സ്വർണ്ണം മനുഷ്യനെ ഭ്രമിപ്പിക്കാൻ തുടങ്ങിയിട്ട് കാലം കുറേയായി. മഞ്ഞ ലോഹത്തോടുള്ള കൗതുകത്തിന് പക്ഷേ, ഇന്നും ഒരു കുറവുമില്ല, ദിനം പ്രതി കൂടുകയാണെന്ന് മാത്രം. ദിവസം ചെല്ലുംതോറും വില കൂടി വരുന്ന സ്വർണ്ണം എളുപ്പത്തിൽ സ്വന്തമാക്കുക എന്നത് നടപ്പുള്ള കാര്യമല്ല.. അതല്ലെങ്കിൽപ്പിന്നെ കുഴിച്ചെടുക്കണം. എവിടുന്ന്? ചോദ്യം മലയാളികളോടാണെങ്കില്‍ ഉത്തവരുമുണ്ട്. നമ്മുടെ നാട്ടിൽ തന്നെയുണ്ടല്ലോ സ്വർണ്ണമെന്ന്!
അതെ! സംഗതി ശരിയാണ്. അങ്ങ് കോലാറിലെ കെജിഎഫിലോ ദക്ഷിണാഫ്രിക്കയിലെ ഖനികളിലോ മാത്രമല്ല, നമ്മുടെ നാട്ടിലും സ്വർണ്ണമുണ്ട്. നല്ല തിളങ്ങുന്ന സ്വർണ്ണം. പക്ഷേ, അങ്ങനെ എളുപ്പത്തിലോ ആവശ്യത്തിനോ കിട്ടുന്ന ഒന്നല്ലെങ്കിലും ഇതിനു പിന്നാലെ നടക്കുന്നവര് ഒരുപാടുണ്ട്. വയനാട്ടിലെ തരിയോടും മലപ്പുറത്തെ നിലമ്പൂരിന് സമീപത്തെ ചാലിയാറും ഒക്കെ മറഞ്ഞു കിടക്കുന്ന സ്വർണ്ണത്തിന് പേരുകേട്ട ഇടങ്ങളാണ്. പക്ഷേ..

കേരളത്തിലെ സ്വർണ്ണം
പണ്ടു കാലം മുതൽത്തന്നെ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ സ്വർണ്ണം മറഞ്ഞു കിടന്നിരുന്നു എന്ന് വിശ്വസിക്കപ്പെട്ടിരുന്നു. കാടുകൾ കടന്നൊഴുകി വന്ന പുഴവഴികളിൽ സ്വർണ്ണത്തരികൾ സൂര്യവെളിച്ചത്തിൽ മിന്നിത്തിളങ്ങി. എങ്ങോട്ട് പോയി തിരയണമെന്നറിയാത്തവർ കാടുകയറിയതോടെ സ്വർണ്ണത്തിന്‍റെ മറ്റൊരു ലോകം അവർക്കു മുന്നിൽ തുറക്കപ്പെട്ടു. അതിലൊന്ന് വയനാടും മറ്റൊന്ന് ചാലിയാറും ആയിരുന്നു.
ബ്രിട്ടീഷുകാരുടെ ബുദ്ധിയിലാണ് വയനാട്ടിലെ തരിയോടിലെ സ്വർണ്ണശേഖരം വെളിപ്പെടുന്നത്. എങ്ങനെയോ വൻ സ്വർണ്ണശേഖരം ഇവിടെയുണ്ടെന്ന് മനസ്സിലാക്കിയ അവർ അത് പുറത്തെത്തിക്കാനുള്ള വഴികളും ആലോചിച്ച് തുടങ്ങി. ചാലിയാറിലൂടെ ഒഴുകി വരുന്ന സ്വർണ്ണത്തിന്റെ തുടക്കം വയനാട്ടിലാണെന്നും ഇവിടുത്തെ പണിയർ ഉൾപ്പെടുന്ന ഗോത്രവിഭാഗക്കാർ തങ്ങളുടെ രീതികളിൽ സ്വർണ്ണം പുഴയിൽ നിന്ന് അരിച്ചെടുത്തിരുന്നതും ഒക്കെ 1798 കളിലാണ് ബോംബെ സര്‍ക്കാറിന്റെ അറിവിലെത്തുന്നത്.
ആല്‍ഫ ഗോള്‍ഡ് മൈന്‍
1880 കാലഘട്ടം വയനാടിന്റെ ചരിത്രം തന്നെ മാറിമറിഞ്ഞ കാലഘട്ടമായിരുന്നു. 1877 ൽ ആണ് വയനാട്ടിലെ ആദ്യ സ്വർണ്ണഖനന കമ്പനി പ്രവര്‍ത്തനമാരംഭിക്കുന്നത്. വിതേഴ്സ് എന്ന ഓസ്ട്രേയിയക്കാരന്‍റെ ആൽഫ ഗോൾഡ് മൈൻ കമ്പനി ഒന്നും രണ്ടുമല്ല ആയിരം ഏക്കർ സ്ഥലം ഇവിടെ വയനാട്ടിലെ ദേവാല എന്ന സ്ഥലത്തിനടുത്ത് മേടിച്ച് ഖനനം തുടങ്ങി.

വയനാട്ടിലെ സ്വർണ്ണശേഖരത്തെക്കുറിച്ചറിഞ്ഞതോടെ പിന്നെ ഇവിടേക്ക് ഖനന കമ്പനികളുടെ കുത്തൊഴുക്ക് തന്നെയായിരുന്നു. മേപ്പാടി, പന്തലൂർ, വൈത്തിരി, തരിയോട് തുടങ്ങി ഇവിടുത്തെ നിരവധി ഭാഗങ്ങളിലായി 33 കമ്പനികൾ ഖനനം തുടങ്ങിയെന്നാണ് ചരിത്രം.
എന്നാൽ തരിയോട് സർണ്ണ ഖനനം ശക്തമായത് ഗോള്‍ഡ് മൈന്‍സ് ഇന്ത്യ എന്ന കമ്പനിയുടെ വരവോടെയാണ്. സ്മിത്ത് മൂൺ എന്നയാളുടെ ഉടമസ്ഥതയിൽ ലണ്ടനിൽ രജിസ്റ്റർ ചെയ്ത ഈ കമ്പനി തരിയോടിന് സമീപം ആയിരം ഏക്കറോളം ഭൂമി സ്വന്തമാക്കി. ഖനനത്തിനെത്തുന്ന തൊഴിലാളികൾക്കുള്ള താമസസ്ഥലം, സത്രം, പോലീസ് ഔട്ട് പോസ്റ്റ്, വിശ്വാസികൾക്ക് വരാനായി ക്രിസ്ത്യൻ ദേവാലയങ്ങൾ എന്നിവയെല്ലാം ഇവിടെ ആരംഭിക്കുകയും ചെയ്തു. ഇതോടൊപ്പം അക്കാലത്തെ ഇംപീരിയൽ ബാങ്കിന്റെ ഒരു ശാഖയും ഇവിടെ ചൂരാണിയിൽ ആരംഭിച്ചു.
പിന്നീട് ഖനനം ആരംഭിച്ചതോടെയാണ് ഇവരുടെ കഷ്ടകാലം ആരംഭിച്ചത്. കണക്കുകൂട്ടിയ പോലെ സ്വർണ്ണം ഇവിടെ ലഭിച്ചില്ലെന്നു മാത്രമല്ല, കമ്പനി വൻ നഷ്ടം നേരിടുകയും ചെയ്തു. പിന്നീട് കമ്പനിയുടെ പങ്കാളികൾക്കു മുന്നിൽ പിടിച്ചു നിൽക്കാനായി ദക്ഷിണാഫ്രിക്കയിൽ നിന്ന് കൊണ്ടുവന്ന സ്വർണ്ണം വയനാട്ടിൽ നിന്ന് ഖനനം ചെയ്തതാണെന്നു പറഞ്ഞ് കബളിപ്പിക്കാൻ നോക്കി പണം മേടിച്ച് സ്മിത്ത് വയനാട്ടിലെത്തി. എന്നാല്‍ പിന്നീട് പ്രതീക്ഷിച്ച പോലെ പങ്കാളികൾ സ്മിത്തിനെ വിശ്വസിച്ചില്ലെന്ന് മാത്രമല്ല, അയാൾ വയനാട്ടിൽ കുടുങ്ങുകയും ചെയ്തു.
പിന്നീട് കമ്പനി പൊളിഞ്ഞതോടെ സ്മിത് ബംഗ്ലാവ് തകര്‍ത്ത് ആത്മഹത്യ ചെയ്തുവെന്നും തുടർന്ന് സ്വർണ്ണഖനി പൂട്ടിപ്പോവുകയും അദ്ദേഹത്തിന്റെ ഭാര്യ ലേഡി സ്മിത് തങ്ങളുടെ എസ്റ്റേറ്റ് മദ്രാസ് സര്‍ക്കാരിന് നല്കിയെന്നുമാണ് ചരിത്രം. തുടർന്ന് ഇവിടം ഒരു സംരക്ഷിത വനമായി പ്രഖ്യാപിക്കപ്പെടുകയായിരുന്നു. അന്നത്തെ ഖനനത്തിന്‍റെ ബാക്കിപത്രമായി തുരങ്കങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ ഇന്നും ഇവിടെ പലഭാഗത്തായി കാണാം. ബംഗ്ലാവൊക്കെ മണ്ണെടുത്തുവെങ്കിലും തറയും മറ്റും ഇന്നും ബാക്കിയായിട്ടുണ്ട്.

മറ്റു കമ്പനികളുടെ അവസ്ഥയും വ്യത്യസ്തമായിരുന്നില്ല. വയനാട്ടിലെ ഖനനം അവർക്കും നഷ്ടമല്ലാതെ ഒന്നും നല്കിയില്ല. എന്നാൽ വയനാടിനെ സംബന്ധിച്ചെടുത്തോളം നാടിന്റെ വികസനമാണ് നടന്നത്. അളവില്ലാത്തത്ര ഭൂമിയും വനങ്ങളും ഇതിനായി നശിപ്പിക്കപ്പെട്ടുവെങ്കിലും ബാങ്കും പള്ളിയും പോലീസ് സ്റ്റേഷൻ വരെയുള്ളവ അക്കാലത്ത് തന്നെ ഇവിടെയെത്തി. ഇന്നത്തെ വൈത്തിരി പോലീസ് സ്റ്റേഷൻ ആദ്യം തരിയോട് ആരംഭിച്ച സ്റ്റേഷൻ മാറ്റിസ്ഥാപിച്ചതാണെന്നാണ് ചരിത്രം പറയുന്നത്.
തങ്ങൾക്ക് ലഭ്യമായ സൗകര്യങ്ങളും സാങ്കേതിക വിദ്യകളും വെച്ച് വയനാട്ടിലെ സ്വർണ്ണഖനനം നടക്കില്ലെന്നും അത് നഷ്ടമാണെന്നും മനസ്സിലാക്കിയ കമ്പനികൾ പിന്നീട് കോലാറിലേക്ക് പോയി.
ഇന്നത്തെ തരിയോട്
തരിയോടിൽ വൻ സ്വർണ്ണശേഖരമുണ്ടെന്ന് സ്വാതന്ത്ര്യത്തിനു ശേഷം നടന്ന പഠനങ്ങളിൽ കേന്ദ്ര ജിയോളജി വകുപ്പ് കണ്ടെത്തിയിരുന്നു. ഇതു തുടരാനായി ജവഹർലാൽ നെഹ്റുവിൽ നിന്നും അനുമതിയും ലഭിച്ചിരുന്നു. പല കാരണങ്ങളാൽ അത് നടന്നില്ലെന്ന് മാത്രമല്ല, ഇനിയത് ഒരിക്കലും സാധ്യമായേക്കുകയുമില്ല.
അന്ന് കണ്ടെത്തിയ, ഒരു പക്ഷേ, കോലാറിനേക്കാൽ വലിയ സ്വർണ്ണ നിക്ഷേപമുള്ള, തരിയേട് ഇന്ന് പൂർണ്ണമായും വെള്ളത്തിനടിയിലാണ്. ബാണാസുര സാഗർ അണക്കെട്ടിന്‍റെ ജലസംഭരണിയുടെ പ്രദേശമായി തരിയോട് വെള്ളത്തിനടിയിൽ കിടക്കുകയാണ്. ഒപ്പം അളവില്ലാത്തത്രയും സ്വർണ്ണവും.

ചാലിയാര്‍ പുഴയും സ്വർണ്ണവും
കേരളത്തിൽ സ്വർണ്ണ നിക്ഷേപമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന മറ്റൊരിടമാണ് ചാലിയാർ പുഴയുടെ തീരങ്ങൾ. ബ്രിട്ടീഷുകാരുടെ കാലത്ത് അട്ടപ്പാടി, നിലമ്പൂര്‍, മങ്കട തുടങ്ങിയ സ്ഥലങ്ങളിൽ ഖനനം നടന്നിരുന്നതായി ചരിത്രം പറയുന്നു. മണലരിച്ച് സ്വർണ്ണം വേർതിരിച്ചെടുക്കുന്നവർ ഇപ്പോഴും ഇവിടെയുണ്ട്, അനധികൃതമായി നദിയിൽ കുഴിയെടുത്ത് മോട്ടോർ ഉപയോഗിച്ച വെള്ളം വറ്റിച്ച് സ്വർണ്ണം തിരയുന്ന രീതിയും ഇവിടെ അനധികൃതായി പിന്തുടരുന്നു.
വിവരങ്ങൾക്ക് കടപ്പാട്- തരിയോട് ഡോക്യുമെന്‍ററി, വാർത്തകൾ
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













