കാടിനു നടുവിലെ തടാകത്തിലൂടെ ഒരു യാത്ര.. സാഹസികത ഇത്തിരിയൊന്നും പോരാ ഇങ്ങനെയൊയു യാത്രയ്ക്കിറങ്ങുവാൻ. എന്നാൽ ഈ യാത്ര മുളകൾ ചേർത്തു കെട്ടിയ ചങ്ങാടത്തിലൂടെ ആണെങ്കിലോ... അതിഗംഭീരം അല്ലേ? പോകുന്ന വഴിയിൽ കാട്ടു മൃഗങ്ങളുടെ അത്യുജ്വല കാഴ്ചകളും കൂടിയാണെങ്കിൽ സംഗതി പൊളിക്കും.
മരക്കൊമ്പുകൾ ഉയർന്നു നിൽക്കുന്ന തടാകത്തിലു നടുവിലൂടെ, പുലരിയുടെ ഭംഗി ആസ്വദിച്ച്, സൂര്യവെളിച്ചം അരിച്ചിറങ്ങുന്ന കാഴ്ച കണ്ട് പച്ചപ്പിന്‍റെ തീരാത്ത അനുഭവങ്ങളിലൂടെ ഒരു യാത്ര പോയാലോ നമുക്കും. സാഹസികതയും ആവേശവും ഒരുപോലെ ചേരുന്ന ഈ മുളംചങ്ങാടത്തിലുള്ള യാത്ര തേക്കടി പെരിയാർ ടൈഗർ റിസർവ് ആണ് ഒരുക്കിയിരിക്കുന്നത്.

PC: Periyar Tiger Reserve Webiste
പുലരി മുതൽ സായാഹ്നം വരെ തടാകും കാടും വന്യമൃഗങ്ങളും ഒക്കെ കണ്ടും അനുഭവിച്ചും വരുന്ന യാത്ര ആർക്കും ബുക്ക് ചെയ്യാം. അവധിക്കാലം വ്യത്യസ്തമാക്കാൻ ആഗ്രഹിക്കുന്നവർക്കും നാട്ടില്‍ അവധിക്കെത്തി എവിടെയൊക്കെ പോകണം എന്നറിയാതെ കൺഫ്യൂഷനടിച്ച് ഇരിക്കുന്നവർക്കും ഇങ്ങനെ വ്യത്യസ്തമായ ഒരു യാത്ര പ്ലാൻ ചെയ്യാം.
റാഫ്ടങ്ങും ഹൈക്കിങും ആയി ഇതേവരെ കാണാത്ത, പരിചിതമല്ലാത്ത തേക്കടിയുടെയും പെരിയാർ കടുവാ സങ്കേതത്തിന്‍റെയും കാഴ്ചകളാണ് ഈ യാത്രയിലുടനീളം കാത്തിരിക്കുന്നത്. ഇവിടുത്തെ ഏറ്റവും സമ്പന്നമായ ജൈവവൈവിധ്യത്തിനു നടുവിലൂടെ പോകുന്ന യാത്രയിൽ പക്ഷികളും മൃഗങ്ങളും അപൂർവ്വമായ നീലഗിരി മലയണ്ണാൻ ഉള്ളവ നിങ്ങളുടെ കണ്‍മുന്നിലൂടെ കടന്നു പോകും.
രാവിലെ എട്ടു മണിക്ക് തേക്കടി ബോട്ട് ലാൻഡിങ്ങിൽ നിന്നാണ് യാത്ര ആരംഭിക്കുന്നത്. ചങ്ങാടത്തിൽ കയറുന്നതിന് മുൻപേ തന്നെ വ്യത്യസ്തങ്ങളായ കാടിന്‍റെ കാഴ്ചയിലൂടെ കടന്നു പോകും. അപ്പോൾ തന്നെ എന്തുതരം യാത്രയാണ് കാത്തിരിക്കുന്നതെന്ന് ഒരു ചെറിയ സൂചന കിട്ടും. പിന്നെ സാഹസികതയുടെ അങ്ങേയറ്റം സമ്മാനിക്കുന്ന മുളംചങ്ങാടത്തിൽ കയറിയാൽ പിന്നെ യാത്രയുടെ യഥാര്‍ത്ഥ രസം തുടങ്ങുകയായി.
തേക്കടി തടാകത്തിനു നടുവിലൂടെ ഗൈഡുകൾക്കൊപ്പം ഇരുന്ന് കഥകൾ കേട്ട്, തീരത്ത് മേയാൻ വരുന്ന ആനക്കൂട്ടത്തിൻറെയും കാട്ടുപോത്തിൻകൂട്ടങ്ങളുടെയും ഭംഗി ആസ്വദിച്ച് യാത്ര മുന്നോട്ട് പോകും. മലനിരകൾ നാലുപാടും മൂടിയ പ്രദേശത്തിന്റെ കാഴ്ച തടാകത്തിലെ വെള്ളത്തിൽ പ്രതിഫലിച്ച് കാണുന്ന കാഴ്ചയും ഇവിടെ ആസ്വദിക്കാനുണ്ട്.
ആയാസമൊന്നും അറിയാതെ, ഏറ്റവും വ്യത്യസ്തമായി കാടിനെ അറിയാനും ആസ്വദിക്കാനുള്ള ഒരു പാക്കേജാണിത്. കരയിലിറങ്ങി ഒരു ചെറിയ ഹൈക്കിങ് നടത്താനുള്ള സൗകര്യവും ബാംബൂ റാഫ്ടിങ് പാക്കേജിന്‍റെ ഭാഗമാണ്. നടന്നുള്ല കാഴ്ചകൾ കഴിഞ്ഞ് ഏകദേശം അഞ്ച് മണിയോടെ ബോട്ട് ലാന്‍ഡിങ്ങിലേക്ക് പോകും.
പെരിയാർ ബാംബൂ റാഫ്ടിങ് പാക്കേജ്
ചുരുങ്ങിയത് രണ്ട് പേരും പരമാവധി 15 പേരും വേണം ഈ പാക്കേജിന്. ആളുകളുടെ എണ്ണം 2-ൽ കുറവാണെങ്കിൽ കുറഞ്ഞ നിരക്ക് ബാധകമാണ്. കാട്ടിലൂടെ വന്യമൃഗങ്ങളെ കണ്ടുള്ള യാത്രയിൽ സുരക്ഷിതത്വം ഉറപ്പു വരുത്താനായി ആയുധമേന്തിയ ഒരു ഗാർഡും നാല് ഗൈഡുകളും സഞ്ചാരികളെ അനുഗമിക്കും. ചായയും പലഹാരവും പാക്ക് ചെയ്ത ഉച്ചഭക്ഷണവും പാക്കേജിന്‍റെ ഭാഗമായി സഞ്ചാരിൾക്ക് ലഭിക്കും.
കൂടാതെ, 12 വയസ്സിന് താഴെയുള്ള കുട്ടികളെ ഈ പ്രോഗ്രാമിലേക്ക് അനുവദിക്കില്ല
പ്രോഗ്രാം ആരംഭിക്കുന്നതിന് 15 മിനിറ്റ് മുമ്പ് ദയവായി റിപ്പോർട്ട് ചെയ്യേണ്ടതാണ്.
പാർക്ക് എൻട്രി, ബസ് ചാർജുകൾ അധികമായിരിക്കും
പാക്കേജ് ആരംഭിക്കുന്ന സ്ഥലം - ബോട്ട് ലാൻഡിംഗ്.
റാഫ്റ്റിംഗിനിടെ ലൈഫ് ജാക്കറ്റ് നിർബന്ധമായും ധരിക്കണം.
പെരിയാർ ബാംബൂ റാഫ്ടിങ് പാക്കേജ് നിരക്ക്, ബുക്കിങ്
ബാംബൂ റാഫ്ടിങ് ഫുൾ ഡേ പാക്കേജിന് ഒരാൾക്ക് 2900 രൂപയാണ് നിരക്ക്,. മുതിർന്നവർക്കും 12 വയസ്സിന് മുകളിലുള്ള കുട്ടികൾക്കും വിദേശികൾക്കും അതേ നിരക്ക് ബാധകമാണ്. ഓണ്‍ലൈൻ ബുക്കിങ് സൗകര്യം ലഭ്യമാണ്. പെരിയാർ ടൈഗർറിസർവ് ഫുൾഡേ ബാംബൂ റാഫ്ടിങ്ങിനെക്കുറിച്ച് അറിയുന്നതിനും ഓണ്ഡലൈൻ ബുക്ക് ചെയ്യുന്നതിനും ഇവിടെ ക്ലിക്ക് ചെയ്യുക.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












