ചിനക്കത്തൂർ ഭഗവതി ക്ഷേത്രം
പാലക്കാട് ഒറ്റപ്പാലത്തിനു സമീപം സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ക്ഷേത്രമാണ് ചിനക്കത്തൂർ ഭഗവതി ക്ഷേത്രം. ഒരുപാട് കഥകളും വിശ്വാസങ്ങളും ഇടകലർന്ന് കിടക്കുന്ന ഇവിടം അതിപുരാതനവും വിശ്വാസികൾക്കിടയിൽ പേരുകേട്ടതുമാണ്.
PC:Vu3voc
വ്യത്യസ്ത ഭാവങ്ങളിൽ ഭഗവതി
ചിനക്കത്തൂർ ഭഗവതി ക്ഷേത്ര വിശ്വാസങ്ങളിൽ ഏറ്റവും പ്രസിദ്ധം ഇവിടുത്തെ മാതൃദേവിയായ ഭദ്രകാളിയുടെ ഇരട്ടഭാവങ്ങളാണ്. ഇത് കൂടാതെ സാധാരണ ക്ഷേത്രങ്ങളിൽ നിന്നു വ്യത്യസ്തമായി തെക്ക് ദിശയിലേക്കുള്ള ദര്‍ശനം, മൂന്ന് കൊടിമരങ്ങൾ തുടങ്ങി വേറെയും പ്രത്യേകതകൾ ഈ ക്ഷേത്രത്തിനുണ്ട്. ശ്രീരാമന്റെ വനവാസവുമായി ബന്ധപ്പെട്ടു കിടക്കുന്ന കഥകളാണ് ക്ഷേത്രത്തിനുള്ളത്.
PC:keralaculture
രാമനും ഭദ്രകാളിയും പിന്നെ ശാസ്താവും
വളരെ രസകരമെന്നു തോന്നിക്കുന്ന കഥകളും ഐതിഹ്യങ്ങളും ക്ഷേത്രത്തിനുണ്ട്. സീതയെ അന്വേഷിച്ചുള്ള ലങ്കാ യാത്രയിൽ രാമനും ലക്ഷ്മണനും അവർക്കൊപ്പം ഭദ്രകാളിയും ശാസ്താവും ഇവിടെയെത്തിയത്രെ. നല്ലൊരു സ്ഥലം വിശ്രമത്തിനു കണ്ടെത്തുവാനായി ഭദ്രകാളിയും ശാസ്താവും രാമന്‍റെ നിർദ്ദേശപ്രകാരം പോവുകയും തിരുവില്വാമലയിൽ അനിയോജ്യമായ സ്ഥലം കണ്ടെത്തി അവിടെയിരിക്കുകയും ചെയ്തു. ഒരുപാട് നേരമായിട്ടും ഇരുവരെയും കാണാതെ വന്നപ്പോൾ രാമനും ലക്ഷ്മണനും അന്വേഷിച്ചിറങ്ങുകയും വിശ്രമിക്കുന്ന ഇവരെ കണ്ടെത്തുകയും ചെയ്തു. കോപം വന്ന രാമൻ കണ്ടപാടെ ശാസ്താവിനെ ചവിട്ടിയെന്നും 50 അടി താഴെയുള്ള ഒരു കുഴിയിലേക്ക് ചെന്നുവീഴുകയും ചെയ്തുവത്രെ. വില്വാദ്രിനാഥക്ഷേത്രത്തിലെ ഉപപ്രതിഷ്ഠയായ കുണ്ടിലയ്യപ്പൻ ഇങ്ങനെ അവതരിച്ചതാണെന്നാണ് വിശ്വാസം.
PC:keralaculture
'അയ്യോ! എന്നെ കൊല്ലുന്നേ! രക്ഷിയ്ക്കണേ!'
ശാസ്താവിന് തൊട്ടടുത്ത് ഇതെല്ലാം കണ്ടുനിന്ന ഭദ്രകാളി വേഗം 'അയ്യോ! എന്നെ കൊല്ലുന്നേ! രക്ഷിയ്ക്കണേ!' എന്നു കരഞ്ഞ് ഓടുവാൻ തുടങ്ങിയത്രെ. ശ്രീരാമനും ലക്ഷ്മണനും പിന്നാലെ കുറച്ചുദൂരം പോയി. ഭാരതപ്പുഴയും കടന്നോടിയ ഭദ്രകാളി വീണ്ടും കുറേ ഓടിയ ശേഷം ഒരിടത്തെത്തിയപ്പോൾ അവിടെ സ്വയംഭൂ ആയി അവതരിച്ചത്രെ. അങ്ങനെ ഭദ്രകാളി അവതരിച്ച ഇടമാണ് ഇന്നത്തെ ചിനക്കത്തൂർ ക്ഷേത്രം എന്നാണ് വിശ്വാസം. എന്നാൽ ദേവി പിന്നീട് സ്വയം തെക്കോട്ടേയ്ക്ക് ദർശനമായി തിരിഞ്ഞുവെന്നും പറയപ്പെടുന്നു.
ചിനക്കത്തൂർ പൂരം
പാലക്കാട് കണ്ടിരിക്കേണ്ട ക്ഷേത്രപൂരങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ചിനക്കത്തൂർ പൂരം. കുംഭത്തിലെ മകം നാളിൽ തുടങ്ങി പൂരം നാൾ വരെ ഇവിടുത്തെ പൂരം നീണ്ടു നിൽക്കും
PC:keralaculture
രാവിനെ പകലാക്കുന്ന പൂരം
നാടു മുഴുവന്‍ വന്നണയുന്ന, രാവിനെ പകലാക്കുന്ന പൂരവും ആഘോഷവുമാണ് ഇവിടെയുള്ളത്. കുതിരക്കോലങ്ങളും ആനച്ചമയ പ്രദര്‍ശനവും ആറാട്ടും പൂരപ്പുറപ്പാടും കുടമാറ്റവും എഴുന്നള്ളിപ്പും എല്ലാമായി വ്യത്യസ്തമായ പൂരക്കാലമാണ് ചിനക്കത്തൂർ ഉത്സവ പ്രേമികൾക്കു നല്കുന്നത്. വെള്ളാട്ട്, പൂതനും തിറയും, പുലിക്കളി, കുംഭംകളി, കുടക്കളി, തേര്, തട്ടല്‍മേല്‍ കൂത്ത് എന്നിവ ഇവിടുത്തെ പൂരത്തിൽ കാണാം. പൂരം ആവേശമാക്കാൻ പഞ്ചവാദ്യം, പാണ്ടിമേളം, പുലികളിയും കാണും.
PC:keralaculture
രണ്ടു കാവുകൾ
താഴത്തെക്കാവ്,മേലേക്കാവ് എന്നീ രണ്ടു കാവുകളാണ് ഇവിടെയുള്ളത്. ഒരടി ഉയരം വരുന്ന ശിവലിംഗരൂപത്തിലുള്ള സ്വയംഭൂവിഗ്രഹത്തിൽ തെക്കോട്ട് ദർശനമായാണ് താഴത്തെക്കാവ് ഭഗവതിയുടെ പ്രതിഷ്ഠ. അത്യുഗ്രരൂപത്തിലുള്ള ഭദ്രകാളിയാണ് മേലേക്കാവിലമ്മ.
പുലർച്ചെ 5 മണിക്ക് തുറക്കുന്ന ക്ഷേത്ര നട രാത്രിയിലാണ് അടയ്ക്കുന്നത്. മൂന്നു പൂജകളാണ് ക്ഷേത്രത്തിലുള്ളത്.
പാലക്കാട് ഒറ്റപ്പാലത്തിനടുത്ത് പാലപ്പുറം എന്ന സ്ഥലത്ത് പാലക്കാട്-പൊന്നാനി പാതയിലാണ് ചിനക്കത്തൂർ ഭഗവതിക്ഷേത്രം സ്ഥിതി ചെയ്യുന്നത്.