യാത്രകൾ ഒരു വലിയ ചെലവ് ആണെന്ന് കരുതുന്നവർ ഒരുപാടുണ്ട്. ചെലവ് തന്നെയാണെന്ന കാര്യത്തിൽ ഒരു സംശയം ഇല്ലെങ്കിലും അവരവർക്കാകുന്ന വിധത്തിൽ യാത്ര പോകാനും പുതിയ സ്ഥലങ്ങൾ കാണാനും ആളുകളെ പരിചയപ്പെടാനും യാത്രികർ സമയവും പണവും കണ്ടെത്താറുമുണ്ട്. യാത്ര പോകണമെന്ന ആഗ്രഹമുണ്ടെങ്കിൽ ചെലവ് ഏതുവിധേനയും കുറയ്ക്കാനും സാധാരണ സഞ്ചാരികൾ തയ്യാറാണ്.
ഇനി ബജറ്റ് കുറവാണെങ്കിൽതന്നെ പോക്കറ്റ് കാലിയാക്കാത്ത വിധത്തില്‍ യാത്ര ചെയ്യാൻ സഹായിക്കുന്ന ട്രിക്കുകൾ ഉണ്ട്. കുറഞ്ഞ നിരക്കിൽ വിമാന ടിക്കറ്റ് ബുക്ക് ചെയ്യുന്നതും മികച്ച ഹോട്ടലിൽ താമസിക്കുന്നതും ഇതിലുൾപ്പെടും. ഇതാ ഇനി വരുന്ന യാത്രകളിൽ പരീക്ഷിക്കാൻ പറ്റിയ പോക്കറ്റ് കാലിയാക്കാക്കാത്ത യാത്രാ ടിപ്പുകൾ പരിചയപ്പെടാം.

വിമാനടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ
എല്ലാ പ്രധാനപ്പെട്ട യാത്രാ സ്ഥാനങ്ങൾക്കും നിരവധി ഫ്ലൈറ്റ് റൂട്ടുകൾ കാണും. ഇതിൽ നിന്നും ചെലവ് കുറഞ്ഞ ഒന്ന് നിങ്ങളുടെ യാത്രാ സ്ഥലവും പ്ലാനും ബജറ്റും നോക്കി തിരഞ്ഞെടുക്കുക എന്നതാണ് പ്രധാനം. പല എയർലൈനുകൾക്കും വ്യത്യസ്ത നിരക്കായിരിക്കും ഈടാക്കുക. സ്കൈ സ്കാനർ പോലുള്ള സൈറ്റുകളിൽ കുറച്ചു സമയം ചെലവഴിച്ചാൽ കുറഞ്ഞ നിരക്കിലുള്ള എയർലൈൻ ഏതാണെന്നും മറ്റു നിരക്കുകളും വളരെ എളുപ്പത്തിൽ കണ്ടെത്താം.
യാത്ര പോകേണ്ടത്
വാരാന്ത്യങ്ങളിലോ ആഴ്ചയുടെ തുടക്കത്തിലോ യാത്ര പോകുന്നത് നിങ്ങളുടെ പോക്കറ്റ് കാലിയാക്കും. പകരം ചൊവ്വ, ബുധൻ ദിവസങ്ങളിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നത് കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാൻ നിങ്ങളെ അനുവദിക്കും. പൊതുവേ ഈ ദിവസങ്ങളിൽ ടിക്കറ്റ് നിരക്ക് കുറവായിരിക്കും. എന്നാൽ സ്കൂൾ അവധിയുടെ സമയത്താണെങ്കിൽ എല്ലാ ദിവസങ്ങളിലും ഉയർന്ന നിരക്ക് തന്നെയാവും.

ഹോട്ടലുകൾ വേണ്ട
ഇനി യാത്രകളിലെ താമസമാണ് നമ്മള്‍ നോക്കുന്നത്. ഹോട്ടലുകളിലെ താമസം നിങ്ങളുടെ ബജറ്റിനെ താളം തെറ്റിക്കും എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. ഇതിനു പകരമായി നിങ്ങൾക്ക് അപ്പാർട്മെന്‍റുകൾ, എയർ ബിഎൻബി എന്നിവ തിരഞ്ഞെടുക്കാം. ഒരു പ്രദേശത്തെ അറിയുവാനും അവരുടെ ജീവിതരീതികളും ആളുകളെയും പരിചയപ്പെടുവാനും ആഗ്രഹിക്കുന്നവർക്ക് ഇതാണ് മികച്ച വഴി. മാത്രമല്ല, അവിടെ തന്നെ പാചകം ചെയ്യാൻ സൗകര്യമുള്ളതിനാൽ യാത്രയിലെ ഭക്ഷണത്തിന്‍റെ ചിലവ് അങ്ങനെയും നിയന്ത്രിക്കാം,
നേരത്തെ ബുക്ക് ചെയ്യാം
നിങ്ങൾ കാണാൻ ആഗ്രഹിക്കുന്ന പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിൽ മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യുകയാണെങ്കിൽ നിങ്ങൾക്ക് കൃത്യസമയത്ത് അവിടെ ചെന്നാൽ മതിയെന്ന് മാത്രമല്ല, തിരക്കേറിയ സമയമാണെങ്കിൽ അവിടെ ക്യൂ നിൽക്കാതെ ഉള്ളിൽ കയറുകയും ചെയ്യാം. ഇത് ചിലവിനേക്കാൾ നിങ്ങളുടെ സമയം ലാഭിച്ചു തരുന്നു.
ഭക്ഷണം കരുതാം
യാത്രകളിൽ നിങ്ങൾ ശരിക്കും പണം ലാഭിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഗുണകരമാകുന്ന ഒരു ടിപ്പ് ആണ് ഭക്ഷണം കരുതുക എന്നത്. അപ്പാർട്മെന്‍റിൽ താമസിക്കുമ്പോള‍് അവിടെ നിങ്ങൾക്ക് പാചകം ചെയ്യാനുള്ള സൗകര്യമുണ്ടാകും. അങ്ങനെയാണെങ്കിൽ അവിടെ നിന്ന് അല്പം ഭക്ഷണം പാചകം ചെയ്ത് എടുത്താൽ പോകുന്നയിടത്തെ റസ്റ്റോറന്‍റില് കയറി ഭക്ഷണത്തിന് ചിലവഴിക്കേണ്ടി വരുന്ന തുക ലാഭിക്കാം,
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












