സപുതാര - വീര്യമേകുന്ന വീഥികളിലൂടെ

ഹോം » സ്ഥലങ്ങൾ » സപുതാര » ഓവര്‍വ്യൂ

ഗുജറാത്തിലെ വരണ്ടു കിടക്കുന്ന മറ്റു സ്ഥലങ്ങളില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ് സപുതാര. ഗുജറാത്തിലെ വടക്കകിഴക്കന്‍ മുഖവും പശ്ചിമഘട്ടത്തിലെ സഹ്യാദ്രിയിലെ രണ്ടാമത്തെ വലിയ പീഠഭൂമിയുമാണ് സപുതാര. പച്ചപ്പിനാലും ജൈവവൈവിധ്യത്തിനാലും  സമൃദ്ധമായ സഹ്യാദ്രിയിലെ നിബിഡവനമായ സപുതാര ചിത്രസമാനമായ ഒരു ഹില്‍സ്റ്റേഷന്‍ കൂടിയാണ്.

സപുതാരയുമായി ബന്ധപ്പെട്ട ഐതിഹ്യം

രാമന്‍ വനവാസകാലത്ത് ഇവിടെ നീണ്ടകാലം താമസിച്ചിരുന്നതായി ഐതിഹ്യമുണ്ട്. സര്‍പ്പഭൂമിയെന്നാണ് സപുതാരയുടെ അര്‍ഥം. ഈ ഘോരവനത്തില്‍ 90 ശതമാനവും ആദിവാസികളാണ്. സര്‍പ്പഗംഗാ നദിയുടെ തീരത്തെ ഒരു പാമ്പാണ് ഇവരുടെ ആരാധ്യവസ്തു. നാഗപഞ്ചമി, ഹോളിദിനങ്ങളില്‍ ഇവര്‍ ഇവിടെ പ്രത്യേക ആരാധനകള്‍ നടത്താറുണ്ട്.

കാലാവസ്ഥ

വര്‍ഷം മുഴുവന്‍ സ്ഥിരത പുലര്‍ത്തുന്ന കാലാവസ്ഥയാണ് സപുതാരയില്‍. ഇവിടുത്തെ സുഖകരമായ തണുപ്പ് വരണ്ട ഗുജറാത്തിലെ മറ്റു പ്രദേശങ്ങളില്‍ നിന്ന് ഒരു രക്ഷ തന്നെയാണ്. സമുദ്രനിരപ്പില്‍ നിന്ന് 873 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന സപുതാരയിലെ താപനില വേനല്‍കാലത്ത് പോലും  28 ഡിഗ്രിയില്‍ മേലെ പോവാറില്ല. മണ്‍സൂണില്‍ ലഭിക്കുന്ന സമൃദ്ധമായ മഴ വനത്തെ കൂടുതല്‍ ഹരിതാഭമാക്കുന്നു. മാര്‍ച്ച് പകുതിയോടെ തുടങ്ങി നവംബറിന്‍െറ മധ്യം വരെയുള്ള സമയമാണത്രേ സപുതാര സന്ദര്‍ശനത്തിന് ഏറ്റം അനുയോജ്യം.

എങ്ങനെയെത്താം

സൂറത്തില്‍ നിന്ന് 162 കിലോമീറ്ററാണ് സപുതാരയിലേക്കുള്ള ദൂരം. മഹാരാഷ്ട്ര അതിര്‍ത്തിയില്‍ നിന്ന് 4 കിലോമീറ്റര്‍ മാത്രമേ സപുതാരയിലേക്ക് ദൂരമുള്ളൂ.  ബില്ലിമോറയാണ് അടുത്ത റെയില്‍വേ സ്റ്റേഷന്‍. സൂറത്താണ്‌ അടുത്ത വിമാനത്താവളം.

ടൂറിസ്റ്റ് ആകര്‍ഷണങ്ങള്‍

അരുവികളും തടാകങ്ങളും നീര്‍ച്ചാലുകളും കൊണ്ട് സമൃദ്ധമാണ് സപുതാര. ടൂറിസത്തിന് അനുയോജ്യമായ എല്ലാ സൗകര്യങ്ങളും ഇവിടെയുണ്ട്. ഹോട്ടലുകള്‍, പാര്‍ക്കുകള്‍, സ്വിമ്മിങ് പൂള്‍, ബോട്ട് ക്ലബ്, തീയറ്റര്‍, റോപ് വേ, മ്യൂസിയം എന്നിങ്ങനെ വിവിധങ്ങളായ സൗകര്യങ്ങള്‍ ഇവിടെയൊരുക്കിയിട്ടുണ്ട്. കൂടാതെ സപുതാര തടാകം, സണ്‍സെറ്റ് പോയിന്‍റ്, സണ്‍റൈസ് പോയിന്‍റ്, എക്കോപോയിന്‍്റ്, ടൗണ്‍വ്യൂ പോയിന്‍റ്, ഗാന്ധിശിഖര്‍ എന്നിവയുള്‍പ്പടെയുള്ള സ്ഥലങ്ങളുമുണ്ട്.

ഗന്ധര്‍വപുര്‍ ആര്‍ട്ടിസ്റ്റ് വില്ലേജ്, വന്‍സ്ദ ദേശീയോദ്യാനം, പൂര്‍ണ്ണ വന്യജീവികേന്ദ്രം, റോസ് ഗാര്‍ഡന്‍ എന്നിവയും പ്രധാന ആകര്‍ഷണങ്ങളാണ്. ഇവിടെ നിന്ന് 60 കിലോമീറ്റര്‍ അകലെയുള്ള മഹല്‍ ബര്‍ദിപുരയിലെ വന്യജിവി സങ്കേതവും 52 കിലോമീറ്റര്‍ അകലെയുള്ള ഗിറ വെള്ളച്ചാട്ടവും നിങ്ങള്‍ക്ക് സന്ദര്‍ശിക്കാം. മഹല്‍  ബാര്‍ദിപുരയില്‍ നിരവധി പുഴകളും മുളങ്കാടുകളുമുണ്ട്. സഞ്ചാരികള്‍ക്ക് നടന്നും മലകയറിയും ഇവിടെ പ്രകൃതി കനിഞ്ഞരുളിയ സൗന്ദര്യം ആസ്വദിക്കാം.

വരണ്ട ഗുജറാത്ത് സന്ദര്‍ശിക്കുന്നതിനിടെ ഹരിതാഭമായ സപുതാര ഒരു ആകസ്മികമായ സന്തോഷം നല്‍കുമെന്ന കാര്യത്തില്‍സംശയമേതുമില്ല.

Please Wait while comments are loading...