ബെംഗളുരുവിൽ നിന്ന് യാത്രകൾ പ്ലാൻ ചെയ്യുമ്പോൾ ആദ്യം നോക്കുന്നത് ദൂരം ആണ്. എളുപ്പത്തിൽ പോയി വേഗം മടങ്ങിയെത്താൻ സാധിക്കുന്ന ഇടങ്ങളാണ് മിക്കവർക്കും താല്പര്യം. അങ്ങനെയെങ്കിൽ അടുത്തതവണ ധൈര്യമായി പോകാവുന്ന ഒരിടമുണ്ട്. കുട്ടികള്‍ക്കും മുതിർന്നവർക്കും സിറ്റിയുടെ തിരക്കുകളിൽ നിന്ന് ഒരു ബ്രേക്ക് വേണമെന്ന് ആഗ്രഹിക്കുന്ന എല്ലാവർക്കും പോയി വരാൻ സാധിക്കുന്ന നെല്ലിഗുഡെ ലേക്ക് ആണ് ഇന്നത്തെ നമ്മുടെ ലക്ഷ്യസ്ഥാനം.
കുട്ടികൾക്ക് കളിക്കാൻ വിശാലമായി കിടക്കുന്ന സ്ഥലങ്ങളും ചെറുപ്പക്കാർക്ക് ഇരുന്ന വർത്തമാനം പറഞ്ഞ് നേരംകൂട്ടാൻ പറ്റിയ മരത്തണലും വഴികളും പിന്നെ ഉഗ്രൻ തടാക കാഴ്ചയും ആണ് നെല്ലിഗുഡെയിൽ ഉള്ളത്. വർഷങ്ങളോളം ബെംഗളുരുവിൽ താമസിച്ചിട്ടും ഇത്രയും അടുത്തുകിടക്കുന്ന ഈ മനോഹര ഇടത്തെക്കുറിച്ച് അറിയാത്തവരാണ് പലരും. എങ്കിൽപ്പിന്നെ അടുത്ത യാത്ര ഇവിടേക്കാവാം അല്ലേ...

പെട്ടന്ന് ഒരു അവധി കിട്ടുമ്പോൾ അല്ലെങ്കിൽ കൂട്ടുകാർക്കൊപ്പം ഒരു ഔട്ടിങ്, പിള്ളേരെയും കൂട്ടി ഒരു ചെറിയ കറക്കം എന്നിങ്ങനെ ഏതു തരത്തിലുള്ള യാത്രകൾക്കും നെല്ലിഗുഡെ അടിപൊളിയാണ്. ബൈക്ക് എടുത്ത് വരാനും രാവിലെ സൂര്യോദയം കാണാന്‍ ഒരു യാത്ര പോകാനും ഇനി സൈക്കിൾ ചവിട്ട് വരാനാണെങ്കിലും ഇവിടം ബെസ്റ്റ് ആണ്. ശാന്തമായി കിടക്കുന്ന , ബഹളങ്ങളോ തിരക്കോ ഒന്നുമില്ലാത്ത ഇവിടം ഒരു പെർഫെക്ട് ഡെസ്റ്റിനേഷനാണ്.
നെല്ലിഗുഡെ ലേക്ക് അഥവാ നെല്ലിഗുഡെ കെരെ ബെംഗളുരുവിൽ നിന്നും 40 കിലോമീറ്ററിൽ താഴെയുള്ള, ഒരു മണിക്കൂർ മാത്രം സഞ്ചരിച്ച് എത്തിച്ചേരാന്‍ സാധിക്കുന്ന ഇടമാണ്. നിങ്ങൾ വരുന്ന മനോഹരമായ, ഒരു വശത്ത് മരങ്ങളും മറു വശത്ത് തടാകത്തിന്‍റെ മൺതിട്ടയും അതിരിടുന്ന റോഡ് നേരെ എത്തിക്കുന്നത് നെല്ലിഗുഡെ ലേക്കിന്‍റെ കാഴ്ചകളിലേക്കാണ്. വന്ന വരവിൽ തന്നെ വണ്ടിയിറങ്ങി നിറങ്ങൾ അവിടെ നിന്നു പോകും. പിടിച്ചു നിർത്തുന്നത്ര ഭംഗിയുള്ള സ്ഥലമാണിത്.
തടാകത്തിന്‍റെ തീരത്ത് വെറുതേ വന്നിരിക്കുവാനും നീണ്ടു കിടക്കുന്ന കരയിലൂടെ ഒന്നു നടന്നു വരുവാനുമെല്ലാം ഇവിടെ സാധിക്കും. വെറുതേ ഇരുന്ന് തടാകത്തിന്‍റെയും സമീപ സ്ഥലങ്ങളുടെയും കാഴ്ചകൾ ആസ്വദിക്കാനും ഇവിടേക്ക് വരാം. രാവിലെയോ വൈകിട്ടോ എപ്പോൾ വേണമെങ്കിലും വരാമെങ്കിലും അതിരാവിലെ സൂര്യോദയം കാണാനുള്ള കാഴ്ചകൾക്കാണ് ഇവിടം കൂടുതൽ പേരുകേട്ടിരിക്കുന്നത്. വൈകിട്ടത്തെ സൂര്യാസ്തമയ കാഴ്ചകളും ഒട്ടും നിരാശപ്പെടുത്തില്ല കേട്ടോ.
ഫോട്ടോ ഷൂട്ട് നടത്താനും ഇൻസ്റ്റഗ്രാമിൽ ഫോട്ടോ ഇടാനും ഒക്കെ നെല്ലിഗുഡെ ലേക്ക് നല്ല സ്ഥലമാണ്. കുറച്ചുകൂടി പോയാൽ നീണ്ടുകിടക്കുന്ന പാടങ്ങളും കൃഷിയിടങ്ങളും ഒക്കെ കാണാം. ഫോട്ടോഗ്രഫിയിൽ താല്പര്യമുള്ളവർക്ക് ഒരു ദിവസം മുഴുവും കറങ്ങി നടക്കുവാനുള്ള കാഴ്ചകൾ ഇവിടെയുണ്ട്. ഇതൊന്നുമല്ല, നിങ്ങളുടെ ഇഷ്ട പക്ഷിനിരീക്ഷണമാണെങ്കിലും ധൈര്യമായി ഇവിടേക്ക് വന്നോ. വ്യത്യസ്ത ഇനത്തിൽപെട്ട നിരവധി പക്ഷികളാണ് ഇവിടെയുള്ളത്. ഇവയെ കണ്ടെത്തി കാഴ്ചകൾ പകർത്തിയിരുന്നാൽ നേരം പോകുന്നതറിയില്ല.
വേനൽക്കാലങ്ങളിൽ ഇവിടേക്ക് വരുന്നത് അത്ര നല്ല തീരുമാനമായിരിക്കില്ല. എന്നാൽ മഴക്കാലത്തും തണുപ്പിലും ഒക്കെ രണ്ടാമതൊന്ന് ആലോചിക്കാതെ ഇങ്ങോട്ടേയ്ക്ക് വരാം. ഒരു ദിവസം മുഴുവൻ ചെലവഴിക്കുന്ന വിധത്തില് പ്ലാൻ ചെയ്യുകയാണെങ്കില്‍ യാത്രയിൽ മഞ്ചനബലെ ഡാമും ബിഗ് ബനിയൻ ട്രീ അഥവാ ഡൊഡ്ഡെ ആൽമരയും കൂടി ഉൾപ്പെടുത്താം. ഈ രണ്ടിടങ്ങളും നെല്ലിഗുഡെ ലേക്കിൽ നിന്നും അര മണിക്കൂർ ദൂരത്തിലാണുള്ളത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












