ബാംഗ്ലൂർ നഗരക്കാഴ്ചകളിൽ ഏറ്റവും കൗതുകമുള്ള സ്ഥലം ഏതാണെന്ന് ചോദിച്ചാൽ ഒരുപാടുത്തരങ്ങൾ കാണും. എന്നാൽ ഒരു യുദ്ധക്കളം എന്ന ചരിത്രത്തിൽ നിന്നും ഒരു നഗരത്തിന്‍റെ ഏറ്റവും മനോഹരമായ ഓർമ്മ നല്കുന്ന ഇടമായി ഇന്ന് തലയുയർത്തി നിൽക്കുന്ന ഒരൊറ്റ ഇടമേ ബാംഗ്ലൂരിൽ ഉള്ളൂ. അത് നമ്മുടെ കെആർ മാര്‍ക്കറ്റ് ആണ്.
നേരം പുലരുന്ന മുതൽ രാവ് വൈകുന്ന വരെ സജീവമായി നിൽക്കുന്ന കെആർ മാർക്കറ്റ് കൗതുകത്തേക്കാൾ അത്ഭുതമാണ് സന്ദർശകർക്ക് നല്കുന്നത്. ബെംഗളുരുവിന്‍റെ ഇന്നലെകളിലും ഇന്നും ഒരുപോലെ ജീവിക്കുന്ന ഇവിടം ഒരുപാട് പ്രത്യേകതകൾ നിറഞ്ഞ ഇടമാണ്. പൂക്കളും പച്ചക്കറികളും ഏറ്റവും കുറഞ്ഞ വിലയിൽ വാങ്ങാൻ പറ്റിയ ഇടമാണ് ബാംഗ്ലൂരുകാർക്ക് കെആർ മാർക്കറ്റ്.

ബാംഗ്ലൂരിലെ ഏറ്റവും പഴയതും ഏഷ്യയിലെ ഏറ്റവും വലിയ ഫ്ലവർ മാർക്കറ്റും കൂടിയാണ് നമ്മുടെ കെആർ മാർക്കറ്റ്. ബാംഗ്ലൂരിലെ ഒരു ദിവസം എങ്ങനെ ചെലവഴിക്കണം എന്നാലോചിക്കുന്നവർക്ക് അിതിരാവിലെ തന്നെ പോകാൻ പറ്റിയ സ്ഥലം കൂടിയാണിത്. ഇതാ കെഎആർ മാർക്കറ്റ് എങ്ങനെയൊക്കെ നിങ്ങളെ അത്ഭുതപ്പെടുത്തുമെന്നും എങ്ങനെ ഒരു യാത്ര പ്ലാൻ ചെയ്യാമെന്നും നോക്കാം.
ബാംഗ്ലൂർ നഗരത്തിലെ ഏറ്റവും പഴക്കം ചെന്ന മാർക്കറ്റ് ആണ് കെആർ മാർക്കറ്റ് അഥവാ കൃഷ്ണ രാജേന്ദ്ര മാർക്കറ്റ്. മുൻ മൈസൂർ രാജാവായിരുന്ന കൃഷ്ണ രാജേന്ദ്ര വോഡയാറുടെ പേരിൽ നിന്നാണ് കെആർ മാർക്കറ്റിന് ഈ പേര് ലഭിക്കുന്നത്. നഗരത്തിന് അദ്ദേഹം നൽകിയ സംഭാവനകൾക്കുള്ള ആദരസൂചകമായാണ് മാർക്കറ്റിന് അദ്ദേഹത്തിന്റെ പേരിട്ടത്. സിറ്റി മാർക്കറ്റ് എന്നും ഇതറിയപ്പെടുന്നു. അതിരാവിലെ 4.00 മണിക്ക് ആരംഭിച്ച് രാത്രി 10.00 വരെ നീണ്ടുനിൽക്കുന്ന ദീര്‍ഘമായ ഒരു ദിവസമാണ് ഇവിടെയുള്ളത്.
കെആർ മാർക്കറ്റ് എന്ന യുദ്ധക്കളം
20-ാം നൂറ്റാണ്ടിന്‍റെ തുടക്കത്തിൽ, കൃത്യമായി പറഞ്ഞാൽ 1928 ൽ ആണ് കെആർ മാർക്കറ്റ് ആരംഭിച്ചത്. അതിനും മുൻപ് പതിനെട്ടാം നൂറ്റാണ്ടിൽ ആണ് കെആർ മാർക്കറ്റിന്‍റെ യഥാർഥ ചരിത്രം ആരംഭിക്കുന്നത്. ആംഗ്ലോ-മൈസൂർ യുദ്ധം നടന്ന സ്ഥലം കൂടിയായിരുന്നു ഇന്നത്തെ കെആർ മാർക്കറ്റ് ഇരുന്ന സ്ഥലം. അതിന്‍റെ അടയാളമായി ബ്രിട്ടീഷുകാരുടെ കാലത്തെ രണ്ട് കെട്ടിടങ്ങൾ ഇന്നിവിടെ കാണാം. ഒന്നു മാർക്കറ്റിന്‍റെ മുൻവശത്തും രണ്ടാമത്തേത് മാർക്കറ്റിന്‍റെ പിൻഭാഗത്തുമായാണ് ഉള്ളത്.
പിന്നീട് ഇവിടം ഒരു വാട്ടർ ടാങ്ക് ഇരിക്കുന്ന സ്ഥലമായി മാറിയെന്നും അതാണ് പിന്നീട് കെആർ മാർക്കറ്റ് എന്ന ബാംഗ്ലൂരിലെ ഏറ്റവം പഴക്കം ചെന്ന മാർക്കറ്റുകളിൽ ഒന്നായതെന്നുമാണ് ചരിത്രം .യഥാർത്ഥത്തിൽ, കാർഷിക ഉൽപന്നങ്ങളുടെ മൊത്തവ്യാപാര വിപണിയായാണ് മാർക്കറ്റ് നിർമ്മിച്ചത്, കാലങ്ങളോളം ബാംഗ്ലൂരിലെ ഏറ്റവും തിരക്കേറിയതും പ്രധാനപ്പെട്ടതുമായ മാർക്കറ്റുകളിൽ ഒന്നായി കെആർ മാർക്കറ്റ് നിലനിന്നുപോന്നു.
അക്കാലത്തെ ബാംഗ്ലൂരിന്‍റെ ഹൃദയഭാഗത്താണ് കെആർ മാർക്കറ്റ് നിന്നിരുന്നത്. നാടിന്‍റെ മാറ്റത്തിനനുസരിച്ച് കെആർ മാർക്കറ്റും രൂപത്തിലും ഭാവത്തിലും സൗകര്യങ്ങളിലും പലതവണ മാറിയിട്ടുണ്ട്.
വരിവരിയായി നിലത്തിരുന്ന് പച്ചക്കറികൾ വിൽക്കുന്നവർ, കൂട്ടിവെച്ചിരിക്കുന്ന പൂക്കൾ, ആൾത്തിരക്ക്, വൈകുന്നേരങ്ങളിലെ കച്ചവടക്കാർ എന്നിങ്ങനെ ആകെ മൊത്തം ബഹളമാണ് ഇവിടെ. ബാംഗ്ലൂരിൽ വന്നാല്‍ ഒരു ദിവസം ഇവിടം കാണാനിറങ്ങാം. വെറും ഒന്നോ രണ്ടോ മണിക്കൂർ ഉണ്ടെങ്കിൽ കെആർ മാർക്കറ്റ് കണ്ടുപോകാം.
ഏഷ്യയിലെ തന്നെ ഏറ്റവും വലിയ പുഷ്പ മാർക്കറ്റ് ആയ ഇവിടുത്തെ പൂക്കളുടെ കാഴ്ചകൾ കാണാൻ പറ്റിയ സമയം രാവിലെ ആറു മണി മുതൽ ഒരു 8-9 മണി വരെയാണ്. അതിരാവിലെയുള്ള തിരക്ക് കഴിഞ്ഞ് കച്ചവടക്കാർ വിശ്രമിക്കുന്ന ഈ സമയം നോക്കി വന്നാൽ ഇഷ്ടംപോലെ കാഴ്ചകൾ പകര്‍ത്താനും സാധിക്കും.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












