ശബരിമല അയ്യപ്പ ക്ഷേത്രത്തിന്‍റെ അതേ രൂപത്തിൽ മറ്റൊരു ശബരിമല ക്ഷേത്രമുള്ള കാര്യം കേട്ടിട്ടുണ്ടോ? പതിനെട്ടു പടിയും കയറി അയ്യപ്പ സന്നിധിയിൽ തൊഴുത് പ്രാർത്ഥിക്കാനും അനുഗ്രഹങ്ങൾ നേടാനും കഴിയുന്ന വേറൊരു ശബരിമല! അയ്യപ്പനെ ആരാധിക്കുന്ന ക്ഷേത്രങ്ങൾ ഒരുപാടുണ്ടെങ്കിലും ഇതുപോലൊരു ക്ഷേത്രം വേറെയൊരിടത്തും കാണില്ല! അതാണ് തമിഴ്നാട് ചെന്നൈയിലെ അമ്പത്തൂർ ശബരിമല ക്ഷേത്രം.
മാലയിട്ട് കറുപ്പുടുത്ത് വ്രതമെടുത്ത് ഇരുമുടിക്കെട്ടേന്തി ശബരിമലയിലെത്തുന്ന വിശ്വാസികൾ. പതിനെട്ടുപടി കയറി അയ്യപ്പനെ തൊഴുത് പ്രാർത്ഥിച്ചിറങ്ങുമ്പോൾ ലഭിക്കുന്ന ആനന്ദവും നിർവൃതിയും അവർക്കുമാത്രം അനുഭവിക്കാൻ സാധിക്കുന്ന ഒന്നാണ്. ശബരിമല വരെ പോകാന് കഴിയാത്ത ചെന്നൈയിലെയും സമീപത്തെയും വിശ്വാസികൾക്ക് അവരുടെ അയ്യപ്പനെ കാണാൻ ഇവിടെ എത്തിയാൽ മതി

കെട്ടിലും മട്ടിലും ഭാവത്തിലും രൂപത്തിലും ഒരു മാറ്റവുമില്ലാത്ത അമ്പത്തൂരിലെ അയ്യപ്പനെ കാണാൻ മലയാളികൾ ഉൾപ്പെടെയുള്ള വിശ്വാസികൾ ഇവിടെ വരുന്നു. മണ്ഡല കാല്ത് പലവിധ കാരണങ്ങളാൽ ശബരിമല തീർത്ഥാടനം നടത്താൻ കഴിയാത്തവരും ഇവിടെ എത്താറുണ്ട്. ക്ഷേത്രദർശനം ആർക്കും നടത്താമെങ്കിലും വ്രതമെടുത്ത് കറുപ്പുടുത്ത് ഇരുമുടിക്കെട്ടുമായി വരുന്നവർക്ക് മാത്രമേ പതിനെട്ടു പടിയും കയറി അയ്യപ്പ ദർശനം സാക്ഷാത്കരിക്കാൻ കഴിയുകയുള്ളൂ.

കാഴ്ചയിലും രൂപത്തിലും നമ്മുടെ ശബരിമല ക്ഷേത്രത്തോട് വളരെ അടുത്ത് നിൽക്കുന്നതാണ് അമ്പത്തൂര്‍ ക്ഷേത്രവും.പതിനെട്ടു പടി മാത്രമല്ല, കൊടിമരവും ശബരിമല സന്നിധിയിലുള്ള പ്രതിഷ്ഠകളും ഇവിടെയുണ്ട്. 44 അടി ഉയരമുള്ള കൊടിമരവും 18 പടികളും പഞ്ചലോഹം കൊണ്ടു പൊതിഞ്ഞിരിക്കുന്നു. ഇവിടുത്തെ പൂജകളും ശബരിമലയ്ക്കു സമാനമാണ്.
ശബരിമലയിലെ ഗണപതി, മാളികപ്പുറത്തമ്മ, നാഗരാജാവ്, ഗണപതി എന്നീ പ്രതിഷ്ഠകളും അമ്പത്തൂർ ശബരിമലയിൽ കാണാം. 2001 ലാണ് ശബരിമലയ്ക്ക് സമാനമായ ഒരു ക്ഷേത്രം നിർമ്മിക്കാം എന്ന ആശയം വരുന്നത്. തുടർന്ന് ക്ഷേത്രത്തിന്റെ ശിലാസ്ഥാപനം 2005 ൽ നടത്തി. പതിനെട്ടു പടി നിർമ്മിക്കാനുള്ള കല്ലുകൾ മഹാബലിപുരത്തു നിന്നാണ് കൊണ്ടുവന്നത്.
അമ്പത്തൂർ ശബരിമല ക്ഷേത്രം- പൂജാ സമയം
പുലർച്ചെ 5.00 മുതൽ 12.00 വരെയും വൈകിട്ട് 5.00 മുതൽ രാത്രി 9.00 വരെയുമാണ് തുറക്കുന്നത്.
5.00 ന് നടതുറക്കൽ
5.30ന് ഗണപതി ഹോമം
7.30ന് അഷ്ടാഭിഷേകം
9.30ന് പാലഭിഷേകവും നെയ്യഭിഷേകവും
11.45 ന് ഉച്ചപൂജ
12.00 നട അടയ്ക്കും
വൈകിട്ട് 5.00ന് നട തുറക്കൽ
6.30ന് ദീപാരാധന
8.30ന് അത്താഴപൂജ
8.50ന് ഹരിവരാസനം
9.00 നട അടയ്ക്കൽ.
അമ്പത്തൂർ ശബരിമല ക്ഷേത്രം- എത്തിച്ചേരാൻ
ചെന്നൈയിലെ അമ്പത്തൂരിൽ ഷണ്മുഖപുരത്ത് റെഡ് ഹിൽസ് റോഡിൽ ആണ് അമ്പത്തൂർ ശബരിമലെ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ചെന്നൈയിൽ നിന്നും ഇവിടേക്ക് 16 കിലോമീറ്റർ ദൂരമുണ്ട്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












