ബെംഗളൂരു യാത്ര: ബാംഗ്ലൂരില്‍ ഒരു പകലിലെ ചെറു യാത്ര മുതൽ പോയാൽ പിന്നെ വരാനേ തോന്നിക്കാത്ത ഇടങ്ങളടക്കം കാണേണ്ടതായ കുറേ സ്ഥലങ്ങളുണ്ട്. കേട്ടു പരിചയമുള്ള സ്ഥലങ്ങളിലേക്ക് വീണ്ടും വീണ്ടും പോകുന്നതിനു പകരം ഒത്തിരിപ്പേരൊന്നും കണ്ടിട്ടില്ലാത്ത, എന്നാല് ബെംഗളൂരുവിൽ ജീവിക്കുമ്പോൾ ഉറപ്പായും പോകാൻ പറ്റിയ നിരവധി സ്ഥലങ്ങൾ മലയാളം നേറ്റീവ് പ്ലാനറ്റ് വായനക്കാർക്കായി പരിചയപ്പെടുത്തിയിട്ടുണ്ട്.
ഇത്തരത്തിൽ ഒരു പകൽ മാത്രം സമയത്തിൽ ബാംഗ്ലൂരിൽ നിന്ന് പോകാൻ പറ്റിയ ഒരു സ്ഥലമാണ് യതിരാജ സ്വാമി ബേട്ട.കുറച്ച് നടത്തവും പാറ കയറ്റവും മാത്രമല്ല, നിർത്താതെ വീശുന്ന കാറ്റും പുല്ലും കല്ലും ഒക്കെ താണ്ടി, താഴ്വാരങ്ങളിലെ അതിമനോഹരമായ കാഴ്ചകൾ ആസ്വദിച്ച് മടുക്കാതെ പോയി വരാന്‍ പറ്റിയ ഒരു സ്ഥലം കൂടിയാണ് യതിരാജ സ്വാമി ബേട്ട. ഒത്തിരി നടക്കാനും കയറ്റം കയറുവാനും ഇഷ്ടമില്ലാത്ത സുഹൃത്തുക്കളെ കൂട്ടി വരാന് പറ്റയ പെർഫെക്ട് സ്ഥലം!

ബെംഗളൂരുവിൽ നിന്ന് വെറും 50 കിലോമീറ്റർ മാത്രം അകലെയാണ് യതിരാജ സ്വാമി ബേട്ട. രാവിലെ ഒരു ആറ് മണിക്ക് ഇറങ്ങിയാല് തിരക്കും വെയിലും ഇല്ലാതെ ഏഴ് മണിയോടെ സ്ഥലത്തെത്താം. ഗൂഗിൾ മാപ്പ് നോക്കിയാണ് പോകുന്നതെങ്കിൽ രാമനഗര കയറാതെ ഒരു വഴി കാണാം. നഗരത്തിരക്കിൽ നിന്ന് മാറി, ഗ്രാമീണ ഭംഗിയും ഗ്രാമങ്ങളും ആസ്വദിച്ചുള്ള യാത്രയാണ് ഈ റൂട്ട് നിങ്ങൾക്ക് തരുന്നത്. മാവിൻ തോട്ടങ്ങളും കൃഷിയിടങ്ങളും ഒക്കെ കണ്ട് പോകാം.
ഈ യാത്ര ചെന്നു നിൽക്കുന്നത് ഒരു കവാടത്തിലാണ്, ഇവിടെ വണ്ടി പാർക്ക് ചെയ്ത് യഥാർത്ഥ യാത്ര തുടങ്ങാം. മരങ്ങളും കുറ്റിച്ചെടികളും കുന്നും ഒക്കെയായി കാഴ്ചകൾ കണ്ട് നടക്കാം. പാറയിൽ കൊത്തിയ പടികളിലൂടെ നടന്നു കയറുന്നതാണ് ഏറ്റവും എളുപ്പം. മുന്നോട്ടുപോകും തോറും സമീപത്തെ മലകളും കുന്നുകളും ദൃശ്യമായി തുടങ്ങും. കണ്ണിന് ആശ്വാസം പകരുന്ന ഒത്തിരി കാഴ്ചകൾ ഈ നടത്തത്തിൽ നിങ്ങള്‍ക്ക് കാണാം. അതിലൊന്ന് പാറകൾക്കു നടുവിലുള്ള കുളമാണ്. കടുംപച്ച നിറത്തിൽ വെള്ളമുള്ള ഈ കുളത്തിനു മൂന്നു വശവും പാറകളാണ്. നല്ല തണുത്ത വെള്ളം യാത്രയുടെ ക്ഷീണം മാറ്റാൻ നല്ലതാണ്.
കുറച്ചു കൂടി നടക്കുമ്പോഴേയ്ക്കും കുന്നിനു മുകളിലെത്തും. മുകളില് അങ്ങനെ തണലിലോ കയറിയിരിക്കുവാനോ പറ്റിയ സ്ഥലങ്ങളൊന്നുമില്ല. പഴയ കുറച്ച് നിർമ്മിതികളും അതിന്‍റെ അവശേഷിപ്പുകളും മാത്രമേ ഇവിടെയുള്ളൂ. ഇവിടെ നിന്ന് കാഴ്ചകളൊക്കെ കണ്ട് താഴേക്ക് ഇറങ്ങുമ്പോൾ ചെറുതെങ്കിലും മനോഹരമായ ഒരു ഗുഹാ ക്ഷേത്രം കാണാം, അതിനടുത്തായി ചെറിയൊരു ഉറവയും ഉണ്ട്.
പാറക്കെട്ടിന്‍റെ ഒരു വശത്തായാണ് യതിരാജ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. യതിരാജ ഭഗവാന് സമര്‍പ്പിതമായ ഒരു ചെറിയ ക്ഷേത്രമാണ് ഇത്. ഇവിടെ നിന്ന് പാറകൾക്കും മലകൾക്കും അപ്പുറത്തായി സൂര്യനസ്തമിക്കുന്ന കാഴ്ച അതിമനോഹരമാണ്. വൈകുന്നേരങ്ങളില് എത്തുന്ന വിധത്തിൽ യാത്ര പ്ലാൻ ചെയ്യുന്നതാണ് നല്ലത്.
ബെംഗളൂരുവിൽ നിന്ന് 50 കിമി ദൂരത്തിലാണ് യതിരാജ സ്വാമി ബേട്ടാ സ്ഥിതി ചെയ്യുന്നത്. രാമനഗര്‍ - മഗഡി സംസ്ഥാന പാതയില്‍ നിന്ന് ഇവിടേക്ക് എത്താം. ബെംഗളൂരുവിൽ നിന്ന് ഒന്നേകാൽ മണിക്കൂർ സമയം യാത്രയ്ക്കായി വേണ്ടി വരും. രാമനഗരയിൽ നിന്ന് 10 കിലോമീറ്റർ മാത്രമേ ഇവിടേക്ക് ദൂരമുള്ളൂ. താഴെ നിന്ന് മുകളിൽ ക്ഷേത്രത്തിനടുത്തേയ്ക്ക് നടന്നു കയറാൻ 30 മിനിറ്റ് സമയം മതിയാകും.
അധികം ആരോഗ്യമില്ലാത്തവർക്കും നടക്കാൻ മടിയുള്ളവർക്കും ഒക്കെ ധൈര്യമായി വരാൻ പറ്റുന്ന സ്ഥലമാണിത്. അത്യാവശ്യം ആരോഗ്യമുണ്ടെങ്കിൽ പാറയിലൂടെ നടന്നു കയറാം, അത്യാവശ്യം വെള്ളവും സ്നാക്സും കയ്യിൽ കരുതുന്നത് നല്ലതാണ്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications











