ലോകപ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമായ വേളാങ്കണ്ണിയിൽ മാതാവിന്‍റെ തിരുന്നാൾ 29 ന് ആരംഭിക്കും. ഈ ദിവസത്തിനായുള്ള കാത്തിരിപ്പിലാണ് വിശ്വാസികൾ. ആരോഗ്യമാതാവിനെ കാണാനും പ്രാർത്ഥനകൾ അർപ്പിക്കാനും അനുഗ്രഹം നേടാനും ഇവിടെ എത്തുന്നത് ലക്ഷങ്ങളാണ്. ഓരോ വർഷവും വേളാങ്കണ്ണി തിരുന്നാളിന് വരുന്ന തീര്‌ത്ഥാടകരുടെ എണ്ണം വർധിക്കുകയാണ്. ഈ വര്‍ഷത്തെ തിരുന്നാളിനുള്ള ഒരുക്കങ്ങൾ അവസനാ ഘട്ടത്തിലാണ്. വേളാങ്കണ്ണി യാത്ര സുഗമമാക്കുന്നതിന് ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും അധികൃതർ ഒരുക്കുന്നു.
ഇപ്പോഴിതാ, തമിഴ്നാട് സ്റ്റേറ്റ് ട്രാന്‍സ്പോർട്ട് കോർപ്പറേഷനും തമിഴ്നാടിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് വേളാങ്കണ്ണിയിലേക്ക് പ്രത്യേക സര്‍വീസുകൾ ഒരുക്കുകയാണ്. കുംഭകോണം ഡിവിഷന്‍റെ കീഴിൽ നിന്ന് നാഗപട്ടിണം ജില്ലയുടെ ഭാഗമായ വേളാങ്കണ്ണിയിലേക്ക് സ്പെഷ്യല് ബസുകൾ സർവീസ് നടത്തും എന്ന് അധികൃതർ അറിയിച്ചു. തീര്‍ത്ഥാടകർക്ക് പര്യാപ്തമായ വിധത്തിൽ വിവിധ ഡിവിഷനുകളും സ്പെഷ്യൽ ബസുകൾ ഓടിക്കും. വേളാങ്കണ്ണിയിലേക്കും ഇവിടുത്ത് തിരികെയും ബസുകൾ സർവീസ് നടത്തും.

ചെന്നൈ, ഡിണ്ടിഗൽ, മധുരൈ, തിരുച്ചി, മണപ്പാറ, തഞ്ചാവൂർ, കുംഭകോണം, പൂണ്ടി മാധകോവിൽ, ഒരിയൂർ, ചിദംബരം, പുതുച്ചേരി, പട്ടുകോട്ടെ, മയിലാടുത്തൈ, തിരുവാരൂർ, നാഗപട്ടണം, നാഗൂർ, കാരക്കൽ എന്നിവിടങ്ങളിൽ നിന്ന് വേളാങ്കണ്ണിയിലേക്ക് രാത്രിയിലും പകലും ബസ് സർവീസ് ഉണ്ടാകുമെന്ന് ടി എൻ എസ് ടി സി കുംഭകോണം ഡിവിഷൻ മാനേജിങ് ഡയറക്ടർ ആർ പൊൻമുടി പറഞ്ഞു.
ടിഎൻഎസ്ടിസിയുടെ 1050 ബസുകള്‍
തമിഴ്നാട്ടിലെ പ്രധാന നഗരങ്ങളിൽ നിന്നും വേളാങ്കണ്ണിയിലേക്കും തിരികെയും തമിഴ്നാട് സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (ടിഎൻഎസ്ടിസി) ഓഗസ്റ്റ് 27 മുതൽ സെപ്റ്റംബർ 10 വരെ വേളാങ്കണ്ണിയിലേക്ക് 1050 ബസുകൾ സ്പെഷ്യൽ ബസുകൾ ഓടും. ട്രിച്ചി, തഞ്ചാവൂർ, ചിദംബരം, പോണ്ടിച്ചേരി, ഡിണ്ടിഗൽ, മണപ്പാറ, ഒറിയൂർ, പട്ടുകോട്ടൈ എന്നിവിടങ്ങളിൽ നിന്നായിരിക്കും ബസുകൾ സർവീസ് നടത്തുക. കൂടാതെ,ചെന്നൈ, ബെംഗളൂരു, തൂത്തുക്കുടി, കന്യാകുമാരി, നാഗർകോവിൽ എന്നിവിടങ്ങളിൽ നിന്ന് സ്റ്റേറ്റ് റാപ്പിഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ തമിഴ്‌നാട് ലിമിറ്റഡ് ബസുകളും സർവീസ് നടത്തും. ഇതും യാത്രക്കാർക്ക് മുൻകൂട്ടി ബുക്ക് ചെയ്ത് പോകാം.
ബസ് സർവീസ് കൂടാതെ വേളാങ്കണ്ണിയിലേക്ക് പോകുന്ന യാത്രക്കാരെ സഹായിക്കാനും മാർഗനിർദേശം നൽകാനും മുകളിൽ സൂചിപ്പിച്ച സ്ഥലങ്ങളിൽ പ്രത്യേക പാസഞ്ചർ സർവീസ് സെന്‍ററുകൾ പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സുരക്ഷാ ക്രമീകരണങ്ങൾ
കഴിഞ്ഞ വർഷം 4,000 പോലീസുകാരെയാണ് വേളാങ്കണ്ണി തിരുന്നാൾ സമയത്ത് വേളാങ്കണ്ണിയിലും സമീപ പ്രദേശങ്ങളിലുമായി വിന്യസിച്ചിരുന്നത്. ഈ വർഷവും തിരുന്നാളിന്‍റെ ഭാഗമായി ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ജനങ്ങളുടെ സൗകര്യാർത്ഥം തമിഴ്നാട് ട്രാൻസ്പോർട്ട് കോർപ്പറേഷൻ പ്രത്യേക ബസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. അതുപോലെ ദക്ഷിണ റെയിൽവേ പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ദക്ഷിണ റെയിൽവേ പെരുന്നാളിന് തലേദിവസം താംബരത്തുനിന്ന് വേളാങ്കണ്ണിയിലേക്ക് പ്രത്യേക ട്രെയിൻ പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുവനന്തപുരം- വേളാങ്കണ്ണി സ്പെഷ്യൽ ട്രെയിൻ
കേരളത്തിൽ നിന്നുള്ള വേളാങ്കണ്ണി തീർത്ഥാടകർക്കായി തിരുവനന്തപുരം- വേളാങ്കണ്ണി സ്പെഷ്യൽ ട്രെയിൻ സർവീസ് ആരംഭിച്ചു. തിരുവനന്തപുരം - വേളാങ്കണ്ണി റൂട്ടിൽ ബുധനാഴ്ചകളിലും തിരികെ വേളാങ്കണ്ണി - തിരുവനന്തപുരം റൂട്ടിൽ വ്യാഴാഴ്ചകളിലും ട്രെയിൻ സർവീസ് നടത്തും.
ട്രെയിൻ നമ്പര്‍ 06115 തിരുവനന്തപുരം - വേളാങ്കണ്ണി സ്പെഷ്യൽ ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3.25 ന് പുറപ്പെട്ട് വ്യാഴാഴ്ച പുലർച്ചെ 3.55 ന് വേളാങ്കണ്ണിയിൽ എത്തും. ഓഗസ്റ്റ് 21, 28, സെപ്റ്റംബർ 4 എന്നീ തിയതികളിലാണ് ഈ ട്രെയിൻ സർവീസ് നടത്തുന്നത്.
ട്രെയിൻ നമ്പർ 06116 വേളാങ്കണ്ണി- തിരുവനന്തപുരം സ്പെഷ്യൽ വൈകിട്ട് 7.10 ന് പുറപ്പെട്ട് 11 മണിക്കൂർ 45 മിനിറ്റ് യാത്രയ്ക്കൊടുവിൽ രാവിലെ 6.55 ന് തിരുവനന്തപുരം സെൻട്രലിൽ എത്തും. ഓഗസ്റ്റ് 22, 29, സെപ്റ്റംബർ അഞ്ച് തീയതികളിൽ (വ്യാഴാഴ്ചകളിൽ) ആണ് സർവീസ്. 15 സ്റ്റേഷനുകളിൽ ട്രെയിന് സ്റ്റോപ്പ് ഉണ്ട്. നെയ്യാറ്റിൻകര, കുളിതുറൈ, എറണിയൽ, നാഗർകോവിൽ ടൗൺ, വള്ളിയൂർ, തിരുനെൽവേലി, കോവിൽപെട്ടി, സാത്തൂർ, വിരുധനഗർ, മധുരൈ, ദിണ്ടിഗൽ, തിരുച്ചിറപ്പള്ളി, തഞ്ചാവൂർ, തിരുവാരൂർ, നാഗപട്ടണം എന്നിവിടങ്ങളിലാണ് സ്റ്റോപ്പുള്ളത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














