ബാംഗ്ലൂർ യാത്രകളിൽ ഉള്‍പ്പെടുത്താന്‍ പറ്റിയ ഇടങ്ങളുടെ ലിസ്റ്റ് എടുക്കുമ്പോള്‍ ആദ്യം വരുന്ന രണ്ടിടങ്ങളാണ് നന്ദി ഹില്‍സും പിന്നെ മൈസൂരും. എണ്ണിത്തീർക്കാൻ പറ്റാത്തത്രയും തവണ ചിലപ്പോൾ നന്ദിഹിൽസ് കയറിയിട്ടുണ്ടെങ്കിലും മൈസൂരിലേക്ക് യാത്ര ഒന്നോ രണ്ടോ തവണയിൽ കൂടുതൽ പോയവർ കാണില്ല.റോഡിലെ ബ്ലോക്കും റോഡ് പണിയും പോലെ പല കാരണങ്ങൾ മൈസൂർ യാത്രയിൽ നിന്ന് പിന്തിരിപ്പിക്കുന്നു. പിന്നെ ബാംഗ്ലൂർ- മൈൂസൂർ എക്സ്പ്രസ് വേ വന്നതോടെ വണ്ടിയെടുത്തു പോയിവരുന്നവരുമുണ്ട്.
ബാംഗ്ലൂരിൽ നിന്ന് മൈസൂരിലേക്ക് നിങ്ങളുടെ യാത്രാ താല്പര്യവും സമയവും ഇഷ്ടങ്ങളും നോക്കി പോകാൻ പറ്റുന്ന മൂന്നുനാല് റൂട്ടുകളുണ്ട്. അതിലേറ്റവും എളുപ്പവും കുറവ് കാഴ്ചകളും ഉള്ളത് എക്സ്പ്രസ് വേയിലൂടെയുള്ള യാത്രയ്ക്കാണ്. എന്നാൽ മൈസൂർ മാത്രമാണ് ലക്ഷ്യമെങ്കില്‍ ഈ റൂട്ട് തിരഞ്ഞെടുക്കുന്നതായിരിക്കും നല്ലത്. അതേസമയം കുറച്ച് കാഴ്ചകളും വഴിയിൽ കുറച്ച്നേരം നിർത്തി പുതിയ ഇടങ്ങൾ കണ്ട് വിശ്രമിച്ച് ഒക്കെ പോകാനാണ് താല്പര്യമെങ്കിൽ മറ്റു റൂട്ടുകള്‍ തിരഞ്ഞെടുക്കാം.
അത്തരത്തിൽ ബാംഗ്ലൂർ- മൈസൂർ റോഡ് ട്രിപ്പിന് നിങ്ങൾക് തിരഞ്ഞെടുക്കാൻ പറ്റിയ ഒരു റൂട്ടാണ് ഇന്ന് മലയാളം നേറ്റീവ് പ്ലാനറ്റ് വായനക്കാർക്കായി പരിചയപ്പെടുത്തുന്നത്. മൈസൂരിലേക്കുള്ള യാത്രയിൽ അധികമാരും പരീക്ഷിക്കാൻ നിൽക്കാത്ത പാണ്ഡവപുര വഴി ഒരു യാത്ര. മൈസൂർ എത്തുന്നതിനു മുൻപായി മാണ്ഡ്യയിൽ നിന്ന് തിരിഞ്ഞ് പാണ്ഡവപുര വഴി മൈസൂരിലേക്ക് എത്തുന്ന റൂട്ടാണിത്. വലിയ തിരക്കില്ലാതെ, കാഴ്ചകളും കർണ്ണാടകയുടെ ഗ്രാമീണഭംഗിയും ആസ്വദിച്ച് പോകുന്നവർക്ക് ഇത് തിരഞ്ഞെടുക്കാം.
ബാംഗ്ലൂർ- പാണ്ഡവപുര- മൈസൂർ
ബാംഗ്ലൂരിൽ നിന്ന് മൈസൂരിലേക്കുള്ള യാത്രയിൽ ആദ്യം ശ്രദ്ധിക്കേണ്ടത് അതിരാവിലെ ഇറങ്ങാനാണ്. തിരക്കും വഴിയിലെ ബ്ലോക്കും കൂടുന്നതിനു മുൻപ് ബാംഗ്ലൂർ കടന്നാൽ പകുതി ആശ്വാസമായി. ബാംഗ്ലൂരിൽ നിന്ന ബിദാദി- രാമനഗര- ചന്നപട്ണ - മധൂർ- മാണ്ഡ്യ - പാണ്ഡവപുര- മൈസൂർ റൂട്ടിലാണ് വരുന്നത്. 180 കിലോമീറ്റർ ദൂരം പിന്നിടാൻ ഏകദേശം നാല് മണിക്കൂറോളം സമയമാണ് വേണ്ടത്. യാത്രകളിലെ രസങ്ങൾ ആഗ്രഹിക്കുന്ന ആളാണെങ്കിൽ വഴിയിൽ നിർത്തിയും കാഴ്ചകൾ കണ്ടുമൊക്കെ മെല്ലെ പോയാൽ മതിയാവു.
ബാംഗ്ലൂരിൽ നിന്ന മാണ്ഡ്യ എത്തുന്നതു വരെയുള്ള റൂട്ടിൽ ട്രെക്കിങ്ങിനായ രാമദേവര ബേട്ടാ ഹിൽ, കർണ്ണാടകയുടെ ജനപദ ലോക, ചന്നരായ പട്ടണ കളിപ്പാട്ടങ്ങൾ നിർമ്മിക്കുന്ന ഇടം, മാണ്ഡ്യയില് പ്രസിദ്ധമായ മധൂര്‍ വട എന്നിങ്ങനെ കാണേണ്ടതും കഴിക്കേണ്ടതുമായ ഇടങ്ങൾ വിട്ടുപോകരുത്. കൊക്കരെ ബെല്ലൂരിൽ പക്ഷികളെയും കാണാം. മാണ്ഡ്യ കഴിഞ്ഞാണ് പാണ്ഡവപുരയിലേക്ക് തിരിയുന്നത്. മാണ്ഡ്യ ജില്ലയുടെ ഭാഗമായ പാണ്ഡവപുര പുരാണങ്ങളോട് ചേർന്നു നിൽക്കുന്ന ഇടമാണ്.
പാണ്ഡവരുടെ വനവാസക്കാലത്ത് അവർ ഇവിടെ വന്നിരുന്നുവെന്നും കുറച്ചുനാൾ ഇവിടെ കഴിഞ്ഞു എന്നുമുള്ള വിശ്വാസത്തിൽ നിന്നാണ് ഈ പ്രദേശം പാണ്ഡവപുര എന്ന പേരിൽ അറിയപ്പെടുന്നത്. പാണ്ഡവരുടെ മാതാവായ കുന്തിദേവിക്കും ഇവിടം ഇഷ്ടമായിരുന്നുവത്ര. കുന്തി ബേട്ട എന്ന സ്ഥലവും ഇവിടെ അടുത്താണ് സ്ഥിതി ചെയ്യുന്നത്. കുന്തിബേട്ട ട്രെക്കിങ് തിരക്കില്ലാതെ ട്രെക്കിങ് നടത്താൻ പറ്റിയ ഇടമാണ്.
പക്ഷിനിരീക്ഷണം ഇഷ്ടമാണെങ്കിൽ രംഗനതിട്ടു പക്ഷി സങ്കേതവും കൂടി സന്ദർശിക്കാം. പാണ്ഡവപുര ക്ഷേത്രവും ഇവിടുത്തെ കാഴ്ചയിൽ ഉൾപ്പെടുത്താം.
പാണ്ഡവപുരയിൽ നിന്ന് മൈസൂരിലേക്ക് 30 കിലോമീറ്ററാണ് ദൂരം. ഏകദേശം 40 മിനിറ്റിൽ ഇത് പിന്നിടാം. മൈസൂരിലെത്തിൽ മൈസൂർ കൊട്ടാരം, ചാമുണ്ഡി ഹിൽസ്, മൈസൂർ മൃഗശാല, എന്നിങ്ങനെ കുറേ സ്ഥലങ്ങൾ സന്ദർശിക്കാനുണ്ട്. കൂടാതെ കാരാഞ്ചി ലേക്ക് നേച്ചർ പാർക്ക്,ദേവരാജ മാർക്കറ്റ് തുടങ്ങിയ സ്ഥലങ്ങളും സന്ദർശിക്കാം. വൈകി മടങ്ങിയാൽ മതിയെങ്കിൽ രാത്രി വൈദ്യുത ദീപങ്ങളാൽ അലങ്കരിച്ച മൈസൂർ കൊട്ടാരം കൂടി കാണാൻ മറക്കേണ്ട.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications















