ബെംഗളൂരു ഏറ്റവും ആകാംക്ഷയോടെ എയ്റോ ഷോ 2025 നായുളള കാത്തിരിപ്പിലാണ്. ഏഷ്യയിലെ ഏറ്റവും വലിയ എയർഷോ എന്ന പ്രത്യേകതയുള്ള എയ്റോ ഷോ രണ്ടു വർഷം കൂടുമ്പോളാണ് നടക്കുന്നത്. ഇത്തവണത്തെ പതിനഞ്ചാമത് എഡിഷൻ. വ്യോമയാന രംഗത്തെ മാറ്റങ്ങളും അപ്ഡേറ്റുകളും പരിചയപ്പെടാനും ആകാശത്ത് അതിശയം നിറയ്ക്കുന്ന കാഴ്ചകൾ കാണാനുമായി നഗരം ഒരുങ്ങിക്കഴിഞ്ഞു,

പൊതുജനങ്ങൾ വരുന്ന രണ്ടു ദിവസങ്ങളിലും വലിയ പങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നത്. അതിനാൽ ഇവിടേക്കുള്ള യാത്ര സുഗമമാക്കുവാനും ഗതാഗതക്കുരുക്ക് കുറയ്ക്കുവാനുമായി വലിയ ക്രമീകരണങ്ങളാണ് അധികൃതർ ഒരുക്കിയിരിക്കുന്നത്. ആളുകളെ വേദിയിൽ എത്തിക്കുവാനും വരുന്നവരുടെ വാഹനങ്ങൾ ഗതാഗതക്കുരുക്കിന് കാരണമാകാതെ സമഗ്രമായ പാർക്കിങ്ങും അധികൃതർ ഇതിനോടകം സജ്ജീകരിച്ചിട്ടുണ്ട്. സന്ദർശകരുടെ യാത്രാക്ലേശം ലഘൂകരിക്കുകയാണ് ലക്ഷ്യം.
അതിനായി ഇന്ത്യൻ എയർഫോഴ്‌സ് , ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) പക്കൽ നിന്നും 180 ബസുകൾ കരാറിൽ എടുത്തിട്ടുണ്ട്. സ്വകാര്യ വാഹനങ്ങളിൽ വരുന്നവർക്ക് പ്രദർശനം നടക്കുന്ന സ്ഥലത്തേയ്ക്ക് എത്തിച്ചേരാൻ ഈ സൗജന്യ ബസുകൾ ഉപയോഗിക്കാം. സ്വകാര്യ വാഹനങ്ങളിൽ വരുന്നവർക്കായി ജികെവികയിൽ ആണ് പാർക്കിങ് സൗകര്യം ഒരുക്കിയിട്ടുള്ളത്. ജികെവികെയിൽ നിന്ന് ബിഎംടിസി ബസുകൾ യെലഹങ്ക എയർഫോഴ്സ് സ്റ്റേഷനിലേക്ക് സന്ദർശകരെ കടത്തിവിടും.
പ്രദർശന സമയത്ത് എയർപോർട്ട് റോഡിലും പരിസര പ്രദേശങ്ങളിലും സാധാരണയായി കാണുന്ന ഗതാഗതക്കുരുക്ക് ഈ ക്രമീകരണം വഴി കുറയ്ക്കാം എന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയിലും വിദേശത്തും നിന്ന് ലക്ഷക്കണക്കിന് സന്ദര്‍ശകർ ഈ ദിവസങ്ങളിൽ ബെംഗളൂരുവിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.
പത്ത് സ്ഥലങ്ങളിൽ നിന്ന് എസി ബസുകളും
എയ്റോ ഷോ 2025 കാണാൻ സ്വകാര്യ വാഹനങ്ങൾ ഒഴിവാക്കി പൊതുഗതാഗതം തിരഞ്ഞെടുക്കുന്നവരെ പ്രോത്സാഹിപ്പിക്കാൻ നഗരത്തിലെ പ്രധാന പത്ത് സ്ഥലങ്ങളിൽ നിന്ന് എസി ബസ് സർവീസും ഉണ്ടായിരിക്കും. വോൾവോ എസി ഉൾപ്പെടെയുള്ള ബസുകൾ തിരക്ക് കുറയ്ക്കാൻ സഹയിക്കും.,
കെംപെഗൗഡ ബസ് സ്റ്റേഷൻ (മജസ്റ്റിക്), ഹെബ്ബാൽ, ശിവാജിനഗർ, കെങ്കേരി, ഐടിപിഎൽ, ബനശങ്കരി ബിഡിഎ കോംപ്ലക്സ്, വിജയനഗർ ടിടിഎംസി, ഓറിയോൺ മാൾ രാജാജിനഗർ, ഇലക്‌ട്രോണിക് സിറ്റിയിലെ ഇൻഫോസിസ് കാമ്പസ് തുടങ്ങിയ 10 സ്ഥലങ്ങളിൽ നിന്നാണ് എയ്‌റോ ഇന്ത്യ പ്രത്യേക ബസുകൾ സർവീസ് നടത്തുക.
അതേസമയം, എയ്റോ ഷോയുടെ ഭാഗമായി യെലഹങ്ക എയർഫോഴ്‌സ് സ്‌റ്റേഷനിലും പരിസരത്തും ഉള്ള ഡിഗ്രി കോളേജുകൾക്ക് അവധി പ്രഖ്യാപിച്ചു. കോളേജ് വിദ്യാഭ്യാസ വകുപ്പ് ആണ് പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കുന്ന 13,1 4 തിയതികളിൽ സർക്കാർ, എയ്ഡഡ്, സ്വകാര്യ ഡിഗ്രി കോളേജുകൾക്ക് അവധി പ്രഖ്യാപിച്ചത്.
എയ്റോ ഇന്ത്യ 2025
ദ റൺവേ ടു എ ബില്യൺ ഓപ്പർച്യുണിറ്റീസ് എന്ന പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് ഈ വർഷത്തെ പ്രദർശനം. ആഗോള, ഇന്ത്യൻ ബഹിരാകാശ വ്യവസായങ്ങളിലെ പുരോഗതിയെക്കുറിച്ച് മനസ്സിലാക്കാൻ ഈ പ്രദർശനം സഹായിക്കും. പൊതുജനങ്ങൾക്ക് വിമാനങ്ങളുടെ പ്രദർശനം, എയർ ഡിസ്പ്ലേ , സ്റ്റാറ്റിക് പ്രദർശനം തുടങ്ങിയവ ആസ്വദിക്കാം. ഐഎഎഫിന്‍റെ സുഖോയ് യുദ്ധവിമാനങ്ങൾ, സൂര്യ കിരൺ എയ്‌റോബാറ്റിക് ടീം, സാരംഗ് ഹെലികോപ്റ്റർ ഡിസ്‌പ്ലേ ടീം തുടങ്ങിയവരുടെ പ്രകടനങ്ങള്‍ ഉണ്ട്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












