Search
  • Follow NativePlanet
Share
» »ചന്ദ്രന്റെ തടാകം തേടി 11 ദിവസത്തെ യാത്ര

ചന്ദ്രന്റെ തടാകം തേടി 11 ദിവസത്തെ യാത്ര

By Maneesh

ഓരോ പേജുകളിലും ആകാംക്ഷ നിറച്ചുവച്ച പുസ്തകം വായിക്കുന്നത് പോലെയാണ് ചിലസ്ഥലങ്ങളിലേക്കുള്ള ട്രെക്കിംഗ്. ഓരോ കാലടികള്‍ മുന്നോട്ടു വയ്ക്കും തോറും അക്ഷരങ്ങള്‍ ചേര്‍ത്തുവച്ച് അര്‍ത്ഥവത്താക്കിയ ചില വരികള്‍ വായിച്ച് തീര്‍ക്കുന്നത് പോലെ തോന്നും. യാത്ര അവസാനിച്ചാലും യാത്രയില്‍ നമ്മള്‍ അനുഭവിച്ച ആകാംഷഭരിതമായ കാര്യങ്ങള്‍ മനസില്‍ തങ്ങി നില്‍ക്കും.

സഞ്ചാര സംതൃപ്തി എ‌ന്ന ഒന്നുണ്ട്. രുചികരമായ ഭക്ഷണം കഴിച്ച് വയറ് നിറഞ്ഞുള്ള ഒരു ഏമ്പൊക്കത്തിലൂടെ കിട്ടുന്ന സംതൃപ്തി പോലെ ഒന്ന്. കഷ്ടപ്പെട്ട് യാത്ര ചെയ്ത് സുന്ദരമായ ഒരു സ്ഥലത്തെത്തിയാൽ പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു ആഹ്ലാദമായിരിക്കും മനസിൽ. അത്തരത്തിൽ ഒരു സ്ഥലത്തേക്ക് നമുക്ക് യാത്ര തിരിക്കാം.

യാത്രയ്ക്ക് പുറപ്പെടുമ്പോൾ നിങ്ങളുടെ കയ്യിൽ അവശ്യം വേണ്ട കാര്യം സമയവും ആരോഗ്യവുമാണ്. കാരണം തുടർച്ചയായി 11 ദിവസത്തെ കാൽനടയാണ് ഇത്. പക്ഷെ ഈ യാത്രയിൽ നിങ്ങൾക്ക് കിട്ടുന്ന അനുഭവം പറഞ്ഞറിയിക്കാൻ കഴിയില്ല.

യാത്രയെപ്പറ്റി

ഹിമാചൽപ്രദേശിൽ ഹിമാലയത്തിന്റെ താഴ്വരയിലൂടെയാണ് നമ്മുടെ യാത്ര. നിരവധി ട്രെക്കിംഗ് ട്രെയിലുകൾ ഇവിടെ ഉണ്ട്. ദിവസങ്ങളോളം കാൽനടയായി യാത്ര ചെയ്യുന്ന സഞ്ചാരികളേയും നിങ്ങൾക്ക് ഇവിടെ കാണാം. സ്വർഗം എവിടേയാണെന്ന് അന്വേഷിക്കുന്നവർക്ക് കാണിച്ചുകൊടുക്കാൻ ഒരു സ്ഥലം എന്ന് വേണമെങ്കിൽ നമ്മൾ പോകുന്ന സ്ഥലത്തേക്കുറിച്ച് പറയാം.

മണാലിയിൽ നിന്ന് യാത്ര ആരംഭിച്ച്, ഹംത പാസ് വഴി ചന്ദ്രതാൽ എന്ന ദൈവത്തിന്റെ തടാകം സന്ദർശിച്ച് ബാറാലച- ല വഴി ലാഹൗൾ താഴ്വരയിൽ എത്തുമ്പോൾ നിങ്ങൾ ഭൂമിയിൽ തന്നെ ആണോയെന്ന് ഓർത്തുപോകും. സമുദ്രനിരപ്പിൽ നിന്ന് 4830 മീറ്റർ ഉയരം വരെ നീളുന്ന പതിനൊന്ന് ദിവസത്തെ ഈ യാത്രയിൽ നിങ്ങൾ നിങ്ങളെ തന്നെ മറന്നു പോകും.

മണാലി

മണാലിയെ സഞ്ചാരികളുടെ സ്വർഗമെന്ന് വിശേഷിപ്പിക്കുന്നവരുണ്ട്. ശരിക്കും മണാലി സ്വർഗത്തിലേക്കുള്ള കവാടമാണ്. സ്വർഗത്തിലേക്ക് പ്രവേശിക്കണമെങ്കിൽ മണാലിയിൽ എത്തണം. മനു ആലയ എന്ന വാക്കിൽ നിന്നാണ് മണാലി എന്ന വാക്കുണ്ടായത്. മനുസ്മൃതി എഴുതിയ മനുഷ്യരുടെ പിതാമഹനായ മനുവിന്റെ അതേ ആലയത്തിൽ നിന്നാണ് നമ്മുടെ യാത്ര തുടങ്ങുന്നത്.

ഹിമാചൽ പ്രദേശിലെ കുളു താഴ്വരയിലാണ് മണാലി സ്ഥിതി ചെയ്യുന്നത്. മധുവിധുക്കാലം ആഘോഷിക്കാനെത്തുന്ന നവദമ്പതിമാർ ആടിതിമിർക്കാൻ എത്തുന്ന യുവാക്കൾ എന്നുവേണ്ട പലവിധത്തിലുള്ള സഞ്ചാരികളാൽ മണാലി എപ്പോഴും ജന നിബിഢമായിരിക്കും. അവരിൽ നിന്നൊക്കെ തികച്ചും വ്യത്യസ്തരായ യാത്രികാരാണ് നിങ്ങൾ. നിങ്ങളുടെ യാത്ര സ്വർഗം തേടിയാണ്. ഭൂമിയെ മറന്ന് സ്വർഗം തേടിയുള്ള യാത്ര. മണാലി എന്ന ജനപ്രിയ വിനോദസഞ്ചാര കേന്ദ്രത്തിൽ നിങ്ങളെ അത്ഭുതപ്പെടുത്താൻ മാത്രം നിരവധി കാര്യങ്ങളുണ്ട്. സാഹസികത എന്ന രോഗം നിങ്ങൾക്ക് ശരിക്കും ബാധിച്ചിട്ടുണ്ടെങ്കിൽ ത്രില്ലടിപ്പിക്കാൻ നിരവധി ആക്റ്റിവിറ്റികളുമുണ്ട്. എന്നാൽ സ്വർഗയാത്ര കൊതിക്കുമ്പോൾ അവയൊക്കെ മറക്കുന്നതാണ് നല്ലത്.

യാത്രയ്ക്ക് ഒരുങ്ങാം

നേരത്തെ പറഞ്ഞുവല്ലോ മണാലിയിൽ എത്തിയാൽ സ്വർഗത്തിലേക്കുള്ള വഴി നിരവധിയാണെന്ന്. എന്നാൽ എല്ലാ വഴികളിലും നിങ്ങളെ കാത്തിരിക്കുന്നത് സുന്ദരമായ അനുഭവങ്ങളാണ്. അതുകൊണ്ട് ഏത് വഴി സഞ്ചരിക്കണമന്ന ആശയക്കുഴപ്പം മണാലിയിൽ എത്തുമ്പോൾ നിങ്ങളുടെ മനസിൽ ഉണ്ടാകും.

ഇതൊഴിവാക്കാൻ മണാലിയിൽ എത്തുന്നതിന് മുൻപ് നിങ്ങൾക്ക് പോകേണ്ട സ്ഥലത്തേക്കുറിച്ച് ഒരു ധാരണയുണ്ടായിരിക്കണം. പച്ചപുതച്ച താഴ്വരകളിലൂടെ മഞ്ഞുമൂടിയ മലനിരകൾ കണ്ടുകൊണ്ട്, ദൈവം എന്ന ചിത്രകാരൻ വരച്ചുവച്ച സ്വപനഭൂമികയിലൂടെ നിങ്ങൾക്ക് യാത്ര ചെയ്യാൻ മനസ് മാത്രം പോര നല്ല ആരോഗ്യമുള്ള ശരീരവും വേണം.

കുളു താഴ്വരയുടെ വശ്യമനോഹരമായ കാഴ്ച ഈ യാത്രയിൽ നിങ്ങൾക്ക് ശരിക്കും അനുഭവിക്കാനാവും. സമുദ്ര നിരപ്പിൽ നിന്ന് 4270 മീറ്റർ അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഹംത ചുരത്തിലൂടെ നിങ്ങൾ യാത്ര ചെയ്യുമ്പോൾ കുളു താഴ്വരയുടെ ദൂരക്കാഴ്ച നിങ്ങളുടെ മനസിൽ സഞ്ചാര സംതൃപ്തി നൽകുമെന്ന കാര്യത്തിൽ സംശയമില്ല. മുന്നോട്ടുള്ള യാത്രയിൽ കാലുകൾ തളരുമ്പോഴും നിങ്ങൾ യാത്ര അവസാനിക്കില്ല. കാരണം യാത്രകളിലെ കാഴ്ചകൾ അത്രത്തോളം നിങ്ങളെ വശീകരിക്കും.

ഈ യാത്രയിലെ ആഹ്ലാദത്തിന്റെ മൂർദ്ദന്യത രതിമൂർച്ഛപോലെ നിങ്ങൾക്ക് അനുഭവപ്പെടുന്നത് ചന്ദ്രന്റെ തടാകം എന്ന് അറിയപ്പെടുന്ന ചന്ദ്രാ തടാകത്തിൽ എത്തുമ്പോഴാണ്. യാത്രകളിൽ നിന്ന് നിങ്ങൾക്ക് ലഭിക്കാത്ത ഒരു ആത്മീയ അനുഭൂതിയായിരിക്കും നിങ്ങൾക്ക് ലഭിക്കുക. സ്വർഗം എന്നവാക്ക് എല്ലാ അർത്ഥത്തിലും നിങ്ങൾക്ക് ഈ സ്ഥലത്തെക്കുറിച്ച് ഉപയോഗിക്കാം.

ഇനി നമുക്ക് യാത്ര ആരംഭിക്കാം. പുസ്തകത്തിന്റെ ഓരോ താളുകൾ മറിച്ചു മാറ്റുന്നത് പോലെ ഓരോ ദിവസങ്ങളും നടന്ന് നീങ്ങിയുള്ള ഉദ്വേഗജനകമായ ഒരു യാത്ര. പതിനൊന്ന് ദിവസം നീണ്ട് നിൽക്കുന്ന ഈ യാത്രയിലെ ഒന്നാം ദിവസം മുതൽ പതിനൊന്നാം ദിവസം വരെ നിങ്ങളെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കും. യാത്ര അവസാനിക്കുമ്പോൾ നിങ്ങളുടെ മനസിൽ ഒരു നഷ്ടബോധമായിരിക്കും. ഒരു വേദന!!

ഒന്നാം ദിവസം

ഒന്നാം ദിവസം

മണാലിയിലെ പ്രിണിയിൽ(Prini) നിന്ന് സേട്ടന്(Setan) സമീപത്തുള്ള പാണ്ഡു റോപ്പയിലേക്കാണ് ആദ്യ ദിവസത്തെ ട്രെക്കിംഗ്. സമുദ്രനിരപ്പിൽ നിന്ന് 2700 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ സ്ഥലത്തേക്ക് രണ്ട് മണിക്കൂർ യാത്ര ചെയ്യണം.
Photo Courtesy: Anoop Pandit

ആപ്പിൾ തോട്ടങ്ങൾ

ആപ്പിൾ തോട്ടങ്ങൾ

ആപ്പിൾ തോട്ടങ്ങൾക്കിടയിലൂടെ നടന്ന് ദേവദാരുക്കൾ തിങ്ങിനിറഞ്ഞ മലഞ്ചെരുവിലൂടെ കുന്നുകയറി ആദ്യദിവസം യാത്ര ചെയ്യുമ്പോൾ തന്നെ, യാത്ര ഏദൻ തോട്ടത്തിലേക്ക് ആണോയെന്ന് തോന്നിപ്പോകും.

Photo Courtesy: SeppVei

ഹംത

ഹംത

യാത്രയ്ക്കിടെ എത്തിച്ചേരുന്ന സുന്ദര ഗ്രാമമായ ഹംതയ്ക്ക്(Hamta) നിങ്ങളോട് ഒരു ചെറിയ കഥ പറയാനുണ്ട്. മരണത്തിന് ശേഷം എല്ലാവരും ഹംത വഴിയാണ് കടന്ന് പോകുന്നത് എന്നാണ് ഇവിടുത്തെ ഗ്രാമീണരുടെ വിശ്വാസം.

Photo Courtesy: Steven Walling

നിലവിളിയും കാഹളനാദവും

നിലവിളിയും കാഹളനാദവും

ഹംതയിലെ ഗ്രാമീണർ ഗ്രാമത്തിന് അപ്പുറത്ത് നിന്നായി ചിലപ്പോഴൊക്കെ നിലവിളിയും മറ്റു ചിലപ്പോൾ കാഹള നാദവും കേൾക്കാറുണ്ടത്രേ. ഇതിലേ പോകുന്ന പരേതാത്മാക്കളാണ് ഈ ശബ്ദം ഉണ്ടാക്കുന്നതെന്നാണ് വിശ്വാസം.

Photo Courtesy: Steven Walling

സ്വർഗവും നരകവും

സ്വർഗവും നരകവും

ഹംതയുടെ സമീപത്തായാണ് സ്വർഗവും നരകവും സ്ഥിതി ചെയ്യുന്നതെന്നാണ് വിശ്വാസം. പരേതാത്മാക്കൾ സ്വർഗത്തിൽ പോകുമ്പോൾ കാഹള നാദം മുഴക്കുകയും നരകത്തിലാണ് പോകുന്നതെങ്കിൽ നിലവിളിക്കുകയും ചെയ്യുമെന്നാണ് ഇവിടുത്തെ വിശ്വാസം. ഹംതയ്ക്ക് സമീപത്തെ ഇന്ദ്രകില്ല(Inderkilla) മലനിരകളാണ് തദ്ദേശവാസികൾ സ്വർഗവും നരകവുമായി കണക്കാക്കുന്നത്.

Photo Courtesy: prakhar

ഉരുളക്കിഴങ്ങ് പാടം

ഉരുളക്കിഴങ്ങ് പാടം

യാത്രയ്ക്കിടെ നിങ്ങൾക്ക് ഉരുളക്കിഴങ്ങ് പാടവും കാണാം. സേട്ടനിൽ എത്തിച്ചേരുന്നതിന് മുൻപായാണ് ഈ പാടം. ഹിമാചൽ പ്രദേശിലെ വലിയ ഉരുളക്കിഴങ്ങ് പാടങ്ങളിൽ ഒന്നാണ് ഇത്.

Photo Courtesy: CIAT

സേട്ടനിലെ കുതിര മനുഷ്യർ

സേട്ടനിലെ കുതിര മനുഷ്യർ

സേട്ടൻഗ്രാമത്തിലാണ് പാണ്ഡു റോപ സ്ഥിതി ചെയ്യുന്നത്. സ്പിതിയിൽ നിന്നും കിന്നൗറിൽ നിന്നും കുടിയേറി പാർത്ത കുതിരക്കാരാണ് ഈ ഗ്രാമത്തിൽ അതിവസിക്കുന്നത്. ഖംപാസ് (Khampas) എന്നാണ് ഇവർ അറിയപ്പെടുന്നത്.

Photo Courtesy: CIAT

പാണ്ഡു റോപ

പാണ്ഡു റോപ

പാണ്ഡു റോപയിൽ എത്തിച്ചേരുമ്പോൾ നമ്മുടെ ആദ്യദിവസത്തെ യാത്ര അവസാനിക്കും. ദേവദാരു മരങ്ങളുടെ ഇടയിലായി സ്ഥിതി ചെയ്യുന്ന സുന്ദരമായ സ്ഥലമാണ് പാണ്ഡു റോപ. പാണ്ഡവരുടെ നെൽപ്പാടം എന്നാണ് പാണ്ഡു റോപ എന്ന വാക്കിന്റെ അർത്ഥം.

Photo Courtesy: sanyam sharma

രണ്ടാം ദിവസം

രണ്ടാം ദിവസം

പാണ്ഡൂ റോപയിൽ നിന്ന് ജൂവരയിലേക്കാണ് രണ്ടാമത്തെ ദിവസത്തെ യാത്ര. സമുദ്രനിരപ്പിൽ നിന്ന് 3530 മീറ്റർ ഉയരത്തിലാണ് ജൂവാര സ്ഥിതി ചെയ്യുന്നത്. പാണ്ഡു റോപയിൽ നിന്ന് ഏകദേശം അഞ്ച് മണിക്കൂർ യാത്രയുണ്ട് ഇവിടേയ്ക്ക്. ഹംത ചുരത്തിന് അടിവശത്തായി കിഴുക്കാൻ തൂക്കായ കുന്നുകളുടെ താഴ്വാരത്തെ പുൽമേടുകളിലൂടെയാണ് സുന്ദരമായ ഈ യാത്ര ആരംഭിക്കുന്നത്.
Photo Courtesy: rajkumar1220

തോക്രു - ശാക്രു കൊടുമുടി

തോക്രു - ശാക്രു കൊടുമുടി

സുന്ദരമായ തോക്രു - ശാക്രു കൊടുമുടി (Tokru-Shakru peaks) തൊട്ടടുത്ത് കാണാം എന്നതാണ് ഈ യാത്രയിലെ മറ്റൊരു വിസ്മയം. കൊടുമുടിയുടെ അടുത്ത് നിന്നുള്ള കാഴ്ച നിങ്ങളെ വിസ്മയിപ്പിക്കാതിരിക്കില്ല.
Photo Courtesy: Steve Hicks

അലൈൻ നുല്ല

അലൈൻ നുല്ല

കിഴക്കാം തൂക്കായ കുന്നിനെ വലം വച്ചാണ് ഹംത ചുരം വളഞ്ഞ് പുളഞ്ഞ് കിടക്കുന്നത്. ചിക്കയിലും (Chikka) പരിസര പ്രദേശത്തുമായി ഒഴുകുന്ന അലൈൻ നുല്ല (Alain Nullah) നദിയെ ഈ യാത്രയ്ക്കിടെ മൂന്ന് തവണ നമ്മൾ മറികടക്കണം. ഇതാണ് ഈ യാത്രയുടെ മറ്റൊരു രസം. ചെങ്കുത്തായ മലയിലൂടെ വട്ടം കറങ്ങി യാത്ര ചെയ്യാൻ നിരവധി സഞ്ചാരികൾ എത്താറുണ്ട്.
Photo Courtesy: Dead habbits

മൂന്നാം ദിവസം

മൂന്നാം ദിവസം

ജുവാരയിൽ നിന്ന് പ്രശസ്തമായ ഹംത ചുരത്തിലൂടെയാണ് മൂന്നാം ദിവസം നമ്മൾ യാത്ര ചെയ്യുന്നത്. സമുദ്ര നിരപ്പിൽ നിന്ന് 4270 മീറ്റർ ഉയരത്തിലാണ് ഹംത ചുരം സ്ഥിതി ചെയ്യുന്നത്. ഡിയോ ടിബ്ബ (Deo Tibba), ഇന്ദ്രാസൻ കൊടുമുടി (Indrasan peaks) എന്നിവയാണ് ഈ യാത്രയിലെ പ്രധാന ആകർഷണങ്ങൾ.

Photo Courtesy: J.M.Garg

ഷിയ ഗഹ്രു

ഷിയ ഗഹ്രു

മൂന്നാം ദിവസത്തെ യാത്രയിൽ നമുക്ക് എത്തിച്ചേരേണ്ട സ്ഥലം ഷിയ ഗഹ്രുവാണ്(Shea Gahru). തണുത്തുറഞ്ഞ സ്ഥലമെന്നാണ് ഈ പേരിന് അർത്ഥം. ഹിമാചൽ പ്രദേശിലെ ഗ്ലേസിയർ പ്രദേശം ഇതിനോട് ചേർന്നാണ് സ്ഥിതി ചെയ്യുന്നത്. വേനൽക്കാലത്ത് ആടുകളുമായി കുള്ളുവിൽ നിന്നും ലാഹൗളിൽ നിന്നും നിരവധി ആട്ടിടയൻമാർ ഇവിടെ എത്താറുണ്ട്.
Photo Courtesy: sanyam sharma

നാലാം ദിവസം

നാലാം ദിവസം

സമുദ്രനിരപ്പിൽ നിന്ന് 3360 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഛത്രുവിലേക്കാണ്(Chhatru) നാലാം ദിവസത്തെ യാത്ര. ഏകദേശം മൂന്ന് ദിവസത്തെ യാത്ര ഷിയ ഗഹ്രുവിൽ നിന്ന് ഇവിടേയ്ക്കുള്ളു. നദിയുടെ ഓരത്തുകൂടി റൊക്ക് പോയിന്റ് വരെ ഈ ദിവസത്തെ യാത്ര താരതമ്യേന എളുപ്പമാണ്. എന്നാൽ മഴക്കാലത്ത് യാത്ര വളരെ പ്രയാസമായിരിക്കും.
Photo Courtesy: Vivek Yadav

റോക്ക് പോയിന്റ്

റോക്ക് പോയിന്റ്

ഹിമപാതം ഉണ്ടാകുന്ന സമയത്ത് റോക്ക് പോയിന്റിൽ നദിക്ക് കുറുകെയുള്ള പാലം തകർന്നിരിക്കാം. അതിനാ‌ൽ ആഴമില്ലാത്ത സ്ഥലം നോക്കി നദിയിൽ ഇറങ്ങി വേണം അക്കരെ കയറാൻ. ഇത് കുറച്ച് പ്രയാസമുള്ള കാര്യമാണ്.

Photo Courtesy: Ankit Solanki

ഛത്രു

ഛത്രു

ഛത്രുവിലേക്കുള്ള യാത്രയ്ക്കിടെ താഴ്വരകളായ സ്പിതിയും ലാഹോളും സുന്ദരമായ കാഴ്ചകൾ ഒരുക്കി നിങ്ങളെ കാത്തിരിക്കും. റോഹ്താങ് ചുരം, ഹംത ചുരം, സ്പിതി എന്നിവിടങ്ങളിലേക്കുള്ള വഴി സംഗമിക്കുന്ന സ്ഥലമാണ് ഛത്രു.
Photo Courtesy: Amit Parikh

അഞ്ചാം ദിവസം

അഞ്ചാം ദിവസം

ഛത്രുവിൽ നിന്ന് ഛോട്ടദാരയിലേക്കുള്ള (Chhotadara) യാത്രയാണ് അഞ്ചാം ദിവസം. സമുദ്രനിരപ്പിൽ നിന്ന് 3740 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഛോട്ടദാരയിലേക്ക് അഞ്ച് മണിക്കൂർ യാത്രയുണ്ട്. ഇടുങ്ങിയ താഴ്വരയിലൂടെയാണ് ഇന്നത്തെ വഴി നീളുന്നത്. മെറ്റൽ നിരത്താത്ത പരുക്കൻ റോഡിലൂടെയുള്ള യാത്രയിൽ നിങ്ങളുടെ സഹയാത്രികനായി ചന്ദ്രാ നദിയും ഉണ്ടാകും. കെയ്‌ലോങ്ങിന് സമീപത്തുള്ള തൻഡിയിൽ (Tandi) വച്ച് ചന്ദ്രനദി ഭാഗ നദിയുടെ ഭാഗമാകുന്നത് നിങ്ങൾക്ക് കാണാം.
Photo Courtesy: Peter Krimbacher

ആറാം ദിവസം

ആറാം ദിവസം

ഛോട്ടാധാരയിൽ നിന്ന് ബടാൽ(Batal) വരെയുള്ള യാത്രയാണ് ആറാം ദിവസം. പരുക്കനായ ചെമ്മൺ പാതയിലൂടെ ആറുമണിക്കൂർ യാത്ര ചെയ്താൽ ചെന്നെത്തുന്ന സ്ഥലമാണ് ബടാൽ എന്ന സുന്ദരമായ ഗ്രാമം. ഇവിടെ നിന്ന് രണ്ട് സുന്ദര സ്ഥലങ്ങളിലേക്ക് വഴി പിരിയാം. കുൻസും ലാ വഴി സ്പിതി താഴ്വരയിലേക്കാണ് ഒരു വഴി. രണ്ടാമത് നമ്മുടെ വഴി ചന്ദ്രന്റെ സ്വന്തം തടാകമായ ചന്ദ്രാ തടാകത്തിലേക്കുള്ള വഴി. ബാടാലിൽ ഒരു ദിവസം തങ്ങി വേണം യാത്ര തുടരാൻ.
Photo Courtesy: SundeepGajjar

ഏഴാം ദിവസം

ഏഴാം ദിവസം

നമ്മൾ കാത്തിരുന്ന ദിവസം വന്നിരിക്കുകയാണ്. സുന്ദരമായ ചന്ദ്രതാലിലേക്കുള്ള യാത്രയാണ് ഇന്ന്. ബടാലിൽ നിന്ന് 4 മണിക്കൂർ യാത്രയുണ്ട് ഇവിടേയ്ക്ക്. സമുദ്രനിരപ്പിൽ നിന്ന് 4270 മീറ്റർ ഉയരത്തിലാണ് ചന്ദ്രതാൽ സ്ഥിതി ചെയ്യുന്നത്.
Photo Courtesy:Lodhra

ചന്ദ്രാതാൽ

ചന്ദ്രാതാൽ

ചന്ദ്രന്റെ തടാകം എന്നാണ് ചന്ദ്രാതാൽ എന്ന വാക്കിന്റെ അർത്ഥം. സമുദ്രനിരപ്പിൽ നിന്ന് 4270 മീറ്റർ ഉയരത്തിലായി ഹിമാലയത്തിലാണ് ഈ തടാകം സ്ഥിതി ചെയ്യുന്നത്. ചന്ദ്രക്കലയുടെ രൂപത്തിലാണ് ഈ തടാകം സ്ഥിതി ചെയ്യുന്നത് അതിനാലാണ് ഈ തടാകത്തിന് ചന്ദ്രാതടാകം എന്ന പേര് ലഭിച്ചത്.

Photo Courtesy: Christopher L Walker

എട്ടാം ദിവസം

എട്ടാം ദിവസം

ചന്ദ്രതാൽ എന്ന സ്വപന തടാകത്തിൽ സമയം ചിലവഴിച്ചതിന് ശേഷം എട്ടാം ദിവസത്തെ യാത്ര ടോക്പോയോങ്മയിലേക്കാണ് (Tokpoyongma). സമുദ്രനിരപ്പിൽ നിന്ന് 4320 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ സ്ഥലത്തേക്ക് ഏഴു മണിക്കൂർ യാത്ര ചെയ്യണം.
Photo Courtesy: J.M.Garg

ഒൻപതാം ദിവസം

ഒൻപതാം ദിവസം

ടോക്പോയോങ്‌മയിൽ നിന്ന് ടോക്പോഗോങ്മയുടെ (Tokpogongma) ഉയരത്തിലേക്കാണ് ഒൻപതാം ദിവസത്തെ യാത്ര. സമുദ്രനിരപ്പിൽ നിന്ന് 4650 മീറ്റർ ഉയരത്തിലേക്കാണ് നമ്മുടെ യാത്ര. അഞ്ച് മണിക്കൂർ യാത്രയുണ്ട് അതിനാൽ തന്നെ അതിരാവിലെ തന്നെ യാത്ര ആരംഭിക്കണം. ഹിമാലയത്തിൽ നിന്ന് ഉദ്ഭവിക്കുന്ന നിരവധി അരുവികൾ കടന്ന് വേണം യാത്ര ചെയ്യാൻ.

Photo Courtesy: J.M.Garg

മഞ്ഞുരുകും മുൻപേ

മഞ്ഞുരുകും മുൻപേ

വെയിൽ ആകുമ്പോൾ ഹിമാലയത്തിലെ മഞ്ഞ് ഉരുകിത്തുടങ്ങും. ഇത് അരുവികളുടെ ഒഴുക്ക് കൂട്ടുകയും യാത്ര ദുഷ്കരമാക്കുകയും ചെയ്യും. അതിനാൽ മഞ്ഞ് ഉരുകാൻ തുടങ്ങും മുൻപേ യാത്ര ആരംഭിക്കണം. ടോക്പോഗോങ്മയിലെ മലമുകളിൽ ഒരു ദിവസം തങ്ങി വേണം അടുത്ത ദിവസം യാത്ര പുനരാരംഭിക്കാൻ.
Photo Courtesy: J.M.Garg

പത്താം ദിവസം

പത്താം ദിവസം

യാത്രയുടെ പത്താം ദിവസം ടോക്പോഗോങ്മയിൽ നിന്ന് ബരലച ല ചുരം വഴി ജിസ്പയിലേക്കാണ് യാത്ര. ആറു മണിക്കൂർ യാത്രയുണ്ട് ഇവിടേക്ക്. യാത്രയുടെ ആരംഭത്തിലെ അരമണിക്കൂർ കുത്തനെയുള്ള ദുഷ്കരമായ കയറ്റമാണ്.

Photo Courtesy: Aleksandr Zykov

കെ ആർ കൊടുമുടി

കെ ആർ കൊടുമുടി

പാറക്കൂട്ടങ്ങളുടെ ഇടയിലൂടെ വളഞ്ഞ് പുളഞ്ഞ് കിടക്കുന്ന വഴിയിലൂടെ ചെങ്കുത്തായ കുന്ന് കയറിയാൽ ഒരു നിരന്ന പ്രദേശത്താണ് എത്തുക ഇവിടെ നിന്ന് നോക്കിയാൽ കെ ആർ കൊടുമുടിയുടെ (Koa Range) മനോഹാരിത കാണാം
Photo Courtesy: J.M.Garg

മൊട്ടക്കുന്നുകൾ

മൊട്ടക്കുന്നുകൾ

ഹരിതാഭമായ മൊട്ടക്കുന്നുകളിലൂടെയാണ് ഇനിയുള്ള യാത്ര. ഈ യാത്ര മനസിനും ശരീരത്തിനും സന്തോഷം പകരുന്ന ഒന്നായിരിക്കും. തുടർന്ന് ഒരു കൈത്തോട് മറികടന്നാൽ ബരലച ല(Baralacha-La) എത്തും

Photo Courtesy: Shubhamoy

ബരലച ല

ബരലച ല

ബരലച എത്തിയാൽ യാത്ര കുറച്ചുകൂടി സുഗമമാകും. പണ്ടുകാലത്തെ പ്രധാന വണിജ്യപാതയായിരുന്ന ഈ ചുരത്തിലേക്ക് സ്പ്തി, ലഡാക്ക്, സൻസ്കാർ, ലാഹൗൾ എന്നിവിടങ്ങളിൽ നിന്ന് എത്തിച്ചേരാൻ റോഡുകളുണ്ട്.
Photo Courtesy: Shubhamoy

സൂര്യന്റെ തടാകം

സൂര്യന്റെ തടാകം

ചന്ദ്രതാൽ പോലെ തന്നെ പ്രശസ്തമായ സൂരജ് തടാകം സ്ഥിതി ചെയ്യുന്നത് ബരലചയിലാണ്. ഇവിടെ നിന്നാണ് ഭാഗ നദി ഉദ്ഭവിക്കുന്നത്. ഇവിടെ നിന്ന് ജിസ്പയിലേക്ക് യാത്ര പോകാം
Photo Courtesy: Hiranmay

ജീപ്പിൽ ജിസ്പയിൽ

ജീപ്പിൽ ജിസ്പയിൽ

ജിസ്പയിലേക്ക് ജീപ്പിൽ യാത്ര ചെയ്യുന്നതാണ് നല്ലത്. സിംഗ് സിംഗ് ബാർ, പാറ്റ്സ്യോ, ദീപക് താൽ, ദർച എന്നീ സ്ഥലങ്ങൾ പിന്നിട്ടാണ് ജിസപയിൽ എത്തിച്ചേരുന്നത്. രാത്രിയിൽ ജിസ്പയിൽ കഴിയുന്നതാണ് നല്ലത്.
Photo Courtesy: Hiranmay

പതിനൊന്നാം ദിവസം

പതിനൊന്നാം ദിവസം

യാത്രയുടെ അവസാന ദിവസമാണ്. ജിസ്പയിൽ നിന്ന് മണാലിയിലേക്കാണ് യാത്ര. ജിസ്പയിൽ നിന്ന് മണാലിയിലേക്ക് ജീപ്പിൽ ഏഴുമണിക്കൂർ യാത്രയുണ്ട്. കെയ്‌ലോങ്, ടാൻടി, ഖോഖ്സർ, റോഹ്താങ് ചുരം എന്നിവ കടന്നാണ് മണാലിയിൽ എത്തിച്ചേരുന്നത്. നമ്മുടെ പതിനൊന്ന് ദിവസത്തെ യാത്ര മണാലിയിൽ പൂർത്തിയാകുന്നു. ഇനിയും നമുക്ക് മണാലിയിൽ വരാം സുന്ദരമായ നിരവധി യാത്രകൾ നടത്താൻ.
Photo Courtesy: Kondephy

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+