ഡെസ്റ്റിനേഷന്‍ വെഡ്ഡിങ്
വിദേശ രാജ്യങ്ങളില്‍ സര്‍വ്വ സാധാരണമായിരുന്ന വെഡ്ഡിങ് ഡെസ്റ്റിനേഷന്‍ കേരളത്തിനും സജീവമാകുന്ന സൂചനയാണ് ടൂറിസം രംഗത്തുനിന്നും കേള്‍ക്കുവാനുള്ളത്. സാധാരണ വരന്റെയോ വധുവിന്‍റെയോ വീട്ടില്‍ വെച്ചു നടത്തുന്ന ചടങ്ങളുകള്‍ക്കു പകരം ഇരുവീട്ടിലെയും ക്ഷണിക്കപ്പെട്ട അതിഥികള്‍ പ്രസിദ്ധമായ ഏതെങ്കിലും വിനോദ സഞ്ചാര കേന്ദ്രത്തില്‍ ഒത്തുകൂടി അവിടുത്തെ റിസോര്‍ട്ടില്‍ വിവാഹ ചടങ്ങുകള്‍ നടത്തുന്നതാണ് ലളിതമായി പറഞ്ഞാല്‍ വെഡ്ഡിങ് ഡെസ്റ്റിനേഷന്‍. പോകുന്ന ഇടത്തിന്റെ പ്രകൃതിഭംഗി ആസ്വദിച്ച് മൂന്നോ നാലോ ദിവസം ചിലവഴിച്ച് നടത്തുന്ന ആഘോഷമാണിത്.
കേരളത്തിലെ ഡെസ്റ്റിനേഷന്‍ വെഡ്ഡിങ്
കോവളം, ആലപ്പുഴ, തേക്കടി, കൊച്ചി, അഷ്ടമുടി കായല്‍, തുടങ്ങിയ ഇടങ്ങളാണ് കേരളത്തില്‍ വളര്‍ന്നു വരുന്ന ഡെസ്റ്റിനേഷന്‍ വെഡ്ഡിങ് കേന്ദ്രങ്ങള്‍.
നിലവിലെ കൊവിഡ് നിയന്ത്രണങ്ങള്‍ അനുസരിച്ച് വിവാഹത്തിലും മറ്റും പങ്കെടുക്കുന്ന ആളുകളുടെ എണ്ണത്തില്‍ നിയന്ത്രണം ഉള്ളതിനാല്‍ കുടുംബാംഗങ്ങളും ഡെസ്റ്റിനേഷന്‍ വെഡ്ഡിങില്‍ താല്പര്യം കാണിക്കുന്നുണ്ട്. റിസോര്‍ട്ടുകളും ഹോട്ടലുകളും മിക്കപ്പോഴും പാക്കേജും മികച്ച ഡീലുകളും അവതരിപ്പിക്കുന്നതും ഈ മേഖലയില്‍ ഗുണം ചെയ്യുന്നുണ്ട്.
സ്റ്റേക്കേഷന്‍
യാത്രാ രംഗത്തെ മറ്റൊരു താരം സ്റ്റേക്കേഷനാണ്. കൊവിഡ് കാലത്ത് മിക്ക കമ്പനികളും ജീവനക്കാരെ വീട്ടിലിരുന്ന് ജോലിചെയ്യുവാന്‍ അയച്ചതോടെ തലവര തെളിഞ്ഞതാണ് സ്റ്റേക്കേഷന്‍റേത്. വീട്ടില്‍ നിന്നും പുറത്തിറങ്ങുവാന്‍ പോലും സമയമില്ലാതെ പണിയെടുത്ത് ബോറടിച്ചവര്‍ താത്കാലിക ആശ്വാസത്തിനായി കുറച്ചു ദിവസം ഏതെങ്കിലും വിനോദ സഞ്ചാര കേന്ദ്രത്തിനു സമീപത്തെ ഹോട്ടലുകളില്‍ മുറിയെടുത്ത് താമസിച്ച് ജോലി ചെയ്ത് വെകുന്നേരങ്ങള്‍ പുറത്തിറങ്ങി കാഴ്ചകള്‍ ആസ്വദിച്ച് ചെറുയാത്രയൊക്കെ നടത്തുന്നതാണ് സ്റ്റേക്കേഷന്‍. വീട്ടിലെ ബഹളങ്ങളൊന്നും ഇല്ലാതെ ജോലി സമയം ചെറിയൊരു അവധിക്കാലം പോലെ ആസ്വദിക്കാം എന്നതാണിതിന്റെ പ്രത്യേകത.
എവിടെ വേണമെങ്കിലും പോകാം
യാത്രയ്ക്കായി എവിടം വേണമെങ്കിലും തിരഞ്ഞെടുക്കാം എന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. ആലപ്പുഴയിലെ കായല്‍ കാഴ്ചകളില്‍ താല്പര്യമുള്ളവര്‍ക്ക് അവിടുത്തെ ഹോം സ്റ്റേകളിലോ ഹോട്ടലുകളിലോ മുറിയെടുക്കാം. വര്‍ക്കലയിലെയോ കോവളത്തെയോ കടല്‍തീരമാണ് താല്പര്യമെങ്കില്‍ അവിടെയും ആകാം. നിങ്ങളുടെ സൗകര്യത്തിനനുസരിച്ച് മുറിയെടുത്ത് ജോലി ചെയ്ത് കാഴ്ചകളും യാത്രയും ഒക്കെ ആസ്വദിച്ച് കുറച്ചു ദിവസം ജീവിക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത. ഭക്ഷണവും ഇന്‍റര്‍നെറ്റ് സൗകര്യങ്ങളും പ്രത്യേക പാക്കേജായി ലഭിക്കുകയും ചെയ്യും.
ചിലവില്ല!
കുറഞ്ഞ ചിലവാണ് സ്റ്റേക്കേഷന്റെ മറ്റൊരു പ്രത്യേകത. റിസോര്‍ട്ടുകളുടെയോ ഹോം സ്ററേകളുടെയോ ഓഫറുകള്‍ മാത്രമല്ല, നമ്മുടെ നാട്ടില്‍തന്നെ ആയതിനാല്‍ യാത്രകള്‍ക്കായി അധികം ചിലവും വരില്ല!!
കേരളത്തില്‍
കേരളത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ എല്ലാ ഹോട്ടലുകളും റിസോര്‍ട്ടുകളും സ്റ്റേക്കേഷന്‍ സൗകര്യം നല്കുന്നുണ്ട്. 7 ദിവസം നീണ്ടു നില്‍ക്കുന്ന പാക്കേജ് മുതല്‍ ലഭ്യമാണ്.
കാരവന്‍ ടൂറിസം
കേരള വിനോദ സഞ്ചാരരംഗത്തെ ഏറ്റവും ശ്രദ്ധേയമായ മാറ്റങ്ങളിലൊന്നാണ് കാരവന്‍ ടൂറിസം. കാരവന്‍ കേരള എന്ന പേരിലാണ് കേരളാ ടൂറിസം വകുപ്പിന്‍റെ പദ്ധതി.
പദ്ധതി പൂര്‍ണ്ണതോതില്‍ നടപ്പാകുന്നതോടെ ആളുകള്‍ക്ക് കാരവന്‍ വാടകയ്ക്ക് എടുത്തോ അല്ലെങ്കില്‍ പാക്കേജുകള്‍ എടുത്തോ കാരവന്‍ യാത്ര നടത്താം. കാരവനില്‍ തന്നെ താമസിച്ച് ജോലി ചെയ്ത് അതില്‍ കിടന്ന് ഭക്ഷണം പാകം ചെയ്ത് നടത്തുന്ന യാത്രയാണിത്.
സൗകര്യങ്ങള്‍ എല്ലാം ലഭ്യം!
സോഫ-കം- ബെഡ്, ഫ്രിഡ്ജ്, മൈക്രോവേവ് അവന്‍, ഡൈനിംഗ് ടേബിള്‍, ടോയ്ലറ്റ് ക്യുബിക്കിള്‍, ഡ്രൈവര്‍ ക്യാബിനുമായുള്ള വിഭജനം, എസി, ഇന്‍റര്‍നെറ്റ് കണക്ഷന്‍, ഓഡിയോ വീഡിയോ സൗകര്യങ്ങള്‍, ചാര്‍ജിംഗ് സംവിധാനം, ജിപിഎസ് തുടങ്ങി സുഖകരമായ യാത്രയ്ക്ക് വേണ്ടതെല്ലാം കാരവനില്‍ സജ്ജീകരിച്ചിരിക്കും!