നവരാത്രി ആഘോഷങ്ങൾക്കു രാജ്യത്ത് തുടക്കമായി. പ്രാർത്ഥനയും ആഘോഷവും ചേർന്ന ഒൻപത് ദിവസങ്ങൾ ആണിനി വരുന്നത്. ഭക്തിയും വിശ്വാസവും ഒരുവശത്ത് സമ്മേളിക്കുമ്പോൾ മറുഭാഗത്ത് തയ്യാറെടുപ്പുകളാണ്. പൂജാ അവധിയുടെ നീണ്ട വാരാന്ത്യങ്ങൾ എങ്ങനെയൊക്കെ ആഘോഷിക്കമെന്നും എവിടെയൊക്കെ സന്ദർശിക്കണം എന്നുമുള്ള ചർച്ചകളുടെ അവസാന ഘട്ടമാണിത്.
ബാംഗ്ലൂരിൽ ജോലി ചെയ്യുന്നവരെ സംബന്ധിച്ചെടുത്തോളം ശനിയും ഞായറും തിങ്കളും ചൊവ്വയും ഉൾപ്പെടെ നീണ്ട അവധികളുടെ വാരാന്ത്യമാണ് വന്നിരിക്കുന്നത്. അതുകൊണ്ടു തന്നെ അടുത്ത യാത്ര എങ്ങോട്ട് എന്നാതായിരിക്കും മിക്കവരുടെയും ആലോചനയും. കണ്ടുവരുന്ന ഒരു ട്രെൻഡ് അനുസരിച്ച് കുറച്ചധികം പേർ മൂന്നാറിലേക്ക് ആവും പൂജാവധി യാത്ര പ്ലാൻ ചെയ്തിരിക്കുന്നതും.

ബാംഗ്ലൂർ-മൂന്നാർ യാത്ര
ബാംഗ്ലൂരിൽ നിന്നും എളുപ്പത്തിൽ, കുറഞ്ഞ ചെലവിൽ പോകാൻ പറ്റിയ ലക്ഷ്യസ്ഥാനം എന്ന നിലയിലാണ് മൂന്നാർ അറിയപ്പെടുന്നത്. നേരിട്ടുള്ള ബസ് സർവീസുകളും സമാനസ്വഭാവമുള്ള മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച് കുറഞ്ഞ യാത്രാ സമയവും പിന്നെ മൂന്നാറിന്റെ പ്രസന്നമായ കാലാവസ്ഥയും ഭൂപ്രകൃതിയും കൂടുതലും ആളുകളെ മൂന്നാറിലേക്ക് എത്തിക്കുന്നു. പാക്കേജുകൾ വഴിയും അല്ലെങ്കിൽ സ്വന്തം പ്ലാൻ ചെയ്തും വരുന്നവരും ഉണ്ട്.
മൂന്നാർ യാത്രയെ രണ്ടു തരത്തിൽ കാണാം. ഒന്ന് പ്രധാന ഇടങ്ങളെല്ലാം കണ്ടു മടങ്ങുന്നതാണ്, പാക്കേജുകൾ വഴി വരുന്നവർ തിരഞ്ഞെടുക്കുന്നതും ഇതാണ്. തനിയെ പ്ലാൻ ചെയ് വരുന്നവർ മൂന്നാറിലെ ചെറിയ കാഴ്ചകൾ കാണാനാണ് താല്പര്യപ്പെടുക. വലിയ പ്രവേശന നിരക്കോ തിരക്കോ ഇല്ലാത്ത സ്ഥലങ്ങള്‍ പരമാവധി ആസ്വദിച്ച് പോകുമ്പോൾ ശരിക്കും ഒരു യാത്രയുടെ സംതൃപ്തിയം ലഭിക്കും.

PC: PTI Images
അവധിക്കാലത്ത് മൂന്നാറിൽ വരുമ്പോൾ
പ്രത്യേകിച്ച് ഒരവധിയല്ല, ഏത് അവധിക്കാലത്തും മൂന്നാറിൽ കുരുക്കും തിരക്കും അധികമാണ്. സാധാരണ വാരാന്ത്യം പോലും മൂന്നാറിൽ സൃഷ്ടിക്കുന്ന കുരുക്കിന് കണക്കില്ല. വളരെ ചെറിയ ഒരിടത്തേയക്ക് അതിന്റെ ശേഷിയിലും അധികത്തിൽ വാഹനങ്ങളും ആളുകളും വരുമ്പോൾ സംഭവിക്കുന്നത് മാത്രമാണ് മൂന്നാറിലും സംഭവിക്കുന്നത്. അതോടെ സുഗമമായ യാത്ര സാധ്യമല്ലാതാവുകയും ബ്ലോക്കും തിരക്കും സംഭവിക്കുകയും ചെയ്യും.
മൂന്നാറിലെ ട്രാഫിക് ബ്ലോക്ക്
ഈ പൂജാ അവധിക്ക് മൂന്നാറിൽ വരാൻ പ്ലാൻ ഉണ്ടെങ്കിൽ നിങ്ങളെ ഏറ്റവുമധികം ബാധിക്കുക ഇവിടുത്തെ ബ്ലോക്ക് തന്നെയാണ്. പ്രധാനപ്പെട്ട ഒറ്റ റോഡ് മാത്രമേ ഉള്ളൂവെന്നതിനാൽ കുരുക്കിൽ പെട്ടാൽ അത് മാറുന്നതു വരെ അവിടെ കിടക്കുക മാത്രമേ രക്ഷയുള്ളൂ. എവിടേക്കും അനങ്ങാൻ പോലും സാധിക്കാതെ മണിക്കൂറുകൾ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ട ഒരുപാട് കഥകൾ ഇങ്ങനെ വാരാന്ത്യങ്ങളിലും നീണ്ട അവധികളിലും വന്നവർക്ക് പറയുവാനുണ്ട്.

അതിരാവിലെ , ഒരുപാട് ആളുകൾ വരുന്നതിന് മുൻപ് തന്നെ മൂന്നാറിൽ കടക്കാൻ കഴിഞ്ഞാല്‍ ഒരുപരിധി വരെ തിരക്കിൽ പെടാതിരിക്കാം. അല്ലെങ്കിൽ മുൻകൂട്ടി താമസം ശരിയാക്കി വന്നാലും കുറച്ചൊക്കെ പരിഹാരം ലഭിക്കും.
മൂന്നാറിലെ പാർക്കിങ്
ടൂറിസ്റ്റ് സീസണിൽ മൂന്നാറിൽ എത്തുന്നവരെ കാത്തിരിക്കുന്ന മറ്റൊരു കെണിയാണ് പാർക്കിങ്. മൂന്നാറിന്റെ വഴിയോരങ്ങളും സൈഡ് റോഡുകളും ഹോട്ടലുകളും എല്ലാം വാഹനങ്ങളാൽ നിറഞ്ഞിരിക്കും. ഒന്നു നിര്‍ത്തിയിറങ്ങി വരാൻ പോലും സാധിക്കാത്ത വിധത്തിൽ ചിലപ്പോൾ ഇവിടെ സ്ഥലം കിട്ടാതെ വരും. ദൂരെ നിന്നും വരുന്നവർക്ക് പാർക്കിങ് കിട്ടാതെ വന്നാൽ പിന്നെ യാത്ര ആസ്വദിക്കാനേ ആയെന്നു വരില്ല.
നീണ്ട ക്യൂ
മൂന്നാർ, മാട്ടുപെട്ടി, ഇരവികുള ദേശീയോദ്യാനം, ടോപ് സ്റ്റേഷൻ, ടീ മ്യൂസിയം എന്നിങ്ങനെ ടിക്കറ്റ് എടുത്തു കയറേണ്ട ഇടങ്ങളിലെല്ലാം തുറക്കുന്നതിനു മുൻപു തന്നെ നീണ്ട ക്യൂ കാണാം. വളരെ തിരക്കേറിയ ഷെഡ്യൂളിൽ മൂന്നാർ കാണാൻ വരുന്നവരാണെങ്കിൽ ഇത് നിങ്ങളുടെ പ്ലാനുകളെല്ലാം തകർക്കും എന്ന കാര്യത്തിൽ സംശയം വേണ്ട.
ശ്രദ്ധിക്കാം
മുകളിൽ പറഞ്ഞ പ്രശ്നങ്ങൾ ഒറ്റയടിക്ക് ഇല്ലാതാക്കി ഒരു യാത്ര ഏതായാലും ഇപ്പോള്‍ സാധ്യമല്ല. അതുകൊണ്ട് ചില കാര്യങ്ങളിൽ ശ്രദ്ധിച്ച് മൂന്നാറിലേക്ക് പോയാൽ യാത്ര വലിയ ബുദ്ധിമുട്ടില്ലാതെ പൂർത്തിയാക്കാം. താമസസൗകര്യം നേരത്തെ ബുക്ക് ചെയ്ത് വരാം കൂടാതെ അതിരാവിലെ മൂന്നാറിൽ എത്താനും ശ്രദ്ധിക്കുക. മൂന്നാറിൽ നിങ്ങൾ കാണാന് ആഗ്രഹിക്കുന്ന ഇടങ്ങൾ ഏതൊക്കെയെന്ന് നേരത്തെ പ്ലാന്‍ ചെയ്ത് എങ്ങനെ പോകണമെന്ന് ഓർഡർ തയ്യാറാക്കി പോകുന്നതായിരിക്കും നല്ലത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













