77th Independence Day 2023: 77-ാമത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുവാനുള്ള അവസാന വട്ട ഒരുക്കത്തിലാണ് രാജ്യം. ബ്രിട്ടീഷുകാരുടെ ഭരണത്തിൻ കീഴിൽ നിന്നും പൊരുതിയും ജീവൻ സമർപ്പിച്ചും സ്വാതന്ത്ര്യം നേടിയത് 1947 ഓഗസ്റ്റ് 15 നാണ്. സ്വാതന്ത്ര്യത്തിന്‍റെ 76 വർഷങ്ങൾ പൂർത്തിയാക്കിയുള്ള ഈ യാത്രയും അത്ര എളുപ്പമല്ലായിരുന്നു. കഷ്ടപ്പെട്ട് നേടിയെടുത്ത സ്വാതന്ത്ര്യത്തിന്‍റെ ഓർമ്മപ്പെടുത്തൽ കൂടിയാണ് കടന്നുപോകുന്ന ഓരോ നിമിഷവും,
ചരിത്രത്തിലേക്ക് തിരിഞ്ഞ് നോക്കുമ്പോൾ കൗതുകകരവും രസകരവുമായ ഒരുപാട് സംഭവങ്ങളും ഈ സ്വാതന്ത്ര്യ ദിനത്തിനൊപ്പം ചേർത്തുവായിക്കാനുണ്ട്. സ്വാതന്ത്ര്യം നേടിയ സമയത്ത് സ്വന്തമായി ദേശീയഗാനം ഇല്ലാതിരുന്നതും മഹാത്മാ ഗാന്ധി സ്വാതന്ത്ര്യ ദിന ആഘോഷങ്ങളിൽ പങ്കെടുക്കാതിരുന്നതും ദേശീയഗാനത്തിന്‍റെയും ദേശീയ ഗീതത്തിന്‍റെയും കടന്ന് വരവ് ഉൾപ്പെടെയുള്ള കൗതുകകരമായ കുറച്ച് കാര്യങ്ങൾ ഇവിടെ വായിക്കാം.

ഓഗസ്റ്റ് 15 ന്‍റെ സ്വാതന്ത്ര്യ ദിനം
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കൈമാറാൻ 1948 ജൂൺ 30- വരെ ബ്രിട്ടീഷ് പാർലമെന്‍റ് മൗണ്ട് ബാറ്റൺ പ്രഭുവിന് ഉത്തരവ് നല്കിയിരുന്നു. 1947 ഫെബ്രുവരി 20-ന് ക്ലെമന്‍റ് ആറ്റ്‌ലി പ്രഖ്യാപിച്ചിരുന്നു. എന്നാൽ ജപ്പാൻ സഖ്യസേനയ്ക്ക് കീഴടങ്ങിയതിന്റെ രണ്ടാം വാർഷികം പ്രമാണിച്ച് അദ്ദേഹം അത് 1947 ഓഗസ്റ്റ് 15-ലേക്ക് മാറ്റുകയായിരുന്നു.
മഹാത്മാ ഗാന്ധി പങ്കെടുക്കാതിരുന്ന സ്വാതന്ത്ര്യ ദിനം
പാടുപെട്ട് നേടിയെടുത്തെ സ്വാതന്ത്ര്യം രാജ്യം മുഴുവനും ആഘോഷിക്കുന്ന സമയത്ത് രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധി ഈ ആഘോഷങ്ങളിലൊന്നും പങ്കുചേർന്നിരുന്നില്ല എന്ന കാര്യം നിങ്ങൾക്കറിയാമോ? സ്വാതന്ത്ര്യ സമര പോരാട്ടത്തിലെ ഏറ്റവും പരിചത മുഖങ്ങളിലൊന്നായ ഗാന്ധിജി അന്നെവിടെയായിരുന്നു?
ജവഹർലാൽ നെഹ്‌റു പാർലമെന്റിൽ ഇന്ത്യൻ ഭരണഘടനാ അസംബ്ലിയിൽ ആയിരുന്നപ്പോൾ മഹാത്മാ ഗാന്ധി അന്ന് കൽക്കട്ടയിൽ ആയിരുന്നു.

PC:Wikipedia
വിഭജനത്തെതുടർന്നുണ്ടായ കലാപത്തിന്റെ മുറിവുകൾ ഉണക്കുവാനായി ഓഗസ്റ്റ് 9ന് അദ്ദേഹം ഇവിടെയത്തി ഇവിടെ ചെലവഴിച്ചു എന്നാണ് ചരിത്രം. ഓഗസ്റ്റ് 14ന് വൈകിട്ട് നടത്തിയ പ്രാർത്ഥനാ സമ്മേളനത്തിൽ 24 മണിക്കൂർ ഉപവാസമെടുത്ത് ഇന്ത്യയുടെ നല്ലതിനായി പ്രാർത്ഥിക്കമമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
സ്വാതന്ത്ര്യ സമയത്ത് ദേശീയഗാനം ഇല്ലാതിരുന്ന രാജ്യം
സ്വാതന്ത്ര്യം നേടിയ സമയത്ത് ഇന്ത്യയ്ക്ക് സ്വന്തമായി ദേശീയഗാനം ഇല്ലായിരുന്നു. 1911 ൽ തന്നെ രബീന്ദ്രനാഥ ടാഗോർ ഈ വരികൾ എഴുതിയിരുന്നു. 1911 ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ കൽക്കത്താ സമ്മേളനത്തിൽ ഇത് ആലപിക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് ഇന്ത്യയുടെ ദേശീയഗാനമായി ജനഗണമന മാറുന്നത് 1950 ജനുവരി 24നാണ്. പാർലമെന്‍റിൽ ഈ ഗാനം അവതരിപ്പിച്ച അതേ ദിവസം തന്നെയാണ് ഇതിനെ ദേശീയഗാനമായി അംഗീകരിച്ചതും.

ഇന്ത്യയുടെ ആദ്യ അനൗദ്യോഗിക പതാക
സ്വാതന്ത്ര്യം നേടുന്നതിനും പതിറ്റാണ്ടുകൾക്കു മുൻപ് തന്നെ ഇന്ത്യയുടെ അനൗദ്യോഗിക പതാക ഉയർത്തിയിട്ടുണ്ട്. 1906 ഓഗസ്റ്റ് 7നായിരുന്നു ഇത്. കൽക്കത്തയിലെ പർസീ ബാഗൻ ചത്വരത്തിലായിരുന്നു ഇത്. പിന്നീട് പല സമയത്ത് പല പ്രക്ഷോഭങ്ങളുടെയും ഭാഗമായി പല പതാകകളും ഉയർത്തിയിട്ടുണ്ട്. എന്നാൽ ഇന്നു കാണുന്ന രൂപത്തിൽ പതാകയെ അംഗീകരിച്ചത് 1947 ജൂലൈ 22-ന് ആണ്.
മുകളിലെ കുങ്കുമ നിറം ത്യാഗത്തെയും നിഷ്‌പക്ഷതയേയും പരിശുദ്ധിയേയും നടുവിലെ വെള്ളനിറം സത്യത്തെയും സമാധാനത്തേയും താഴെയുള്ള പച്ച നിറം ഫലഭൂയിഷ്ഠതയെയും നടുവിലെ അശോകചക്രം നീതിയെയും സൂചിപ്പിക്കുന്നു.
ദേശീയഗീതം
ഇന്ത്യയുടെ ദേശീയഗീതമായ വന്ദേ ഭാരതം 1876 ൽ എഴുതപ്പെട്ടുവെങ്കിലും ദേശീയഗീതമായി മാറുന്നത് 1950 ജനുവരി 24 നാണ്. ബംഗാളി കവിയായിരുന്ന ബങ്കീം ചന്ദ്ര ചാറ്റർജിയാണ് ഇതിന്റെ സൃഷ്ടാവ്. 1882 ൽ ആനന്ദമഠം എന്ന അദ്ദേഹത്തിന്‍റെ കൃതിയിലാണ് ഇത് പ്രസിദ്ധീകരിക്കപ്പെടുന്നത്. ഭാരത മാതാവിനെ സ്തുതിക്കുന്ന വിധത്തിലാണ് ഇതിന്റെ രചന.

സ്വാതന്ത്ര്യം ലഭിക്കാത്ത സംസ്ഥാനം
1947 ഓഗസ്റ്റ് 15ന് ഇന്ത്യ സ്വാതന്ത്ര്യം ആഘോഷിച്ചപ്പോൾ സ്വാതന്ത്ര്യം നേടാത്ത ഒരു രാജ്യമുണ്ടായിരുന്നു. അതാണ് ഗോവ. ഈ സമയത്ത് ഗോവ പോർച്ചുഗീസ് ഭരണത്തിന് കീഴിലായിരുന്നു. 1961 ഡിസംബർ 18നാണ് ഗോവ പോർച്ചുഗീസുകാരുടെ കൈയിൽ നിന്നും മോചനം നേടിയത്. തുടർന്ന് ഡിസംബര്‍ 18 ഗോവ വിമോചന ദിനമായി ആചരിക്കുകയും ചെയ്യുന്നു.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications











