അരുണാചൽ പ്രദേശ്- ഉദയ സൂര്യന്‍റെ നാട് എന്നറിയപ്പെടുന്ന സംസ്ഥാനം. വടക്കു കിഴക്കൻ ഇന്ത്യയിലെ ഏറ്റവും മനോഹരമായ,കൊതിപ്പിക്കുന്ന പ്രകൃതി ഭംഗിയുള്ള ഇടം. പൗരാണിക ആശ്രമങ്ങളും ബുദ്ധസന്യാസിമാരും മലകളും കുന്നുകളും നദികളും വന്യജീവി സങ്കേതങ്ങളും ഹിൽ സ്റ്റേഷനുകളും ഒക്കെയായി ഒന്നു പോയില്ലെങ്കിൽ ഉറപ്പായും ജീവിതത്തിലെ വലിയ നഷ്ടങ്ങളിലൊന്നാണ് അരുണാചൽ പ്രദേശ്.
1987 ൽ ഫെബ്രുവരി 20 ന് ഇന്ത്യയുടെ സംസ്ഥാനമായി അരുണാചൽ പ്രദേശ് മാറി. അതുകൊണ്ട് എല്ലാ വർഷവും ഈ ദിവസം അരുണാചൽ പ്രദേശിന്‍റെ സ്ഥാപക ദിവസമായി ഈ ദിനസം ആചരിക്കുന്നു. ഭൂപ്രകൃതിക്കും കാലവസ്ഥയ്ക്കും ജൈവവൈവിധ്യത്തിനും ഒപ്പംതന്നം അതുല്യമായ ഗോത്രസംസ്കാരവും ഈ നാടിൻറെ പ്രത്യേകതയാണ്. ഇതാ കൗതുകം നിറഞ്ഞ അരുണാചൽ വിശേഷങ്ങൾ വായിക്കാം.

നോർത്ത് ഈസ്റ്റ് ഫ്രണ്ടിയർ ഏജന്‍സി
കേന്ദ്രഭരണ പ്രദേശം എന്ന പദവിയിൽ നിന്നും സംസ്ഥാനമായി മാറിയ ഇടമാണ് അരുണാചൽ പ്രദേശ്. നോർത്ത്-ഈസ്റ്റ് ഫ്രണ്ടിയർ ഏജൻസി എന്നായിരുന്നു ഇവിടം ആദ്യ കാലങ്ങളിൽ അറിയപ്പെട്ടിരുന്നത്. പിന്നീടാണ് 1987 ഫെബ്രുവരി 20-ന് അരുണാചൽ പ്രദേശ് രൂപീകരിച്ച് ഒരു സമ്പൂർണ്ണ സംസ്ഥാനമായി മാറിയത്.
ഉദയ സൂര്യന്‍റെ നാട്
ഇന്ത്യയിൽ ആദ്യം സൂര്യോദയം നടക്കുന്ന ഇടം അരുണാചൽ പ്രദേശാണ്. അതിനാലാണ് ഇവിടം ഉദയ സൂര്യന്‍റെ നാട് എന്നറിയപ്പെടുന്നത്. ആദ്യം സൂര്യനുദിക്കുന്നതാവട്ടെ ഇവിടുത്തെ ഡോങ് താഴ്വരയിലും. സമുദ്ര നിരപ്പിൽ നിന്നും 1230 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഡോങ് ചൈനയ്ക്കും മ്യാൻമാറിനും ഇടയിലായാണുള്ളത്. പുലർച്ചെ 5.54 നാണ് ഇവിടെ പൊതുവേ സൂര്യനുദിക്കുന്ന സമയം. ഒരുപാട് ദൂരം ട്രെക്കിങ് നടത്തി വേണം ഇവിടേക്ക് എത്തുവാൻ.
30 ഭാഷകൾ
കേരളത്തിൽ കാസർകോഡ് മുതൽ തിരുവനന്തപുരം വരെ മലയാളം മാത്രമേ സംസാരിക്കുന്നുള്ളുവെങ്കിലും നാടുമാറുന്നതിനനുസരിച്ച് ഭാഷയുടെ രൂപത്തിലും വലിയ മാറ്റങ്ങളുണ്ട്. അപ്പോൾ അരുണാചലിലെ കാര്യമൊന്നു ആലോചിച്ച് നോക്കിയേ.. 26 പ്രധാന ഗോത്രങ്ങളും 100-ലധികം ഉപഗോത്രങ്ങളും ഇവിടെയുണ്ടെന്ന് മാത്രമല്ല, ഇവരെല്ലാം ചേർന്ന് 30 ൽ അധികം ഭാഷകളും ഇവിടെ സംസാരിക്കുന്നു.
വനം
അരുണാചൽ പ്രദേശിന്‍റെ മറ്റൊരു പ്രത്യേകത ഇവിടുത്തെ വനഭൂമിയാണ്. സംസ്ഥാനത്തിന്‍റെ ആകെ വിസ്തൃതിയുടെ 80 ശതമാനവും വനഭൂമി ആണെന്നാണ് കണക്കുകൾ പറയുന്നത്. ഇവിടുത്തെ ആകെ വനഭൂമിയാകട്ടെ രേഖപ്പെടുത്തിയ വനവിസ്തൃതി 66,964 ചതുരശ്ര കിലോമീറ്ററാണ്. രാജ്യത്തെ ഏറ്റവും കൂടുതൽ വനവിസ്തൃതിയുള്ള സംസ്ഥാനങ്ങളിലൊന്നും കൂടിയാണിത്.
തവാങ് ആശ്രമം
അരുണാചൽ പ്രദേശിനെക്കുറിച്ച് പറയുമ്പോൾ തവാങ്ങിനെക്കുറിച്ചു പറയാതെ പോകാനാകില്ല. ഇന്ത്യയിലെ ഏറ്റവും വലുതും ലോകത്തിലെ രണ്ടാമത്തേതുമായ ബുദ്ധാശ്രമമാണ് തവാങ് ബുദ്ധാശ്രമം. ടിബറ്റന്‍ ഭാഷയില്‍ ഗാല്‍ഡന്‍ നംഗ്യാല്‍ ലാത്സെ എന്നാണ് തവാങ് ആശ്രമം അറിയപ്പെടുന്നത്. തെളിഞ്ഞ ആകാശത്തിലെ സ്വര്‍ഗ്ഗീയ പറുദ്ദീസ എന്നാണ് ഇതിനര്‍ഥം.
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദീപാലം
അരുണാചൽ പ്രദേശിലെ മറ്റൊരു കാഴ്ച ഇവിടുത്തെ ധോല സാദിയ പാലം ആണ്.
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദീപാലം ആയ ഇത് ഭൂപെൻ ഹസാരിക സേതു എന്നും അറിയപ്പെടുന്നു. അരുണാചൽ പ്രദേശിനെ അസമുമായി ബന്ധിപ്പിക്കുന്ന പാലത്തിന് 9 കിലോമീറ്ററിലധികം നീളമുണ്ട്. ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള യാത്രാ സമയം 6 മണിക്കൂറിൽ നിന്ന് ഒരു മണിക്കൂറായി ഇത് കുറയ്ക്കുന്നു.
ഇന്ത്യയുടെ ഓർക്കിഡ് സംസ്ഥാനം
അരുണാചൽ പ്രദേശിന്‍റെ മറ്റൊരു പേരാണ് ഓർക്കിഡ് സംസ്ഥാനം എന്നത്. കുറഞ്ഞത് 700 ഇനം ഓർക്കിഡുകൾ ഇവിടെ കണ്ടെത്തിയിട്ടുണ്ട്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












