ബെംഗളൂരു നഗരം ഓരോ ദിവസവും വളർന്നുകൊണ്ടിരിക്കുകയാണ്. പുതിയ കമ്പനികൾ, കെട്ടിടങ്ങൾ.. രീതികൾ പുതിയ ആളുകൾ എന്നിങ്ങനെ ഓരോ ദിവസവും ഓരോ മുഖമാണ് ബാംഗ്ലൂരിന്. എന്നാൽ പുതുമയോടൊപ്പം അതിന്‍റെ ആധുനികതയും പാരമ്പര്യവും കാത്തു സൂക്ഷിക്കുവാൻ ബാംഗ്ലൂരിന് ഒരു മടിയുമില്ല. അതിന്‍റെ അടയാളങ്ങളാണ് നഗരത്തിലെ പല കെട്ടിടങ്ങളും. ചരിത്രത്തിനും കഴിഞ്ഞുപോയ കാലത്തിനും സാക്ഷികളായി ഇന്നും തലയുയർത്തി. സന്ദർശകരെ അതിശയിപ്പിച്ച് നിൽക്കുന്ന ഒരുപാട് സ്ഥലങ്ങൾ ഇവിടെ കാണാം.
ബാംഗ്ലൂരിലെ ചരിത്രയിടങ്ങളെ കാണാനായി ഇറങ്ങിയാൽ ഒരു പകലൊന്നും അതിനു പോരാ..ഒരുപാട് കഥകളും അതിനേക്കാൾ നീളുന്ന ചരിത്രവും കണ്ടും മനസ്സിലാക്കിയും വരുമ്പോൾ വീണ്ടും അടുത്ത സ്ഥലം കാണാനുള്ള പ്രചോദനം കൂടിയാണ് കിട്ടുന്നത്. പണ്ടത്തെ സെൻട്രൽ ജയിൽ ആയിരുന്ന ഫ്രീഡം പാർക്ക് മുതൽ അട്ടാര കച്ചേരിയെന്ന ഹൈക്കോടതിയും ബാംഗ്ലൂർ പാലസും അടക്കം ഇവിടെ ബെംഗളൂരു അര്‍ബനിൽ കാണേണ്ട സ്ഥലങ്ങള്‍ നമുക്കറിയാം. എന്നാൽ അത്രയൊന്നും പ്രസിദ്ധമല്ലാത്ത ചരിത്രയിടങ്ങൾ ഏതൊക്കെയെന്നും അവയുടെ പ്രത്യേകതകളും വായിക്കാം.
ബാംഗ്ലൂർ ടൗൺ ഹാൾ
ബെംഗളൂരു നഗരത്തിന് നടുവില്‍ നിയോ ക്ലാസിക്കൽ നിർമ്മാണ രീതിയുടെ സൗന്ദര്യവുമായി തലയുയർത്തി നിൽക്കുന്ന നിർമ്മിതിയാണ് ബാംഗ്ലൂർ ടൗൺ ഹാൾ. ബാംഗ്ലൂർ നഗരത്തിലൂടെയുള്ള യാത്രയിൽ പലതവണ ഇതിനു മുന്നിലൂടെ കടന്നു പോകണ്ടി വന്നിട്ടുണ്ടാകുമെങ്കിലും ഇതിന്‍റെ ചരിത്രവും പ്രത്യേകതകളും അറിയുന്നവർ ചുരുക്കമാണ്. ബാംഗ്ലൂർ സിറ്റി മുനിസിപ്പാലിറ്റിയുടെ മുൻ പ്രസിഡന്‍റായ സർ പുട്ടണ്ണ ചെട്ടിയുടെ പേരിൽ ആണ് ഇന്ന് ഇതറിയപ്പെടുന്നത്.
1933 ൽ നിർമ്മാണം ആരംഭിച്ച ഇത് 1935 ൽ പൂർത്തിയാക്കി. മൈസൂർ ദിവാനായിരുന്ന സർ മിർസാ അലി ആയിരുന്നു ഇതിന്‍റെ രൂപകല്പന ചെയ്തത്. നീണ്ട പടികൾ കയറി പോർച്ചിലേക്ക് എത്തുന്ന വിധത്തിലാണ് ഇതിന്‍റെ രൂപം. ബാംഗ്ലൂർ ടൗൺ ഹാളിന് യഥാർത്ഥത്തിൽ ഭംഗി നല്കുന്നത് ഇതിന്‍റെ നീളമേറിയ തൂണുകളാണ്. ടസ്കാൻ കോളം എന്നാണിത് അറിയപ്പെടുന്നത്. 1,038 ആളുകൾക്ക് ഇതിനകത്ത് ഇരിക്കാനുള്ള സൗകര്യം നേരത്തെയുണ്ടായിരുന്നുവെങ്കിലും പിന്നീടത് 810 ആയി.
കോർപ്പറേഷൻ ബിൽഡിങ്
പഴയകാല നിർമ്മാണ രീതിയുടെ എല്ലാ സൗന്ദര്യവും നിറഞ്ഞു നിൽക്കുന്ന ഇടമാണ് കോർപ്പറേഷൻ ബിൽഡിങ്. വലിയ താഴിക്കുടം, ക്ലോക്ക് ടവർ, ഉയരം എന്നിവയൊക്കെയായി വളരെ ആകർഷകമായ രൂപമാണ് ഇതിന്. 1936 ൽ നിർമ്മിക്കപ്പെട്ട ഈ കെട്ടിടം ഇന്ന് ബിബിഎംപി ബൃഹദ് ബെംഗളൂരു നഗരപാലികയുടെ ഓഫീസായി പ്രവർത്തിക്കുന്നു. കൂടാതെ മേയറുടെ ഓഫീസും ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.
രാജ്ഭവൻ
ബാംഗ്ലൂരിലെ ഏറ്റവും മനോഹരമായ പഴയകാല കെട്ടിടങ്ങളിൽ ഒന്നാണ് രാജ്ഭവൻ. 1842 ൽ നിർമ്മിക്കപ്പെട്ട ഈ കെട്ടിടം പഴമയുടെ എല്ലാ പ്രൗഢിയോടും കൂടിയാണ് ഇന്നും നിലനിൽക്കുന്നത്. കർണ്ണാടക ഗവർണറുടെ വാസസ്ഥലമായ ഇവിടം ഏകദേശം 18 ഏക്കര്‍ സ്ഥലത്തിന്‍റെ ഭാഗമായാണുള്ളത്.
മയോ ഹാൾ
സർക്കാർ ഓഫീസുകൾക്കു ഇത്രയും ഭംഗിയുള്ള കെട്ടിടമോ എന്ന് ബാംഗ്ലൂരിലെത്തിയാൽ നിങ്ങൾ അമ്പരക്കും. അങ്ങനെ നിർമ്മിതിയിൽ അതിശയിപ്പിക്കുന്ന ഇടങ്ങളിലൊന്നാണ് മയോ ഹാൾ. ഇൻഡോ- സാർസെനിക് വാസ്തു വിദ്യയിൽ നിർമ്മിച്ച ഈ കെട്ടിയം രണ്ടു നിലകളിലായാണ് ഉള്ളത്. ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയുടെ ഗവർണർ ജനറൽ ആയിരുന്ന ലോഡ് മയോയുടെ ഓർമ്മയ്ക്കായാണ് ഇത് നിർമ്മിച്ചത്. ഇന്ന് ഇവിടെ ഗവണ്‍മെന്‍റ് ഓഫീസുകൾ പ്രവര്‍ത്തിക്കുകയാണ്.
ഇതിനു ചുറ്റിലുമായി ബാംഗ്ലൂരിലെ തന്നെ ഏറ്റവും മനോഹരമായ കാഴ്ചകളാണുള്ളത്. പരേഡ് ഗ്രൗണ്ട്, ഉൾസൂർ തടാക, ബാംഗ്ലൂർ റേസ് കോഴ്‌സ്, ബ്രിഗേഡ് ഗ്രൗണ്ട് എന്നിവയുടെ വിശാലമായ കാഴ്ച ഇവിടെ നിന്നാൽ കാണാം. ഒരു വിനോദസഞ്ചാര ആകർഷണമായി മാറിയ ഇതിനുള്ളിൽ അക്കാലത്തെ ഏറ്റവും മികച്ച നിർമ്മിതികളും മറ്റും കാണാം. ചാൻഡിലിയേഴ്സ്, ഗ്രീക്ക് കോർണിസുകൾ, ടസ്കാൻ നിരകൾ, കല്ല് കമാനങ്ങൾ, തടി നിലകൾ, മനോഹരമായ ഫർണിച്ചറുകൾ തുടങ്ങിയവ ഇതിനുള്ളിലുണ്ട്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications















