ഗവൺമെന്റ് മ്യൂസിയം
ചെന്നൈ എഗ്മോറിൽ സ്ഥിതി ചെയ്യുന്ന ഗവൺമെന്റ് മ്യൂസിയമാണ് ഇവിടുത്തെ മ്യൂസിയങ്ങളിൽ പ്രധാനപ്പെട്ടത്. ഇന്ത്യയിലെ ഏറ്റവും പഴയ മ്യൂസിയം എന്ന ബഹുമതി മാത്രമല്ല, ഏഷ്യയിലെ ഏറ്റവും വലിയ മ്യൂസിയങ്ങളിലൊന്ന് എന്ന ബഹുമതിയും ഇതിന് സ്വന്തമാണ്. പതിനാറര ഏക്കർ സ്ഥലത്തായാണ് ഈ മ്യൂസിയം വ്യാപിച്ചു കിടക്കുന്നത്. ആറു വ്യത്യസ്ത കെട്ടിടങ്ങളിലായി 46 ഗാലറികളാണ് ഇതിനുള്ളത്. ആർക്കിയോളജി, സൂവോളജി, ബോട്ടണി, ജിയോളജി. ആന്ത്രപ്പോളജി, ന്യൂമിസ്മാറ്റിക്സ് തുടങ്ങിയ വിഭാഗങ്ങൾ ഇവിടെ കാണാം. മ്യൂസിയത്തിനുള്ളിൽ ഒരു തിയേറ്ററും ഉണ്ട്.
PC:L.vivian.richard
ഫോർട്ട് മ്യൂസിയം
ആർക്കിയോളജികക്ൽ സർവ്വേ ഓഫ് ഇന്ത്യയുടെ കീഴിൽ സംരക്ഷിക്കപ്പെടുന്ന മ്യൂസിയമാണ് ചെന്നൈയിലെ ഫോർട്ട് മ്യൂസിയം. ആർക്കിയോളജിക്കൽ ഇന്ത്യയുടെ നേതൃത്വത്തിൽ നടത്തിയ ഖനനങ്ങളിൽ നിന്നും കുഴിച്ചെടുത്ത സാധനങ്ങളാണ് ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നത്. വളരെ പഴയ കാലത്തിന്റെ പോലും ചരിത്രം ഇവിടെ എത്തിയാൽ മനസ്സിലാക്കുവാൻ സാധിക്കും.
PC:Rakesh.5suthar
റീജിയണൽ റെയിൽ മ്യൂസിയം
ചെന്നൈയ്ക്ക് സമീപത്തുള്ള പെരമ്പൂരിലാണ് റീജിയണൽ റെയിൽ മ്യൂസിയം സ്ഥിതി ചെയ്യുന്നത്. ഇന്ത്യൻ റെയിൽവേയുടെ വളർച്ചയിടെ മാറ്റങ്ങളും നാഴികക്കല്ലുകളും അടയാളപ്പെടുത്തിയിരിക്കുന്ന ഇടമാണിത്. 2002 ലാണ് ഇത് ഉദ്ഘാടനം ചെയ്യപ്പെട്ടത്. ട്രെയിനിന്റെ വിവിധ രൂപങ്ങളും മാതൃകകളും ഒക്കെ ഇവിടെ സൂക്ഷിച്ചിട്ടുണ്ട്.
PC:Lakshmi Kiran
ദക്ഷിണ ചിത്ര
മുട്ടുകാട് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന മറ്റൊരു പൈതൃക മ്യൂസിയമാണ് ദക്ഷിണ ചിത്ര.തുറന്ന ആംഫി തിയേറ്ററായാണ് ഈ മ്യൂസിയം പ്രവർത്തിക്കുന്നത്. സംഗീതത്തിന്റെയും കലകളുടെയും പെർഫോമൻസുകളാണ് ഇവിടെ നടക്കുക. ചിത്രകലയും പാത്ര നിർമ്മാണവും ഒക്കെ പഠിപ്പിക്കുന്ന ശില്ശാലകൾ കുട്ടികൾക്കും മുതിർന്നവർക്കുമായി ഇവിടെ നടക്കാറുണ്ട്.
ഡോ. ഗിരീസ് മ്യൂസിയം
ചരിത്ര വസ്തുക്കൾ കാണുവാൻ എല്ലാവും കയറിയിറങ്ങുന്ന സാധാരണ മ്യൂസിയങ്ങളിലൊന്നല്ല ഡോ. ഗിരീസ് മ്യൂസിയം. ബിസിനസ് ആവശ്യങ്ങൾക്കായാണ് ഈ മ്യൂസിയം സാധാരണയായി ഉപയോഗപ്പെടുത്തുന്നത്. ഫർണിച്ചർ, പെയിന്റിംഗുകൾ, തുടങ്ങിയവ ഇവിടെ പ്രദർശിപ്പിക്കുകയും വില്ക്കുകയും ചെയ്യാറുണ്ട്. ഏകദേശം 50 വർഷത്തിലധികം പഴക്കം ഇതിനുണ്ട്.
രുക്മിണി ദേവി മ്യൂസിയം
ചെന്നൈയിലെ കലാ ക്ഷേത്ര ക്യാംപസിനുള്ളിൽ സ്ഥിതി ചെയ്യുന്ന മ്യൂസിയമാണ് രുക്മിണി ദേവി മ്യൂസിയം. കലാക്ഷേത്രയുടെ സ്ഥാപകയായ രുക്മിണി ദേവി അരുൺഡെലിന് സമർപ്പിച്ചിരിക്കുന്ന മ്യൂസിയമാണിത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കലാവസ്തുക്കൾ ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്.
തമിഴ്നാട് സയൻസ് ആൻഡ് ടെക്നോളജി സെന്റർ
1983 ൽ നിർമ്മിച്ച തമിഴ്നാട് സയൻസ് ആൻഡ് ടെക്നോളജി സെന്റർ ആണ് ഇവിടെ സന്ദർശിച്ചിരിക്കേണ്ട മറ്റൊരു മ്യൂസിയം.വിദ്യാർഥികൾക്കിടയിൽ ശാസ്ത്ര അവബോധം വളർത്തുക എന്ന ഉദ്ദേശത്തിലാണ് ഇത് സ്ഥാപിക്കുന്നത്. ഇവിടുത്തെ പ്രദർശനങ്ങളിലൂടെ പൊതുജനങ്ങൾക്കിടയിൽ ഒരു പരിധിവരെ എങ്കിലും ശാസ്ത്രത്തെ കൊണ്ടുചെല്ലാൻ സാധിച്ചിട്ടുണ്ട് എന്നാണ് കരുതപ്പെടുന്നത്.
ത്രിഡീ മ്യൂസിയം
ചെന്നൈ ഈസ്റ്റ് കോസ്റ്റ് റോഡിൽ സന്ദർശിച്ചിരിക്കേണ്ട മ്യൂസിയമാണ് ഇവിടുത്തെ ത്രിഡി മ്യൂസിയം. ഇവിടുത്തെ എല്ലാ പ്രദർശനങ്ങളും ത്രിഡിയിലാണ് ഒരുക്കിയിരിക്കുന്നത്. എ പി. ശ്രീധർ എന്നു പേരായ ഒരു കലാകാരനാണ് ഇതിനു പിന്നിൽ പ്രവർത്തിച്ചത്.