ബെംഗളൂരു യാത്രകളിലെ താരം എന്നും റോഡ് ട്രിപ്പാണ്. ബാംഗ്ലൂരിന്‍റെ കുളിര് നിറഞ്ഞ പ്രഭാതത്തിൽ ഉണർന്ന്, പാക്ക് ചെയ്തുവെച്ച ബാഗും എടുത്ത് തണുപ്പിനെയും നഗരത്തെയും പിന്നിലാക്കിയുള്ള യാത്രകൾ. തനിയെ പോകാൻ പറ്റിയിട്ടില്ലെങ്കിൽ പോലും അടുത്ത സുഹൃത്തുക്കള്‍ക്കൊപ്പമോ കുടുംബത്തിനൊപ്പമോ ഇങ്ങനെ കുറച്ച് യാത്രകൾ ബാംഗ്ലൂരുകാര്‍ പോയിട്ടുണ്ടാവും. അല്ലെങ്കിലും ബാംഗ്ലൂരിൽ നിന്ന് തുടങ്ങുന്ന റോഡ് ട്രിപ്പുകൾക്ക് എന്നും വേറെ വൈബ് ആണ്.
പച്ചപ്പ് നിറഞ്ഞ കാലാവസ്ഥയും കുന്നുകളും മലകളും അവയ്ക്കിടിലൂടെ അറ്റം കാണാത്ത പോലെ നീണ്ടു കിടക്കുന്ന വഴികളിലൂടെ യാത്ര പോകാൻ ചാടിപ്പുറപ്പെടുന്ന ബെംഗളുരുകാർക്ക് ഇനി വരുന്ന യാത്രകളിൽ ഉൾപ്പെടുത്താൻ പറ്റിയ കുറച്ചിടങ്ങളാണ് മലയാളം നേറ്റീവ് പ്ലാനറ്റ് ഇന്ന് പരിചയപ്പെടുത്തുന്നത്. ഒരുപാട് ലീവ് കിട്ടുന്നത് കാത്തിരിക്കാതെ, ഒറ്റദിവസത്തിൽ പോയി വരാൻ സാധിക്കുന്ന , 100 കിലോമീറ്ററിൽ താഴെയുള്ള ഇടങ്ങളാണ് ഈ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
രംഗോളി ഗാർഡൻ
ബെംഗളുരുവിൽ ഏറ്റവും കുറഞ്ഞ ദൂരത്തിലുള്ള യാത്രയിൽ ഇഷ്ടംപോലെ കാഴ്ചകൾ കണ്ടുവരികയെന്ന ലക്ഷ്യമുണ്ടെങ്കിൽ പോകുവാൻ പറ്റിയ ഇടമാണ് രംഗോളി ഗാർഡൻ. ഗ്രാമീണ ജീവിതവും അവിടുത്തെ അനുഭവങ്ങളും രീതികളും പ്രകൃതിയും ഒക്കെ മനസ്സിലാക്കി തരുന്ന ഒരു മാതൃകാ ഗ്രാമമെന്ന് വേണമെങ്കിൽ രംഗോളി ഗാർഡനെ വിളിക്കാം. ജക്കൂരിൽ സ്ഥിതി ചെയ്യുന്ന രംഗോലി ഗാർഡൻ, കർണാടകയുടെ സമ്പദ്‌വ്യവസ്ഥ, ഭക്ഷണ ശീലങ്ങൾ, സാംസ്‌കാരിക പാരമ്പര്യങ്ങൾ, മതപരമായ പരിപാടികൾ, വിനോദങ്ങൾ, ജീവിത സാഹചര്യങ്ങൾ എന്നിവയിലേക്കുള്ള ഒരു വാതിലാണ് തുറന്നിടുന്നത്.
മറ്റൊരിടത്തും കിട്ടാത്ത ഗ്രാമീണാനുഭവങ്ങളാണ് രംഗോലി ഗാർഡനില്‍ ഒരുക്കിയിട്ടുള്ളത്. പെയിൻ്റിംഗുകൾ, ചിത്രങ്ങൾ, വിഷ്വലുകൾ, ഇക്കോ പാർക്കുകൾ തുടങ്ങിയവയും ഇവിടെയുണ്ട്. ജക്കുരു റേച്ചനഹള്ളി ശ്രീരാംപുര ക്രോസിൽ മഹാത്മാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ എനർജി ആൻഡ് ഡെവലപ്‌മെൻ്റ് സെന്‍ററിനുള്ളിലാണ് രംഗോലി സ്ഥിതി ചെയ്യുന്നത്. എല്ലാ ദിവസവും രാവിലെ 9.00 മുതൽ വൈകിട്ട് 6.00 വരെയാണ് പ്രവേശനം.
ഡണ്ടിഗനഹള്ളി
ബാംഗ്ലൂരിൽ നിന്ന് പുലർച്ചെയുള്ള ഒരു ഡ്രൈവും നോഹരമായ കാഴ്ചകളും ഒടുക്കം എത്തിച്ചേരുന്ന നിങ്ങൾ കണ്ടതിൽവെച്ച് ഏറ്റവും ഭംഗിയുള്ള സൂര്യോദയവും ഒക്കെയാണ് ഡണ്ടിഗനഹള്ളി അണക്കെട്ട് നിങ്ങൾക്ക് തരുന്നത്, നന്ദി ഹിൽസിൽ നിന്ന് 42 കിലോമീറ്ററും ബാംഗ്ലൂരിൽ നിന്ന് 86 കിലോമീറ്ററും അകലെ ദണ്ഡിഗനഹള്ളി ഗ്രാമത്തിലാണ് ഈ അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. തണുപ്പുകാലമാണ് ഇവിടം സന്ദർശിക്കാൻ അനുയോജ്യമെങ്കിലും ഏത് സീസണിലും ഇവടേക്ക് വരാം, വൈകുന്നേരമായോ അതിരാവിലെ സന്ദർശിക്കുന്നതാണ് നല്ലത്.
മാഞ്ചനബലെ
ബാംഗ്ലൂരിൽ നിന്ന് ഒരു ഷോർട് ട്രിപ്പിന് ലക്ഷ്യസ്ഥാനം തേടുകയാണെങ്കിൽ മഞ്ചനബെല്ലെ അതിനു പറ്റിയ സ്ഥലമാണ്. അർക്കാവതി നദിക്ക് കുറുകെ നിർമിച്ച മഞ്ചനബെല്ലെ അണക്കെട്ട് രാമനഗര ജില്ലയിലെ മഗടി താലൂക്കിലാണ് സ്ഥിതി ചെയ്യുന്നത്. ബാംഗ്ലൂരിൽ നിന്ന് വെറും 40 കിലോമീറ്റര്‍ മാത്രമാണ് ഇവിടേക്ക് ദൂരമുള്ളത്. മഴക്കാലത്ത് ഇവിടേക്കുള്ള യാത്ര അധികൃതർ പ്രോത്സാഹിപ്പിക്കാറില്ല. അല്ലാത്ത സമയത്ത് സന്ദർശനാനുമതി ഉണ്ട് എന്നുറപ്പു വരുത്തിയ ശേഷം യാത്ര പോകാം.
മന്ദാരഗിരി
ബാംഗ്ലൂരിൽ നിന്നും 65 കിലോമീറ്റർ} അകലെ തുംകൂർ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന മന്ദാരഗിരി ബെംഗളുരുവിന് സമീപത്തെ പുത്തൻ ഇടങ്ങൾ തിരയുന്നവർക്കുള്ള ലക്ഷ്യസ്ഥാനമാണ്. പാറക്കെട്ടിനു മുകളിലേക്ക് പടികൾ കയറിയുള്ള യാത്രയാണ് ഇവിടുത്തെ ആകർഷണം. കൂടാതെ മയില്‍പ്പീലികളുടെ ഡിസൈനിൽ നിർമ്മിച്ച പീകോക്ക് ടെമ്പിള്‍ ഇവിടെയുണ്ട്.
പെനുഗൊണ്ട
ബാംഗ്ലൂരിൽ നിന്ന് പറഞ്ഞ ദൂരത്തേക്കാൾ കൂടുതലുണ്ടെങ്കിലും യാത്ര നഷ്ടമാകില്ല എന്നുറപ്പുള്ള സ്ഥലമാണ് പെനുഗൊണ്ട. ബാംഗ്ലൂരിൽ നിന്ന് 141 കിലോമീറ്റർ അകലെയുള്ള പെനുഗൊണ്ട ആന്ധ്രാ പ്രദേശിന്‍റെ ഭാഗമാണ്. ശ്രീ സത്യസായി ജില്ലയുടെ ഭാഗമായ ഇവിടേക്ക് അനന്തപൂർ നഗരത്തിൽ നിന്നും 70 കിലോമീറ്റർ ദൂരമേയുള്ളൂ. ഹംപിയുടെ പതനത്തിനുശേഷം വിജയനഗര സാമ്രാജ്യത്തിൻ്റെ രണ്ടാം തലസ്ഥാനമായി മാറിയ ഇവിടം ചരിത്രപ്രാധാന്യമുള്ള ഇടം കൂടിയാണ്. വിജയനഗര സാമ്രാജ്യത്തിൻ്റെ ഏറ്റവും മികച്ച പ്രതിരോധങ്ങളിലൊന്നായിരുന്നു പെനുകൊണ്ട കോട്ട. വലിയ കുന്നുകൾക്ക് നടുവിലാണ് ഈ കോട്ടയുള്ളത്.
ദേവരായന ദുർഗ
ബാംഗ്ലൂരിൽ നിന്നും 73 കിലോമീറ്റർ അകലെയാണ് ദേവരായന ദുർഗ സ്ഥിതി ചെയ്യുന്നത്. നന്ദിയിലെ തിരക്ക് സഹിക്കാൻ പറ്റാതെ വരുമ്പോൾ റീറൂട്ട് ചെയ്തു പോകാന് പറ്റിയ ഇവിടെ സൂര്യോദയവും കാഴ്ചകളും പിന്നെ കിടിലൻ ഡ്രൈവിങ്ങ് റൂട്ടും ഉണ്ട്. പാറകൾക്കു മുകളിലെ ക്ഷേത്രങ്ങളാണ് ഇവിടെ കാണുവാനുള്ളത്. Yoganarasimha Gudi Parking എന്ന ലൊക്കേഷനിട്ട് വന്നാൽ കൃത്യം ഇവിടെ എത്താം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













