ബാംഗ്ലൂർ യാത്രകളില്‍ ഏറ്റവും കൂടുതൽ പോകണമെന്നാഗ്രഹിക്കുന്ന സ്ഥലങ്ങളിലൊന്നാണ് മൈസൂർ. മൈസൂർ കൊട്ടാരവും മൃഗശാലയും പൈതൃകവും ചരിത്രവും നിറഞ്ഞു നിൽക്കുന്ന നഗരവും ഇവിടുത്തെ മാർക്കറ്റുകളും രുചിയിടങ്ങളും ചാമുണ്ഡി ഹിൽസും കണ്ടു വരുവാൻ ഒട്ടും ബുദ്ധിമുട്ടില്ലതാനും. എന്നിരുന്നാലും പല കാരണങ്ങളാൽ മൈസൂർ യാത്ര നീണ്ടുപോകുന്നു എന്നൊരു പരാതിയുണ്ടോ?
എങ്കിൽ ഇതാ വെറും ഒരു പകലിൽ മൈസൂർ കണ്ടുവന്നാലോ? പ്രധാനപ്പെട്ട സ്ഥലങ്ങളൊന്നും വിട്ടുപോകാതെ, മൈസൂരിന്‍റെ കാഴ്ചകളും രുചിയും മണവും നിറവുമെല്ലാം കണ്ടറിഞ്ഞ് ഒരു ചെറിയ യാത്ര. അതും വലിയ ചെലവില്ലാതെ ബാംഗ്ലൂരിൽ നിന്നാരംഭിച്ച് തിരികെ ബാംഗ്ലൂരിൽ തന്നെ എത്തിക്കുന്ന വിധത്തിൽ ഒരു പാക്കേജ്!

മൈസൂർ സൈറ്റ് സീയിങ് പാക്കേജ്
കർണ്ണാടക ടൂറിസം ഡെവലപ്മെന്‍റ് കോർപ്പറേഷന്‍ നടത്തുന്ന മൈസൂർ സൈറ്റ് സീയിങ് പാക്കേജ് ഒരു ദിവസത്തെ അവധിയിൽ മൈസൂർ കാണാൻ ആഗ്രഹിക്കുന്നവർക്കാണ്. തിരക്കിട്ട ജീവിത്തിൽ മൈസൂർ കണ്ട് വരാൻ ഈ പാക്കേജ് മതിയാവും. പോക്കറ്റ് കാലിയാക്കാതെ പോയി വരാം എന്നതാണ് മറ്റൊരു പ്രത്യേകത.
രാവിലെ 6.30ന് യശ്വന്ത്പൂർ ബി എം ടി സി ബസ് സ്റ്റാൻഡിൽ നിന്നും യാത്ര ആരംഭിക്കും. പ്രഭാത ഭക്ഷണം ബിദാദിയിലെ കമ്മത്ത് റസ്റ്റോറന്‍റിൽ ആണ് ഒരുക്കിയിരിക്കുന്നത്. അരമണിക്കൂറാണ് ബ്രേക്ഫാസ്റ്റ് ബ്രേക്ക്. 9.00 മണിയോടെ യാത്ര പുനരാരംഭിച്ച് പത്തരയോടെ ശ്രീരംഗപട്ടണയിലെത്തും. ദാരിയ ദൗലത്ത്, ശ്രീരംഗപട്ടണം കോട്ട, ശ്രീ രംഗനാഥ സ്വാമി ക്ഷേത്രം എന്നിവിടങ്ങൾ കാണും.

തുടർന്ന് 12.30ന് മൈസൂരിന്‍റെ അടയാളങ്ങളിലൊന്നായ സെന്‍റ് ഫിലോമിനാസ് ചർച്ച് കാണുവാനാണ്. ഗോഥിക് ശൈലിയിൽ നിർമ്മിച്ചിരിക്കുന്ന ഈ ദേവാലയം മൈസൂരിൽ നിർബന്ധമായും കാണേണ്ട ഒരു സ്ഥലമാണ്. വലയി കവാടങ്ങളും നിറങ്ങൾ നല്കിയ ചില്ലുകളും ചിത്രപ്പണികളും ജാലകളും ഉള്ളിലേക്കു കയറുമ്പോൾ നമ്മെ അത്ഭുതപ്പെടുത്തും.
തുടർന്ന് ഒന്നരയോടെ ചാമുണ്ഡേശ്വരി ക്ഷേത്രം കാണാനായി പോകും. മൈസൂര് നഗരത്തിന്റെ ആകാശക്കാഴ്ച കാണാൻ ഇവിടുത്തെ വ്യൂ പോയിന്‍റിൽ നിന്നാൽ മതി. രണ്ടര മണിക്ക് ഹോട്ടൽ മയൂര ഹൊയ്സലയിലാണ് ഉച്ചഭക്ഷണം ഏർപ്പെടുത്തിയിരിക്കുന്നത്. മൂന്നരയോടെ മൈസൂർ പാലസ് കാണാനായി പോകും. അംബാ വിലാസ് കൊട്ടാരം എന്നാണ് ഇതിന്റെ ശരിയായ പേര്. ഓരോ വർഷവും വിദേശികളും സ്വദേശികളുമയ ലക്ഷക്കണക്കിന് സഞ്ചാരികളാണ് ഇവിടം സന്ദർശിക്കുന്നത്.
കൊട്ടാരം കണ്ടിറങ്ങി മൈസൂര്‍ സൂ കാണാനായി പോകും. ചൊവ്വാഴ്ചകളിൽ മൃഗശാല അവധിയായതിനാൽ ആ ദിവസം യാത്ര പ്ലാൻ ചെയ്താൽ മൈസൂർ സൂ കാണാതേ പോകേണ്ടി വരും. തുടർന്ന് ആറു മണിക്ക് വൃന്ദാവൻ ഗാർഡൻ കാണുവാനായി പോകും. 9.15ന് ഹോട്ടൽ മയൂര റിവർവ്യൂവിൽ നിന്ന് അത്താഴം കഴിച്ച് 11.30 ഓടെ ബാംഗ്ലൂരിൽ മടങ്ങിയെത്തുന്ന വിധത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.
യാത്രക്കാരുടെ എണ്ണമനുസരിച്ച് എല്ലാ ദിവസവും പോകുന്ന തരത്തിൽ യാത്ര ക്രമീകരിക്കും. ഒരാൾക്ക് 850 രൂപയാണ് ടിക്കറ്റ് നിരക്ക. യാത്രയെക്കുറിച്ച് കൂടുതൽ അറിയുവാൻ 91 80-4334 4334 എന്ന നമ്പറിൽ ബന്ധപ്പെടാം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













