Search
  • Follow NativePlanet
Share
» »കൊച്ചിയില്‍ നിന്ന് ബോഡിനായ്ക്കന്നൂരിലേക്ക് ഒരു ബൈക്ക് യാത്ര

കൊച്ചിയില്‍ നിന്ന് ബോഡിനായ്ക്കന്നൂരിലേക്ക് ഒരു ബൈക്ക് യാത്ര

By റിയാസ് റഷീദ് റാവുത്തർ

തമിഴ്നാട്ടിലെ തേനി ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ചെറിയ ഒരു ടൗണ്‍ ആണ് ബോഡിനായ്ക്കന്നൂര്‍. ബോഡി എന്ന ചുരുക്കപ്പേരിലാണ് ഈ സ്ഥലം ഇപ്പോള്‍ അറിയപ്പെടുന്നത്. കൊച്ചിയില്‍ നിന്ന് ദേവികുളം വഴി ബോഡിമേട് ചുരം ഇറങ്ങി ബോഡിനായ്ക്കന്നൂരിലേക്ക് നടത്തിയ ബൈക്ക് യാത്രയുടെ അനു‌ഭവം റിയാസ് റഷീദ് റാവുത്തര്‍ പങ്കുവയ്ക്കുന്നു.

ശനിയാഴ്ച്ച ആയാല്‍ മനസ്സിനൊരു സന്തോഷമാണ്. കാരണം വേറൊന്നുമല്ല. ഞായറാഴ്ച ലീവാണു, എവിടെയെങ്കിലും കറങ്ങാന്‍ പോകാം. അത്ര തന്നെ.

ഇനിയാണു പണി കിടക്കുന്നത്, പിറ്റേദിവസം എങ്ങോട്ടു പോകണം എന്നു തീരുമാനിക്കണം, അങ്ങോട്ടേക്കുള്ള വഴികള്‍, കിട്ടാവുന്ന വിവരങ്ങള്‍ അങ്ങനെ എല്ലാം തപ്പിയെടുക്കണം. അങ്ങനെ സകലയാത്ര ഗ്രൂപ്പുകളും തപ്പിയപ്പോഴാണു ബോഡിനായ്ക്കന്നുര്‍ എന്ന പേരു മനസ്സില്‍ ഉടക്കിയതും ആ സ്ഥലത്തേക്കുറിച്ചു മുന്‍പ് വായിച്ച വിവരണങ്ങളും ചിത്രങ്ങളും മനസ്സിലേക്കു കടന്നു വന്നതും.

യാത്ര ഉറപ്പിച്ചു

പിന്നെ ഒന്നും നോക്കിയില്ല ബോഡിനായ്ക്കന്നുര്‍ തന്നെ ആകട്ടെ നാളത്തെ യാത്ര എന്നു മനസ്സില്‍ തീരുമാനിച്ചു റൂട്ടും മറ്റു കാര്യങ്ങളും നോക്കി മനസ്സിലാക്കി സുന്ദരമായ ഒരു യാത്രയും മനസ്സില്‍ക്കണ്ടു ഉറങ്ങാന്‍ കിടന്നു ഞാന്‍.

സിനിമകളിലെ ബോഡിനായ്ക്കന്നുര്‍

മൈന, പകിട, പിതാമഹന്‍, അവന്‍ ഇവന്‍, കുംകി, തുടങ്ങിയ ചിത്രങ്ങളിലെ മനോഹരമായ ബോഡി ദൃശ്യങ്ങള്‍ മനസ്സിലോര്‍ത്തു കൊണ്ടു ഉറക്കത്തിന്റെ അഗാധതയിലേക്ക്.

പതിവു പോലെതന്നെ ഞായറാഴ്ച അതിരാവിലെ ബൈക്കും കൊണ്ടു കടവന്ത്രയില്‍ നിന്നും യാത്രയാരംഭിച്ചു. എല്ലായാത്രകളിലും എന്റെ കൂടെ ഉണ്ടാകുന്ന എന്റെ ഡി എസ് എല്‍ ആര്‍ ക്യാമറ ഈ യാത്രയില്‍ ഇല്ല എന്ന പ്രത്യേകത കൂടിയുണ്ട് ഈ യാത്രയ്ക്കു, അതൊരു കുറവു തന്നെയായിരുന്നു, ക്യാമറ സര്‍വ്വീസിനു കൊടുത്തതിനാല്‍ എനിക്കു ഒരുപാടു മനോഹര ദൃശ്യങ്ങള്‍ നഷ്ടമായി എന്നു തന്നെ പറയാം.

യാത്ര തുടങ്ങുന്നൂ

വൈറ്റില-തൃപ്പൂണിത്തറ-മൂവാറ്റുപുഴ-കോതമംഗലം വഴി ഹൈറേഞ്ചിന്റെ പ്രവേശനകവാടമായ നേര്യയമംഗലത്തേക്കു. എര്‍ണ്ണാകുളത്തുനിന്നും ഇതുവഴിയുള്ള എന്റെ എല്ലാ ബൈക്കു യാത്രകളിലും ഞാനിവിടെ നിന്നുമാണു ബ്രേക്ഫാസ്റ്റ് കഴിക്കുന്നത്. നല്ല നാടന്‍ ഭക്ഷണം കിട്ടുന്ന ഒരമ്മച്ചിയുടെ കടയുണ്ടിവിടെ..
ഇവിടെ നിന്നും എര്‍ണാകുളം ജില്ലയോടു വിട പറയുകയാണു, പെരിയാറിനു കുറുകേയുള്ള നേര്യമംഗലം പാലം കടന്നാല്‍ ഇടുക്കി ജില്ലയായി.

നേര്യമംഗലം പാലത്തിന്റെ കഥ

അന്വേഷിച്ചപ്പോള്‍ ഈ പാലത്തിനു ഒരു ചരിത്രം ഉള്ളതായി അറിയാന്‍ സാധിച്ചു. അതിങ്ങനെയാണ്
കൊച്ചിയില്‍ നിന്നും തട്ടേക്കാട്-പൂയംകുട്ടി-മാങ്കുളം വഴിയായിരുന്നു മൂന്നാറിലേക്കുള്ള ആദ്യപാത. ഹൈറേഞ്ചില്‍ നിന്നും സുഗന്ധവ്യജ്ഞനങ്ങളടക്കം എല്ലാ വ്യാപാര-വ്യവഹാരങ്ങളും കൊച്ചിയിലേക്ക് എത്തിച്ചിരുന്നത് ഈ പാത വഴിയായിരുന്നു. പുതിയ പാതയിലുള്ള വിധം ചെങ്കുത്തായ കയറ്റങ്ങളോ വളവുകളോ ഈ പാതയിലുണ്ടായിരുന്നില്ല. 1924-ല്‍ ഉണ്ടായ പ്രകൃതിക്ഷോഭത്തില്‍ രാജപാതയിലെ കരിന്തിരി മലയിടിഞ്ഞ് നമാവശേഷമായി.

പൂയംകുട്ടി മുതല്‍ മാങ്കുളം വരെയുള്ള പാത വെള്ളപ്പൊക്കത്തില്‍ തകര്‍ന്നടിഞ്ഞു. തന്മൂലം കൊച്ചിയുമായുള്ള വ്യാപാരബന്ധങ്ങള്‍ ഇല്ലാതായി. തുടര്‍ന്ന് ആലുവ മുതല്‍ മൂന്നാര്‍ വരെ പുതിയ പാതയും പെരിയാറിനു കുറുകെ പുതിയ പാലവും നിര്‍മ്മിക്കാന്‍ മഹാറാണി സേതു ലക്ഷ്മി ഭായി ഉത്തരവിട്ടു.

1924-ല്‍ നിര്‍മ്മാണം ആരംഭിച്ച പാലം ശര്‍ക്കരയും ചുണ്ണാമ്പും കലര്‍ത്തിയുണ്ടാക്കുന്ന സുര്‍ഖിയും കരിങ്കല്ലും ഉപയോഗിച്ചാണ് നിര്‍മ്മിച്ചത്.

ഹൈറേഞ്ചിന്റെ വ്യാപാര - വ്യവസായ മേഖലയ്ക്കു പുതിയ കരുത്തു നല്‍കിക്കൊണ്ട് 1935 മാര്‍ച്ച് 2-നു ശ്രീചിത്തിരതിരുനാള്‍ രാമവര്‍മ്മ പാലം ഗതാഗതത്തിനായി തുറന്നുകൊടുത്തു. സേതു ലക്ഷ്മി ഭായിയുടെ പേരിലാണ് പാലം നിര്‍മ്മിച്ചിരിക്കുന്നത്. 1935-നു ശേഷം ഹൈറേഞ്ചിനുണ്ടായിട്ടുള്ള എല്ലാ വളര്‍ച്ചയിലും നേര്യമംഗലം പാലത്തിനു മുഖ്യപങ്കുണ്ട്.

കേരളത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നും ഹൈറേഞ്ചിലേക്കുള്ള കുടിയേറ്റത്തിനു വഴിയൊരുക്കിയതും നേര്യമംഗലം പാലമാണ്.

ദക്ഷിണേന്ത്യയിലെ പ്രഥമ ആര്‍ച്ച് പാലമാണ് കേരളത്തിലെ എറണാകുളം - ഇടുക്കി ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന നേര്യമംഗലം പാലം .ഈ അറിവു എന്നെ ഞെട്ടിച്ചു എന്നു തന്നെ പറയാം.. ഇതുവഴി എത്രയോ തവണ യാത്ര ചെയ്തിരിക്കുന്നു, എന്നിട്ടും ഇങ്ങനെ ചില അറിവുകള്‍ അറിയാതെ പോയല്ലോ? 80 വര്‍ഷത്തെ ചരിത്രങ്ങളുമായി ഇന്നും ഈ പാലം നമ്മളെ ഹൈറേഞ്ചിലേക്കു സ്വാഗതമരുളുന്നു.

ചീയപ്പാറ-വാളര വെള്ളച്ചാട്ടങ്ങള്‍ വെള്ളമില്ലാതെ ചാടുന്നതു പോലെ തോന്നി. വെള്ളമില്ലെങ്കിലും അവിടെയും സഞ്ചാരികളുടെ ബഹളത്തിനു ഒരു കുറവുമില്ല.നേരെ അടിമാലി വഴി മൂന്നാറിനു, മൂന്നാറില്‍ നിന്നും ഒരു ചായ കൂടി കുടിച്ചതിനു ശേഷം നേരെ ദേവികുളത്തേക്കു ഞാനും കരിസ്മയും യാത്രയായി.

ദേവികുളത്തെ ലേക്-ഹേര്‍ട്ടില്‍ കുറച്ചുനേരം വിശ്രമം, ഈ വശീകരിക്കുന്ന ലേക്-ഹാര്‍ട്ട് എന്നെ പല ഓര്‍മ്മകളിലേക്കും കൊണ്ടുപോയി, യാത്രയില്‍ ചില ഓര്‍മ്മകള്‍ക്കു സ്ഥാനം ഇല്ലാത്തതു കൊണ്ടു ഞാന്‍ ബൈക്കു സ്റ്റാര്‍ട്ട് ചെയ്തു ഗ്യാപ് റോഡിലേക്കു യാത്രയായി, ചൊക്രന്റെ (ചൊക്രമുടി) മടിത്തട്ടില്‍ ഒരല്പം ധ്യാനിച്ചു..ചൊക്രനും ഞാനും തമ്മില്‍ വലിയ ഒരു ആത്മ ബന്ധം ഉള്ളതിനാലാണു ഈ ധ്യാനം.

കള്ളക്കടത്ത് വഴിയിലൂടെ!

ഇവിടുത്തെ വെള്ളച്ചാട്ടത്തിലും വെള്ളമില്ല, എങ്കിലും ബൈക്കു നിര്‍ത്തി, വണ്ടി കഴുകി കൊണ്ടിരുന്ന ഒരാളെ പരിജയപ്പെട്ടു, എന്റെ ലക്ഷ്യ സ്ഥാനമായ ബോഡിനായ്ക്കന്നൂരിലേക്കുള്ള പുതു വഴികള്‍ തേടുക എന്നതാണു എന്റെ ലക്ഷ്യം, അങ്ങനെ ബോഡി മെട്ടിലേക്കു ഒരു പുതിയ വഴി ഈ ജീപ്പ് ഡ്രൈവറില്‍ നിന്നും അറിയാന്‍ സാധിച്ചു, പണ്ടു കള്ളക്കടത്തു നടത്തിക്കൊണ്ടിരുന്ന വഴിയാണു, ഇപ്പോള്‍ വണ്ടികള്‍ വളരെ കുറവാണു എന്നും കൂടിയറിഞ്ഞപ്പോള്‍ ഞാന്‍ ഹാപ്പിയായി.

സ്ഥിരം റുട്ടായ പൂപ്പാറ വഴി പോകാതെ സൂര്യനെല്ലിയിലേക്കുള്ള വഴിയിലേക്കു ഇടത്തേക്കു ബൈക്കു തിരിച്ചു യാത്രയായി ഞാന്‍, നേരെ പോയാല്‍ സൂര്യനെല്ലിയാണു, ചിന്നക്കനാല്‍ എന്ന സ്ഥലത്തു നിന്നും വലത്തോട്ടുള്ള റോഡിലേക്കായി യാത്ര, താഴെ ആനയിറങ്ങല്‍ ഡാം റിസര്‍വ്വോയറിന്റെ മനോഹരമായ കാഴ്ചകള്‍, എതിരെ വാഹനങ്ങള്‍ ഇല്ല എന്നു തന്നെ പറയാം, വഴിയില്‍ ഓറഞ്ചുമരങ്ങള്‍ കായ്ച്ചു കിടക്കുന്നതു കണ്ടപ്പൊള്‍ സഹിച്ചില്ല, ഓറഞ്ചു പറിക്കാം എന്നു വെച്ചാല്‍ വഴിയില്‍ ആണെങ്കില്‍ ഒരാളെപ്പോലും കാണുന്നുമില്ല, ആ അഗ്രഹം മനസ്സില്‍ അടക്കി യാത്ര തുടര്‍ന്നു.

ചിലതോടിന്റെ കരയിലിരുന്നു തമിഴന്മാര്‍ പരസ്യമായി മദ്യപിക്കുന്നു, തമിഴ്നാടു വാഹനങ്ങള്‍ റോഡരികില്‍ നിര്‍ത്തിയിട്ടും പരസ്യാമായ മദ്യപാനം, ഇപ്പോള്‍ തന്നെ ഈ റൂട്ട് എങ്ങനെയുള്ളതാകുമെന്നു നിങ്ങള്‍ക്കു ഒരു എകദേശ ഐഡിയ കിട്ടിക്കാണുമല്ലോ?
വഴി ചോദിക്കാന്‍ പോലും ഒരാളെയും കാണുന്നില്ല.

ബോഡിമേട്ടില്‍

ഗ്രാന്‍ഡിസ്-യൂക്കാലി-ഏലത്തോട്ടങ്ങളുടെ ഇടയിലൂടെ ഏകാന്തമായ ഒരു യാത്ര. അങ്ങനെ കേരളത്തിന്റെ അതിര്‍ത്തിയായ ബോഡിമെട്ടില്‍ എത്തി ഞാന്‍, ബോഡിമെട്ട് തമിഴ് നാട്ടിലെ തേനി ജില്ലയില്‍ ഉള്‍പ്പെട്ട ഒരുഗ്രാമം ആണു, ഇവിടുന്നു ഒരു ചായ കൂടി ,എന്റെ ഭാഷയില്‍ പറഞ്ഞാല്‍ കിടുക്കന്‍ ചായ തന്നെ.

ഇനി അങ്ങോട്ടു ബോഡിമെട്ടു ചുരമാണു, ഈ ചുരത്തിനും മൂന്നാറിനും തമ്മില്‍ വളരെയേറെ ബന്ധം ഉണ്ട്, ഒരു കാലഘട്ടത്തിന്റെയും ചൂഷണങ്ങളുടെയും അടിച്ചമര്‍ത്തലുകളുടേയും ഒരു വലിയ ചരിത്രം തന്നെ ഈ ചുരം തുറന്നിട്ടിരിക്കുന്നു, എനിക്കു കിട്ടിയ അറിവുകള്‍ വളരെ പരിമിതമാണു.

ഈ ഒരു ലോകത്തില്‍ ഒതുങ്ങുന്നതല്ല ഈ ചരിത്രങ്ങള്‍ ഒന്നും തന്നെ, അതുകൊണ്ടു തന്നെ ചരിത്രങ്ങള്‍ മടക്കിവെച്ചുകൊണ്ടു ഞാന്‍ ചുരമിറങ്ങി, വളരെ അപകടം പിടിച്ച ഒരു റുട്ടാണിത്, വഴിയില്‍ റോഡുപണി നടക്കുകയാണു, മണ്ണു ഇട്യ്ക്കിട്യ്ക്കു ഇടിഞ്ഞു വീണിരിക്കുന്നു, ഇത്രയും നേരത്തെ പ്രകൃതിയില്‍ നിന്നും പെട്ടെന്നുള്ള ഒരു മാറ്റം ഒരു വല്ലാത്ത മാറ്റം തന്നെയാണു, മൂന്നറിന്റെ തണുപ്പില്‍ നിന്നും തമിഴ്നാടിന്റെ വരണ്ട-ചൂടുള്ള കാറ്റു ശരിക്കും അനുഭവിച്ചറിയാന്‍ സാധിക്കുന്നു.

തമിഴ്നാടിന്റെ ബസ്സുകളുടെ പോക്കു കണ്ടിട്ട് ശരിക്കും വിറച്ചുപോയി, അതിലിരിക്കുന്ന യാത്രക്കാരുടെ അവസ്ഥ എന്താകുമോ എന്തോ? ഈ ചുരത്തിന്റെ ഭീകരതയും സൗന്ദര്യവും അറിയണമെങ്കില്‍ ബൈക്കു യാത്ര തന്നെ ചെയ്യണം. പല സിനിമകളിലും കണ്ടു മറന്ന ദൃശ്യങ്ങള്‍, പലയിടങ്ങളിലും മണ്ണു ഇടിഞ്ഞു പോയിരിക്കുന്നു, അതിന്റെ കല്കെട്ടും തകര്‍ന്നിരിക്കുന്നു, സുരക്ഷാവേലികള്‍ക്കു പകരം ചെറിയ കല്ലുകള്‍ വെച്ചിരിക്കുന്നു, അതിലൊന്നു തെറ്റിയാല്‍ ചിത്രം വിചിത്രമാകും, താഴെ അഗാധതയില്‍ ഭുമി വിളിക്കുന്നതു പോലെ, ഇത്രയും അപകടം പിടിച്ച ഒരു ചുരത്തിലൂടെ ഇതിനു മുന്‍പ് ഞാന്‍ ബൈക്കില്‍ യാത്ര ചെയ്തിട്ടില്ല.

ക്യാമറ ഇല്ലാഞ്ഞത് എന്നെ കുറച്ചൊന്നുമല്ല വിഷമിപ്പിച്ചത്, താഴത്തെ മുന്തല്‍ എന്ന ഗ്രാമത്തില്‍ നിന്നും നെരേ പോയാല്‍ കൊരങ്ങിണിയായി,(എന്റെ അടുത്ത യാത്ര ഇങ്ങോട്ടായിരിക്കും) ദേശീയപാത കൊച്ചി-മധുര ( NH 49 ) വലത്തൊട്ടു വളഞ്ഞു കിടക്കുന്നു, വലത്തൊട്ടു പോയാല്‍ തേനി വഴി മധുരയ്ക്കു പോകാം.

തമിഴ് നാടിന്റെ കാര്‍ഷിക ഗ്രാമങ്ങളാണിനി, വഴിയില്‍ കണ്ട ചെറിയ ഒരു കടയില്‍ കയറി ഞാന്‍, കടയിലെ അമ്മയുമായി പെട്ടെന്നു തന്നെ പരിജയത്തിലായി, കൂറെ മുറുക്കും, പലഹാരങ്ങളും വെട്ടിവിഴുങ്ങി, കടയുടെ പുറകില്‍ കണ്ട പുളിമരത്തില്‍ കയറി കൂറച്ചു പുളിയും പറിച്ചു തിന്നു, അതില്‍ ഉപ്പും മുളകും അമ്മച്ചി തന്നെ പുരട്ടി തന്നു.

ഇന്നലെ വരെ എനിക്കിവരെ അറിയില്ലായിരുന്നു, യാത്രകള്‍ പുതിയ ബന്ധങ്ങള്‍ സമ്മാനമായി തരുന്നു എന്നതിന്റെ ഉദാഹരണം മാത്രം, യാത്ര പറഞ്ഞു നേരെ ബോഡിനായ്ക്കന്നുരിലേക്കു, റോഡിനിരുവശവും കാര്‍ഷിക നിലങ്ങള്‍ . ബോഡിനായ്ക്കന്നൂരില്‍ നമ്മളെ വരവേല്ക്കുന്നത് വീരപാന്‍ഡ്യയ കട്ടബൊമ്മന്റെ ഒരു പ്രതിമയാണു, ആ സര്‍ക്കിളില്‍ ഒന്നു വലം വെച്ചു ടൗണ്‍ ഒന്നു കറങ്ങി, ഇവിടങ്ങളിലെ കാപ്പി വളരെ പ്രസിദ്ധമാണു, ഇവിടുത്തെ ഒരു കാപ്പിയും കുടിചു, കിടുക്കന്‍ കാപ്പി തന്നെ.

ഇനി ബോഡിനായ്ക്കന്നൂരിനെ അടുത്തറിയാം.

ബോഡിനായ്ക്കന്നൂര്‍

ഇവിടുത്തെ കാലാവസ്ഥയും മനോഹരമായ പ്രകൃതി ദൃശ്യങ്ങളും അടുത്തറിഞ്ഞ നമ്മുടെ പ്രഥമ പ്രധാനമന്ത്രിയായ ജവഹര്‍ലാല്‍ നെഹ്രു സൌത്തിന്റെ കാശ്മീര്‍ എന്നു ബോഡിനായ്ക്കന്നൂരിനെ വിശേഷിപ്പിച്ചു എന്നാണു ചരിത്രം. ഇന്ത്യയിലെ ഏലക്കായുടെ തലസ്ഥാനം( "Cardamom Capital of India". ) എന്നാണു ഈ നാടു അറിയപ്പെടുന്നത്.

ഇനിയും ഒരുപാടു കാഴ്ചകള്‍ എനിക്കിവിടെ കാണുവാനും അറിയുവാനും ഉണ്ട്, ക്യാമറ കയ്യില്‍ ഇല്ലാത്തത് കൊണ്ടു യാത്ര ചെയ്യാനും പുതിയ കാഴ്ചകളെ വരവേല്ക്കനും ഒരു മടി അനുഭവപ്പെടുന്നതു പോലെ, ഇനിയും യാത്ര ചെയ്യനാണുണ്ട്. തേനിയില്‍ എത്തണം,പറ്റുമെങ്കില്‍ അവിടുന്നു മധുരയ്ക്കു പോകണം , പുതിയ യാത്രകളുമായി ഉടന്‍ വരാം, നന്ദി.

യാത്രയില്‍ പകര്‍ത്തിയ ചിത്രങ്ങള്‍ സ്ലൈഡുകളിലൂടെ കാണാം

നേര്യമംഗ‌ലം പാലം

നേര്യമംഗ‌ലം പാലം

കൊച്ചിയില്‍ നിന്ന് മൂന്നാറിലേക്കുള്ള യാത്രയ്ക്കിടെയാണ് ഈ പാലം. മുപ്പത് കിലോമീറ്ററോളം, ത്രില്ലടിപ്പിക്കുന്ന വനയാത്രയാണ് അടിമാലി - നേര്യമംഗലം റോഡ് സഞ്ചാരികള്‍ക്ക് നല്‍കുന്നത്. എപ്പോഴും കോടമഞ്ഞ് മൂടിക്കിടക്കുന്ന റോഡില്‍, നിങ്ങള്‍ക്ക് ഭാഗ്യമുണ്ടെങ്കില്‍ കാട്ടാനകളെ കാണാം.

Photo: Riyas Rasheed Ravuthar

ദേവികുളം ലേക്ക് ഹാര്‍ട്ട്

ദേവികുളം ലേക്ക് ഹാര്‍ട്ട്

വര്‍ഷം മുഴുവനും മനോഹരമായ കാലാവസ്ഥ അനുഭവപ്പെടുന്ന സ്ഥലമാണിത്. വേനല്‍ക്കാലത്ത് കഠിനായ ചൂട് അനുഭവപ്പെടാറില്ല, മണ്‍സൂണിലും ശൈത്യകാലത്തും ദേവികുളും പൂര്‍വ്വാധികം മനോഹരമായിട്ടാണ് കാണപ്പെടുന്നത്. വിശദമായി വായിക്കാം

Photo: Riyas Rasheed Ravuthar
ആനയിറങ്ങല്‍ ഡാം

ആനയിറങ്ങല്‍ ഡാം

മൂന്നാറില്‍ നിന്നും 22 കിലോമീറ്റര്‍ സഞ്ചരിച്ചുവേണം ഈ സ്ഥലത്തെത്താന്‍. തേയിലത്തോട്ടങ്ങളും, അണക്കെട്ടും, തടാകവുമാണ് ഇവിടുത്തെ ആകര്‍ഷണങ്ങള്‍. ആനയിറങ്ങള്‍ തടാകവും അണക്കെട്ടും കാണാന്‍ ഏറെ സഞ്ചാരികള്‍ എത്തുന്നുണ്ട്. വിശദമായി വായിക്കാം

Photo: Riyas Rasheed Ravuthar

ഓറഞ്ചുമരം

ഓറഞ്ചുമരം

യാത്രയ്ക്കിടയില്‍ കണ്ട ഓറഞ്ചുമരം. മരത്തില്‍ നിറയെ ഓറഞ്ചു കായ്ച്ച് നില്‍ക്കുന്നത് കാണാം

Photo: Riyas Rasheed Ravuthar

ബോഡിമേട്

ബോഡിമേട്

കേരളവും തമിഴ്നാടും അതിര്‍ത്തി പങ്കിടുന്ന ബോഡിമേട് ഗ്രാമം. തേനിയില്‍ നിന്ന് 43 കിലോമീറ്റര്‍ അകലെ ബോഡിനായ്ക്കനൂര്‍ പാതയിലാണ് ബോഡിമേട് സ്ഥിതി ചെയ്യുന്നത്. വിശദമായി വായിക്കാം

Photo: Riyas Rasheed Ravuthar
ബോഡിമേട് ചുരം

ബോഡിമേട് ചുരം

ബോഡിമേട് ചുരത്തി‌ന്റെ ഒരു വിദൂര ദൃശ്യം
Photo: Riyas Rasheed Ravuthar

ബോഡിമേട് ചുരം

ബോഡിമേട് ചുരം

ബോഡിമേട് ചുരത്തില്‍ നിന്നുള്ള ചില കാഴ്ചകള്‍
Photo: Riyas Rasheed Ravuthar

ബോഡിമേട് ചുരം

ബോഡിമേട് ചുരം

ബോഡിമേട് ചുരത്തില്‍ നിന്നുള്ള ചില കാഴ്ചകള്‍
Photo: Riyas Rasheed Ravuthar

ബോഡിമേട് ചുരം

ബോഡിമേട് ചുരം

ബോഡിമേട് ചുരത്തില്‍ നിന്നുള്ള ചില കാഴ്ചകള്‍
Photo: Riyas Rasheed Ravuthar

ബോഡിമേട് ചുരം

ബോഡിമേട് ചുരം

ബോഡിമേട് ചുരത്തില്‍ നിന്നുള്ള ചില കാഴ്ചകള്‍
Photo: Riyas Rasheed Ravuthar

മൂ‌ന്തല്‍

മൂ‌ന്തല്‍

യാത്രയ്ക്കിടയില്‍ എത്തിച്ചേര്‍ന്ന മൂന്നല്‍ എന്ന ഗ്രാമത്തിലെ കൊച്ചുകടയില്‍ നിന്ന്
Photo: Riyas Rasheed Ravuthar

മൂ‌ന്തല്‍

മൂ‌ന്തല്‍

കടയുടെ ഉള്‍ഭാഗത്തെ കാഴ്ച. ഒരു അമ്മച്ചിയാണ് ഇവിടെ കട നടത്തുന്നത്.
Photo: Riyas Rasheed Ravuthar

ബോഡിനായ്ക്കന്നൂര്‍

ബോഡിനായ്ക്കന്നൂര്‍

ഇവിടുത്തെ കാലാവസ്ഥയും മനോഹരമായ പ്രകൃതി ദൃശ്യങ്ങളും അടുത്തറിഞ്ഞ നമ്മുടെ പ്രഥമ പ്രധാനമന്ത്രിയായ ജവഹര്‍ലാല്‍ നെഹ്രു സൌത്തിന്റെ കാശ്മീര്‍ എന്നു ബോഡിനായ്ക്കന്നൂരിനെ വിശേഷിപ്പിച്ചു എന്നാണു ചരിത്രം. ഇന്ത്യയിലെ ഏലക്കായുടെ തലസ്ഥാനം( "Cardamom Capital of India". ) എന്നാണു ഈ നാടു അറിയപ്പെടുന്നത്.
Photo: Riyas Rasheed Ravuthar

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+