പൂയം നക്ഷത്രം
എട്ടാമത്തെ നക്ഷത്രമായ പൂയം പുണർതം കഴിഞ്ഞാണ് വരുന്നത്. കരുണയും ദയയും നിറഞ്ഞ ആളുകളാണ് പൂയം നക്ഷത്രത്തിൽ ജനിച്ചവർ. ഏതു കാര്യവും ആത്മാർത്ഥതയോടെ പൂർത്തീകരിക്കുന്ന ഈ നക്ഷത്രക്കാർ ജീവിതത്തിലുടനീളം സത്യസന്ധത സൂക്ഷിക്കുവാനും ശ്രമിക്കും.
വിദ്യാഭ്യാസവും ധനവും ആവശ്യത്തിലധികമുള്ള ഇവർ കഠിനാധ്വാനികളും മുന്നിലൊരു ലക്ഷ്യം വെച്ച് അതിനുവേണ്ടി പ്രവർത്തിക്കുന്നവരും ആണ്.
യാത്രകളെ ഇഷ്ടപ്പെടുന്ന ഈ രാശിയിലുള്ളവർ പ്രകൃതി സൗന്ദര്യം ആസ്വദിക്കുന്നവരും തനിച്ചുള്ള യാത്രകള്‍ ചെയ്യുവാൻ ഇഷ്ടപ്പെടുന്നവരും ആണ്. നന്നായി സംസാരിക്കുവാനും ആളുകളെ കയ്യിലെടുക്കുവാനും ഇവർക്ക് സാധിക്കും. പൊതുവേ ഭക്ഷണപ്രിയരായാണ് ഈ രാശിക്കാർ അറിയപ്പെടുന്നത്. ആളുകളെ സഹായിക്കുവാനുള്ല മനസ്ഥിതി മറ്റു രാശിക്കാരെ അപേക്ഷിച്ച് ഇവർക്ക് കൂടുതലാണ്.
പൂയം നക്ഷത്രവും ക്ഷേത്രവും
പൂയം നക്ഷത്രത്തിൽ ജനിച്ചവരുടെ ക്ഷേത്രമെന്ന് അറിയപ്പെടുന്നത് കണ്ണൂർ ജില്ലയിലെ
പയ്യന്നൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം ആണ്. പരശുരാമൻ പ്രതിഷ്ഠ നടത്തി എന്നു വിശ്വസിക്കപ്പെടുന്ന ഈ ക്ഷേത്രത്തിലെ സുബ്രഹ്മണ്യനെ വിശ്വാസികൾ പയ്യന്നൂർ പെരുമാൾ എന്നാണ് വിളിക്കുന്നത്. ഉത്തര കേരളത്തിലെ പഴനി എന്നും ഇവിടം അറിയപ്പെടുന്നു. പൂയം നക്ഷത്രത്തില്‍ ജനിച്ചവർക്ക് ഈ ക്ഷേത്രത്തില് ദർശനം നടത്തുന്നത് നല്ലതാണ്.
PC: Kerala Tourism
പയ്യന്നൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം
വടക്കൻ കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട സുബ്രഹ്മണ്യ ക്ഷേത്രങ്ങളിൽ ഒന്നാണ് പയ്യന്നൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം. പെരുമ്പപ്പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രം മലബാറിലെ ഏറ്റവും പ്രധാന തീർത്ഥാടന കേന്ദ്രങ്ങളിലൊന്നാണ്. മലബാറിലെ പഴനി എന്നും ഇവിടം അറിയപ്പെടുന്നു. താരകനെ വധിച്ചതിനു ശേഷമുള്ള ഉഗ്രഭാവത്തിലാണ് മുരുകനെ ഇവിടെ പ്രതിഷ്ഠിച്ചിട്ടുള്ളത്.
PC:Kerala Culture
പരശുരാമശാസനകൾ പാലിക്കുന്ന ക്ഷേത്രം
കേരളത്തിലെ മറ്റു ക്ഷേത്രങ്ങളിൽ നിന്നും വിഭിന്നമായി പല ആചാരങ്ങളും അനുഷ്ഠാനങ്ങളും ഇവിടെ കാണുവാൻ സാധിക്കും. പരശുരാമശാസനകൾ പാലിക്കുന്ന ഒരു ക്ഷേത്രം കൂടിയാണിത്. കാവി വസ്ത്രം ധരിച്ച സന്യാസിമാർക്ക് ക്ഷേത്രത്തിൽ പ്രവേശനം അനുവദിക്കാറില്ല. അതുപോലെ ഉപനയനമുള്ള ക്ഷത്രിയർക്കും ക്ഷേത്രത്തിനുള്ളിൽ പ്രവേശനമില്ല. ക്ഷേത്രത്തിലെ സദ്യയ്ക്കും ഉത്സവത്തിനും ചില നിബന്ധനകളുണ്ട്. സദ്യയ്ക്ക് പപ്പടം വിളമ്പില്ല എന്നതും ഉത്സവത്തിന് ആനയെഴുന്നള്ളിപ്പ് അനുവദിക്കില്ലെന്നതും കൊടിയേറ്റ് നടക്കില്ല എന്നതുമാണ് ഇവിടുത്തെ മറ്റു പ്രത്യേകതകൾ. രാജകീയ അടയാളങ്ങൾ പ്രദർശിപ്പിക്കുന്ന ഒന്നുംതന്നെ ഉത്സവത്തിന് ഉണ്ടായിരിക്കില്ല.
PC:Dvellakat
ക്ഷേത്രത്തിനുള്ളില്‍
കിഴക്ക് ദർശനമായാണ് സുബ്രഹ്മണ്യ പ്രതിഷ്ഠയുള്ളത്. ആറടി ഉയരം ഈ പ്രതിഷ്ഠയ്ക്കുണ്ട്. ഗജപൃഷ്ഠ മാതൃകയിൽ രണ്ടു നിലകളാണ് ക്ഷേത്രത്തിന്റെ ശ്രീകോവിലിനുള്ളത്. ഗണപതി, ഭൂതത്താർ, ഭഗവതി, ശാസ്താവ്, പരശുരാമൻ എന്നീ ഉപദേവതകകളും ഇവിടെയുണ്ട്. നേരത്തെ സൂചിപ്പിച്ചതു പോലെ ക്ഷേത്രത്തിനുള്ളിൽ കൊടിമരമില്ല. പകരം കന്യാഭഗവതിയാണ് കൊടിമരത്തിന്റെ സ്ഥാനത്ത് കുടിയിരിക്കുന്നത്. മലബാറിന്റെ ചരിത്രത്തിലെ പ്രധാന ക്ഷേത്രമാണിത്.
PC:Dvellakat
ക്ഷേദ്രദർശനവും പയ്യന്നൂർ പവിത്രവും
പുലർച്ചെ 4.00 മുതൽ 12 മണി വരെയും ഉച്ചകഴിഞ്ഞ്5.00 മുതൽ 9.00 മണി വരെയും ആണ് ക്ഷേത്രം ദർശനത്തിനായി തുറന്നിരിക്കുന്നത്. 12 അടി ഉയരത്തിലുള്ള ക്ഷേത്രമതിൽ വളരെ വ്യത്യസ്ത രീതിയിലാണ് പണിതീർത്തിരിക്കുന്നത്. പയ്യന്നൂർ പവിത്രമോതിരം ഈ ക്ഷേത്രവുമായി ബന്ധപ്പെട്ടു നിൽക്കുന്നു. സാധാരണ പൂജകളുടെ സമയത്ത് അണിയുന്ന ദർഭപ്പുല്ല് കൊണ്ടുണ്ടാക്കുന്ന പവിത്ര മോതിരം കൂടുതൽ നേരം ധരിക്കുന്നതിന്റെ ബുദ്ധിമുട്ട് ഒഴിവാക്കുവാനാണ് സ്വർണ്ണത്തിൽ തീർത്ത മോതിരം നിർമ്മിച്ച് തുടങ്ങിയത്. ദർഭമോതിരത്തിലെ പവിത്രക്കെട്ട് തന്നെയാണ് ഈ സ്വർണ്ണമോതിരത്തിലും ഉള്ളത്. പെരുമാൾകോവിലിൽ പൂജിച്ച് നല്കുന്ന ഈ മോതിരം ഭാഗ്യം കൊണ്ടുവരുമെന്നാണ് വിശ്വാസം. പയ്യന്നൂർ പവിത്രം എന്നും ഇതറിയപ്പെടുന്നു.
PC:Dvellakat
പയ്യന്നൂരിന്‍റ ഗ്രാമക്ഷേത്രം
പയ്യൻ എന്നും വിളിക്കപ്പെടുന്ന സുബ്രഹ്മണ്യന്‍റെ ഊര് ആണ് പയ്യന്നൂർ ആയതെന്നാണ് വിശ്വാസം. പരശുരാമൻ മഴുവെറിഞ്ഞ് സൃഷ്ടിച്ച കരഭൂമി . 32 മലയാള ഗ്രാമങ്ങളും 32 തുളു ഗ്രാമങ്ങളും ചേരുന്ന 64 ഗ്രാമങ്ങളായി വിഭജിച്ചുവെന്നാണല്ലോ ഐതിഹ്യം പറയുന്നത്. അതിൽ ഏറ്റവും അവസാനത്തെ മലയാള ഗ്രാമം പയ്യന്നൂർ ആണത്രെ. വടക്കേ അറ്റത്തു നിന്നു നോക്കുമ്പോള് ആദ്യത്തെ ഗ്രാമവും ഇത് തന്നെയാണ്.
PC:Prateek Pattanaik