്കിന് യാത്രക്കാർ ഓരോ വർഷവും ട്രെയിനിനെ ആശ്രയിക്കുന്നു. അതുകൊണ്ടു തന്നെ ഓരോ ഘട്ടത്തിലും യാത്രക്കാർക്ക് ഏറ്റവും മികച്ചത് നല്കുവാനുള്ള ശ്രമങ്ങളാണ് അധികൃതർ നടത്തുന്നത്. യാത്രയുടെയും ട്രെയിനുകളുടെ എണ്ണത്തിലും മാത്രമല്ല, മികച്ച സൗകര്യങ്ങളും നവീകരണങ്ങളും ഒക്കെയായി നിരവധി ശ്രമങ്ങളാണ് ട്രെയിൻ യാത്രാനുഭവം മെച്ചപ്പെടുത്തുന്നതിനായി റെയിൽവേ ചെയ്യുന്നത്.
വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകളുടെ വരവോടെയാണ് ട്രെയിന്‍ യാത്രകളുടെ സ്വഭാവം മാറിയത്. അതുവരെ ഇന്ത്യൻ റെയിൽവേയിൽ നിന്നു കിട്ടാതിരുന്ന തരത്തിലുള്ള ശ്രദ്ധയാണ് രാജ്യത്ത് തദ്ദേശീയമായി വികസിപ്പിച്ച സെമി-ഹൈ-സ്പീഡ് ട്രെയിൻ ആയ വന്ദേ ഭാരതിന് കിട്ടിയത്. മികച്ച സൗകര്യങ്ങൾ, വേഗത, സുരക്ഷിതത്വം, എന്നിങ്ങനെ പല കാരണങ്ങളാൽ രാജ്യത്തെ ജനപ്രിയ ട്രെയിനുകളിലൊന്നായി വന്ദേ ഭാരത് മാറിയത് പെട്ടന്നാണ്.
എന്നാൽ ജനപ്രിയ സർവീസ് ആണെങ്കിലും സാധാരണ ട്രെയിൻ യാത്രയ്ക്ക് നല്കുന്നതിന്‍റെ രണ്ടോ മൂന്നോ ഇരട്ടി പണം നല്കിയാലേ വന്ദേ ഭാരതിൽ ടിക്കറ്റ് എടുക്കുവാൻ പറ്റൂ. മറ്റു ട്രെയിന് സർവീസുകളേക്കാൾ അധികം നിരക്ക് ഈടാക്കുന്നുണ്ടെങ്കിലും നല്കുന്ന സൗകര്യങ്ങൾ അതിനൊത്തതായതിനാൽ ആളുകൾക്ക് പരാതിയില്ല. ആധുനിക യാത്ര സൗകര്യങ്ങൾ,നൂതന സുരക്ഷാ സംവിധാനങ്ങള്, വൃത്തി എന്നിങ്ങനെയുള്ള കാര്യങ്ങളിൽ മറ്റൊരു ട്രെയിനിലും കിട്ടാത്തതാണ് വന്ദേ ഭാരത് നല്കുന്നത്.
ട്രെയിൻ യാത്രയിൽ എസിയിൽ സുഖമായി ഇരുന്ന്, തിരക്കോ ബഹളങ്ങളോ ഇല്ലാതെ ശാന്തമായി പോകാൻ സാധിച്ചാൽ അതിൽപ്പരം സന്തോഷം വേറൊന്നും വേണ്ട. വന്ദേ ഭാരത് യാത്രക്കാർക്ക് നല്കുന്നതും ഇതാണ്. സുഖകരമായ സീറ്റിങ്, മിനി പാൻട്രി, പ്രത്യേക നിരക്കിൽ ഭക്ഷണം., എല്ലാ സീറ്റിലും മൊബൈൽ ചാർജിങ് സോക്കറ്റ് കാഴ്ചകൾ ആസ്വദിക്കാൻ വിശാലമായ ജനാലകൾ, ഓട്ടോമാറ്റിക് വാതിലുകൾ, പാസഞ്ചർ ഇൻഫോർമേഷൻ സിസ്റ്റം എന്നിങ്ങനെ നിരവധി സൗകര്യങ്ങൾ ഇതിലുണ്ട്.
ടിക്കറ്റ് നിരക്ക് കൂടിയതാണോ വന്ദേ ഭാരതിൽ യാത്രക്കാർ കുറയാൻ കാരണം
കേരള റൂട്ടിൽ ഉൾപ്പെടെ വലിയ സ്വീകാര്യത നേടിയെങ്കിലും ചില റൂട്ടുകളിൽ ഇപ്പോഴും വന്ദേഭാരതിൽ വേണ്ടത്ര ആള് കയറുന്നില്ലെന്ന പരാതിയുണ്ട്. ചില റൂട്ടികളിലാകട്ടെ കാലിയടിച്ചാണ് വന്ദേഭാരതിന്റെ യാത്ര എന്നാണ് ആക്ഷേപം. ടിക്കറ്റ് നിരക്ക് കൂടുതലായതിനാലാണ് വന്ദേഭാരതിനെ ആളുകൾ തഴയുന്നതെന്നാണ് ഇതിന് കാരണമായി ചിലർ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ ഇത്തരം ആരോപണങ്ങൾ തള്ളുകയാണ് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ഓരോ സമയത്തും, ഡിമാന്റ് അനുസരിച്ചും യാത്രക്കാരുടെ എണ്ണം വ്യത്യാസപ്പെടുമെന്ന് മന്ത്രി ലോക്സഭയിൽ വിശദീകരിച്ചു.
'എല്ലായ്പ്പോഴും ആളുകൾ ഒരുപോലെയല്ല ട്രെയിൻ സൗകര്യങ്ങളെ ആശ്രയിക്കുന്നത്. ഓരോ സമയത്തിന് അനുസരിച്ച് യാത്രക്കാരുടെ എണ്ണത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകും.
തിരക്കുള്ളതും അല്ലാത്തതുമായ സീസണുകളിൽ ഈ വ്യത്യാസം പ്രകടമാകും. കൂടാതെ, കുറഞ്ഞ സ്റ്റോപ്പും യാത്രാ സമയവും ഉള്ള ജനപ്രിയവും സൗകര്യപ്രദവുമായ സമയങ്ങളിൽ ഓടുന്ന ട്രെയിൻ സർവ്വീസുകൾക്ക് പൊതുവെ ആളുകൾക്ക് താത്പര്യം ഏറെയാണ്. അതേസമയം 2024-25 കാലയളവിൽ (ഒക്‌ടോബർ, 24 വരെ) വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകളുടെ മൊത്തം ഒക്യുപൻസി 100 ശതമാനം കൂടുതലാണ്. എന്നാൽ ഇന്ത്യൻ റെയിൽവേയിൽ ഓരോ സംസ്ഥാനത്തേയും ട്രെയിൻ സർവ്വീസുകളും അവയ്ക്ക് ലഭക്കുന്ന വരുമാനവും പ്രത്യേകം രേഖപ്പെടുത്തയിട്ടില്ല', മന്ത്രി വ്യക്തമാക്കി.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













