ബാംഗ്ലൂർ.. ആഘോഷമേതായാലും അതിന്‍റെ പൂർണ്ണതയിൽ കൊണ്ടാടുന്ന നഗരം. ഇവിടുത്തെ ക്രിസ്മസ് ആഘോഷങ്ങളും ഇങ്ങനെ തന്നെയാണ്. ദിവസങ്ങൾക്കു മുൻപേ ബെംഗളുരു നഗരം ഒരുങ്ങിക്കഴിഞ്ഞു. വിദേശരാജ്യങ്ങളിൽ കാണുന്ന ആഘോഷങ്ങളോടും ഒരുക്കങ്ങളോടും കിട പിടിക്കുന്ന വിധത്തിലാണ് ഇവിടുത്തെ ഒരുക്കങ്ങൾ. മഞ്ഞുപെയ്യുന്ന തെരുവും നക്ഷത്രങ്ങളും തലയാട്ടി നിൽക്കുന്ന ക്രിസ്മസ് അപ്പൂപ്പനും ഒക്കെ എല്ലായിടത്തും വന്നു!
ബേക്കറികളിലും റസ്റ്റോറന്‍റുകളിലും ക്രിസ്മസ് മെനു ആണ് താരം. ജിഞ്ചർ ബ്രെഡ് മുതൽ പിടിയും ചിക്കനും വരെ മെനുവിൽ ഇടം നേടിയിട്ടുണ്ട്. കേക്കിന്‍റെ കാര്യം പിന്നെ പറയേണ്ടല്ലോ... എല്ലാ തവണത്തേതിൽ നിന്നും വ്യത്യസ്തമായി ഇത്തവണ ക്രിസ്മസ് ദിവസം 24 മണിക്കൂറും ബാംഗ്ലൂരിൽ തന്നെ ചെലവഴിച്ചാലോ.. എന്തൊക്കെയാണ് പ്ലാൻ എന്നല്ലേ.. നോക്കാം..

പാതിരാ കുർബാനയോടെ തുടക്കം!
ക്രിസ്മസ് ആഘോഷിക്കുന്നവരെ സംബന്ധിച്ചെടുത്തോളം ഏറ്റവും പ്രധാനപ്പെട്ടത് പാതിരാ കുര്‍ബാനയാണ്. കുളിരുന്ന തണുപ്പിൽ വീട്ടിൽ നിന്നിറങ്ങി പള്ളിയിലേക്കുള്ള നടത്തവും രാത്രിയിൽ ഉണ്ണിയേശുവിന്‍റെ പിറവി അനുസ്സമരണവും ആഘോഷവും ലോകമെങ്ങും കാലങ്ങളായി ഒരു മാറ്റവുമില്ലാതെ ആഘോഷിക്കുന്നു. ക്രൈസ്തവ വിശ്വാസികളുടെ ക്രിസ്മസ് തുടങ്ങുന്നത് തന്നെ പള്ളിയിൽ പോയി കുർബാനയിൽ പങ്കെടുത്താണ്.
ബാംഗ്ലൂരിലെ പള്ളികളിലെല്ലാം ക്രിസ്മസ് സ്പെഷ്യൽ കുർബാനയും ചടങ്ങുകളും ഉണ്ടായിരിക്കും. രാത്രി 12 മണിക്ക് തന്നെ കുർബാന തുടങ്ങും. വിശ്വാസികളും അല്ലാത്തവരും എല്ലാം ഈ സമയത്ത് ഇവിടെ എത്തും. പുൽക്കൂട്, കരോൾ തുടങ്ങിവയും ഇവിടെ ദേവാലയങ്ങളിൽ ഒരുക്കിയിട്ടുണ്ടാവും.

ഇനി ഭക്ഷണം
കുർബാന കഴിഞ്ഞ് ഉറക്കക്ഷീണം മാറ്റി എണീക്കുമ്പോഴേക്കും 10-11 മണി ആയിട്ടുണ്ടാവും. അപ്പോൾ പിന്നെ ബ്രേക്ഫാസ്റ്റും ലഞ്ചും ഒരുമിച്ചാക്കാം. ബ്രഞ്ച് തന്നെയാ് ക്രിസ്മസ് ദിനത്തിൽ ബാംഗ്ലൂരിൽ ഭക്ഷണം കഴിച്ച് തുടങ്ങാൻ പറ്റിയ രുചികളിലൊന്ന്. പ്രധാന റസ്റ്റോറന്‍റുകളും ഹോട്ടലുകളും ബ്രഞ്ചിനായി പ്രത്യേക മെനു തയ്യാറാക്കും. ഇത് കഴിക്കാന്‍ മറക്കരുതേ..
ബാംഗ്ലൂർ ക്രിസ്മസ് ഷോപ്പിങ്
ഭക്ഷണം കഴിച്ച് വന്നാൽ വിശ്രമിക്കാം എന്നോർക്കേണ്ട. ഇനി ഷോപ്പിങ്ങിനുള്ള സമയമാണ്. നേരെ എംജി റോഡിലോ കൊമേഷ്യൽ സ്ട്രീറ്റിലോ പോകാം. ക്രിസ്മസ് അപ്പൂപ്പന്റെ രസകരമായ രൂപം മുതൽ സീസൺ സ്പെഷ്യല്‍ വസ്ത്രങ്ങളും കരകൗശല രൂപങ്ങളും കിട്ടും. അത് മാത്രമല്ല, ക്രിസ്മസ് സ്പെഷ്യൽ ഡിസ്കൗണ്ട് റേറ്റിൽ ബ്രാൻഡഡ് സാധനങ്ങൾ ഉൾപ്പെടെയുള്ളവ വാങ്ങിക്കാൻ പറ്റിയ അവസരം കൂടിയാണ് ഈ സമയം. വെറുതേ വിന്‍ഡോ ഷോപ്പിങ്ങിലാണ് താല്പര്യമെങ്കിൽ മാളുകളിലേക്ക് പോകാം.
ഇനി കാപ്പിയാകാം!
ഈ ഷോപ്പിങ് നടത്തിയതിന്‍റെ ക്ഷീണം മാറ്റാൻ എന്തെങ്കിലും കഴിക്കേണ്ടെ? വൈകുന്നേരമായി. ക്രിസ്മസ് വൈകുന്നേം എന്തു ചെയ്യുമെന്ന് സംശയം വേണ്ട, നിങ്ങള് ബാംഗ്ലൂരിലാണെങ്കിൽ. കോഫി ഷോപ്പുകളും ബ്രിസ്റ്റോകളും നിങ്ങളെ കാത്തിരിക്കുന്നു. കടുപ്പത്തിൽ ആവി പറക്കുന്ന കാപ്പിയും ചെറിയ ഒരു സ്നാക്സും എന്തായാലും കഴിക്കണം. ക്രിസ്മസ് സ്പെഷ്യൽ കുക്കികളും ആ അവസരത്തിൽ പരീക്ഷിക്കാം.
കേക്ക് കഴിക്കേണ്ടേ..
സമയം ഇപ്പോൽ വൈകുന്നേരമായിട്ടുണ്ട്. ക്രിസ്മസ് ആയിട്ട് കേക്കുകൾ പരീക്ഷിച്ചില്ലെങ്കിൽ ഒരു രസമില്ല. ഇവിടെ ബാംഗ്ലൂരിൽ ഇഷ്ടംപോലെ ബേക്കറികൾ ക്രിസ്മസ് സ്പെഷ്യൽ കേക്കുകളും പേസ്ട്രികളും ഒരുക്കും. ഒരു കേക്ക് മുഴുവനായി മേടിക്കാൻ താല്പര്യമില്ലാത്തവർക്ക് ചെറിയ പീസ് ആയി മേടിക്കാനും സൗകര്യം കാണും. ഇതിൽ ഒന്നോ രണ്ടോ എണ്ണം മറക്കാതെ ടേസ്റ്റ് ചെയ്യണം. കോറമംഗള, എംജി റോഡ് ഭാഗങ്ങളിലാണ് ഇത്തരം ബേക്കറികൾ ധാരാളമായുള്ളത്.
മാളിൽ പോകാം
ക്രിസ്മസ് അലങ്കാരങ്ങൾ കാണാൻ ഏറ്റവും നല്ല സമയം രാത്രിയാണ്. ബാംഗ്ലൂരിലെ മാളുകൾ മിക്കവയും അതിമനോഹരമായ രീതിയിൽ അലങ്കരിച്ചിരിക്കും. ക്രിസ്മസ് ദിവസമാണെങ്കിൽ അതിന്‍റെ ഭംഗി ഇരട്ടിക്കും. തിരക്ക് പ്രതീക്ഷിച്ച് മാത്രമേ ഈ സമയങ്ങളിൽ ഇവിടേക്ക് വരാവൂ.
രാത്രിയായതോടെ ഇനി മടങ്ങാനുള്ള സമയമാണ്. കൂട്ടുകാരെല്ലാവരെയും കൂട്ടിയാണ് ഇറങ്ങിയതെങ്കിൽ വര്‍ത്തമാനം പറഞ്ഞാലും പറഞ്ഞാലും തീരില്ല. അപ്പോൾ വേണമെങ്കിൽ ഒരു കാപ്പിയൊക്കെ കുടിച്ച് മെല്ലെ എല്ലാവരും ചേർന്ന് ഒന്നിരുന്ന ശേഷം മടങ്ങാം. തിരക്കിൽ ഫോട്ടോ എടുക്കാൻ മറന്നു പോകരുതേ...
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












