ബെംഗളൂരു ഒരു സ്വർഗ്ഗമാണ്. യാത്ര ചെയ്യാൻ മടുപ്പില്ലാത്ത മനസ്സുണ്ടെങ്കിൽ പോയി വരാൻ സാധിക്കുന്ന ഇഷ്ടംപോലെ ഇടങ്ങൾ ബാംഗ്ലൂരിന് ചുറ്റിലുമുണ്ട്. തൊട്ടടുത്തുള്ള ലാൽ ബാഗ് മുതൽ പോയാൽ മടുപ്പിക്കാത്ത മൈസൂരും ലേപാക്ഷിയും മന്ദാരഗിരിയും ക്യാംപിങ് സ്ഥലങ്ങളും കബനിയും അടക്കം നൂറുകണക്കിന് ഇടങ്ങൾ ബാംഗ്ലൂരിൽ നിന്നുള്ള യാത്രകൾക്ക് പറ്റിയതാണ്..
വാരാന്ത്യങ്ങളിൽ, നീണ്ട അവധികൾ വരുമ്പോൾ അല്ലെങ്കിൽ സ്കൂൾ അടയ്ക്കുമ്പോൾ ഒക്ക പ്ലാന്‍ ചെയ്തു പോകാൻ പറ്റിയ കുറച്ചിടങ്ങൾ പരിചയപ്പെട്ടാലോ.. കാടും മരങ്ങളും ക്ഷേത്രവും വെള്ളച്ചാട്ടങ്ങളും തടാകങ്ങളും ചേരുന്ന, പ്രധാനപ്പെട്ട അഞ്ചിടങ്ങളാണ് ഇന്ന് ഞങ്ങൾ നിങ്ങളെ പരിചയപ്പടുത്തുന്നത്. നിങ്ങളെ ഒരുതരത്തിലും നിരാശരാക്കാത്ത സ്ഥലങ്ങൾ ഏതൊക്കെയെന്ന് നോക്കാം.
മഞ്ചനബലെ വ്യൂ പോയിന്‍റ്
ഒരു കിടിലൻ ഡ്രൈവും അതിനേക്കാൾ മികച്ച കാഴ്ചയുമാണ് നിങ്ങൾ തേടുന്നതെങ്കിൽ ആദ്യം പരിഗണിക്കേണ്ടത് മഞ്ചനബലെ ആണ്. ബാംഗ്ലൂരിൽ നിന്ന് 40 കിലോമീറ്റർ അകലെ, ഏകദേശം ഒരു മണിക്കൂർ 40 മിനിറ്റ് ദൂരത്തിൽ സ്ഥിതി ചെയ്യുന്ന മഞ്ചനബലെയിൽ അണക്കെട്ടും അതിന്‍റെ ക്യാച്മെന്‍റ് ഏരിയയും വ്യൂ പോയിൻറും ആണുള്ളത്. രാമനഗര ജില്ലയുടെ ഭാഗമായ ഇവിടം സന്ദര്‍ശകർക്ക് സമ്മാനിക്കുന്നത് ശാന്തമായ കാലാവസ്ഥയും മനോഹരമായ അന്തരീക്ഷവും മടുപ്പിക്കാത്ത കാഴ്ചകളുമാണ്.
ശിവനസമുദ്ര വെള്ളച്ചാട്ടം
ബാംഗ്ലൂരിൽ നിന്ന് രണ്ടേകാൽ മണിക്കൂർ യാത്ര ചെയ്താൽ എത്തിപ്പെടാവുന്ന മനോഹര ഇടമാണ് ശിവനസമുദ്ര വെള്ളച്ചാട്ടം. ഇരട്ട വെള്ളച്ചാട്ടങ്ങളുടെ ഭംഗിയാണ് മഴക്കാലത്തിന് ശേഷം ഇവിം നിങ്ങൾക്ക് തരുന്നത്. അത്യാവശ്യം പ്ലാൻ ചെയ്തുള്ള വലിയ ഔട്ടിങ് നോക്കുന്നവർക്കാണ് ഇവിടം യോജിച്ചത്. കുട്ടികളും കൂടിയുള്ള യാത്രയാണെങ്കിൽ ഇവിടം മികച്ച ഓപ്ഷനാണ്. വെള്ളച്ചാട്ടത്തിനട്ടുപോയി മതിവരുവോളം അതിന്‍റെ കാഴ്ച കണ്ടുനിൽക്കാം. കർണ്ണാടകയിലെ ഏറ്റവും പേരുകേട്ട വെള്ളച്ചാട്ടങ്ങളിലൊന്നാണ് ശിവനസമുദ്ര. മാണ്ഡ്യ ജില്ലയുടെയും ചാമരാജനഗര ജില്ലയുടെയും അതിർത്തിയിലാണ് ഇതുള്ളത്.
മന്ദാരഗിരി ഹിൽസ്
ബാംഗ്ലൂരിൽ കൗതുകം പകരുന്ന കാഴ്ചകൾ കാണാനാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കിൽ അതിനു പറ്റിയ ഇടമാണ് മന്ദാരഗിരി ഹിൽസ്. യാത്രാദൂരം കുറച്ചധികമുണ്ടോ എന്നു തോന്നുമെങ്കിലും അവിടെ എത്തിയാൽ നിങ്ങൾക്ക് ആസ്വദിക്കാൻ ഒരുപാട് കാഴ്ചകളുണ്ട്. തുകൂരു ജില്ലയുടെ ഭാഗമായ ഇവിടം ബസദി ബേട്ടാ എന്നും അറിയപ്പെടുന്നു. ബാംഗ്ലൂരിൽ നിന്നും 65 കിലോമീറ്റർ ദൂരമാണ് ഇവിടേക്കുള്ളത്. മയിൽപ്പീലിയുടെ രൂപസാദൃശ്യത്തിൽ 81 അടി ഉയത്തിലും 2400 ചതുരശ്രയടി വീതിയിലും നിർമ്മിച്ച ക്ഷേത്രമാണ് ഇവിടുത്തെ പ്രധാന കാഴ്ച. ഇത് കൂടാതെ, മന്ദാരഗിരി ഹിൽസിന്‍റെ മുകളിലേക്ക് നിങ്ങൾക്ക് നടന്നു കയറാം, 400 പടി മുകളിലായതിനാല്‍ ആരോഗ്യമുണ്ടെങ്കിൽ മാത്രം കയറാൻ ശ്രമിച്ചാൽ മതി.
മഹാദേവപുര
ഒരേസമയം കേരളത്തിന്‍റെയും ഗോവയുടെയും ഭംഗി കർണ്ണാടകയിൽ കാണണമെങ്കില് മഹാദേവപുരയിലേക്ക് പോയാൽ മതി. കർണ്ണാടകയിലെ ഷൂട്ടിങ് ഇടങ്ങളിലൊന്നാണ് മാണ്ഡ്യ ജില്ലയിൽ സ്ഥിതി ചെയ്യുന്ന മഹാദേവപുര. ബാംഗ്ലൂരിൽ നിന്നും 130 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഇവിടം ഏകദിന യാത്രകൾക്ക് പറ്റിയ സ്ഥലമാണ്. രണ്ടു മണിക്കൂർ യാത്ര വേണ്ടിവന്നേക്കാം, കാവേരി നദിയും കാടും തെങ്ങിൻ തോപ്പുകളും ഒക്കെയാണ് ഇവിടെ നിങ്ങൾക്ക് കാണാനുള്ളത്. ശാന്തമായ അന്തരീക്ഷമാണ് ഇവിടെയുള്ളത്. വനത്തിനകത്തുകൂടി കാവേരി നദി ചുറ്റിയൊഴുകുന്ന കാഴ്ചയും ഇവിടെയുണ്ട്.
കരട് ഗവി തടാകം
ബാംഗ്ലൂരിൽ നിന്നും 75 കിമി അകലെ സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു തടാകമാണ് കരട് ഗവി. രാമനഗര ജില്ലയുടെ ഭാഗമായ ഇവിടേക്കുള്ള യാത്രയും എത്തിച്ചേരുന്ന തടാകവും അതിന്‍റെ വ്യൂവും ഒക്കെ അതിമനോഹരമാണ്. പച്ചപ്പു നിറഞ്ഞ പ്രദേശമായതിനൽ ചെറിയ ഔട്ടിങ്ങുകൾക്കും ഇവിടം യോജിച്ചതാണ്. തടാകക്കരയിൽ രാത്രി നിങ്ങൾക്ക് ക്യാംപ് ചെയ്യാനുള്ള സൗകര്യവും ഉണ്ട്. ഇതിനായി നിങ്ങൾ ഇവിടെ ലഭ്യമായ പാക്കേജ് എടുത്തു വരുന്നതായിരിക്കും നല്ലത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













