പകരം വയ്ക്കുവാനില്ലാത്ത വിശ്വാസങ്ങളുമായ നിൽക്കുന്ന അപൂർവ്വം ക്ഷേത്രങ്ങളിലൊന്നാണ് തിരുപ്പതി ബാലാജി ക്ഷേത്രം. തന്നെ ആശ്രയിക്കുന്നവരെ ഒരിക്കലും കൈവെടിയാത്ത, അനുഗ്രഹങ്ങൾ വാരിവർഷിക്കുന്ന വെങ്കടേഷ്വരനെ കാണുവാൻ ആഗ്രഹിക്കാത്തവരായി വിശ്വാസികളാരും കാണില്ല! ഒരു മാത്രയെങ്കിലും ഭഗവാനെ ദർശിക്കുവാൻ കഴിഞ്ഞാൽ ജീവിതം ഐശ്വര്യപൂർണ്ണമാകുമെന്നും ദുഖങ്ങളും ദുരിതങ്ങളും അന്നോടുകൂടി അകലുമെന്നുമാണ് വിശ്വാസം. എന്നാൽ ഓരോ ഭക്തനെയും അവരുടെ അർഹതയ്ക്കനുസരിച്ചാണ് ഭഗവാൻ അനുഗ്രഹിക്കുന്നതെന്നും വിശ്വാസമുണ്ട്.
എന്നാൽ ഇവിടെ തിരുപ്പതിയിൽ വരുവാനും ദർശനം നടത്തുവാനും സാധിക്കുക എന്നത് എളുപ്പമല്ല, മലയാളികളെ സംബന്ധിച്ചെടുത്തോളം ദൂരക്കൂടുതൽ മാത്രമല്ല, ദർശനം ലഭിക്കുവാനായുള്ള കാത്തിരിപ്പും വലിയ ക്യൂവും ഒക്കെ പലരുടെയും യാത്രയെ അസാധ്യമാക്കുന്നുണ്ട്. എന്നാൽ, തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നല്കുന്നതിനു തുല്യമായ മറ്റൊരു ക്ഷേത്രം ഉണ്ടെന്ന് കേട്ടിട്ടുണ്ടോ? തിരുപ്പതിയിലെത്തി ബാലാജിയെ തൊഴുത് പ്രാർത്ഥിച്ചാൽ ലഭിക്കുന്ന സൗഭാഗ്യങ്ങെല്ലാം നല്കുന്ന ഈ ക്ഷേത്രം അറിയപ്പെടുന്നത് പോലും ചിക്ക തിരുപ്പതി എന്നാണ്.

ബെംഗളുരുവിലെ ചിക്ക തിരുപ്പതി
കർണ്ണാടകയിലെ ബെംഗളുരുവിലാണ് തിരുപ്പതിക്ക് തുല്യമായി കണക്കാക്കപ്പെടുന്ന ചിക്കതിരുപ്പതി ക്ഷേത്രമുള്ളത്. ബാംഗ്ലൂർ നഗരപരിധിയിൽ വരുന്ന കനകപുരയിലെ കല്ലഹള്ളിയിലാണ് വെങ്കിടേശ്വര ക്ഷേത്രസന്നിധിയുള്ളത്. സമയക്കുറവ് മൂലമോ യാത്ര ചെയ്യുവാനുള്ള ബുദ്ധിമുട്ട് കാരണമോ ആന്ധ്രാപ്രദേശിലെ തിരുപ്പതിയിൽ പോകുവാന്‍ ബുദ്ധിമുട്ടുള്ളവർക്ക് ഈ ക്ഷേത്രത്തിലേക്ക് വരാം. ആഴ്ചാവസാനങ്ങളിലും വിശേഷ ദിവസങ്ങളിലും ആയിരക്കണക്കിന് വിശ്വാസികളാണ് പ്രാർത്ഥനകൾക്കും പൂജകൾക്കുമായി ഈ ചിക്കതിരുപ്പതിയിലെത്തുന്നത്.
ക്ഷേത്രത്തെക്കുറിച്ച് പറയുന്നതിനു മുൻപേ ക്ഷേത്രം സ്ഥിതി ചെയ്യുന്ന കനകപുരയുടെ ചരിത്രപ്രാധാന്യം അറിഞ്ഞിരിക്കണം. കനികരനഹള്ളി അല്ലെങ്കിൽ കനകനഹള്ളി എന്നൊക്കെ നേരത്തെ അറിയപ്പെട്ടിരുന്ന ഇവിടം ഗംഗ, ചോള, ഹൊയ്‌സാല തുടങ്ങിയ രാജവംശങ്ങളുടെയും മറ്റു നിരവധി ഭരണങ്ങളുടെയും അടയാളമുള്ള ചരിത്രപരമായി പ്രാധാന്യമുള്ള സ്ഥലമാണിത്. പിന്നീടാണ് ഇവിടം കനകപുര എന്ന പേരിലേക്ക് മാറുന്നത്. ബാംഗ്ലൂർ നഗരത്തിൽ നിന്നും വളരെ എളുപ്പത്തിൽ കനകപുരയിൽ എത്തിച്ചേരാം.

വസിഷ്ഠ ക്ഷേത്രം
ചിക്ക തിരുപ്പതി എന്നതിനു പുറമ ഈ ക്ഷേത്പരം വസിഷ്ഠ ശ്രേഷം എന്നും വിശ്വാസങ്ങളിൽ പരാമർശിക്കപ്പെടുന്നു. ഇവിടെ ബാലാജി, ബിലിഗിരി രംഗ, കല്ലഹള്ളി ബാലാജി എന്നിങ്ങനെ മൂന്നു ഏകശിലാ വിഗ്രഹങ്ങളാണുള്ളത്. ബാലാജിയും ബിലിഗിരി രംഗയും അരയിൽ കൈവെച്ച് നിൽക്കുന്ന രൂപത്തിലും കല്ലഹള്ളി ബാലാജി കൈയിൽ ഗദ പിടിച്ചിരിക്കുന്ന രൂപത്തിലുമാണ്. ഈ വിഗ്രഹങ്ങൾക്ക് ശക്തി ലഭിച്ചത് വസിഷ്ഠ ഋഷിയുടെ തപസ്സ് മൂലമാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. അങ്ങനെയാണ് ക്ഷേത്രം, വസിഷ്ഠ ക്ഷേക്രം എന്നറിയപ്പെടുന്നത്.
ഈ ക്ഷേത്രം എങ്ങനെയിവിടെ നിർമ്മിക്കപ്പെട്ടു എന്ന കാര്യത്തിലും ചില വിശ്വാസങ്ങൾ ഇവിടെ നിലനിൽക്കുന്നു. ഒരിക്കൽ ഇവിടുത്തെ ഗ്രാമപ്രമുഖന് സ
സ്വപ്നത്തിൽ വെങ്കിടേശ്വരൻ പ്രത്യക്ഷപ്പെട്ടു എന്നും ഇവിടുത്തെ കുളത്തിൽ നിന്നും വിഗ്രഹം കണ്ടെത്തി അത് നാടിന് സമർപ്പിക്കണമെന്നും ആവശ്യപ്പെട്ടുവത്രെ. അങ്ങനെയാണ് ഇവിടുത്തെ വിഗ്രഹം കണ്ടെത്തിയതെന്നും തുടർന്ന് ക്ഷേത്രം സ്ഥാപിക്കപ്പെട്ടതെന്നുമാണ് വിശ്വാസം. ഈ ഓർമ്മപ്പെടുത്തലുമായി എല്ലാ വർഷവും ഫെബ്രുവരി മാസത്തിൽ ക്ഷേത്രത്തിൽ രഥോത്സവം നടക്കുന്നു.

PC:Ssriram mt
ചിക്ക തിരുപ്പതി പൂജാ സമയം
രാവിലെ 6.00 മുതൽ വൈകിട്ട് 7.30 വരെ ക്ഷേത്രം പൂജകൾക്കായി തുറന്നിരിക്കും.രാവിലെ 8ന് ഉഷത്കാലം, 10:00 മണിക്ക് കലശാന്തി, വൈകുന്നേരം 5:00 മണിക്ക് സായരക്ഷൈ, രാത്രി ഏഴിന് അർദ്ധ ജാമ എന്നിങ്ങനെ നാല് സമയങ്ങളിലായാണ് ഇവിടെ പൂജ നടക്കുന്നത്. തമിഴ്നാട്ടിൽ നിന്നും ആന്ധ്രയിൽ നിന്നുമുള്ള വിശ്വാസികളാണ് കൂടുതലായും ക്ഷേത്രത്തിലെത്തുന്നത്. ബാംഗ്ലൂരിൽ നിന്നും 39 കിലോമീറ്റര്‍ ദൂരമാണ് ചിക്കതിരുപ്പതിയിലേക്കുള്ളത്.
തിരുപ്പതി ക്ഷേത്രവും ചിക്ക തിരുപ്പതിയും തമ്മിലുള്ള സാമ്യങ്ങൾ
നിരവധി കാര്യങ്ങളിൽ യഥാർത്ഥ തിരുപ്പതി ക്ഷേത്രത്തോട് ചിക്ക തിരുപ്പതി ക്ഷേത്രത്തിന് സാമ്യങ്ങളുണ്ട്. രണ്ടു ക്ഷേത്രങ്ങളിലും വെങ്കിടേശ്വരന്‍രെ വിഗ്രഹം മാത്രമേ കാണുവാനുള്ളൂ. അദ്ദേഹത്തിന്റെ അടുത്ത് ദേവിയുടെ വിഗ്രഹം രണ്ടിടത്തും ഇല്ല. മറ്റൊന്ന്, രണ്ടു ക്ഷേത്രങ്ങളിലും കയ്യിൽ വെണ്ണയുമായി നിൽക്കുന്ന നവനീത കൃഷ്ണന്‌റെ പ്രതിഷ്ഠ കാണാം എന്നതാണ്. ഈ രണ്ടു ക്ഷേത്രങ്ങളിലെയും ബ്രഹ്മ രഥോത്സവ സമയത്ത് മഹാമംഗളാരതി സേവ നടത്തുമ്പോൾ ആകാശത്ത് ഗരുഡൻ വട്ടമിട്ടു പറക്കുന്നത് കാണാൻ സാധിക്കുമത്രെ.

PC:Wikipedia
യഥാർത്ഥ തിരുപ്പതി ക്ഷേത്രത്തിലെത്തുവാൻ
ആന്ധ്രാ പ്രദേശിലെ തിരുപ്പതി എന്ന സ്ഥലത്താണ് തിരുമല ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കേരളത്തിൽ നിന്നടക്കം രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നും തിരുപ്പതി ക്ഷേത്രത്തിലേക്ക് സ്വകാര്യ ബസ് സർവീസുകളും തീര്‍ത്ഥയാത്രാ പാക്കേജുകളും ലഭ്യമാണ്. തിരുപ്പതിയിലെത്തിയാൽ ഇവിടെ നിന്നും ഓരോ രണ്ടു മിനിറ്റ് ഇടവിട്ടും തിരുമലയിലേക്ക് ബസ് ലഭിക്കും. ട്രെയിനിൽ വരുന്നവർ തിരുപ്പതി റെയിൽവേ സ്റ്റേഷനിലാണ് ഇറങ്ങേണ്ടത്. ഇവിടെ നിന്ന് തിരുമലയ്ക്ക് ബസ് ലഭിക്കും. ഏറ്റവും അടുത്തുള്ള തിരുപ്പതി അന്താരാഷ്ട്ര വിമാനത്താവളം റെനിഗുണ്ടയിലാണ്. ഇവിടെനിന്ന് ക്ഷേത്രത്തിലേക്ക് 39 കിലോമീറ്റർ ദൂരമുണ്ട്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












