ബെംഗളൂരു ജീവിതത്തിൽ ജോലിയും ഉറക്കവും കഴിഞ്ഞാൽ മിക്കവരും സമയം കണ്ടെത്തുന്നത് യാത്രകള്‍ക്കായാണ്. നഗരത്തിന്‍റെ വിരസതയും ഒരേ തരത്തിലുള്ള ജീവിതവും ഒക്കെ മടുപ്പിക്കുമ്പോൾ പലരും പുതിയ ഇടങ്ങൾ കാണാനിറങ്ങും. അത്തരം സന്ദർഭങ്ങളിൽ തിരഞ്ഞെടുക്കുവാൻ പറ്റിയ, കണ്ടുപരിചയമുള്ള ഇടങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമായി, നിങ്ങൾക്ക് ഉറപ്പായും ഇഷ്ടപ്പെടുന്ന ഒരിടമാണ് ഇന്ന് മലയളം നേറ്റീവ് പ്ലാനറ്റ് പരിചയപ്പെടുത്തുന്നത് .
മർക്കൊഹനള്ളി അണക്കെട്ട് (Markonahalli Dam) ആണ് ഇന്നത്തെ ഇടം. അധികമാരും കേട്ടിട്ടില്ലാത്ത, ബെംഗളൂരുവിന് സമീപത്തെ അതിമനോഹരമായ ഇടങ്ങളിലൊന്ന്. ഒറ്റ ദിവസം നിങ്ങൾക്ക് മാറ്റിവയ്ക്കുവാൻ സാധിക്കുമെങ്കിൽ അതിരാവിലെ ഇറങ്ങി കാഴ്ചകൾ ണ്ട് ഒരു പകൽ ഡാമിന്‍റെയും അതിന്‍റെ സമീപത്തെയും കാഴ്ചകൾ കാണുന്ന വിധത്തില്‍ പ്ലാൻ ചെയ്യേണ്ട യാത്രയാണിത്.

ബെംഗളൂരുവിൽ നിന്ന് 96 കിലോമീറ്റർ ദൂരത്തിലാണ് മർക്കൊഹനള്ളി അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. ഏകദേശം രണ്ടു മണിക്കൂറിനടുത്ത് യാത്ര. അതിരാവിലെ യാത്ര തുടങ്ങിയാൽ നേരം വെളുക്കുമ്പോഴേയ്ക്കും സ്ഥലത്തെത്താം. നഗരം പിന്നിട്ടാൽ പിന്നെ യാത്ര സുഖമാണ്. ചീറിപ്പായുന്ന വണ്ടികളോ അടിക്കടിയുള്ള ബ്ലോക്കോ ഇല്ലാതെ സുഖമായി ഒരു പോക്ക്. തുംകൂർ ജില്ലയിൽ കുനിഗൽ താലൂക്കിൽ ആണ് മർക്കൊഹനള്ളി അണക്കെട്ട് ഉള്ളത്. ഷിംശാ നദിയുടെ കുറുകേയാണ് ഈ ഡാം പണിതിട്ടുള്ളത്.
മൈസൂർ രാജാവായിരുന്ന കൃഷ്ണരാജ വോഡയാർ നാലാമൻ അദ്ദേഹത്തിന്‍റെ ദിവാൻ ആയിരുന്ന സർ എം വിശ്വേശരയ്യയുടെ നേതൃത്വത്തിൽ നിര്‌മ്മിച്ച അണക്കെട്ടാണിത്. ഇവിടുത്തെ വിശാലമായ ഏകദേശം 6,070 ഏക്കർവരുന്ന കൃഷിയിടങ്ങൾ നനയ്ക്കുക എന്ന ലക്ഷ്യത്തിലാണ് ഇത് നിർമ്മിച്ചത്. ഇതിന്‍റെ ക്യാച്മെന്‍റ് ഏരിയ 4,103 ചതുരശ്ര കിലോമീറ്ററുണ്ട്.
ഇവിടെ വന്നത്തുന്നവരെ ആകർഷിക്കുന്നത് ഡാമിലെ മത്സ്യസമ്പത്താണ്. ഏകദേശം 27 തരം മീനുകൾ ഈ ഡാമിലുണ്ട്.
സമാധാനമുള്ള, ശാന്തമായ ഇടങ്ങൾ തേടുന്നവർക്കും ആൾക്കൂട്ടങ്ങൾ പ്രതീക്ഷിക്കാത്തവർക്കുമാണ് ഈ സ്ഥലം കൂടുതലും ചേരുന്നത്. മാത്രമല്ല, ഇവിടുത്തെ സൂര്യാസ്തമയ കാഴ്ചയും അതിമനോഹരമാണ്. കൂടാത, അണക്കെട്ടിനോട് അനുബന്ധിച്ച് ഒരു പാർക്കും ഉണ്ട്. പകൽമുഴുവന് ഇവിടെ ചെലവഴിക്കുന്ന രീതിയിൽ യാത്ര പ്ലാൻ ചെയ്യുകയോ അല്ലെങ്കിൽ ചെറിയ ഒരു പിക്നിക് രൂപത്തിലോ ഒക്കെ ഇവിടേക്ക് വരാം. വൈകിട്ടാണ് മടങ്ങുന്നതെങ്കില് സൂര്യാസ്തമയം കാണാൻ മറക്കരുത്.
ഡാം മാത്രമേ ഇവിടെ കാണാനുള്ളോ എന്നല്ലേ ഇപ്പോൾ നിങ്ങൾ ചിന്തിക്കുന്നത്, അല്ല! രാവിലെ എത്തിയാൽ അണക്കെട്ട് കണ്ടിറങ്ങി പോകാൻ ധാരാളം സ്ഥലങ്ങൾ ചുറ്റിലുമുണ്ട്. ക്ഷേത്രങ്ങൾ, കോട്ടകൾ, കാടുകൾ തുടങ്ങിയവ ഉൾപ്പെടുന്ന വിധത്തിൽ വേണമെങ്കിൽ ഒരു യാത്രയും പ്ലാന്‍ ചെയ്യാം.
പാവഗഡ കോട്ട, ശിവഗംഗാ ഹിൽസും അവിടുത്തെ രണ്ട് ക്ഷേത്രങ്ങളും, ദേവരായന ദുര്‍ഗാ കാട്, ദേവരായനദുര്‍ഗാ ഹിൽ സ്റ്റേഷൻ, യെഡിയൂര് സിദ്ധലിംഗേശ്വര സ്വാമി ക്ഷേത്രം, കർണ്ണാടകയിലെ തന്നെ ഏറ്റവും പഴയ ക്ഷേത്രങ്ങളിലൊന്നായ അരൽഗുപ്പെ തുടങ്ങിയവ മർക്കൊഹനള്ളി അണക്കെട്ടിനു ചുറ്റിലുമായുണ്ട്.
ഇവിടം മൊത്തത്തിൽ ഒന്നു കറങ്ങുവാൻ പ്ലാനുണ്ടെങ്കിൽ ഒരു രാത്രി ഇവിടെ താമസിക്കുകയും ചെയ്യാം. ധാരളം റിസോർട്ടുകളും ഹോട്ടലുകളും ഇവിടെയുണ്ട്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












