ചെറിയ സമയത്തിൽ ഒത്തിരി കാഴ്ചകളും സാഹസികതകളും തേടുന്നവരാണ് എല്ലാ സഞ്ചാരികളും... ബാംഗ്ലൂർ യാത്രികരുടെയും ആഗ്രഹം മറിച്ചൊന്നുമായിരിക്കില്ല. പരമാവധി കുറഞ്ഞ യാത്രയിൽ കൂടുതൽ ഇടങ്ങള്‍ കണ്ടു തീർക്കാന് പറ്റിയ ഒരു ട്രിപ്പ്. വരുന്ന കുറച്ച് യാത്രകൾ ഇങ്ങനെ നമുക്ക് പ്ലാൻ ചെയ്താലോ...
ബാംഗ്ലൂർ നഗരത്തിനു ചുറ്റിലുമായി സ്ഥിതി ചെയ്യുന്ന , വെറും 50 കിലോമീറ്ററിനുള്ളിൽ എത്തിച്ചേരാൻ സാധിക്കുന്ന ഇടങ്ങൾ ബെംഗളുരു ഏകദിന യാത്രകൾക്ക് ഏറ്റവും പറ്റിയ സ്ഥലങ്ങളാണ്. ചെറിയ യാത്രകളും വലിയ സന്തോഷങ്ങളും നല്കുന്ന ബാംഗ്ലൂരിലെ ഇടങ്ങൾ പരിചയപ്പെട്ടാലോ..

ബന്നാർഗട്ട ദേശീയോദ്യാനം
ബാംഗ്ലൂർ കാണാനെത്തന്നവർ ആദ്യ ദിവസങ്ങളില് തന്നെ പോകുന്ന ഇടമാണ് ബന്നാർഗട്ട ദേശീയോദ്യാനം. നഗരത്തിന്‍റെ തിരക്കുകളിൽ നിന്നും മാറി, എന്നാലോ നഗരത്തിനു നടുവിൽ തന്നെയായി സ്ഥിതി ചെയ്യുന്ന ഈ ദേശീയോദ്യാനം ഇന്ത്യയിലെ ഏറ്റവും ജനസാന്ദ്രതയേറിയ ദേശീയോദ്യാനം കൂടിയാണ്. 1974 ൽ ദേശീയോദ്യാനമായി മാറിയ ബന്നാര്‍ഗട്ടെയുടെ ഭാഗമായി ഒരു ബയോളജിക്കൽ പാർക്കും കൂടിയുണ്ട്.
ബാംഗ്ലൂരിൽ നിന്നും വെറും 23 കിലോമീറ്റർ ദൂരം മാത്രമേ ബന്നാർഗട്ടയിലേക്ക് യാത്രയുള്ളൂ. അതിനാൽ ഏകദിന യാത്രകൾക്കും പെട്ടന്നുള്ള ട്രിപ്പുകൾക്കും ആദ്യം തന്നെ തിരഞ്ഞെടുക്കാനും പറ്റുന്നതാണ് ഈ ദേശീയോദ്യാനം. മൃഗശാല, ബയോളജിക്കൽ പാർക്ക്, ബട്ടർഫ്ലൈ പാർക്ക് എന്നിവയും ഇവിടെ കാണാം. വർഷത്തിൽ എപ്പോൾ വേണമെങ്കിലും ഇവിടേക്ക് വരാമെങ്കിലും ഒരു സഞ്ചാരി എന്ന നിലയിൽ യാത്ര പ്ലാൻ ചെയ്യുമ്പോൾ സെപ്റ്റംബർ മുതൽ ജനുവരി വരെയുള്ള സമയം അനുയോജ്യമാണ്.
ജനപദ ലോക മ്യൂസിയം
ബാംഗ്ലൂരിലെ പല ഇടങ്ങളും മ്യൂസിയങ്ങളും പരിചയമുണ്ടാകുമെങ്കിലും ജനപദ ലോക മ്യൂസിയം അറിയുന്നവർ ചുരുക്കമാകും. ഓപ്പൺ എയർ മ്യൂസിയം ആയ ജനപദ ലോക ബാംഗ്ലൂർ-മൈസൂർ ഹൈവേയിൽ രാംനഗരയിലാണ് സ്ഥിതി ചെയ്യുന്നത്. കർണാടകയിലെ നാടോടി പാരമ്പര്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും രേഖപ്പെടുത്തുന്നതിനുമുള്ള ലക്ഷ്യത്തോടെയാണ് ജനപദ ലോക മ്യൂസിയം തുടങ്ങിയത്.
15 ഏക്കർ സ്ഥലത്തിനുള്ളിലായി സ്ഥിതി ചെയ്യുന്ന മ്യൂസിയം നാടൻ കലാരൂപങ്ങളുടെയും കഥപറച്ചിലുകളുടെയും സാംസ്കാരികവും സൗന്ദര്യപരവുമായ മാനങ്ങൾ ആണ് ഇവിടെ നിങ്ങൾക്ക് ദർശിക്കാൻ സാധിക്കുക. മഹാദ്വാര, ചിത്രകൂടീര, ശില്പമാല, ലോകമഹാൽ, ഓപ്പൺ എയർ തിയേറ്റർ, ലോകസരോവര, സരസ്വതി മന്ദിര, വീഡിയോസ്കോപ്പ് തിയേറ്റർ, ദൊഡ്ഡ മനെ തുടങ്ങിയ സ്ഥലങ്ങൾ ഇവിടെ കാണാം.
നെലമംഗല
ബാംഗ്ലൂരിൽ നിന്നുള്ള യാത്രകൾക്ക് നീണ്ട ആലോചനയില്ലാതെ തിരഞ്ഞെടുക്കാൻ പറ്റിയ സ്ഥലങ്ങളിലൊന്നാണ് നെലമംഗല. ബെംഗളുരുവിൽ നിന്നും 30 കിലോമീറ്റർ ഉള്ളിലായി സ്ഥിതി ചെയ്യുന്ന ഇവിടം ആത്മീയ യാത്രികരുടെ സങ്കേതങ്ങളിലൊന്നായാണ് അറിയപ്പെടുന്നത്. ബാംഗ്ലൂരിനടുത്തുള്ള ഒരു ക്ഷേത്ര നഗരമായി അറിയപ്പെടുന്ന ഇവിടെ കാണാന് വേറെയും കാഴ്ചകളുണ്ട്. ഇവിടെ തന്നെ തയ്യാറാക്കുന്ന പട്ടുവസ്ത്രങ്ങളും കരകൗശല വസ്തുക്കളും അഗർബത്തിയും വാങ്ങാതെ മടങ്ങുകയും അരുത്.
തുറഹള്ളി ഫോറസ്റ്റ്
പ്രകൃതിയോട് ചേർന്നുള്ള നടത്തമാണ് ബാംഗ്ലൂരിലെ തുറഹള്ളി ഫോറസ്റ്റ് തരുന്നത്. ശാന്തവും മനോഹരവും തിരക്കില്ലാത്തതുമായ ഇവിടം ചെറിയ ഒരു ഡ്രൈവിനും നടത്തത്തിനും പറ്റിയ ഇടമാണ്. ബാംഗ്ലൂര്‍ സിറ്റിയിൽ നിന്നും 20 കിലോമീറ്ററില് താഴെയേ ഇവിടേക്കുള്ള ദൂരമുള്ളൂ. കനകപുര റോഡ് വഴി ഇവിടേക്ക് വരാം. ബാംഗ്ലൂരിന് ഏറ്റവും അടുത്തുള്ള, വളരെ വേഗത്തിൽ എത്തിച്ചേരാൻ കഴിയുന്ന ഇവിടം സൈക്ലിങ് റൂട്ട് കൂടിയാണ്. ഏതു സമയത്തും പ്രവേശനം സാധ്യമാകുന്ന ഇവിടേക്ക് സൗജന്യമായി എത്താം. പാറക്കെട്ടുകൾക്കു മുകളിലെ മരത്തിനോട് ചേർന്നുള്ള ശനി ക്ഷേത്രമാണ് ഇവിടുത്തെ മറ്റൊരു ആകര്‍ഷണം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












