ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യമാണ് ഫിൻലൻഡ്. അതും തുടർച്ചായി ആറാമത്തെ വർഷവും ഈ സ്ഥാനം ആർക്കും ഫിന്നിഷുകാർ വിട്ടുകൊടുത്തിട്ടില്ല. എന്തുകൊണ്ടാണ് ഇവിടുള്ളവർ ഇത്രയും സന്തോഷത്തോടെ ജീവിക്കുന്നതെന്ന് ആലോചിച്ചിട്ടില്ലേ? അതോ അതൊക്കെ ഒന്നു നേരിട്ടു കണ്ടറിഞ്ഞാൽ കൊള്ളാമെന്നാണോ ആഗ്രഹം? ഭാഗ്യം നിങ്ങളുടെ പക്ഷത്താണ്. എങ്ങനെയെന്നല്ലേ? ഫിൻലൻഡിനെ ഇത്രയും സന്തോഷമുള്ള രാജ്യമാക്കി നിലനിർത്തുന്നത് എന്തൊക്കെയാണെന്ന് പരിചയപ്പെടുത്തുവാൻ ഒരസരമൊരുങ്ങുകയാണ്.

സന്തോഷത്തിന്‍റെ മാസ്റ്റർ ക്ലാസ്
മാസ്റ്റർക്ലാസ് ഓഫ് ഹാപ്പിനസ് എന്നു പേരിട്ടിരിക്കുന്ന പരിപാടിയിൽ പങ്കെടുക്കുവാനായി പത്ത് പേർക്ക് സൗജന്യ യാത്രയാണ് ഫിൻലൻഡ് വാഗ്ദാനം ചെയ്തിരിക്കുന്നത്.ഫിൻലൻഡിന്റെ വിനോദസഞ്ചാര വകുപ്പായല വിസിറ്റ് ഫിൻലൻഡിന്റെ നേതൃത്വത്തിലാണ് മാസ്റ്റർ ക്ലാസ് ഓഫ് ഹാപ്പിനസ് സംഘടിപ്പിക്കുന്നത്. നാല് ദിവസം നീണ്ടു നിൽക്കുന്ന മാസ്റ്റർ ക്ലാസ് 2023 ജൂൺ 12 മുതൽ 15 വരെ ഫിൻലൻഡിലെ ലേക്ക് ഡിസ്ട്രിക്ടിലെ ആഢംബര റിസോർട്ട് ആയ കുറുവിലാണ് നടക്കുന്നത്. പങ്കെടുക്കുന്ന ആളുകള്‍ക്ക് പൈൻമരത്തോട്ടങ്ങൾക്ക് നടുവിൽ സ്ഥിതി ചെയ്യുന്ന സ്വകാര്യ വില്ലകളും സ്പായും വൈഫൈയും ഉൾപ്പെടെയുള്ള സൗകര്യങ്ങളും നല്കും. മാത്രമല്ല, തിരഞ്ഞെടുക്കപ്പെടുന്ന പത്ത് പേർക്കും രാജ്യത്തേയ്ക്കും തിരിച്ചുമുള്ള വിമാനടിക്കറ്റുകളും സൗജന്യമായി നല്കും.

ഫിൻലൻഡിന്‍റെ എല്ലാ സൗന്ദര്യവും നിറഞ്ഞു നിൽക്കുന്ന അതിമനോഹരമായ പ്രദേശമായ ഇവിടെ നിങ്ങൾക്ക് ഈ നാടിന്റെ ഭംഗി മതിയാകുവോളം ആസ്വദിക്കാം. ഈ നാടിന്‍റെ സംസ്കാരവും ജീവിതരീതികളും ആസ്വദിക്കുവാനും കാടിനുള്ളിലേക്കിറങ്ങി ചെല്ലുവാനും കാഴ്ചകൾ കാണുവാനുമുള്ള സൗകര്യങ്ങളും തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ലഭിക്കും. യാത്രയും താമസവും എല്ലാം സൗജന്യമായിരിക്കുമെങ്കിലും നിങ്ങളുടെ സന്ദർശനം മുഴുവനും അധികൃതർ ചിത്രീകരിക്കുകയും അത് ടൂറിസം ആവശ്യങ്ങൾക്കായുള്ള പരസ്യങ്ങളില് ഉപയോഗിക്കുകയും ചെയ്യും.
എങ്ങനെ അപേക്ഷിക്കാം?
രണ്ടു ഘട്ടങ്ങളാണ് ഇതിൽ അപേക്ഷിക്കുവാനായുള്ളത്. Visit Finland വെബ്സൈറ്റിൽ അപേക്ഷാഫോം പൂരിപ്പിക്കുകയാണ് ആദ്യപടി. അതിനു ശേഷം സോഷ്യൽ മീഡിയ ചാലഞ്ചിൽ പങ്കെടുത്ത് അത് പൂർത്തിയാക്കണം. ഇൻസ്റ്റഗ്രാമിലോ ടിക്ടോക്കിലോ #Findyourfinn എന്ന ഹാഷ്ടാഗും @ourfinland എന്ന അക്കൗണ്ടിനെ ടാഗ് ചെയ്തും വേണം സോഷ്യൽ മീഡിയ ചാലഞ്ച് പൂർത്തിയാക്കുവാൻ. മാസ്റ്റർക്ലാസ് ഓഫ് ഹാപ്പിനസിൽ പങ്കെടുക്കുവാന് നിങ്ങൾ എന്തുകൊണ്ട് താല്പര്യപ്പെടുന്നു എന്നതാണ് ഈ ചാലഞ്ചിൽ ഉൾപ്പെടുത്തേണ്ടത്. സോഷ്യൽ മീഡിയ ചലഞ്ചിനോടുള്ള പ്രതികരണത്തിന്റെ അടിസ്ഥാനത്തിലാണ് വിജയികളെ തിരഞ്ഞെടുക്കുന്നത്.

ഏപ്രിൽ രണ്ടാം തിയതി വരെ വരെ അപേക്ഷിക്കാം. വിജയികളെ മേയ് മാസത്തിൽ പ്രഖ്യാപിക്കും. വെബ്‌സൈറ്റിൽ പറഞ്ഞിരിക്കുന്നതനുസരിച്ച് അപേക്ഷിക്കുന്നതിന്, നിങ്ങൾക്ക് 18 വയസ്സിന് മുകളിൽ പ്രായമുണ്ടായിരിക്കണം. പങ്കെടുക്കുന്നവർ ഇംഗ്ലീഷിൽ അനായാസമായി സംസാരിക്കുന്നവരും തുറന്ന മനസ്സുള്ളവരുമായിരിക്കണം, ഒരു ബ്രാൻഡിനെയും പ്രതിനിധീകരിക്കാൻ പാടില്ലായെന്നും നിബന്ധനയിൽ പറയുന്നു.
ഫിൻലാൻഡിന്റെ ഇൻസ്റ്റാഗ്രാം, ടിക് ടോക്ക് പേജുകളിൽ റിസൽട്ട് പ്രസിദ്ധീകരിക്കും. ഇതുകൂടാതെ, കൂടുതൽ വിവരങ്ങളും നിർദ്ദേശങ്ങളും നൽകുന്നതിന് അവർ വിജയികളെ ഇമെയിൽ വഴിയും ബന്ധപ്പെടും.
ഫിൻലൻഡ്
ആയിരം തടാകങ്ങളുടെ നാട് എന്നറിയപ്പെടുന്ന ഫിൻലാൻഡ് സത്യസന്ധരുടെ നാട് എന്ന പേരിലും അറിയപ്പെടുന്നു. നോർത്തേൺ ലൈറ്റിന്റെ നാടായ ഫിൻലന്‍ഡ് സാന്താക്ലോസിന്റെ നാട് എന്നും അറിയപ്പെടുന്നു ഇവിടുത്തെ ലാപ്ലാന്‍റിലെ റോവാനെമി എന്ന ഗ്രാമത്തിലാണ് ലോക പ്രസിദ്ധമായ സാന്‍റാ ക്ലോസ് വില്ലേജ് സ്ഥിതി ചെയ്യുന്നത്. ഫിൻലൻഡ് വിദ്യാഭ്യാസ മാതൃക ലോകമെങ്ങും വലിയ അംഗീകാരം നേടിയിട്ടുള്ള ഒന്നാണ്. യൂറോപ്യൻ വിദ്യാഭ്യാസം കുറഞ്ഞ ചിലവിൽ കരസ്ഥമാക്കുവാൻ പറ്റിയ രാജ്യവും കൂടിയാണിത്. ഇന്ന് ലോകത്ത് പ്രചാരം നേടിയ പല മൊബൈൽ ഗെയിമുകളും രൂപം കൊണ്ടത് ഫിൻലാൻഡിൽ നിന്നുമാണ്. കാന്‍ഡി ക്രഷും ആംഗ്രി ബേഡും ഇതിനുദാഹരണമാണ്. ടെംപിള്‍ ക്ലാന്‍ ഗെയിം വികസിപ്പിച്ചതും ഫിൻലൻഡാണ്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












