വിശാഖം നക്ഷത്രം ജനിച്ചവർ
ജ്യോതിശാസ്ത്രത്തിലെ പതിനാറാമത്തെ നക്ഷത്രമായ വിശാഖം ചോതി നക്ഷത്രം കഴിഞ്ഞാണ് വരുന്നത്. കഠിനാധ്വാനത്തിനും സ്വപരിശ്രമത്തിനും പേരുകേട്ട ഈ രാശിക്കാർ പടിപടിയായി പുരോഗതിയും ജീവിത വിജയവും നേടുമെന്നാണ് കരുതപ്പെടുന്നത്.
എല്ലാ കാര്യങ്ങളും ബുദ്ധിപരമായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഇവർ സംഭാഷണങ്ങളിലും മുന്നിട്ടു നിൽക്കും. പെട്ടന്നു ദേഷ്യപ്പെടുമെങ്കിലും ഇവർ പെട്ടന്ന് ശാന്തരാവുകയും ചെയ്യും.
പങ്കാളിയോട് വളരെ സ്നേഹം കാണിക്കുന്ന ഇവർ പക്ഷേ, ഇടയ്ക്ക് ദുർവാശിക്കാരാവും. ഒരേ സമയം പുരോഗമപരമായി ചിന്തിക്കുന്ന ഇവർ അതേ സമയം തന്നെ പാരമ്പര്യവാദങ്ങളും പിന്തുടരും. ഉദാരമതികളായ ഇവർ ജോലിയിൽ സാമർത്ഥ്യം കാണിക്കുകയും ചെയ്യും. വളരെ നീതിബോധം പുലർത്തുന്ന ഇവർ കലാസാംസ്കാരിക രംഗത്ത് ഉന്നതിയിലെത്തുവാനും സാധ്യതയുണ്ട്.
വിശാഖം നക്ഷത്രക്കാരുടെ ജന്മ നക്ഷത്ര ക്ഷേത്രം
വിശാഖം നക്ഷത്രത്തിൽ ജനിച്ചവരുടെ ജന്മ നക്ഷത്ര ക്ഷേത്രമായി അറിയപ്പെടുന്നത് ഏറ്റുമാനൂർ മഹാദേവ ക്ഷേത്രമാണ്. കോട്ടയം ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം കേരളത്തിലെ തന്നെ ഏറ്റവും പ്രശസ്തവും ശ്രേഷ്ഠവുമായ ശൈവ ആരാധനാ കേന്ദ്രമാണ്. പരശുരാമൻ സ്ഥാപിച്ച 108 ശിവക്ഷേത്രങ്ങളിലൊന്നായ ഈ ക്ഷേത്രത്തിന് നൂറ്റാണ്ടുകൾ പഴക്കമുണ്ടെന്നാണ് വിശ്വാസം. എന്നാൽ ഇതെത്രയാണെന്ന് ഇതുവരെയും കണക്കാക്കുവാൻ കഴിഞ്ഞിട്ടില്ല.
PC:Rklystron/Wikipedia
ഏറ്റുമാനൂർ മഹാദേവ ക്ഷേത്രം
കേരളത്തിൽ ഒരിക്കലെങ്കിലും ദർശനം നടത്തിയിരിക്കേണ്ട ക്ഷേത്രങ്ങളിലൊന്നാണ് ഏറ്റുമാനൂർ ക്ഷേത്രം. ഏറ്റുമാനൂരപ്പൻ എന്നാണ് വിശ്വാസികൾ സ്നേഹപൂർവ്വം ഇവിടുത്തെ ശിവനെ വിളിക്കുന്നത്. ഏറ്റുമാനൂരപ്പന്റെ മുന്നിൽ ഏറ്റു പറയുന്ന പാപങ്ങളെല്ലാം കേട്ടുപൊറുത്ത് അനുഗ്രഹിച്ച് വിടുന്ന ദേവനായാണ് പണ്ടുമുതലേ ഏറ്റുമാനൂരപ്പനെ ചിത്രീകരിച്ചുപോരുന്നത്.
ഒരുപാട് സ്വത്തുക്കളുടെയും ആഭരണങ്ങളുടെയും രത്നങ്ങളുടെയും ഉടമയാണ് ഏറ്റുമാനൂരപ്പൻ.
PC:Ranjithsiji /Wikipedia
പടിഞ്ഞാറ് ദർശനം
അഘോരമൂർത്തി രൂപത്തിൽ പടിഞ്ഞാറ് ദിശയിലേക്ക് ദർശനമായാണ് ഏറ്റുമാനൂരപ്പൻ വാഴുന്നത്. അഘോരമൂര്‍ത്തിയാണ് പ്രധാന ഭാവമെങ്കിലും മൂന്ന് നേരവും മൂന്ന് വ്യത്യസ്ത ഭാവങ്ങളിൽ ഇവിടെ ശിവനെ ദർശിക്കാം. രാവിലെ അഘോരമൂർത്തിയായും ഉച്ചയ്ക്ക് ശരഭമൂർത്തിയായും വൈകീട്ട് അർദ്ധനാരീശ്വരനായും ആണ് ഇവിടെ ശിവനെ പ്രതിഷ്ഠിക്കുന്നത്.
PC:Ms Sarah Welch/Wikipedia
കെടാവിളക്കും ഏഴരപ്പൊന്നാനയും
കെടാവിളക്കും ഏഴരപ്പൊന്നാനയും ഏറ്റുമാർ മഹാദേവ ക്ഷേത്രത്തിന്റെ ഖ്യാതി ലോകമെങ്ങും എത്തിച്ച രണ്ടു കാര്യങ്ങളാണ്. ലോകത്ത് ഏഴരയാനപ്പുറത്ത് എഴുന്നള്ളുന്ന ഏകദേവൻ ഏറ്റുമാനൂരപ്പൻ ആണെന്നാണ് വിശ്വാസം. കുംഭമാസത്തിലെ ഉത്സവത്തിലെ എട്ടാം ഉത്സവ ദിനമായ രോഹിണി നാളിലാണ് ഏഴരപ്പൊന്നാനയെ എഴുന്നള്ളിക്കുന്നത്. രാത്രി 12 മണി മുതല്‍ ഇവിടെ ദര്‍ശനം സാധ്യമാകും. ഏഴരപ്പൊന്നാ ദർശനം സമൃദ്ധിയും ഐശ്വര്യവും നല്കും എന്നാണ് വിശ്വാസം.
PC:RajeshUnuppally -/Wikipedia
എന്നു വരണം
ഏതു ദിവസം വന്നാലും ഏറ്റുമാനൂരപ്പ ദർശനം പുണ്യം നല്കുന്നതാണ്. എന്നാൽ ശനി, ഞായർ, തിങ്കള് ദിവസങ്ങളിലും മലയാള മാസത്തിലെ എല്ലാ ഒന്നാം തിയതികളുമാണ ഇവിടെ ഏറ്റവും കൂടുതൽ വിശ്വാസികൾ എത്തിച്ചേരുന്നത്. അഷ്ടമിരോണി, തിരുവോണം, ആട്ടത്തിരുനാള്‍, മകര സംക്രമം, ശിവരാത്രി, വിഷുസംക്രമം തുടങ്ങിയ ആഘോഷ ദിവസങ്ങളിലും ഇവിടെ വിശ്വാസികളെത്തുന്നു.
നിർമ്മാല്യം ദർശിച്ചാല്‍
ഏറ്റുമാനൂർ ക്ഷേത്രത്തിലെ കെടാവിളക്ക് ഭഗവാൻ കൊളുത്തിയത് ആണെന്നാണ് വിശ്വാസം. അന്നു കൊളുത്തിയ വിളക്ക് ന്നുവരെ അണഞ്ഞിട്ടില്ല എന്നാണ് പറയപ്പെടുന്നത്. തുടർച്ചയായ 12 ദിവസം ക്ഷേത്രത്തില്‍ നിർമ്മാല്യം ദർശിച്ചാൽ ആഗ്രഹിക്കുന്ന കാര്യം സാധിക്കുമെന്നാണ് വിശ്വസിക്കപ്പെടുന്നത്.
ക്ഷേത്രത്തിലെ കാണിക്ക സമര്‍പ്പണത്തിനും പ്രത്യേകതയുണ്ട്. ആസ്ഥാന മണ്ഡപത്തില്‍ കാണിക്കയര്‍പ്പിക്കുന്ന ഏക ക്ഷേത്രവും ഇതു തന്നെയാണ്.