ബെംഗളൂരുവിന്‍റെ മുഖം മാറുകയാണ്. എത്രയൊക്കെ പദ്ധതികള് കൊണ്ടുവന്നാലും പരാജയപ്പെടുത്തുന്ന ഗതാഗതക്കുരുക്കിന് പരിഹാരമുണ്ടാക്കാൻ വമ്പൻ പദ്ധതികളുമായി ബ്രഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) എത്തിയിരിക്കുകയാണ്. ബെഗംളൂരു നിവാസികൾക്ക് മാത്രമല്ല, പല ആവശ്യങ്ങൾക്കായി നഗരത്തിലെത്തുന്നവർക്കും നഗരത്തിലെ യാത്രകൾ എളുപ്പമാക്കാൻ പറ്റുന്ന വിധത്തിലാണിത് രൂപകല്പന ചെയ്തിരിക്കുന്നത്.
ബാംഗ്ലൂരിനെ ഗതാഗതക്കുരുക്കിൽ നിന്ന് മോചിപ്പിക്കുവാനായി ബൃഹത് ബെംഗളൂരു മഹാനഗര പാലികെ പുതിയ ഡബിൾ ഡെക്കർ മേൽപ്പാലങ്ങളും എലിവേറ്റഡ് റോഡുകളും അടിപ്പാതകളും ഉൾപ്പെടുന്ന 15,000 കോടി രൂപ ചെലവുള്ള പദ്ധതിയാണ് മുന്നോട്ടു വെച്ചിരിക്കുന്നത്. 124.7 കിലോമീറ്റര് നീളത്തിലുള്ള നിർദ്ദിഷ്ട പദ്ധതി റോഡുകളിലെ തിരക്ക് കുറയ്ക്കുമെന്നു സമഗ്ര ട്രാഫിക് മാനേജ്‌മെന്‍റ് പ്ലാനിൽ വിശദമാക്കിയിട്ടുണ്ട്.

റോഡുകളിലെ തിരക്ക് കുറയ്ക്കുവാനും ഗതാഗതം സുഗമമാക്കുവാനുമായി ലക്ഷ്യം വെച്ചുള്ള പദ്ധതിയിൽ 11 എലിവേറ്റഡ് റോഡ് പ്രോജക്ടുകളാണ് വരുന്നത്. ന്യൂഡൽഹി ആസ്ഥാനമായുള്ള ആൾട്ടിനോക്ക് കൺസൾട്ടിംഗ് എഞ്ചിനീയറിംഗ് ഇൻകോർപ്പറേറ്റ് തയ്യാറാക്കിയ സാധ്യതാ റിപ്പോർട്ട് പ്രകാരം 11 എലിവേറ്റഡ് റോഡുകളിൽ അഞ്ച് എണ്ണത്തിനു മാത്രമായി 10,000 കോടി രൂപ ചെലവ് വരുമെന്നാണ് വിശദമാക്കിയിട്ടുള്ളതെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
അഞ്ച് ദീർഘദൂര എലിവേറ്റഡ് കോറിഡോറുകൾ
1. 27 കിലോമീറ്റർ ദൈർഘ്യമുള്ള യശ്വന്ത്പൂർ - ഐഐഎസ്‌സി - മെഹ്ക്രി സർക്കിൾ - ജയമഹൽ - സെന്‍റ് ജോൺസ് ചർച്ച് റോഡ് - ഉൾസൂർ ലേക്ക് - ഓൾഡ് മദ്രാസ് റോഡ് - കെആർ പുരം എലിവേറ്റഡ് കോറിഡോർ
2. 15 കിലോമീറ്റർ ദൈർഘ്യമുള്ള നാഗവാര ജങ്ഷൻ - രാമകൃഷ്ണ ഹെഗ്‌ഡെ നഗർ ജങ്ഷൻ - സാംപിഗെഹള്ളി - തിരുമേനഹള്ളി - ബെല്ലാഹള്ളി ജങ്ഷൻ - ബാഗലൂർ മെയിൻ റോഡ് എലിവേറ്റഡ് കോറിഡോർ
3. കെഐഎയിലേക്കുള്ള ലിങ്ക് റോഡ് ഒആർആർ - ഹെന്നൂർ മെയിൻ റോഡ് ജങ്ഷനിൽ നിന്ന് ബാഗലൂർ ജങ്ഷനിലേക്കുള്ള എലിവേറ്റഡ് കോറിഡോർ
4. 15 കിലോമീറ്റർ ദൈർഘ്യമുള്ള മാരേനഹള്ളി മെയിൻ റോഡ് - റാഗിഗുഡ്ഡ - 7th മെയിൻ ജംങ്ഷൻ - കനകപുര മെയിൻ റോഡ് മുതൽ പൈപ്പ്‌ലൈൻ റോഡ് വഴി തലഘട്ടപുര നൈസ് റോഡ് വരെയുള്ള എലിവേറ്റഡ് കോറിഡോർ
5. 10.5 കിലോമീറ്റർ ദൈർഘ്യമുള്ള സ്വാമി വിവേകാനന്ദ മെട്രോ സ്റ്റേഷൻ മുതൽ ഇന്ദിരാനഗർ - ഡോംലൂർ - മഡിവാള വഴി ഹൊസൂർ റോഡിലെ സിൽക്ക് ബോർഡ് ജങ്ഷൻ വരെയുള്ള എലിവേറ്റഡ് കോറിഡോർ പദ്ധതി എന്നിവയാണ് നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള, ഏകദേശം 9,400 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന അഞ്ച് ദീർഘദൂര എലിവേറ്റഡ് കോറിഡോറുകൾ.
ഡബിൾ ഡെക്കർ എലിവേറ്റഡ് കോറിഡോർ
ഇത് കൂടാതെ 13 കിലോമീറ്റർ ദൂരത്തിൽ ഹൊസഹള്ളി മുതൽ കടബഗെരെ ക്രോസ് വരെ മഗഡി റോഡിലൂടെ മെട്രോ പാതയുള്ള ഡബിൾ ഡെക്കർ എലിവേറ്റഡ് കോറിഡോർ പദ്ധതികൾക്ക് 1,560 കോടി രൂപ ചെലവാണ് പ്രതീക്ഷിക്കുന്നത്.
ഇത് കൂടാതെ, ഇന്ത്യൻ റെയിൽവേയുമായി സഹകരിച്ച് മോഹൻ കുമാർ റോഡ് വഴി യശ്വന്ത്പൂർ റെയിൽവേ സ്റ്റേഷന്‍റെ പിൻഭാഗത്തേക്ക് ബിഇഎൽ റോഡ് കവലയെ ബന്ധിപ്പിച്ചുകൊണ്ടുള്ള റ്റൊരു ഡബിൾ ഡെക്കർ കോറിഡോറും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്. 2.2 കിലോമീറ്റർ ദൈർഘ്യമുള്ള പദ്ധതിക്ക് 294 കോടി രൂപയാണ് പ്രതീക്ഷിക്കുന്ന ചെലവ്.
മറ്റു പദ്ധതികൾ
660 കോടി രൂപ ചെലവിൽ മാധവ മുതലിയാർ റോഡ് (ടാനറി റോഡ്) മുതൽ നാഗവാര ജംഗ്ഷൻ വരെ 5.5 കിലോമീറ്റർ,
യെലഹങ്ക ന്യൂ ടൗണിൽ നിന്ന് കെഐഎയിലേക്കുള്ള 4 കിലോമീറ്റർ എലിവേറ്റഡ് കോറിഡോർ,
വെസ്റ്റ് ഓഫ് കോർഡ് റോഡിൽ നിന്ന് പൈപ്പ്‌ലൈൻ റോഡ് (നന്ദിനി ലേഔട്ട്) വഴി ഔട്ടർ റിങ് റോഡിലേക്ക് 480 കോടി രൂപയുടെ എലിവേറ്റഡ് കോറിഡോർ,
കനകപുര മുതൽ ബനശങ്കരി വരെയുള്ള കോണനകുണ്ടെ ക്രോസിൽ 0.9 കിലോമീറ്റർ അടിപ്പാത
0.8 കിലോമീറ്റർ നീളത്തിൽ അഡയാർ രഘുവനഹള്ളി, കനകപുര റോഡ് - ആനന്ദഭവൻ നിർദിഷ്ട മേൽപ്പാലം തുടങ്ങിയ പദ്ധതികളും ബിബിഎംപി നിർദേശിച്ചിട്ടുണ്ട്. ഹ്രസ്വ ദൂര എലിവേറ്റഡ് കോറിഡോർ പദ്ധതികൾ, ഫ്ലൈ ഓവറുകൾ, അണ്ടർപാസുകൾ തുടങ്ങിയവയും ഈ പദ്ധതിയുടെ ഭാഗമായി നിർദ്ദേശിച്ചിട്ടുണ്ട്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












