ചോതി
ജ്യോതിശാസ്ത്രത്തിലെ 15-ാമത്തെ നക്ഷത്രമാണ് ചോതി. ചിത്തിര കഴിഞ്ഞുവരുന്ന ഈ നക്ഷത്രത്തിൽ പിറന്നവർ ആരെയും കയ്യിലെടുക്കുന്ന വിധത്തിൽ സംസാരിക്കുന്നവരും ശാന്തമായി പെരുമാറുന്നവരുമാണ്. ആവശ്യക്കാരെ മനസ്സറിഞ്ഞു സഹായിക്കുന്ന ഈ രാശിക്കാർ സഹായം ആവശ്യമുള്ളവരോട് ഒരിക്കലും മുഖം തിരിഞ്ഞു നിൽക്കില്ല. എന്നാൽ എന്തുകാര്യം ചെയ്യുമ്പോഴും അതിന്‍റെ ലാഭവും നഷ്ടവും കണക്കുകൂട്ടി മാത്രമേ ഇവർ മുന്നിട്ടിറങ്ങുകയുള്ളൂ. ഇവരുടെ തീരുമാനങ്ങളെയും ഈ ലാഭവും നഷ്ടവും സ്വാധീനിക്കും. ഏതുകാര്യത്തിലും വളരെ കൃത്യത പാലിക്കുന്ന ഇവർ വാക്കുകളിലും കൃത്യത സൂക്ഷിക്കുന്നു. സ്വാതന്ത്ര്യത്തോടെ പ്രവർത്തിക്കുവാൻ ആഗ്രഹിക്കുന്നവരാണ് ഈ നക്ഷത്രക്കാർ. അതുകൊണ്ടുതന്നെ മറ്റുള്ളവരുടെ വാക്കിനനുസരിച്ച് പ്രവര്‍ത്തിക്കുവാനോ തീരുമാനങ്ങളെടുക്കുവാനോ ഇവർക്ക് കഴിയില്ല,. നിർബന്ധബുദ്ധി കൂടുതലുള്ള നക്ഷത്രക്കാരായും ഇവർ അറിയപ്പെടുന്നു.
ചോതി നക്ഷത്രക്കാരുടെ ജന്മ നക്ഷത്ര ക്ഷേത്രം
തൃശൂർ ചാലക്കുടിക്ക് സമീപം വടമ എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന
പാമ്പുമേക്കാട്ടുമനയാണ് ചോതി നക്ഷത്രക്കാരുടെ ജന്മ നക്ഷത്ര ക്ഷേത്രം ആയി അറിയപ്പെടുന്നത്. നാഗാരാധനയ്ക്ക് പേരുകേട്ട ഈ മന ഒരുപാട് പ്രത്യേകതകളാലും ഐതിഹ്യ കഥകളാലും സമ്പന്നമായ ഇടമാണ്. സർപ്പാരാധനാ ഇടമായി വിശ്വാസികൾ അംഗീകരിക്കുന്ന ഇവിടെ സർപ്പദോഷ പരിഹാരങ്ങൾക്ക് കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും വിശ്വാസികൾ എത്തിച്ചേരുന്നു.
PC:Aruna
പാമ്പുമേക്കാട്ടു മന
നാഗദൈവങ്ങളുമായി ബന്ധപ്പെട്ടു നിൽക്കുന്ന ഈ ക്ഷേത്രം അന്നത്തെ പല ആചാരങ്ങളും ഇന്നും ഒരു മാറ്റവുമില്ലാതെ പിന്തുടരുന്ന ക്ഷേത്രമാണ്. എന്നാണ് ഇവിടെ സർപ്പാരാധന തുടങ്ങിയതെന്നോ എങ്ങനെ തുടങ്ങിയെന്നോ ആർക്കും കൃത്യമായി പറയുവാൻ സാധിക്കില്ല. അതുമായി ബന്ധപ്പെട്ട രേഖകളൊന്നും തന്നെ ലഭ്യമല്ല. എന്നാൽ സർപ്പാരാധനയ്ക്കും നാഗപൂജകൾക്കും കേരളത്തിൽ പാമ്പുമേക്കാട്ട് മനയോളം പ്രാധാന്യമുള്ള മറ്റൊരിടമില്ല എന്നതാണ് യാഥാർത്ഥ്യം!
PC:Aruna
വാസുകി സമ്മാനിച്ച നാഗമാണിക്യം
നാഗമാണിക്യം അഥവാ മാണിക്യക്കല്ല് ഈ മനയിൽ ഇന്നും എവിടെയോയോ ഉണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്. പണ്ടുകാലത്ത് കഠിനമായി ദാരിദ്രം അനുഭവിച്ചിരുന്നു ഈ മനക്കാർ. അതിൽ നിന്നൊരു മോചനം ആഗ്രഹിച്ച് ഒരു നമ്പൂതിരി തിരുവഞ്ചിക്കുളം ക്ഷേത്രത്തിൽ ഭജനയ്ക്കായി പോയി. അങ്ങനെ ഒരു ദിവസം സർപ്പരാജാവായ വാസുകി പ്രത്യക്ഷപ്പെട്ട് മാണിക്യക്കല്ല് നല്കിയെന്നും അനുഗ്രഹിച്ചുവെന്നുമാണ് വിശ്വാസം. നാഗദൈവങ്ങളുടെ സാന്നിധ്യം മനയിലുണ്ടാകണമെന്നാവശ്യപ്പെട്ട നമ്പൂതിരി മടങ്ങിയപ്പോൾ അദ്ദേഹത്തിന്റെ ഓലക്കുടയിൽ ഒരു നാഗം പിണഞ്ഞിരുന്നുവെന്നും അതിനെയാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നതെന്നുമാണ് വിശ്വാസം.
PC:Aruna
മനയിലെ മാണിക്യക്കല്ല്
ഇന്നും മനയിലെവിടെയോ മാണിക്യക്കല്ല് ഉണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്. എന്നാൽ അതെവിടെയാണെന്നു കൃത്യമായി ആർക്കും അറിയില്ല.
നാഗദൈവങ്ങൾക്ക് വളരെ പ്രാധാന്യം ഇവിടെ നല്കുന്നു. നാഗയക്ഷിയും വാസുകിയും ആണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠകൾ. നാഗദോഷ പരിഹാരങ്ങൾക്കായി വിശ്വാസികൾ വിവിധ ഭാഗങ്ങളിൽ നിന്നും ഇവിടെ വരുന്നു. പാമ്പുമേക്കാട് മനയോട് ചേർന്ന് അഞ്ച് കാവുകളുമുണ്ട്. നാഗങ്ങൾ വസിക്കുന്ന ഇടമായതിനാൽ ഇവിടെ മറ്റൊടരിടത്തും തീ കത്തിക്കുവാൻ അനുവാദമില്ല എന്നു മാത്രമലല്, തറവാട്ടിലെ ആരെങ്കിലുമോ നാഗങ്ങളോ മരണമടഞ‍്ഞാല് തെക്കേ കാവിൽ മാത്രമാണ് അവർക്ക് ചിതയൊരുക്കുന്നത്. മനയിലുള്ളവർ പാരമ്പര്യങ്ങൾ എന്നാണ് നാഗങ്ങളെ വിളിക്കുന്നത്.
PC:Aruna
പാമ്പുമേക്കാട്ട് മന സന്ദർശന സമയം
ചില പ്രത്യേക ദിവസങ്ങളിലാണ് ഭക്തജനങ്ങൾക്ക് മനയുടെ ഉള്ളിലേക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്. മിഥുനം, കർക്കിടകം, ചിങ്ങം എന്നിവ ഒഴികെ വരുന്ന ഏതു മലയാള മാസം ഒന്നാം തീയതിയും കർക്കിടകം മാസത്തിലെ അവസാന ദിവസവും ആളുകൾക്ക് മനയിലേക്ക് പ്രവേശനം ഉണ്ട്. മനയുടെ കീഴിലുള്ള എല്ലാ കാവുകളിലും പ്രവേശനം അനുവദിക്കുന്ന ദിവസം മേടം പത്ത് ആണ്. രാവിലെ 9.00 മുതൽ വൈകുന്നേരം 5.00 മണി വരെയാണ് ഇതിന്‍റെ സമയം.
PC:Aruna