വെയിൽ മാറി മഴയെത്തി. ബെംഗളുരുവിൽ ആഞ്ഞു പെയ്യുകയാണ് മഴ. മഴയില്ലാതിരുന്ന 160 ദിവസത്തിന്‍റെ ക്ഷീണമൊക്കെയും രണ്ടോ മൂന്നോ മഴയിൽ തീർന്നു. മഴയെന്നു പറഞ്ഞാൽ ചെറിയ മഴയൊന്നുമല്ല പെയ്യുന്നത്. ഇപ്പോഴാണെങ്കിൽ മിക്ക ദിവസവും ചെറുതോ വലുതോ ആയ മഴ പെയ്യും. അപ്പോൾ പിന്നെ മഴക്കാല യാത്രകൾക്ക് ഇറങ്ങിത്തിരിക്കാനുള്ള സമയവും ആയിട്ടുണ്ടെന്ന് ചുരുക്കം.
മഴക്കാലത്തിന്‍റെ തുടക്ക നാളുകളിൽ എല്ലാവരും ആദ്യം പോകാനാഗ്രഹിക്കുന്ന ഇടങ്ങളിലൊന്ന് വെള്ളച്ചാട്ടങ്ങളാണ്. വേനലിന്‍റെ ക്ഷീണം മാറ്റി വെള്ളത്തിൽ ഇറങ്ങി അർമ്മാദിച്ച് കയറാൻ പറ്റിയ ഒട്ടേറെ വെള്ളച്ചാട്ടങ്ങളുണ്ട്. ഇതാ ബെംഗളുരുവിൽ നിന്നും എളുപ്പത്തിൽ പോയി വരാൻ കഴിയുന്ന, മഴക്കാലത്ത് തീർച്ചയായും സന്ദർശിക്കേണ്ട വെള്ളച്ചാട്ടങ്ങൾ ഏതൊക്കെയെന്ന് നോക്കാം.

PC: Bgajanan/ Wikipedia
ശിവനസമുദ്ര വെള്ളച്ചാട്ടം
മഴക്കാലത്ത് സജീവമാകുന്ന ഏറ്റവും മനോഹരമായ വെള്ളച്ചാട്ടങ്ങളിലൊന്നാണ് ശിവനസമുദ്ര വെള്ളച്ചാട്ടം. ബെംഗളുരുവിൽ നിന്ന് പോകാൻ എളുപ്പമുള്ളതിനാൽ മഴക്കാലത്തെ ഏകദിന യാത്രയ്ക്കായി ഇവിടം തിരഞ്ഞെടുക്കാം. പതഞ്ഞൊഴുകുന്ന ഇവിടുത്തെ ഇരട്ടവെള്ളച്ചാട്ടങ്ങൾക്ക് മഴക്കാലത്ത് ഭംഗി അധികമാണ്. ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ വലിയ വെള്ളച്ചാട്ടം കൂടിയാണിത്. ഭാരാചുക്കി എന്നും ഗഗനചുക്കി എന്നുമുള്ള രണ്ട് വെള്ളച്ചാട്ടങ്ങളാണ് ഇവിടെയുള്ളത്.
മാണ്ഡ്യ ജില്ലയുടെയും ചാമരാജനഗര ജില്ലയുടെയും അതിർത്തിയിലായി സ്ഥിതി ചെയ്യുന്ന ശിവനസമുദ്ര വെള്ളച്ചാട്ടത്തിലേക്ക് ബെംഗളുരുവിൽ നിന്ന് 134 കിലോമീറ്ററാണ് ദൂരം. കാവേരി നദിയുടെ ഭാഗമാണിത്. വെള്ളച്ചാട്ടത്തിലിറങ്ങുവാനോ നീന്തുവാനോ ഒന്നും അനുമതിയില്ലെങ്കിലും ഇതിന്റെ വശ്യമനോഹരമായ കാഴ്ചകൾ ആസ്വദിക്കുന്നതിന് അതൊരു തടസ്സമാവുകയേയില്ല. ബാംഗ്ലൂരിൽ നിന്ന് ബെംഗളുരു-മൈസൂർ എക്സ്പ്രസ് വേ വഴി ശിവനസമുദ്ര വെള്ളച്ചാട്ടത്തിലെത്താം
കല്യാണി റേവു വെള്ളച്ചാട്ടം
മഴക്കാലത്തിന്‍റെ ഭംഗി വെറുതേ ആസ്വദിച്ചിരിക്കാൻ ഒരു യാത്ര വേണമെങ്കിൽ ബെംഗളുരുവിൽ നിന്ന് കല്യാണി റേവു വെള്ളച്ചാട്ടത്തിലേക്ക് പോകാം. ബെംഗളുരുവില്‍ നിന്നും 123 കിലോമീറ്റർ അകലെയുള്ള ഇവിടം ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയുടെ ഭാഗമാണ്. ചിറ്റൂരിലെ കൗണ്ഡിന്യ വന്യജീവി സങ്കേതത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന ഈ വെള്ളച്ചാട്ടം പ്രകൃതി മനോഹരമായ കാഴ്ചകൾക്ക് പേരുകേട്ടതാണ്. 40 അടി ഉയരത്തിൽ നിന്നാണ് വെള്ളം ഇവിടെ താഴേക്ക് പതിക്കുന്നത്.
കൈഗൽ വെള്ളച്ചാട്ടം
മനസ്സിനെയും ശരീരത്തെയും ഒരുപോലെ ഉല്ലസിപ്പിക്കുന്ന മറ്റൊരു മഴക്കാല ലക്ഷ്യസ്ഥാനമാണ് കൈഗൽ വെള്ളച്ചാട്ടം. ബെംഗളുരുവിൽ നിന്ന് ഇവിടേക്ക് വെറും 120 കിലോമീറ്റർ ദൂരമേയുള്ളൂ. കൈഗൽ വെള്ളച്ചാട്ടം കാണാൻ യാത്ര പ്ലാൻ ചെയ്യുന്നുണ്ടെങ്കിൽ
കല്യാണി റേവു വെള്ളച്ചാട്ടം കൂടി സന്ദർശിക്കുന്ന വിധത്തിൽ പ്ലാൻ ചെയ്യാം.
തൊട്ടിക്കല്ല് വെള്ളച്ചാട്ടം
ബെംഗളുരുവിൽ നിന്ന് പോകാൻ പറ്റിയ മറ്റൊരു വെള്ളച്ചാട്ടമാണ് തൊട്ടിക്കല്ല് വെള്ളച്ചാട്ടം. മഴക്കാലങ്ങളിൽ ചെറിയ ഒരു യാത്ര പ്ലാന് ചെയ്യുമ്പോൾ കുട്ടികളെയും കൂട്ടി ഇവിടേക്ക് വരാം. ടികെ ഫാൾസ് എന്നും ഈ വെള്ളച്ചാട്ടത്തിന് പേരുണ്ട്. ബെംഗളുരുവിൽ നിന്നും വെറും 30 കിലോമീറ്റർ മാത്രമേ ഇവിടേക്ക് ദൂരമുള്ളൂ. ചെറിയൊരു ട്രെക്കിങ് അനുഭവം കൂടി നല്കുന്ന ഇവിടേക്ക് വേനൽക്കാലത്തെ യാത്ര ഒഴിവാക്കുന്നതാണ് നല്ലത്. കനകപുര റോഡ് വഴി തൊട്ടിക്കല്ല് എളുപ്പത്തിൽ എത്തിച്ചേരാം
ചുഞ്ചി വെള്ളച്ചാട്ടം
മഴക്കാലത്ത് ബെംഗളുരുവിൽ നിന്നും ഉറപ്പായും പോയിരിക്കേണ്ട സ്ഥലമാണ് ചുഞ്ചി വെള്ളച്ചാട്ടം. അത്ര പ്രസിദ്ധമല്ലെങ്കിലും നിരാശരാക്കാത്ത ഇടമാണിത്.അർക്കാവതി നദിയിൽ നിന്നും ഉത്ഭവിക്കുന്നതാണ് ചുഞ്ചി വെള്ളച്ചാട്ടം.
ബെംഗളുരുവിൽ നിന്നും 90 കിലോമീറ്റർ അകലെയുള്ള ഇവിടേക്ക് കനകപുര റോഡ് വഴി എത്തിച്ചേരാം. വെള്ളച്ചാട്ടം മാത്രമല്ല, ഇവിടേക്കുള്ള റൂട്ടും മനോഹരമാണ്. പാർക്കിങ് സ്ഥലത്തു നിന്നും രണ്ടു കിലോമീറ്ററോളം ദൂരം വെള്ളച്ചാട്ടത്തിലേക്ക് നടക്കുവാനുണ്ട്. രാവിലെ 8.00 മുതൽ വൈകിട്ട് 5.00 വരെയാണ് ഇവിടേക്കുള്ള പ്രവേശന സമയം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













