ഇത്തവണയും പതിവ് തെറ്റിയിട്ടില്ല. ജൂലൈ പകുതി ആയപ്പോഴേക്കും ഗുണ്ടൽപ്പേട്ടിന്‍റെ നിറം മാറിത്തുടങ്ങി. പച്ചപ്പ് മെല്ലെ സ്വർണ്ണ വർണ്ണത്തിന് വഴി മാറുന്ന നേരമാണിത്. കണ്ണെത്തുന്നിടത്തെല്ലാം മഞ്ഞ നിറത്തിൽ സൂര്യകാന്തിപ്പൂക്കൾ പൂത്തുലഞ്ഞ് കിടക്കുകയാണ്. ഒരു മഞ്ഞസാഗരമെന്ന് പറഞ്ഞാലും അതിലൊട്ടും അതിശയോക്തി ഇല്ല. ഗുണ്ടൽപേട്ടിലെ വസന്തകാലം സഞ്ചാരികളുടെ സീസൺ ആണ്. സൂര്യകാന്തിയും ചെണ്ടുമല്ലിയും വാടാമല്ലിയും തേടി സഞ്ചാരികൾ വന്നെത്തുന്ന സമയം.
ബെംഗളുരുവിൽ നിന്ന് വാരാന്ത്യങ്ങളിൽ എവിടേക്ക് പോകണം എന്നാലോചിച്ച് ഇനിയൊട്ടും തല പുകയ്ക്കേണ്ട. ഒരു യാത്ര ഉറപ്പായും ഗുണ്ടൽപേട്ടിലേക്ക് വരണം. ഏക്കറു കണക്കിന് പ്രദേശത്ത് സൂര്യകാന്തി പൂത്തു നിൽക്കുന്ന അതിമനോഹരമായ കാഴ്ചയാണ് ഇവിടെയുള്ളത്. എത്ര കണ്ടാലും തീർന്നു പോകാത്ത വിധത്തിൽ നീണ്ടു കിടക്കുകയാണ് ഈ പൂപ്പാടങ്ങൾ.
ബാംഗ്ലൂരിൽ നിന്ന് ഒറ്റ ദിവസത്തിൽ പോയി വരാൻ സാധിക്കുന്ന ഇമാണ് ഗുണ്ടൽപേട്ട്. സൂര്യകാന്തി പൂവിട്ടു തുടങ്ങിയതോടെ സന്ദർശക പ്രവാഹവും ആരംഭിച്ചിട്ടുണ്ട്. കണ്ണൂർ, വയനാട്, മലപ്പുറം ജില്ലകളിൽ നിന്നു ബെംഗളുരു, മൈസൂർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുമാണ് അധികമാളുകളും എത്തുന്നത്. മഴ മാറി പൂക്കൾ ഉണങ്ങിക്കിട്ടിയാൽ ജൂലൈ അവസാനത്തോടെ ഇവിടെ വിളവെടുപ്പു നടക്കും. അതിനു മുന്നേ വേണം നിങ്ങൾ ഗുണ്ടൽപേട്ടിൽ പോയി വരാൻ.
ഗുണ്ടൽപേട്ട് സെൽഫി സ്പോട്ട്
ബെംഗളുരുവില്‍ നിന്ന് ഫോട്ടോ ലൊക്കേഷനുകൾ തേടിയാണ് വരുന്നതെങ്കിൽ ഗുണ്ടൽപേട്ട് നിരാശപ്പെടുത്തില്ല. സൂര്യകാന്തിപ്പൂക്കളുടെ ഇടയിൽ നിന്ന് ഫോട്ടോ എടുക്കാനും സെൽഫി പകർത്തുവാനുമെല്ലാം ഇവിടെ സൗകര്യമുണ്ട്. പൂപ്പാടങ്ങൾക്കു നടുവിൽ നിന്ന് ഫോട്ടോ പകർത്തുന്നവരും ഒരുപാടുണ്ട്. തോട്ടങ്ങൾ നോക്കി നടത്തുന്നവർ ചെറിയൊരു തുക ഈടാക്കിയാണ് നിങ്ങളെ ഉള്ളിലേക്ക് പ്രവേശിപ്പിക്കുന്നത്.

ബെംഗളുരു-ഗുണ്ടൽപേട്ട് യാത്ര
ബാംഗ്ലൂരിൽ നിന്ന് 205 കിലോമീറ്ററാണ് ഗുണ്ടൽപേട്ടിലേക്കുള്ള ദൂരം. ബെംഗളുരു- മൈസൂർ അതിവേഗ പാതവഴി കയറി മൈസൂരിലെത്തി ഇങ്ങു വന്നാൽ മൂന്നര മണിക്കൂറിൽ ഗുണ്ടൽപേട്ടിലെത്താം. അതിരാവിലെ ഇറങ്ങിയാൽ വെയിൽ ചൂട്
പിടിക്കുന്നതിനു മുൻപേ വരാം. അങ്ങനെയാണെങ്കിൽ നല്ല കാലാവസ്ഥയിൽ സൂര്യകാന്തി പൂക്കളുടെയും പൂപ്പാടങ്ങളുടെയും കാഴ്ച ആസ്വദിക്കാം.
ഈ റൂട്ടിൽ അത്യാവശ്യം ബസ് സർവീസ് ഉണ്ടെങ്കിലും വഴിയിലെ പല കാഴ്ചകളും ബസിനു വന്നാൽ ആസ്വദിക്കാൻ കഴിയാതെ വരും. ഉള്ളിലേക്ക് ഏക്കറു കണക്കിന് സ്ഥലത്ത് പൂക്കളുടെ കാഴ്ച കാണാന്‍ വണ്ടിക്കു തന്നെ വരണം. ഇഷ്ടമുള്ളിടത്തെല്ലാം നിർത്തി ഫോട്ടോയെടുത്ത് ആസ്വദിച്ച് വരാൻ ഇതു തന്നെയാണ് നല്ലത്. മാത്രമല്ല, മടങ്ങുമ്പോൾ ബസ് കാത്തു നിൽക്കാതെ സൗകര്യം പോലെ യാത്ര പ്ലാൻ ചെയ്യുകയും ചെയ്യാം.
ഇനി ബസിനു വന്നാലും വലിയ നഷ്ടമൊന്നും സംഭവിക്കില്ല. എവിടെയാണ് സൂര്യകാന്തി പൂക്കളും പൂപ്പാടങ്ങളും കാണാൻ പറ്റുന്നതെന്ന് ബസിൽ കയറുമ്പോൾ തന്നെ അന്വേഷിച്ച് അവിടെ ഇറക്കാൻ പറയാം. അങ്ങനെ ഇറങ്ങി അത്യാവശ്യം കാഴ്ചകൾ കാണാം. ഉള്ളിലേക്കുള്ള ഇടങ്ങളിലേക്ക് ചെലപ്പോൾ പോകാൻ സാധിച്ചെന്നു വരില്ല. എന്നാലും ഗുണ്ടൽപേട്ട് കാണാനും സെല്‍ഫി എടുക്കാനും ഇത് ധാരാളം. എന്നാൽ നടക്കുന്നതിൽ ഒരു മടിയും ഇല്ലെങ്കിൽ പൂക്കൾ കാണുന്ന ഇടത്തേയ്ക്ക് നേരേ നടന്നോ. ഗ്രാമീണ കാഴ്ചയും കാളവണ്ടിയും തൊഴുത്തുകളും മരങ്ങളും ചെറിയ കോവിലുകളും അടക്കം ഇഷ്ടംപോലെ കാഴ്ചകളാണ് ഉള്ളത്.
മറ്റൊരു കാര്യം തിരികെയുള്ള ബസ് എപ്പോൾ വരുമെന്ന് നേരത്തെ അന്വേഷിച്ച് വയ്ക്കാം. ഈ റൂട്ടിൽ മിക്കവയും കെഎസ്ആർടിസിയുടെ ഇന്‍റർസ്റ്റേറ്റ് ബസുകളായിരിക്കും. അതുകൊണ്ട് വഴിയിൽ എവിടെയെങ്കിലും നിന്നു കൈനീട്ടിയാൽ അത് നിർത്തില്ല. അതിനാൽ ബസ് ഇറങ്ങുമ്പോൾ തന്നെ സ്റ്റോപ്പും തിരികെ ബസിന്‍റെ സയവും അന്വേഷിച്ച് വയ്ക്കുന്നത് മടക്ക യാത്രയ്ക്ക് സഹായിക്കും. പിന്നെ അതനുസരിച്ച് യാത്ര പ്ലാൻ ചെയ്താൽ മതിയല്ലോ.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














