യാത്രകൾ പഴയതുപോലെ ആയോ?
ലോകം ഇപ്പോൾ എല്ലാ തരത്തിലും പഴയ രീതിയിലേക്ക് മാറിക്കഴിഞ്ഞു. പഴയതെന്നു പറയുമ്പോൾ കൊവിഡ് എത്തുന്നതിനു മുമ്പുള്ള 2019 കാലത്തെ സമയം. എന്നാൽ ഈ മാറ്റം എത്രമാത്രം ശരിയാണ്? കൊവിഡ് മാത്രമല്ല, രണ്ടര വർഷത്തിലധികം സമയത്തിനിടയിൽ യുദ്ധത്തിലൂടെയും ടെക്നോളജിയുടെ വമ്പൻ മാറ്റങ്ങളിലൂടെയും ഭരണമാറ്റത്തിലൂടെയുമെല്ലാം ലോകം കടന്നുപോയിട്ടുണ്ട്. അതുകൊണ്ട് തന്നെ 2019 കാലത്ത് ചെയ്തിരുന്ന യാത്രകളുടെ ഒരു സ്വഭാവമേ ആയിരിക്കില്ല ഇനിയുള്ള യാത്രകൾക്ക് വരുവാൻ പോകുന്നത്.
എല്ലാവരും പോകുന്നിടത്തേയ്ക്ക് പോകണോ?
യാത്രാ ലിസ്റ്റിലെ മുടങ്ങിയ യാത്രകൾക്കാണ് എന്നും ആളുകൾ പ്രാധാന്യം നല്കുന്നത്. പുതിയ ഇടങ്ങൾ എത്രയുണ്ടെന്നു പറഞ്ഞാലും ഒരിക്കൽ ആഗ്രഹിച്ച ഇടങ്ങളിലേക്കു പോകുവാൻ ആലോചിക്കുന്നതു മുൻപ് ഓർമ്മിക്കേണ്ട കാര്യം എല്ലാവരും ഇതുപോലെ തന്നെ ചിന്തിക്കുന്നു എന്നതാണ്. വാഷ്ങ്ടൺ പോസ്റ്റിലെ ആർട്ടിക്കിളിൽ പറയുന്നതനുസരിച്ച് മഹാമാരിക്കാലത്തിന് മുൻപേയുണ്ടായിരുന്ന ബുക്കിങ് പാറ്റേണുകളിലേക്ക് ലോകെ മടങ്ങിയെത്തി എന്നാണ്.
സ്ഥിരം സ്ഥലവും സ്ഥിരം സീസണും നോക്കി യാത്രകൾ ഇപ്പോഴെ ആളുകൾ ബുക്ക് ചെയ്തു കഴിഞ്ഞിരിക്കുകയാണ്. പല തരത്തിൽ ഇതു നിങ്ങളെ ബാധിച്ചേക്കാം. ഒരു ടിക്കറ്റ് നിരക്കുകളിലെ വർധനവ് തന്നെയാണ്. അടുത്തത് യാത്രാ ഇടങ്ങളിലെ തിരക്കാണ്. അതിനാൽ 2023 ൽ യാത്രയ്ക്ക് തയ്യാറെടുക്കുമ്പോൾ എവിടെക്കാകണമെന്നത് ഒന്നു കൂടി ചിന്തിക്കാം.
ബുക്ക് ചെയ്യുവാൻ കാത്തിരിക്കേണ്ട
യാത്ര എവിടേക്കാണെന്നു തീരുമാനിച്ചാൽ കൂടുതൽ ആലോചിച്ചിരിക്കാതെ ഉടൻതന്നെ ഹോട്ടലും യാത്രാ ടിക്കറ്റും ബുക്ക് ചെയ്യുക. എല്ലാവരും യാത്ര ചെയ്യുവാൻ പ്ലാൻ ചെയ്തിരിക്കുന്ന സമയമായതിനാൽ തന്നെ ആവശ്യകതയും നിരക്കും ഉയർന്നതായിരിക്കും, ടിക്കറ്റ് നിരക്കുകൾ നോക്കിനിൽക്കുമ്പോൾ കുതിച്ചുകയറും. ഏറ്റവും മികച്ച നിരക്കിൽ ഹോട്ടല്‍ റൂമും മറ്റു റിസർവേഷനുകളും വിമാനടിക്കറ്റും എടുക്കുണമെങ്കിൽ അത് കഴിവതും നേരത്തെ തന്നെ എടുക്കാം. യാത്ര ചെയ്യേണ്ട തിയതിയോട് അടുക്കുംതോറും നിരക്കുകൾ ഉയരും. മാത്രമല്ല, യാത്രാ സീസണോ അല്ലെങ്കിൽ നിങ്ങൾ യാത്ര പോകുവാൻ ഉദ്ദേശിക്കുന്ന സ്ഥലത്ത് സീസണോ ആണെങ്കിൽ അത് മുൻകൂട്ടി പ്ലാൻ ചെയ്തില്ലെങ്കിൽ യാത്ര നഷ്ടത്തിൽ കലാശിച്ചേക്കാം.
ട്രാവൽ ട്രെൻഡുകൾ മാറുന്നു
യാത്രാ രംഗത്തെ ട്രെൻഡുകൾ ഓരോ നിമിഷവും മാറിക്കൊണ്ടിരിക്കുകയാണ്. കൊവിഡ് കാലത്തെ പരിമിതിമായ യാത്രകൾ പലപ്പോഴും പെട്ടന്നു ബുക്ക് ചെയ്തു പോകുന്ന രീതിയിലുള്ളവ ആയിരുന്നുവെന്നു പറയാം. മാത്രമല്ല, വളരെ കുറഞ്ഞ നിരക്കിലായിരുന്നു ഈ സമയത്തെ ചിലവുകൾ. ഹോട്ടലുകൾക്കും മുറികൾക്കും വിമാനടിക്കറ്റ് നിരക്കുമെല്ലാം വളരെ താഴ്ന്ന നിലയിലായിരുന്നു. കൂടുതല്‍ ആളുകളെ ആകർഷിക്കുവാനായി പകുതി മാത്രം തുക ഈടാക്കി , റൂമുകൾ നല്കുന്ന ഒരു രീതിയും നിലനിന്നിരുന്നു. ഇത്തരം കാര്യങ്ങൾ പ്രതീക്ഷിച്ച് 2023 ൽ യാത്രകൾ പ്ലാൻ ചെയ്യരുത്. മാറ്റങ്ങൾ എല്ലായിടത്തും വന്നുകൊണ്ടിരിക്കുകയാണ്.
കുറഞ്ഞ ചിലവിലെ ആഢംബര യാത്രകൾ
തൊട്ടു മുകളിൽ പറഞ്ഞ കാര്യവുമായി കൂട്ടിവായിക്കുവാൻ കഴിയുന്ന ഒന്നാണ് ഇതും. ആളുകൾ ഒട്ടും യാത്ര ചെയ്യാതെയിരുന്ന കാലത്ത്, ഹോട്ടൽ മുറികൾ പാതിയിലധികവും ഒഴിഞ്ഞുകിടന്ന ഒരു സമയത്ത് കുറച്ചെങ്കിലും ആളുകളെ എത്തിക്കുവാനായി പല ഇടങ്ങളും പാതിയിലും കുറഞ്ഞ വിലയില് ഹോട്ടൽ മുറികൾ ബുക്ക് ചെയ്യുവാൻ അവസരം സഞ്ചാരികൾക്ക് നല്കിയിരുന്നു. അങ്ങനെ പല ആഢബര ഇടങ്ങളും യാത്രാനുഭവങ്ങളും സഞ്ചാരികൾക്ക് വളരെ കുറഞ്ഞ തുകയിൽ ലഭിക്കുകയും ചെയ്തിരുന്നു. എന്നാൽ യാത്രകളൊക്കെ പഴയപടയിലേക്ക് മാറിയതിനാൽ അന്നത്തെ പോലെ കുറഞ്ഞ നിരക്കിലെ ആഢംബരങ്ങൾ ഇനിയുള്ള യാത്രകളിൽ കിട്ടിയേക്കില്ല.
വിമാനത്തിൽ തന്നെ പോകണോ??
യാത്രകളിൽ സമയലാഭത്തിനു പലപ്പോഴും ഇല്ലാത്ത പണം മുടക്കി നമ്മൾ വിമാനടിക്കറ്റ് ബുക്ക് ചെയ്യാറുണ്ട്. ട്രെയിനിലോ ബസിലോ യാത്ര ചെയ്ത് ലക്ഷ്യസ്ഥാനത്ത് എത്തുവാനെടുക്കുന്ന സമയം ലാഭിക്കാം എന്ന ഉദ്ദേശത്തിലാണ് ഇതെങ്കിലും വിമാനയാത്രകൾ പലപ്പോഴും ചതിക്കാറുണ്ട്. എയർപോർട്ടുകളിലെ അനിയന്ത്രിതമായ തിരക്കും വിമാനത്താവളത്തിൽ എത്തിയിട്ടും തിരക്കു കാരണം ഫ്ലൈറ്റുകൾ ലഭിക്കാതെ പോകുന്നതുമെല്ലാം നമ്മൾ വാർത്തളിൽ വായിച്ചിട്ടുണ്ട്. നിങ്ങൾ വിമാനയാത്രയ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്തു കഴിഞ്ഞാൽ ബാക്കിയെല്ലാം അതിനെ ആശ്രയിച്ചായിരിക്കുമുള്ളത്. എന്നാൽ മുന്നറിയിപ്പില്ലാതെ വിമാനം വൈകുകയോ റദ്ദാക്കുകയോ ചെയ്താൽ അതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും സമയവും പ്ലാനും അവതാളത്തിലാവും. അതിനാൽ ട്രെയിനിലോ ഡ്രൈവ് ചെയ്തോ എത്തിപ്പെടുവാൻ സാധിക്കുന്ന ദൂരമാണങ്കിൽ അങ്ങനെ യാത്ര പ്ലാൻ ചെയ്യുവാന് ശ്രമിക്കാം.
ഇപ്പോൾ ബുക്ക് ചെയ്യാം
ക്രൂസ് കപ്പലുകള്‍ പോലെയുള്ള ഇടങ്ങളിലെ 2023 ലെ ടിക്കറ്റുകൾ ഇപ്പോൾ തന്നെ വിറ്റു തീർന്നിരിക്കുകയാണ്. നിങ്ങൾ അത്രയേറെ പോകുവാൻ ആഗ്രഹിച്ച പല ഇടങ്ങളും ഇപ്പോൾ തന്നെ ടിക്കറ്റ് തീർന്ന അവസ്ഥയിലാണ്, ഇനി പോകുവാന്‍ സാധിക്കില്ലേ എന്ന വിഷമത്തിലാണെങ്കിൽ ആ യാത്രകൾ 2024 ലേക്ക് മാറ്റിവെക്കാം. ഇത്രയും നേരത്തെ ബുക്ക് ചെയ്തിടണോ എന്നു സംശയം തോന്നുമെങ്കിലും ഈ ഒരു സ്ഥിതി അനുസരിച്ച് എല്ലാം പെട്ടന്നു ബുക്ക് ചെയ്യുവാനാണ് ആളുകൾ താല്പര്യപ്പെടുന്നത് എന്ന കാര്യം ഓർക്കാം.